മുറിവുകളം മുല്ലപ്പൂക്കളും........ഒന്ന്
ഈ പംക്തി ഞാൻ എഴുതേണ്ടി വന്നത് തന്നെ ഒരാൾ എന്നിലെൽപ്പിച്ച മുറിവ് കാരണമാണ്. എഴുതാമെന്നെറ്റിരുന്ന ആൾ മൂന്ന് മാസം കാലതാമസം ഉണ്ടാക്കിയ ശേഷം വീണ്ടും അനന്തമായി നീട്ടികൊണ്ട് പോകുകയെന്നത് താല്പര്യമില്ലായ്മയാണ്..... അതിനെ അങ്ങനെ തന്നെ മൂന്ന് മാസത്തിന് ശേഷം കാണേണ്ടിവന്നു . .... പക്ഷേ ആദ്യമേ തന്നെ അക്കാര്യം പറഞ്ഞ് ഒഴിയാമായിരുന്നു. അങ്ങനെ അത് അവിടെ തീരുമായിരുന്നു.
ഈ ടൈറ്റിൽ ഞാൻ ഉണ്ടാക്കി ആ കക്ഷിയെ എഴുതാൻ ക്ഷണിച്ചപ്പോൾ - " ടൈറ്റിൽ ഇഷ്ടമായി" യെന്ന് കുറിയ്ക്കുമ്പോൾ ഈ അനന്തമായ നീട്ടൽ ആ വാക്കുകളിൽ ഒളിഞ്ഞിരിക്കുന്നുവെന്ന് ഞാൻ തിരിച്ചറിഞ്ഞില്ല. തിരിച്ചറിഞ്ഞപ്പോൾ മൂന്ന് മാസം പിന്നിട്ടിരുന്നു.
എങ്കിൽ ഇടക്കു് ഞാൻ സൈറ്റിൽ ഈ ടൈറ്റിൽ ആഡ് (Add ) ചെയ്തത് കണ്ട് മറ്റൊരു 'എഴുത്ത് സുഹൃത്ത്' എന്നെ വിളിച്ച് അയാൾ എഴുതാമെന്ന് അറിയിച്ചതാണ് പക്ഷേ ഞാൻ ആദ്യ ആളിനെ വിശ്വസിച്ച് "അതെഴുതാൻ വേറെ ആളായിയെന്ന്" ആ സുഹൃത്തിനോട് പറയുകയും ചെയ്തു
ചുരുക്കത്തിൽ " പണ്ടൊള്ളോരു" പറയും പോലെ "കടിച്ചതുമില്ല - പിടിച്ചതുമില്ല " എന്ന സ്ഥിതിയിൽ ഞാൻ എത്തി. പിന്നെ എഴുതാതിരിയ്ക്കാൻ എനിക്ക് കഴിയാതെയായി.
സെെറ്റിൽ "മുറിവുകളും മുല്ലപ്പൂക്കളും" എന്ന ടൈറ്റിൽ കണ്ട് , എന്ന് തുടങ്ങുമെന്നറിയാൻ ചിലരെന്നെ വിളിച്ചിരുന്നു. ....
അതൊരു സസ്പെൻസായി തുടരുന്നത് അവസാനിപ്പിക്കണമല്ലോ ........ അങ്ങനെയാണ് ഞാൻ തന്നെ എഴുതാമെന്ന് തീർച്ചപ്പെടുത്തിയതും എഴുതുന്നതും
ഞാൻ എഴുതുമ്പോൾ ,എന്റെ അനുഭവങ്ങൾ --പ്രിയപ്പെട്ടവരുടെ അനുഭവങ്ങൾ - സുഹൃത്തുക്കളുടെ സന്തോഷങ്ങൾ -- ദുഃഖങ്ങൾ ഒക്കെ ഇതിലുണ്ടാവും.
അടുക്കും ചിട്ടയുമുണ്ടാവില്ല -- നാല് വയസ്സുകാരന് പറ്റിയ മുറിവ് പറയുമ്പോൾ -- നാല്പതു വയസ്സുകാരന്റെയും മുറിവുകൾ കടന്ന് വരും. പിന്നെയത് ഇരുപത്തിയഞ്ച് വയസുകാരന്റെ ......
ആരോടും പരിഭവമില്ലാതെ - കുറ്റപ്പെടുത്തലുകളില്ലാതെ - ആരേയും കുറ്റവിചാരണ ചെയ്യാതെ എഴുതാനുള്ള ശ്രമമാണ് . വാക്കുകൾക്ക് മൃദുലത വേണമെന്നുണ്ടു. ഒപ്പം മുറിവുകളെ കുറിച്ചെഴുതി മറ്റൊരാളിൽ മുറിവുകളുണ്ടാവരുതെന്ന് ഞാൻ ആഗ്രഹിക്കുന്നു......
* * * * * *
ഈ നഗരത്തിലെ ഒരു വീട് വാടകയ്ക്കെടുക്കുമ്പോൾ -- (അന്ന് കൊടുക്കേണ്ടതിനെക്കാൾ കൂടുതൽ വാടക അതിന്റെ ഉടമസ്ഥൻ എന്നിൽ നിന്നും കൈപ്പറ്റുന്നുവെന്നത് തന്നെ ഏറെ നാൾ കഴിഞ്ഞാണ് ഞാൻ മനസ്സിലാക്കിയത് )
ഇടനിലക്കാരൻ എന്നെ കൊണ്ടുപോയി അയാളെ ഏല്പിക്കുമ്പോൾ ,ആകെ എന്നോട് ചോദിച്ചത് ഒറ്റ ചോദ്യം "ജോലിയുണ്ടോ?: അതിന്റെ വിശദവിവരവും നാടും കുറിച്ച് കൊടുക്കാൻ അയാൾ പറഞ്ഞ പ്രകാരം ഞാൻ കുറിച്ച് കൊടുത്തു. "നാളെ വൈകുന്നേരം ഈ സമയത്ത് വന്നാൽ പറയാം വീട് തരുമോ ഇല്ലയോ എന്ന്"
അയാൾ പറഞ്ഞ കൃത്യസമയത്ത് തന്നെ ഞാൻ എത്തി. എന്നെ ഒന്ന് നോക്കി --" ഞാൻ തിരക്കി , നിങ്ങളുടെ ജോലി - Designation -- നാട്ടിൽ നിങ്ങൾക്കുള്ള സ്ഥാവരജംഗമ വസ്തുക്കൾ -- നിങ്ങൾ ഇപ്പോൾ ഉപയോഗിക്കുന്ന കാറിന്റെയും ബൈക്കിന്റെയും നമ്പരുകൾ ..... എന്തിനേറെ പണ്ട് ഞാൻ കോളേജിൽ പഠിച്ചിരുന്ന കാലത്ത് ചിലപിള്ളേരു രഹസ്യമായി വിളിച്ചിരുന്ന "ഹിപ്പി " വരെ അയാൾ പറഞ്ഞു. ഞാൻ അയാളെ നോക്കി നിന്നു. ഞാൻ മനസ്സിൽ കരുതി ഒരു വീട് വാടകയ്ക്ക് കൊടുക്കുന്നതിന് ഇത്രയധികം അന്വേഷണം വേണമോ?
അയാൾ പറഞ്ഞു തുടങ്ങി '"അടുത്തത്തായി അഡ്വാൻ സ് തുക - മാസവാടക- വാട്ടർ ചാർജുകൾ / ഇലക്ടിസിറ്റി ചാർജ്ജ് തുടങ്ങിയ വ്യവസ്ഥകൾ-- അവ കൃത്യമായും പരിപാലിയ്ക്കണം - നാളെ ഈ സമയത്ത് അഡ്വാൻസ് തുകയുമായി വരിക. വാടക കരാർ പത്രം എഴുതി ഇവിടെ ഞാൻ വെച്ചിരിയ്ക്കും -" ഒരു മിനിട്ട് കഴിഞ്ഞ് " ഒന്ന് കൂടി വീട് പണി തീർന്ന് ഒരു രണ്ടാഴ്ച ഞങ്ങൾ ആ വീട്ടിൽ താമസിച്ചു. ആദ്യമായാണ് നിങ്ങൾക്ക് തരുന്നത് - എല്ലാ വ്യവസ്ഥകളും തയ്യാറാണെങ്കിൽ മാത്രം നാളെ ഈ സമയത്ത് വരിക. അതിന് മുമ്പ് ഒന്ന് വിളിച്ച് പറയണം അപ്പോഴേ കരാർ പത്രം എഴുതുകയുള്ളു. " പിന്നെ എന്നെ നോക്കി ചിരിച്ചു -- പെട്ടെന്ന് സഡൺ ബ്രേക്കിട്ട് ചിരി നിറുത്തി - അതിനർത്ഥം ഇനിയൊന്നും പറയാനില്ല - നിങ്ങൾ പോകാം ...
അടുത്ത ദിവസം കൃത്യസമയത്ത് തന്നെ എത്തി പറഞ്ഞിരുന്ന തുക കൊടുത്തു -വാടക കരാറിൽ ഒപ്പിട്ടു. ,താക്കോൽ വാങ്ങി.
ഏകദേശം നാല് വർഷത്തോളം ഞാൻ അവിടെ താമസിച്ചു. അവിടെ നിന്നാണ് ഇപ്പോഴത്തെ ഈ വീട് സ്വന്തമാക്കിയത്. അങ്ങനെ ആ റസിഡൻസ് അസോസിയേഷൻ വിട്ടു.
പുതിയ വീട്ടിലെത്തിയപ്പോൾ അവിടെ ആരെയും പരിചയമില്ല. പരിചയപ്പെടാനുള്ള തിടുക്കത്തിൽ പുതിയ റെസിഡൻസ് അസോസിയേഷൻ ഭാരവാഹികളെ കണ്ടു പിടിച്ചു. അടുത്ത രണ്ടാഴ്ചയ്ക്കകം സാധനങ്ങൾ ഇങ്ങോട്ട് മാറ്റാമെന്നുള്ള തീരുമാനം അവരെ അറിയിക്കുകയും ഒപ്പം ദിവസം നിശ്ചയിച്ചിട്ട് വന്ന് ക്ഷണിയ്ക്കാമെന്ന് പറയുകയും ചെയ്തു .
ആ വീടും പണി പൂർത്തിയാക്കിയിട്ട് വെറും ആറു മാസമേ ആയുള്ളു. അതിന്റെ ഉടമസ്ഥന് നല്ലൊരു ജോലി വിദേശത്ത് തരപ്പെട്ടപ്പോൾ അയാൾ ആ വീട് എനിക്ക് വില്ക്കുകയായിരുന്നു. ഒരാഴ്ചകൊണ്ട് ആകെയെന്ന് വൃത്തിയാക്കി പെയ്ന്റിംഗ് വർക്ക് കൂടി തീർത്തപ്പോഴും അത് വീണ്ടും പുതിയ വീടായി....
ദിവസം നിശ്ചയിച്ച് വീട് മാറുന്നതിന് രണ്ടു ദിവസം മുമ്പ് പൈപ്പിലെ വെള്ളം നിന്നു. അതൊരു വലിയ തലവേദനയായി തീർന്നു. മെയിൻ പൈപ്പിൽ നിന്നും എന്റെ വീട്ടിലേക്കുള്ള സപ്ളൈ പൂർണ്ണമായും നിന്നു. ഉടൻ മറ്റൊരു മാർഗ്ഗവുമില്ല. ഞാൻ ആകെ വിഷമവൃത്തത്തിലായി. അയൽവാസി കൂടിയായ അസോസിയേഷൻ ഭാരവാഹിയോട് കാര്യം പറഞ്ഞപ്പോൾ അദ്ദേഹത്തിന്റെ വീടിനു് പുറകിലുള്ള പൈപ്പിൽ നിന്നും നീളമുള്ള 'ഓസ്. - ഘടിപ്പിച്ച് ഞങ്ങളുടെ ടാങ്കിലേക്ക് വെള്ളം എത്തിച്ചു . ആ നല്ല മനസിന് നന്ദി പറഞ്ഞു അവസാനിപ്പിയ്ക്കാമെന്ന് കരുതിയപ്പോഴാണ് വരൾച്ച കാരണം പുതുതായി വർക്ക് പെർമിറ്റ് കൊടുക്കുന്നില്ലെന്ന് അറിയുന്നത്.
ദിവസങ്ങൾ നീണ്ടു പോയി - എന്റെ ടാങ്കിലേക്കുള്ള വെള്ളം തടസ്സമില്ലാതെ വന്ന് കൊണ്ടിരുന്നു. വാട്ടർ ബില്ല് വാങ്ങി അടയ്ക്കാൻ അയൽവാസിയെ കാണാൻ അദ്ദേഹത്തിന്റെ വീട്ടിൽ പോയി. ബില്ല് തന്നില്ലെന്ന് മാത്രമല്ല - എന്നിൽ നിന്ന് ക്യാഷ് സ്വീകരിക്കാനും അദ്ദേഹം തയ്യാറായില്ല . ഞാൻ ഏറെ നിർബന്ധിച്ചപ്പാൾ - "എത്രയാണ് തരാൻ ഉദ്ദേശിക്കുന്നത്?' എന്നായി എന്നോട്. ഞാൻ പറഞ്ഞു "അതിനാണ് ഞാൻ ബില്ല് ചോദിച്ചത് - ബില്ലിൽ കാണുന്ന തുക ...."
അദ്ദേഹം ചിരിച്ചു. പിന്നെ പറഞ്ഞു -" ഒരു കാര്യം ചെയ്യുമോ? - എന്നെ ബോദ്ധ്യപ്പെടുത്തേണ്ട -- ഒരു തുക സ്വയം നിശ്ചയിക്കുക-- ആ തുക വിശക്കുന്നവരെ കണ്ടു പിടിച്ച് അവർക്ക് ആഹാരം വാങ്ങി കൊടുക്കുക "
ആ നിമിഷം മുല്ലപ്പൂക്കളുടെ സുഗന്ധം ഞാൻ അനുഭവിക്കുന്നത് പോലെ ...... ഞാൻ ആ മനുഷ്യനെ നോക്കി നിന്നു.
രണ്ടു മാസം കഴിഞ്ഞപ്പോൾ ആ മനുഷ്യൻ തന്നെ മുൻകൈയ് എടുത്ത് വെള്ളം എൻറ്റെ പൈപ്പ്ലയിനിൽ കൂടി വീട്ടിലെത്തി. ഞാൻ അതീവ കൃതജ്ഞത ആ മനുഷ്യനെ അറിയിക്കുകയും ചെയ്തു.
ഇതെല്ലാം കഴിഞ്ഞിട്ട് വർഷങ്ങൾ തന്നെ പിന്നിട്ടു. പക്ഷേ --" സ്വയം നിശ്ചയിച്ച തുക കൊണ്ട് വിശക്കുന്നവന്റെ വിശപ്പ് അകറ്റാനുള്ള ശീലം മാത്രം എന്നിൽ നിന്നും പോയില്ല നാളിതുവരെയും. ....
അതെന്റെ പ്രാർത്ഥനയായി രൂപാന്തരപ്പെട്ട് കഴിഞ്ഞിരുന്നു ഈ കൊറോണ കാലത്തും എന്റെ പ്രാർത്ഥനക്ക് ഒരു തടസവുമുണ്ടായില്ല. ....