Archives / May 2020

ശോഭ വൽസൻ
ഭൂതകാലങ്ങളിൽ ഉഴറുന്നവർ

അന്നിൻ കരങ്ങളാൽ മാത്രമല്ലോ

സ്വർഗ്ഗീയാനുഭൂതി തന്ന കാലം!

സത്യമാം നൂലിൽ കൊരുത്ത ബാല്യം 

മുത്തശ്ശിക്കഥകൾ നുണഞ്ഞ കാലം!

 

വയലുകൾ പച്ചപ്പട്ടിനാലേ

ദാവണി ചുറ്റിയ ഗ്രാമഭംഗി!

ആമ്പൽക്കുളം തേടി കൗമാരവും

വലം വെച്ചു യൗവ്വനമമ്പലത്തിൽ!

 

പൂരം,വേലകൾ ചെണ്ടമേളം

കാറ്റേറ്റു മൂളുന്ന ശരണം വിളി

ഭക്തിസാന്ദ്രമാം പുലർവേളകൾ

കളകൂജനം തീർക്കും ഭാവഗീതം!

 

നിറുകയിൽ ശാന്തിതൻ ഭസ്മമിട്ട്‌

ചുമന്നു തുടുത്തുള്ള ഗ്രാമസന്ധ്യ!

മാനവജന്മം കൊതിക്കും കാലം

ഓർത്തോത്തിരിക്കുവാനെന്തു സുഖം!

 

ഇന്നുമിനിയുള്ള കാലങ്ങളും

ഭൂതകാലങ്ങളെ അയവിറക്കും!

നേരിൻ നെരിപ്പോടു കണ്ടെടുക്കാൻ

ചികഞ്ഞിടും ഭൂതകാലങ്ങളിൽ നാം!

 

കാലത്തിനൊത്തു നടന്നു നീങ്ങു-

മെങ്കിലും ഭൂതകാലത്തെയോർക്കും!

ആസ്വദിക്കാനൊരു നല്ല ഗാനം

തിരയുന്നുവല്ലോ നാം പഴയ ഗാനം!

 

കൂട്ടുകുടുംബങ്ങൾ സൗഹൃദങ്ങ-

ളൊക്കെത്തിരക്കിത്തിരിച്ചുപോകാം!

ഋതുക്കളിൽ വന്നതാം മാറ്റമോർക്കാം

ഭൂതകാലത്തിൻ വലിപ്പമോർക്കാം!

 

നേട്ടത്തെ വെല്ലുന്ന നഷ്ടങ്ങളാൽ

ഇന്നിന്റെ പാതയിൽ ദുർഘടങ്ങൾ!

മിന്നുന്നതൊക്കെയും പൊന്നാകുമോ?

അല്ലെന്ന പാഠമൊന്നോർമ്മിക്ക നാം!

 

 

Share :