Archives / May 2020

ദിവ്യ സി.ആർ
യാത്ര പറയാതെ..!

ഒരിക്കലും കാണാത്ത നാട്  !
അവിടെ ഒരിക്കലും പ്രതീക്ഷിക്കാത്ത ; സാധ്യതകളുടെ നേർത്ത മുനമ്പുകൾ പോലുമില്ലാത്ത ആ വൃദ്ധൻ. ഭാവനകളിൽ നിന്നിറങ്ങി സർഗ്ഗാത്മകമായി അയാളെ പകർത്തുമ്പോൾ സുദീർഘമായ ഒരു യാത്ര പോലും പ്രതീക്ഷിച്ചിരുന്നതല്ല. സായാഹ്‌നത്തിൻെറ മനോഹാരിതയെ ഭംഗിച്ചുകൊണ്ട്, കാർമേഘങ്ങൾ ചാറ്റൽ മഴയായി പെയ്തിറങ്ങിയ നേരമാണ്; നിരവധി പേരുടെ പ്രതീക്ഷയും സ്വപ്നങ്ങളും ആകുലതകളും നിറഞ്ഞ തീവണ്ടി ആ വഴി കടന്നു പോയത്. തണുത്ത കാറ്റും ചാറ്റൽ മഴയും പിന്തിരിപ്പിക്കാൻ ശ്രമിച്ചിട്ടും, ജാലക വാതിലിലൂടെ ദൂരേക്ക്‌ നീളുന്ന കാഴ്ചകളിലേക്ക് മനസ്സർപ്പിച്ച് നിസ്സംഗതയോടെ ഞാനിരുന്നു. ഇരുൾ കനത്തപ്പോൾ മഴയും ചടുലതാളത്തിലേക്ക് ചുവടുമാറ്റുന്നതറിഞ്ഞ് സാരിത്തലപ്പിനുള്ളിൽ ഞാനെന്നെ പുതച്ചിരുന്നു...
വിദൂരതയിൽ നിന്നും എന്നെ മാത്രം തേടിയെത്തുന്ന എന്തോ ഒന്നിനെ പ്രതീക്ഷിച്ചെന്ന പോലെ...
      വണ്ടി ഏതോ സ്റ്റേഷനിലേക്ക് അടുക്കാറായി. വേഗത കുറഞ്ഞു കുറഞ്ഞു വരുന്നു. കംപാർട്ട്‌മെന്റിലെ തിക്കും തിരക്കും മനസ്സിനെ വിദൂരതയിൽ നിന്നും തിരികെ ക്ഷണിച്ചു.  പുറം കാഴ്ചയിൽ കണ്ണൊന്നുടക്കിയപ്പോൾ പ്രതീക്ഷിച്ചതെന്തോ തടഞ്ഞതു പോലെ. മുൻപൊരിക്കലും കേട്ടിട്ടില്ലാത്തൊരു ശബ്ദം, പ്രജ്ഞാശക്തിയാൽ വിളിക്കുന്നു. ഒരല്പം ഞെട്ടലോടെ തിരിഞ്ഞു നോക്കുമ്പോൾ ചുവന്ന മഞ്ഞനിറത്തിൽ പാറുന്ന തീജ്വാലകൾ..!
അരുകിലായി തീഷ്ണമായ നോട്ടം പായിച്ച് ആ വൃദ്ധൻ. അയാളുടെ ചുണ്ടുകൾ നിശബ്ദമാണ്. എനിക്ക് പരിചിതമായ രൂപവും ശബ്ദവും എന്നെ ക്ഷണിക്കുകയാണ്. ഇനിയും പറഞ്ഞു തീരാത്ത അയാളുടെ തൃഷ്ണകൾ എന്നോട് സംവദിക്കാൻ. വാദപ്രതിവാദങ്ങളിലേർപ്പെട്ട് ദയനീയമായി  പരാജയപ്പെടുത്തി എൻെറമേൽ ആധിപത്യം സ്ഥാപിക്കുവാൻ !
ആ ശബ്ദം കേൾക്കാതിരിക്കുവാൻ എൻെറ കാതുകളും ആ നോട്ടം താങ്ങുവാനാകാതെ കണ്ണുകളും പിന്തിരിപ്പിക്കാൻ ശ്രമിച്ചു.
പക്ഷേ..
അയാളുടെ വാക്കുകൾ വെള്ളിടി പോലെ എന്നിൽ പ്രകമ്പനം സൃഷ്ടിച്ചുകൊണ്ടേയിരുന്നു.
"എന്തിനാ നീ എന്നെയിങ്ങനെ ഹിംസിക്കുന്നത്..?"
മറുപടിയ്ക്കായി ഒന്നു പരുങ്ങിയെങ്കിലും ആ ധാർഷ്ട്യത്തിനു മുന്നിൽ മൗനം ഭജിക്കുവാനേ കഴിഞ്ഞിരുന്നുള്ളൂ..
"നിൻെറ മനസാക്ഷിയിൽ ഞാനൊരു ക്രൂരനാണല്ലേ.. എനിക്കാരെയും ഉപദ്രവിക്കാൻ കഴിയില്ലെന്ന് അറിയില്ലേ.." അയാളുടെ അലർച്ച ആ സ്റ്റേഷൻ പരിസരമാകെ മുഴങ്ങി.
"അതൊരു കഥ മാത്രമല്ലേ.." എന്നയാളോട് പറയണമെന്നുണ്ടായിരുന്നു. കോപാകുലനായ അയാളുടെ മുഖത്തേക്ക് ആർദ്രമായി സംസാരിക്കാൻ എനിക്ക് കഴിയാതെ പോയി. അയാളുടെ ആക്രോശങ്ങൾ മുഴങ്ങുമ്പോഴേക്കും തീവണ്ടി പുറപ്പെടാനുള്ള സിഗ്നൽ മുഴങ്ങി. ഒന്നും സംഭവിക്കാത്തതുപോലെ അപ്പോഴും ആ അഗ്നി കുണ്ഠത്തിനരുകിൽ അയാളുണ്ടായിരുന്നു.
അസ്വസ്ഥമായ മനസ്സ്, അയാളിൽ നിന്നും മടങ്ങുമ്പോഴേക്കും ആശ്വാസത്തിൻെറ ചെറുതിരയെന്നോണം തീവണ്ടി പഴയ വേഗതയിലേക്ക് മടങ്ങിയിരുന്നു..!

Share :