Archives / May 2019

സൈഫുദ്ദീൻ തൈക്കണ്ടി
ചൊവ്വയിൽ ജലംകണ്ടെത്തുന്ന ചില രീതികൾ

*താഴെചൊവ്വയിൽ എത്തുമ്പോൾ

നേരം പുലർച്ച

മുത്തപ്പൻ തെയ്യം

മുടിയുഴിഞ്ഞ്‌ നേരെ മുമ്പിൽ

ഭൂമിയൊന്ന് വളഞ്ഞു

ഒടിയല്ലേ ഒടിയല്ലേയെന്ന് 

ഓടിച്ചെന്ന് തൊട്ടപ്പോഴേക്കും

സൂര്യൻ വന്ന് ഇടയ്ക്ക്‌ കയറി

കത്തിനിവർത്തി 

ചങ്കിലേക്കൊരു തുളതുളച്ചു

 

(പുലർച്ചയ്ക്ക്‌

എന്റെ മുത്തപ്പാ എന്ന

നിലവിളി കേട്ട്‌ ഞെട്ടിയെണീറ്റ

ചിലരൊക്കെ ഇപ്പോഴും 

താഴെചൊവ്വയിൽ ജീവിച്ചിരിക്കുന്നുണ്ട്‌)

 

സൂര്യനു 

പിടയ്ക്കുന്ന ഉണക്കമീനിന്റെ മണം

ഒന്നൊന്നര കള്ളിന്റെ മണം

ഡാ ശങ്കരാ 

എന്തൊരു നിൽപ്പാടാ ഇതെന്ന്

വെയിലങ്ങ്‌ തിളച്ചു

 

കരണേട്ടന്റെ സമോവറിൽ ചായ 

ഇല മൂത്ത്‌ തുള്ളി

പ്രാകി പ്രാകി പെണ്ണുങ്ങൾ 

മുണ്ടുകുടഞ്ഞുടുത്ത്‌

പൊക്കിളും മുലയും മറച്ച്‌

മറഞ്ഞോ മറഞ്ഞോയെന്ന് 

കഴിഞ്ഞരാത്രിയെ പിടഞ്ഞെറിഞ്ഞ്‌

വടക്കോട്ടേക്കോടി

 

(നിഴലുകളുടെ

എന്റെ മുത്തപ്പാ എന്ന 

നിലവിളി കേട്ടിട്ടും

എഴുന്നേൽക്കാത്ത

ചിലരൊക്കെ ഇപ്പൊഴും 

താഴെചൊവ്വയിൽ ജീവിച്ചിരിക്കുന്നുണ്ട്‌)

 

സൂര്യൻ പണ്ട്‌ 

ഇരുട്ടും ജീവിതവും കെട്ടിപെറുക്കി

നാടുവിട്ടതാണു 

അക്കാലത്ത്‌ അവനു നല്ല ചെറുപ്പമായിരുന്നു

വെയിലിനേക്കാൾ ചൂടായിരുന്നു

എന്നിട്ടും ഒട്ടകത്തെ കാണുമ്പോൾ 

ഒട്ടകം തിന്നുന്ന പച്ചിലകൾ കാണുമ്പോൾ 

ഒട്ടകം റോഡ്‌ മുറിച്ച്‌ കടക്കുന്നത്‌ കാണുമ്പോൾ

ഒട്ടകം ശിരസ്സുയർത്തി ആകാശത്തേക്ക്‌ നോക്കുമ്പോൾ

 

സൂര്യൻ 

അതൊന്നുമല്ലല്ലോ ഞാൻ 

ഒരുപക്ഷി ആയിരുന്നല്ലോ ഞാൻ 

പക്ഷിക്കും മുമ്പ്‌ ഒരു പുഴുവായിരുന്നല്ലോ ഞാൻ

പുഴുവിനും മുമ്പ്‌ ഒരു പൂവായിരുന്നല്ലോ ഞാൻ 

പൂവിനും മുപ്ം ഒരു മൊട്ടായിരുന്നല്ലോ ഞാൻ 

മൊട്ടിനും മുമ്പ്‌ ഒരു പുല്ലായിരുന്നല്ലൊ ഞാൻ

പുല്ലിനും മുമ്പ്‌ മണ്ണായിരുന്നല്ലോ ഞാൻ 

മണ്ണിനും മുമ്പ്‌ ജലമായിരുന്നല്ലോ ഞാൻ 

സൂര്യൻ 

ഉറക്കെ ഉറക്കെ ചിരിച്ചു 

വെയിലൊന്ന് പാളി 

പക്ഷികൾക്ക്‌ സമയം തെറ്റി 

അനങ്ങാതെ കിടന്ന നിഴലുകൾക്കും 

സമയം തെറ്റി

രാത്രിയായ പോലെയായി

 

(എന്റെ മുത്തപ്പാ എന്ന നിലവിളി 

താഴെചൊവ്വയിൽ നിന്ന് 

നടന്ന് തുടങ്ങുന്നു

മേലെചൊവ്വയിലേക്ക്‌ )

 

ചായ തണുത്തുതുടങ്ങുന്നു

കരണേട്ടൻ ഉറക്കം തൂങ്ങുന്നു

കോഴികൾ 

പൂച്ചകൾ 

പട്ടികൾ 

വളർത്തു മൃഗങ്ങളെല്ലാം തിരഞ്ഞ്‌ വരുന്നു 

കൊത്തുന്നു

തിരയുന്നു 

മണക്കുന്നു

ഭൂമി 

പിന്നെയും ഒന്ന് വളഞ്ഞു

 

മുത്തപ്പൻ തെയ്യം 

കുളിച്ച്‌ 

മുടിയുലച്ച്‌ 

ചുണ്ട്‌ കോട്ടി

കണ്ണാടിയിലേക്കൊന്ന് നീട്ടി നോക്കി

മേലെ ചൊവ്വയിലപ്പോൾ 

രാത്രി ഉദിക്കുന്നതുകണ്ടു

കടൽ വെള്ളം ചികഞ്ഞ്‌ 

ഉണക്കമീനുകൾ കരയ്ക്ക്‌ കയറുന്നത്‌ കണ്ടു

നിലാവിന്റെ ഉച്ചിയിൽ ഇരുന്ന് രാപ്പക്ഷികൾ 

കള്ളുച്ചെത്തുന്നത്‌ കണ്ടു 

 

എന്റെ കരണേട്ടാ എന്ന നിലവിളിയോടെ 

സൂര്യനെന്ന്  പേരുള്ളൊരു ചെറുപ്പക്കാരൻ 

വിമാനമിറങ്ങി 

അംബാസഡർ ടാക്സിയിൽ

വിട്ടിലേക്ക്‌ മടങ്ങുന്ന വഴിയിൽ 

നല്ല ഇരുട്ടിൽ 

താചെചൊവ്വയും മേലെചൊവ്വയ്ക്കും ഇടയിൽ

 

നാടോടികൾ മൺ ദൈവങ്ങളെ വിൽക്കുന്ന 

തെരുവോരത്ത്‌ 

എന്റെ ദൈവമേ എന്ന് 

ആരും കേൾക്കാത്ത ഒരു നിലവിളി 

നിശബ്ദമായി പറന്ന് പോയത്‌

കേട്ടുവോ

നിങ്ങളാരെങ്കിലും കേട്ടുവോ

 

കണ്ണുർ കോട്ടയിറങ്ങി 

പീരങ്കികൾ കവഞ്ഞ്‌ 

എന്റെ മുത്തപ്പായെന്ന് നിലവിളിച്ച്‌ 

ഉപ്പുവെള്ളം തുഴഞ്ഞ്‌ 

ഉണക്കമീനുകൾ 

താഴെചൊവ്വയിൽ നിന്നും 

മേലെചൊവ്വയിലേക്കുള്ള ഇത്തിരിപ്പോരം ദൂരത്തിൽ 

ഒരു അംബാസിഡർ കാർ 

ടയർ പൊട്ടിക്കിടക്കുന്നത്‌ പോലെ 

അത്ര നിശ്ശബ്ദമായി

 

കരുണെട്ടൻ സമോവർ അണച്ചു

ഇരുട്ടിലൂടെ മടങ്ങി

 

തൊട്ടുവോ ജലം ?

 

Share :