Archives / june 2020

കുളക്കട പ്രസന്നൻ
അടച്ചു പൂട്ടൽ കാലത്തെ ജീവിതങ്ങൾ

കഴിഞ്ഞ രണ്ടു മാസമായി ലോകത്തിൻറ്റെ   താളം സാധാരണ നിലയിലായി എന്നു പറഞ്ഞാൽ അത് അതിശയോക്തി അല്ല റോഡിലും കടലിലും ആകാശത്തും ഗതാഗതം ഏറെക്കുറെ കുറഞ്ഞു. ആളുകൾ ആവശ്യത്തിനു വേണ്ടി പുറത്തിറങ്ങാൻ പഠിച്ചു. അമ്മയേയും അച്ഛനേയും നാട്ടിലെ ബംഗ്ലാവിലാക്കി മറ്റു നാടുകളിൽ സസുഖം കഴിഞ്ഞവർ പെട്ടെന്ന് മാതാപിതാക്കളുടെ അടുത്തെത്താൻ വെമ്പി. കാലം പകരം വീട്ടുകയാണോ എന്നു ആരു ചിന്തിച്ചാലും അതിൽ തെല്ല് പതിരില്ല.

നോവൽ കൊറോണ വൈറസ് ഉയർത്തിയ വെല്ലുവിളി വിവരണാതീതമാണ്. ലോകത്തു അത്യാവശ്യം സൗകര്യങ്ങളിൽ ജീവിച്ചു പോന്നവരെ പോലും നന്നായി ബാധിച്ചു കൊറോണയുടെ താണ്ഡവം.. എത്ര പേർ പട്ടിണിയിലായി?. വിവിധ നാടുകളിൽ കുടുങ്ങിയവർ എത്ര ? മരണപ്പെട്ടവരുടെ മുഖം അവസാനമായി ഒന്നു കാണാൻ പോലും കഴിയാത്ത നിർഭാഗ്യർ അനേകരില്ലെ ? അസുഖം മൂലം ആശുപത്രികളിൽ എത്താൻ കഴിയാതെ മരണപ്പെട്ടവർ .അതും വലിയ ചോദ്യചിഹ്നമാണ്. 

കുടിയേറ്റ തൊഴിലാളികളുടെ മരണം , അവരെ  പോലെതന്നെ  നമ്മിൽ ഉണ്ടാക്കുന്ന ഭീതി വാക്കുകൾക്കും അപ്പുറമാണ് . കുടിയേറ്റ തൊഴിലാളികൾ സ്വനാട്ടിലേക്ക്  കാൽനടയായി പോകവെ അപകടത്തിൽ മരണപ്പെട്ടത് പല ദിവസങ്ങളിലും വാർത്തയാണ്. കാൽനടയാത്രക്കിടയിൽ തളർന്നവശരായി റെയിൽ പാളത്തിൽ കിടന്നു ഉറങ്ങവെ ട്രെയിൻ കയറി ചതഞ്ഞരഞ്ഞ മനുഷ്യ ജീവനുകൾ . തെലുങ്കാനയിൽ 9 കുടിയേറ്റ തൊഴിലാളികൾ ആത്മഹത്യ ചെയ്ത വാർത്ത നമ്മൾ കണ്ടു. ഈ ലോക് ഡൗൺ കാലത്ത് വിവിധ തരത്തിൽ മരണങ്ങൾ. കൊറോണ ബാധിച്ചു മരിക്കുന്നതു കൂടാതെയാണ് കൊറോണ വൈറസ് വ്യാപനത്തെ തടയാനുള്ള പ്രതിരോധത്തിനിടയിൽ കാലാൾപ്പട കൊഴിഞ്ഞു വീഴുന്നത്.

ഇത്തരം സംഭവങ്ങൾക്കിടയിൽ മറ്റു ചിലതും ഈ രാജ്യത്തു നടക്കുന്നുണ്ട്. അതു ഓൺലൈൻ മാമാങ്കമാണ്. വിവര സാങ്കേതിക വിപ്ലവത്തിൽ ഭാഗമായിട്ടുള്ള ജനങ്ങൾക്ക് ആശ്വാസം നേടാൻ കഴിയുന്നതാണ് ഈ സംവിധാനം. അതായത് ലോക് ഡൗൺ മൂലം കണ്ടുമുട്ടാൻ കഴിയാതെ വിഷമിക്കുന്ന വരുടെ വേദനകൾ വീഡിയോ കാളിലൂടെ തീരുന്നതല്ലലോ 

ഓൺലൈൻ വഴി വിവാഹം പോലും നടന്നിരിക്കുന്നു. സത്യത്തിൽ ഓൺലൈൻ വഴി വിവാഹം പ്രോത്സാഹിപ്പിക്കുന്നത് നല്ലതാണെന്ന് തോന്നുന്നു. കാരണം വിവാഹദിവസത്തെ വീട്ടിലെയും കല്യാണ സ്ഥലത്തെയും തിരക്കൊഴിവാക്കാം. എത്ര വാഹനങ്ങളാ വിവാഹ ദിവസം നിരത്തിലിറങ്ങുന്നത്. കല്യാണത്തിന് എത്തിച്ചേർന്നില്ലെങ്കി അത് പരാതി .വിളിച്ചില്ലേൽ അതു പരാതി. കല്യാണത്തിനു വന്ന എല്ലാവരെയും കണ്ട് അവരുടെ കുസൃതി ചോദ്യങ്ങൾക്കൊക്കെ മറുപടി പറഞ്ഞില്ലേൽ പരാതി പ്രളയമാകും. ഹൊ, എന്തെല്ലാം കടമ്പകളാ ഈ ലോക് ഡൗൺ കാലത്തു മാറി കിട്ടിയതെന്ന് ഇപ്പോൾ കല്യാണം നടക്കുന്ന ഏതൊരു ചെറുക്കനും പെണ്ണും ആണയിട്ടു പറയും.

നവമാധ്യമങ്ങൾ ലോക് ഡൗൺ കാലം അടിച്ചു പൊളിക്കുകയാണ്. ഇവിടെ യാതൊരു അടച്ചു പൂട്ടലുമില്ല. ഏകാഭിനയ മത്സരം, കഥ/കവിത രചനാ മത്സരം, ശബ്ദ സന്ദേശ നാടക മത്സരം, ക്വിസ് മത്സരം, ചർച്ചകൾ അങ്ങനെ നവ മാധ്യമങ്ങൾ കസറുകയാണ്. ടിക് ടോക് എന്നതു തന്നെ മഹാ സംഭവമായി കഴിഞ്ഞു.

ഒരു പക്ഷെ, കൊറോണ കാലം മനുഷന് പരിണാമം സംഭവിച്ചാലും അത്ഭുതപ്പെടാനില്ല. ഓരോ വിനാശ ശക്തികൾ ഉടലെടുക്കുമ്പോൾ അതിനെ നിഗ്രഹിക്കാൻ അവതാര പിറവി ഉണ്ടാകുമെന്ന് കേട്ടിട്ടുണ്ട്. അങ്ങനെയൊരു പിറവിയും ആഗ്രഹിക്കുന്നുണ്ടാവും. പക്ഷെ, അവതാര പിറവയുണ്ടായാൽ അതു മനുഷ്യനിൽ നിന്നു പരിണാമം സംഭവിക്കുന്ന ഒന്നായിരിക്കും. അതായത് മനുഷ്യനിൽ കൊറോണ വൈറസ് ഉപദ്രവകാരിയാകുമ്പോൾ അതാര പിറവിയോ അതല്ലേൽ പരിണാമോ സംഭവിക്കേണ്ടതല്ലെ ? ഈ പറഞ്ഞത് സംഭവിച്ചാലും ഇല്ലേലും ഇന്ത്യയിൽ മറ്റൊന്നു സംഭവിക്കുന്നുണ്ട്. അതിവിടെ കുറിക്കാതെ പോകുന്നതെങ്ങനെ ?

8 മണിക്കൂർ ജോലി, 8 മണിക്കൂർ വിനോദം, 8 മണിക്കൂർ വിശ്രമം . ഇതു തൊഴിലാളി വർഗ്ഗത്തിൻ്റെ അവകാശമാണ്. മനുഷ്യനെ അടിമകളാക്കി ഉടമകൾ പണിയെടുപ്പിച്ചിരുന്ന കാലഘട്ടത്തിൽ അടിമ ചങ്ങല പൊട്ടിച്ച് സ്വാതന്ത്ര്യത്തിൻ്റെ വായു ശ്വസിച്ചവരുടെ കൈകളിലേക്ക് പതിയെ പതിയെ അടിമചങ്ങല കൊരുക്കുവാൻ കൊറോണ വൈറസ് വ്യാപന പ്രതിരോധ ഘട്ടത്തിൽ ശ്രമം നടക്കുന്നു എന്നത് ശ്രദ്ധിക്കപ്പെടാതെ പോകരുത്. തൊഴിലാളികളുടെ ജോലി സമയം 12 മണിക്കൂറാക്കി ചില സംസ്ഥാനങ്ങളിൽ നിയമം കൊണ്ടുവരുന്നു. ഇത് അപകടമാണ്.

കൊറോണ വൈറസ് ഭീതി ലോകത്തെ മുഴുവൻ മുൾമുനയിൽ നിർത്തിയിരിക്കുകയാണ്. ഇതൊരു അവസരമായി കണ്ട് തൊഴിലാളികളുടെ അവകാശം കവർന്നെടുക്കുന്നത്  കോർപ്പറേറ്റുകൾക്ക് കുട പിടിക്കലാണ്. പണ്ടത്തെ അടിമ ഉടമ സമ്പ്രദായത്തിൻ്റെ പുനരാവിഷ്കാരമാണ്. ഈ രീതിയിൽ പോവുകയാണെങ്കിൽ തൊഴിലാളി വർഗ്ഗം കൊറോണ വൈറസിനെതിരെയുള്ള പ്രതിരോധത്തിനൊപ്പം തൊഴിലാളി ദ്രോഹനയങ്ങൾക്കെതിരെയും പ്രതികരിക്കേണ്ടി വരും.

ഇവിടെ പറഞ്ഞു വന്നത് കൊറോണ വൈറസ് ഭീതിയിൽ നിന്നും ജനങ്ങളുടെയും കേന്ദ്ര സർക്കാരിൻ്റെയും കോർപ്പറേറ്റുകളുടെയും രീതിയെ വരച്ചിടാനാണ്. ഒരു പ്രതിസന്ധിയുണ്ടാവുമ്പോൾ അതിൻ്റെ മറവിൽ നടക്കുന്ന ചൂഷണവും അതിനൊപ്പം മനുഷ്യൻ സ്വായത്തമാക്കുന്ന ജീവിതരീതികളെയും ചൂണ്ടിക്കാട്ടാനാണ്. അതെ, ലോക് ഡൗകാലത്തു കിലോമീറ്ററുകൾ താണ്ടി കാൽപ്പാദം പൊട്ടി കീറുകയും നീരുവരികയും ചെയ്തിട്ടും ലക്ഷ്യസാക്ഷാത്കാരത്തിലെത്താതെ പാതി വഴിയിൽ പിൻമാറാത്തവർ. അത്തരക്കാരുടെ ചരിത്രമാവും കൊറോണ പ്രതിസന്ധി ഘട്ടത്തിനു ശേഷം ലോകം ചർച്ച ചെയ്യുകപ്പെടുക. ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിൽ പോരാടിയ പലരുടെയും പേരുകൾ പിൽക്കാലത്താണ് ചർച്ച ചെയ്യപ്പെട്ടത്. അതങ്ങനെയാണ്. ഇവിടെയും അതു തന്നെ സംഭവിക്കും.

ഒരമ്മ തൻ്റെ മകനെ സ്കൂട്ടറിൽ ഇരുത്തി 1400 കിലോമീറ്റർ ദൂരം യാത്ര ചെയ്ത് വീട്ടിലെത്തിയത് ഒരു ചെറു കാര്യമല്ല. വെള്ളം കുടിക്കാനും ഭക്ഷണത്തിനും വിശ്രമിക്കാനും ഒക്കെ ഈ ഘട്ടത്തിൽ വിഷമകരമാണ്. പരിചമുള്ളവർ ആയാൽ പോലും സംശയത്തോടു കൂടി നോക്കുന്ന കൊറോണ കാലയളവിൽ 1400 കിലോമീറ്റർ ഒരമ്മ മകനുമായി സ്കൂട്ടറിൽ യാത്ര ചെയ്തുവെന്നത് അത്ഭുതം തന്നെ.

അച്ഛനെ പിന്നിലിരുത്തി മകൾ 1200 കിലോമീറ്റർ സൈക്കിളു ചവിട്ടി സ്വവസതിയിലെത്തിയത്  സിനിമയിലല്ല. പരിക്കുപറ്റിയ അച്ഛനുമായിട്ടാണ് പതിനഞ്ചുകാരി ജ്യോതികുമാരി സൈക്കിൾ ചവിട്ടിയത്. ഡൽഹി - ഹരിയാന അതിർത്തിയിൽ നിന്നും ബീഹാറിലെ ദർബാംഗഎന്ന സ്ഥലത്തെത്തിയ ജ്യോതിയേയും അച്ഛനെയും ജനങ്ങൾ സ്വീകരിച്ചു. ഈ യാത്രകൾ അതിജീവനത്തിൻ്റേതാണ് എന്ന് പ്രത്യേകം ഓർമ്മിപ്പിക്കുന്നു.



കൊറോണ വൈറസ് വ്യാപനത്തെ പ്രതിരോധിക്കാൻ ജനങ്ങൾ ഒന്നിച്ചു നിൽക്കുമ്പോൾ അതൊരു അവസരമാക്കാൻ മുതിരുന്ന നയം കേന്ദ്ര സർക്കാർ ഒഴിവാക്കണം. തൊഴിലാളികളുടെ അവകാശങ്ങൾ തുടരണം.

കൊവിഡ് - 19 മൂലമുള്ള പ്രതിസന്ധി ആഴത്തിലുള്ളതാണ്. അതു എല്ലാവരെയും വിശ്വാസത്തിലെടുത്തു മുന്നോട്ടു പോയാലെ പരിഹരിക്കാൻ പറ്റു.  . .ചൂഷണമാണ് ഈ ഘട്ടത്തിൽ ഉപയോഗിക്കുന്നതെങ്കിൽ കാൽനടയായും സ്കൂട്ടറിലും സൈക്കിളിലും ലക്ഷ്യസ്ഥാനത്തേക്ക് തിരിച്ച മനുഷ്യരുടെ ഇച്ഛാശക്തിയും മനോബലവും അളവുകോലായി മാറും. തൊഴിലാളികളുടെ കൈകളിൽ അടിമ ചങ്ങലകൾ ഇനി പാകമാകുമെന്ന് കരുതരുത്.

കമൻ്റ്: കൊറോണ കാലത്ത് മാസ്ക് ഉപയോഗം മനുഷ്യരെ കണ്ണിൽ നോക്കി സംസാരിക്കാൻ പഠിപ്പിച്ചു. അതു തന്നെ വലിയ മാറ്റമല്ലെ. ഒന്നുമല്ലേലും വായി നോക്കി എന്ന് പറയില്ലല്ലോ. 


 

Share :