Archives / May 2020

ചന്ദ്രസേനന്‍ മിതൃമ്മല
കണ്ണു മൂടിക്കെട്ടുന്ന കേരളം


അറിവിന്‍റെ അന്വേഷണങ്ങളുമായി ജാഗ്രതയോടെ സദാ തുറന്നിരിക്കേണ്ട കണ്ണുകള്‍ സ്വയം മൂടിക്കെട്ടി അജ്ഞതയുടെ അന്ധകാരത്തില്‍ കഴിയുവാന്‍ വിധിക്കപ്പെട്ടവരാണോ മലയാളികള്‍?  ആട്, തേക്ക്, മാഞ്ചിയം, മാഗ്നെറ്റിക് ബെഡ്, സര്‍വ രോഗ സംഹാരികളായ അടിവസ്ത്രങ്ങള്‍ തുടങ്ങി എന്ത് തട്ടിപ്പിനും ഏത് ചതിക്കും വിശാല വേദിയൊരുക്കി കാത്തിരിക്കുന്നവരായി മാറുകയാണോ നാം?  ഇന്ന് നല്‍കുന്ന 5000 രൂപയ്ക്ക് മൂന്നാഴ്ചകള്‍ക്കുശേഷം 50000 രൂപയുടെ സാധനങ്ങള്‍ നല്‍കാമെന്ന് പറയുമ്പോള്‍ നഷ്ടമാകുന്ന 5000 രൂപയെക്കുറിച്ച് ചിന്തിക്കാതെ അര്‍ഹതയില്ലാത്ത 50000 ത്തില്‍ താല്‍പ്പര്യമെടുക്കുന്നവരാണോ നാം?  ഈ ചോദ്യങ്ങള്‍ക്കെല്ലാം അതേ എന്നാണ് കേരളത്തില്‍ ഉത്തരമെന്നത് ഒരു സത്യമാണ്.  
നൂറുരൂപയ്ക്ക് താഴെ വിലയുള്ള ഒരു ഇന്ദ്രജാല ഉപകരണം ആസ്തിയാക്കി കോടിക്കണക്കിന് രൂപയുടെ ചെപ്പടി വ്യവസായം അരങ്ങേറുമ്പോള്‍ വരിവരിയായി ചെന്നുനിന്ന് ഈ തട്ടിപ്പിന് ആക്കം കൂട്ടാന്‍ അഭ്യസ്ത വിദ്യരായ മലയാളികള്‍ക്ക് യാതൊരു മടിയുമില്ല.  പണ്ടൊക്കെ ഇത്തരം തട്ടിപ്പുകള്‍ക്ക് ഇരയാകുന്നത് വിദ്യാഭ്യാസമില്ലാത്തവരായിരുന്നുവെങ്കില്‍ ഇന്ന് ഈ തട്ടിപ്പുകള്‍ക്ക് തലവയ്ക്കുവാന്‍ അവര്‍ക്ക് സമയമില്ല.  ഈ പ്രക്രിയ നന്നായി ചെലവാകുന്നത് അഭ്യസ്ത വിദ്യരിലും ഒരു പരിധിവരെ ജീവിത നിലവാരം ഉയര്‍ന്നവരിലുമാണ്.  അറിവ് വര്‍ദ്ധിക്കുന്നതിനനുസരിച്ച് പാരാ നോര്‍മല്‍ വിശ്വാസങ്ങളും വര്‍ദ്ധിക്കുമെന്നും അതുകൊണ്ട് തന്നെ ഇതിനെ ഇന്‍ഫര്‍മേഷന്‍ പൊള്യൂഷന്‍ എന്ന് വിളിക്കാമെന്നും പ്രൊഫ.റേ ഹൈമന്‍ പറഞ്ഞത് എത്രയോ ശരി.  
ഇടതും വലതും രണ്ട് അര്‍ദ്ധഗോളാകൃതിയില്‍ സ്ഥിതിചെയ്യുന്ന തലച്ചോറിന്‍റെ നടുവിലായി ഒരു പാലം പോലെ മിഡ് ബ്രെയിന്‍ നിലകൊള്ളുന്നു.  കൃത്യതയോടെ നിര്‍വഹിക്കേണ്ട കണക്കു കൂട്ടലുകള്‍ പോലുള്ള പ്രവര്‍ത്തനങ്ങള്‍ ഇടതു ഭാഗത്തെ അര്‍ദ്ധഗോളവും കലാപരവും കായികവും സാംസ്കാരികവുമായ പ്രവര്‍ത്തനങ്ങള്‍ വലതു വശത്തെ അര്‍ദ്ധഗോളവും നിര്‍വഹിക്കുന്നു.  ഒരര്‍ദ്ധഗോളം പ്രവര്‍ത്തിക്കുമ്പോള്‍ മറ്റേ അര്‍ദ്ധഗോളം പ്രവര്‍ത്തിക്കുന്നില്ല!  ഈയൊരു ദുസ്ഥിതി ഒഴിവാക്കുവാന്‍ മിഡ്ബ്രയിന്‍ ആക്ടിവേറ്റ് ചെയ്ത് ഇരു അര്‍ദ്ധഗോളങ്ങളേയും ഒരേസമയം ഒരേപോലെ പ്രവര്‍ത്തിപ്പിക്കുമ്പോള്‍ അത്ഭുതങ്ങള്‍ അരങ്ങേറും!  പഞ്ചേന്ദ്രിയങ്ങളുടെ ഇടനില ഇല്ലാതെ തന്നെ ബ്രയിന്‍ നേരിട്ട് പ്രവര്‍ത്തിക്കും.  അങ്ങനെ കണ്ണില്ലാതെ കാണാനും കാതില്ലാതെ കേള്‍ക്കാനും നാവില്ലാതെ രുചിക്കാനും മൂക്കില്ലാതെ മണക്കാനും തൊലിയില്ലാതെ സ്പര്‍ശിക്കുവാനുമെല്ലാം അനായാസം കഴിയുന്നു.  അതോടെ കണ്ണുകള്‍ മൂടിക്കെട്ടി കൈകൊണ്ട് സ്പര്‍ശിച്ച് വായിക്കുവാനും നാവു പുറത്തേയ്ക്കിട്ട് അകലെയിരിക്കുന്ന ആഹാര സാധനം രുചിക്കുവാനും കഴിയും!  ഇതെല്ലാം കേവലം എല്‍.കെ.ജി പഠനങ്ങള്‍ മാത്രമാണ്. ഉയര്‍ന്ന തലത്തില്‍ കയറുമ്പോള്‍ ഏതൊരു പുസ്തകത്തിന്‍റേയും പുറംചട്ടയില്‍ കൈവെച്ചാല്‍ പുസ്തകം മനക്കണ്ണിലൂടെ വായിക്കുവാനാകും! ഒറ്റനോട്ടത്തില്‍ പുസ്തകം മുഴുവന്‍ ഹൃദിസ്ഥമാകുന്നു!  വായനയ്ക്കിനി സമയം ആവശ്യമില്ല.  കണ്ണിന്‍റെ അനാവശ്യമായ ഇടപെടലാണ് വായനയ്ക്ക് സമയം ആവശ്യമാക്കിയത്.  അതിനി ഉണ്ടാവുകയില്ല.  അങ്ങനെ 2020ല്‍ ലോകം ഞെട്ടുന്ന പുതുശാസ്ത്ര പ്രതിഭകളെ സംഭാവന ചെയ്യുവാന്‍ ഞങ്ങളെ സഹായിക്കൂ.  നിങ്ങളുടെ മിഡ്ബ്രെയിന്‍ ഞങ്ങളെ ഏല്‍പ്പിക്കൂ.. അനായാസം അതിനെ ആക്ടിവേറ്റ് ചെയ്ത് നിങ്ങളെ ഒരു ശാസ്ത്രജ്ഞനാക്കാം, സാഹിത്യകാരനാക്കാം, കായികതാരമാക്കാം, സിനിമാതാരമാക്കാം, വൈമാനികനാക്കാം, എഞ്ചിനീയറാക്കാം എന്തിനേറെ എന്തുമാക്കാം!  കേവലം 90 ദിവസവും 25000 രൂപയും മാത്രമാണ് നിങ്ങള്‍ക്ക് ആകെയുള്ള ചെലവ്.  നഷ്ടപ്പെടുവാന്‍ ഇത്രമാത്രം.  കിട്ടാനുള്ളതോ...?  ഇതാണ് മിഡ്ബ്രെയിന്‍ ആക്ടിവേഷന്‍റെ ഇന്ദ്രജാലം.  ഇത്രയുമില്ലെങ്കില്‍ തന്നെ ഇതില്‍ തലവെയ്ക്കുവാന്‍ തയ്യാറുള്ളവരാണ് നാം.  കാരണം നാം ഇന്‍ഫര്‍മേഷന്‍ പൊള്യൂഷനുമായി നടക്കുന്നവരാണല്ലോ.  
മിഡ്ബ്രെയിന്‍ എന്നത് ഇപ്പറയുന്നത് പോലെ ഒരു പാലമൊന്നുമല്ല.  തലച്ചോറിന്‍റെ പ്രവര്‍ത്തനത്തില്‍ കാര്യമായ യാതൊരു പങ്കും ബ്രെയിന്‍ സ്റ്റെം എന്നറിയപ്പെടുന്ന ഈ ഭാഗത്തു നടക്കുന്നുമില്ല.  എന്നിട്ടും ഇതിനെ നല്ലൊരു വില്‍പ്പന വസ്തുവാക്കി അവതരിപ്പിക്കുന്നു.  ആഗോള തലത്തില്‍ വേരുകളുള്ള ഇത്തരം സ്ഥാപനങ്ങള്‍ നിരവധിയാണ്.  കേരളത്തില്‍ മാത്രം ഇത്തരത്തിലുള്ള ഇരുപതോളം ഇന്‍റര്‍നാഷണല്‍ സ്ഥാപനങ്ങളുണ്ട്.  അതില്‍ അമേരിക്ക ആസ്ഥാനമായുള്ള ഒരു സ്ഥാപനത്തില്‍ നിന്നും ഒരുവര്‍ഷത്തിനകം ആയിരം പേരെ പരിശീലിപ്പിക്കുവാന്‍ കഴിഞ്ഞു എന്നാണ് അവര്‍ അവകാശപ്പെടുന്നത്. രണ്ടരക്കോടിയുടെ വ്യവസായം ഈയൊരു സ്ഥാപനം മാത്രം നടത്തിയിരിക്കുന്നു. ശേഷിച്ച സംസ്ഥാനങ്ങളുടേയും അവിടെ നടക്കുന്ന സ്ഥാപനങ്ങളുടേയും കണക്കുകള്‍ കൂടിയെടുക്കുമ്പോള്‍ ഇതിന്‍റെ വ്യാപ്തി എത്രയാകുമെന്ന കണക്കാക്കുക.  ഇനി ഈ വ്യവസായത്തിന്‍റെ മുതല്‍ മുടക്കിലേയ്ക്ക് കടന്നാലോ.  നൂറുരൂപയ്ക്ക് താഴെ വിലയുള്ള ഒരിന്ദ്രജാല ഉപകരണമാണ് ഈ വ്യവസായത്തിലെ പ്രധാന കഥാപാത്രം.  ഇന്ദ്രജാലക്കാര്‍ കണ്ണുകെട്ടി മോട്ടോര്‍ സൈക്കിള്‍ ഓടിക്കുന്ന ബ്ലൈന്‍ഡ് ഫോള്‍ഡ് പാഡാണ് ഈ ഉപകരണം.  കണ്ണുകെട്ടി ബൈക്കോടിക്കുമ്പോഴും വായിക്കുമ്പോഴും എഴുതുമ്പോഴും എല്ലാം മൂന്ന് തരം വിഷനുകളാണ് ജാലവിദ്യക്കാര്‍ പിന്‍തുടരുന്നത്. അടിഭാഗത്തുകൂടി കാണുന്ന ഡൗണ്‍വിഷന്‍, വശങ്ങളിലൂടെ കാണുന്ന സൈഡ് വിഷന്‍, പിന്നെ നേരെ കാണുന്ന സ്ട്രെയിറ്റ് വിഷന്‍.         ഇത്തരം മൂന്ന് കാഴ്ചകള്‍ക്കും സൗകര്യമൊരുക്കുന്ന പാഡുകളാണ് ഇതിലേയ്ക്കായി ഉപയോഗിക്കുന്നത്.  ഇന്ദ്രജാലം അറിയാത്ത ഒരാളിനും ഒരു കാരണവശാലും ഇതിന്‍റെ രഹസ്യമറിയാനാവുന്നില്ല എന്നതാണ് ഇതിന്‍റെ നിര്‍മാണ രഹസ്യം.  സങ്കീര്‍ണമായ ഇത്തരം നിര്‍മാണ രഹസ്യമുള്ള ഉപകരണ സൂത്രമായിരുന്നിട്ട് കൂടി ഇതിന് വില തീരെ കുറവാണ്.  ഈ ഉപകരണത്തിന്‍റെ അനന്ത സാധ്യതയെയാണ് പൗരാണിക മിത്തുകളുമായി കൂട്ടിച്ചേര്‍ത്ത് കഥ മെനഞ്ഞ് സാമാന്യബുദ്ധിയുള്ളവരെ (അതി ബുദ്ധിമാന്മാരെ കബളിപ്പിക്കുവാന്‍ എളുപ്പമാണ്) കബളിപ്പിക്കുന്നത്.  ഋഷിമാരുടെ ദിവ്യജ്ഞാനവും മറ്റും വായിച്ചും കേട്ടും അറിഞ്ഞ മനസ്സുകളിലേയ്ക്ക് വളരെ തന്ത്രപൂര്‍വം വിരുദ്ധവിവര സിദ്ധാന്തം (Misinformation effect) അടിച്ചേല്‍പ്പിച്ച് വിജയം കണ്ടെത്തുകയാണിവിടെ.  വലയിലകപ്പെടുന്ന ആള്‍ക്കൂട്ടങ്ങളെ അണിനിരത്തിയാണ് രണ്ടാം ഘട്ട പ്രവര്‍ത്തനം.  ആള്‍ക്കൂട്ട സാന്നിദ്ധ്യം വിശ്വാസ്യതയ്ക്ക് കാരണമാക്കിയാണ് പ്രവര്‍ത്തനം പുരോഗമിപ്പിക്കുന്നത്.  
മിത്തുകളാണ് ഇവിടെ വില്‍പ്പനയ്ക്ക് ആക്കം കൂട്ടുന്നത്.  ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്‍ പോലും മിഡ് ബ്രെയിനിന്‍റെ പന്ത്രണ്ട് ശതമാനം മാത്രമാണ് ഉപയോഗിച്ചിട്ടുള്ളതെന്ന് കേള്‍ക്കുമ്പോള്‍ ശേഷിച്ച 55 ശതമാനം ഉപയോഗിച്ചിട്ടേയില്ലെന്ന ഒരു ധാരണ നാം അറിയാതെ ജനിക്കുകയാണ്.  സാധാരണ മനുഷ്യര്‍ തലച്ചോറിന്‍റെ പത്ത് ശതമാനത്തിന് താഴെ മാത്രമേ ഉപയോഗിക്കുന്നുള്ളൂവെന്ന് പ്രചാരണം ശക്തമായി നിലനില്‍ക്കുമ്പോള്‍ നാമത് വിശ്വസിച്ചുപോവുകയാണ്.  ഈ പത്ത് ശതമാനം മിത്തില്‍ പിടിച്ചാണ് വശീകരണ മന്ത്രം പ്രയോഗിക്കുന്നത്.  പഞ്ചേന്ദ്രിയങ്ങളെ ഒഴിവാക്കി എക്സ്ട്രാ സെന്‍സ് വികസിപ്പിക്കാമെന്ന് കേള്‍ക്കുമ്പോള്‍ തന്നെ കോമണ്‍ സെന്‍സ് പോലും നഷ്ടപ്പെടുന്നവരായി നാം മാറുന്നുവെന്നതാണ് സത്യം.  
കാഴ്ച സാധ്യമാക്കുവാന്‍ കണ്ണുകള്‍ ആവശ്യമില്ലെങ്കില്‍ അന്ധത ബാധിച്ച ഒരാളെയെങ്കിലും ഈ പരിശീലനത്തിലൂടെ കാഴ്ച കാണുവാന്‍ സഹായിച്ചുകൂടേ?  ഓട്ടിസം ബാധിച്ച ഒരു കുട്ടിയേയെങ്കിലും ഈ തലച്ചോര്‍ ഉദ്ദീപനത്തിലൂടെ സാധാരണ നിലയില്‍ എത്തിച്ചൂകൂടേ?  പഠന വൈകല്യമുള്ള ഒരാളെയെങ്കിലും ഈ പരാധീനതയില്‍ നിന്നും രക്ഷപ്പെടുത്തിക്കൂടേ?  കഥയില്‍ ചോദ്യമില്ലെന്നതുപോലെ ഇത്തരം ചോദ്യങ്ങള്‍ക്കിവിടെ പ്രസക്തിയില്ലാതാകുന്നു.  അഥവാ ഇതൊന്നും ചോദിക്കുവാന്‍ സമയമെടുക്കാതെ നാമോരോരുത്തരും നമ്മുടെ കുട്ടികളെ ഒന്നാമതാക്കുവാന്‍ വെമ്പല്‍ കൊള്ളുകയാണ്.  ഇവിടെയാണ് നമ്മുടെ യുക്തി ചിന്തയ്ക്ക് മങ്ങലേല്‍ക്കുന്നത്.
അഞ്ചുവയസ്സുമുതല്‍ 16 വയസ്സുവരെയുള്ള കുട്ടികളെയാണ് ഇത്തരം പരിശീലനങ്ങള്‍ക്ക് വിധേയമാക്കുന്നത്.  ഈ കുട്ടികള്‍ കണ്ണുകള്‍ മൂടിക്കെട്ടി കാര്‍ഡുകള്‍ തിരിച്ചറിയുന്നത് കാണുമ്പോള്‍ പിന്നെ നാം മറ്റൊന്നും ആലോചിക്കുന്നില്ല എന്നതാണ് പ്രത്യേകത.  പരിശീലനത്തിനെത്തുന്ന കുട്ടികളുടെ കണ്ണുകള്‍ ഭംഗിയായി മൂടിക്കെട്ടിയ ശേഷം വായിക്കുവാന്‍ ആവശ്യപ്പെടുകയാണ് ആദ്യത്തെ പണി.  തീര്‍ച്ചയായും കുട്ടികള്‍ക്ക് വായിക്കാനാവുകയില്ല.  തുടര്‍ന്ന് സംഗീത സാന്ദ്രമായ ഒരന്തരീക്ഷം സൃഷ്ടിച്ചുകൊണ്ട് മിഡ്ബ്രെയിന്‍ ആക്ടിവേറ്റ് ചെയ്യുന്നതായി അവകാശപ്പെടുന്നു.  നിശ്ചിത സമയത്തിന് ശേഷം (ഇത് കേവലം പത്ത് മിനിട്ട് മാത്രമേ ഉണ്ടാവുകയുള്ളൂ) ഡൗണ്‍വിഷന്‍ സാധ്യതയുള്ള തരത്തില്‍ പാഡ് കണ്ണില്‍ കെട്ടുകയും കാഴ്ചയുണ്ടോ എന്ന് ചോദിക്കുകയും ചെയ്യും. അപ്പോള്‍ അടിഭാഗത്തുകൂടി കാണുന്ന കുട്ടികള്‍ കാണുന്നുവെന്ന് അവകാശപ്പെടും.  ഇത് കണ്ണിന്‍റെ കാഴ്ചയല്ലെന്നും തലച്ചോറിന്‍റെ നേരിട്ടുള്ള ഇടപെടലുമൂലമാണെന്നും കുട്ടിയെ ധരിപ്പിക്കുന്നു.  യുക്തി ചിന്ത ലഭ്യമല്ലാത്ത കുട്ടികള്‍ ഇതപ്പാടെ വിശ്വസിക്കുന്നു. തുടര്‍ന്നുള്ള ദിവസങ്ങളില്‍ സൈഡ് വിഷനും സ്ട്രെയിറ്റ് വിഷനും തരമാക്കിക്കൊടുക്കും.  ഇതും തലച്ചോറും നേരിട്ടുള്ള പ്രവര്‍ത്തനമാണെന്ന് ബോധ്യപ്പെടുത്തും.  ശബ്ദവേദിയായ അസ്ത്രപ്രയോഗം നടത്തുന്ന അര്‍ജുനനും കര്‍ണനും ഏകലവ്യനുമെല്ലാം കഥകളിലൂടെ നമ്മുടെയുള്ളില്‍ ഒരു മിത്തായി കിടക്കുമ്പോള്‍ വിശ്വാസ്യതയേറുകയാണ്.  തട്ടിപ്പുകള്‍ക്ക് തണലേകുവാന്‍ എല്ലായ്പ്പോഴും ഒരു മിത്ത് കൂട്ടിനുണ്ടാകും.  ഇവിടെ സംഭവിക്കാന്‍ സാധ്യതയുള്ള വലിയൊരപകടം നാം കാണാതെ പോവുകയാണ്.  യുക്തിചിന്ത ഉറയ്ക്കുന്ന സമയം ഈ കുട്ടിക്ക് താന്‍ കണ്ടതെല്ലാം കണ്ണിലൂടെയാണെന്ന സത്യം ബോധ്യപ്പെടും.  അതോടെ ഇതൊരു തട്ടിപ്പായിരുന്നുവെന്ന വസ്തുതയും.  പ്രമുഖരായ പലരും തന്‍റേയീ തട്ടിപ്പിനാണല്ലോ പ്രശംസ നല്‍കിയതെന്ന് ബോധ്യപ്പെടുമ്പോള്‍ കൂടുതല്‍ തട്ടിപ്പുകള്‍ കൂടുതല്‍ പ്രശംസയ്ക്ക് ഹേതുവാകുമെന്ന ഒരു ധാരണയിലേയ്ക്ക് അവര്‍ ചെന്നെത്തിക്കൂടെന്നില്ല.  ഇനി കാര്യങ്ങള്‍ ബോധ്യമാകുമ്പോള്‍ ചില കുട്ടികളില്‍ കുറ്റബോധം കടന്നുവരുവാനും സാധ്യതയുണ്ട്.  ഇത് ക്രമേണ വിഷാദാവസ്ഥയിലേയ്ക്ക് നയിക്കുവാനും അതിലൂടെ മാനസിക പ്രശ്നങ്ങള്‍ ഉണ്ടാകുവാനും ഇടയുണ്ട്.  ഇത് രണ്ടായാലും അവര്‍ സമൂഹത്തിന് ബാധ്യത തന്നെയാണ്.  കേവലം ധനലാഭത്തിനായി കുട്ടികളുടെ മേല്‍ അടിച്ചേല്‍പ്പിക്കുന്ന ഈ ക്രൂരതയെ കുട്ടികള്‍ക്കെതിരായുള്ള അതിക്രമമായി കണ്ട് നടപടിയെടുക്കേണ്ടതാണ്.  
കോടിക്കണക്കിന് രൂപയുടെ ഭാഗ്യക്കുറി സമ്മാനമായി ലഭിച്ചുവെന്നറിയിച്ച് ലോകമാകമാനം നടത്തുന്ന തട്ടിപ്പാണ് പലപ്പോഴും ഏറ്റവും കൂടുതല്‍ വരുമാനമുള്ള വ്യവസായമായി മാറുന്നതെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു.  അറിവിന്‍റെ നേരെ കണ്ണുമൂടിക്കെട്ടി സ്വയം അന്ധകാരത്തില്‍ പതിക്കുന്ന മുതിര്‍ന്ന തലമുറകളെ കടത്തിവെട്ടി ഭാവിയുടെ വാഗ്ദാനങ്ങളും ദേശത്തിന്‍റെ കരുത്തുമായ യുവതലമുറയെ നിര്‍ദ്ദയം കണ്ണുകെട്ടി ഇരുട്ടിലേയ്ക്ക് നയിക്കുന്ന കപട ശാസ്ത്രങ്ങളെ നിയമം കൊണ്ട് നിരോധിക്കുക മാത്രമല്ല നാം ചെയ്യേണ്ടത്.  അറിവിന്‍റെ വിശാലമായ വാതായനങ്ങള്‍ മലര്‍ക്കെ തുറന്നിട്ടുകൊണ്ട് കണ്ണുകളിലെ അജ്ഞതയുടെ മൂടുപടം വലിച്ചെറിയുകയാണ് ചെയ്യേണ്ടത്.  ശക്തമായ ശാസ്ത്രബോധം കുട്ടികളില്‍ വളര്‍ത്തിക്കൊണ്ടുവരുവാനുള്ള തീവ്രശ്രമം മനുഷ്യസ്നേഹികളായ ഒരോരുത്തരുടേയും ഭാഗത്തുനിന്നുമുണ്ടാകേണ്ടതുണ്ട്

Share :