നര്‍മകഥ ഒരു അറേഞ്ച്ഡ് ലൗവ് മാര്യേജ്
സീന്‍ 1
നഗരസഭ മേയറുടെ സാംസങ് ഗ്യാലക്‌സി ഫോണില്‍ മൃദുസംഗീതമൊഴുകി. സ്‌ക്രീനില്‍ തെളിഞ്ഞ പേരു കണ്ടു, അത്യധികം സന്തോഷത്തോടെ അയാള്‍ കോള്‍ അറ്റന്റ് ചെയ്തു;
''എന്താടോ?''
''മേയര്‍ സാറ് എവിടെയാ?''
്യൂ ''ഒരു കല്യാണച്ചടങ്ങിലാ പ്രിയ സുഹൃത്തേ...''
''കല്യാണം കൂടിയതൊക്കെ മതി. താന്‍ നേരെ ഓഫീസിലേയ്ക്ക് വിട്ടോ...''
''എന്താ... എന്താ പ്രശ്‌നം?''
''ഇപ്പോള്‍ പ്രശ്മമില്ല. പ്രശ്‌നമാകാന്‍ പോകുന്നേയുള്ളൂ.. ഇപ്പോള്‍ സമയം 10.30. കൃത്യം 11 മണിയ്ക്ക് ഞാനും എന്റെ അണികളും കൂടി വന്ന് തന്നെ 'ഘൊരാവോ' ചെയ്യും''.
''ഇതൊക്ക ഇപ്പോഴാണോ പറയുന്നേ... അര മണിക്കൂര്‍ സമയം കൊണ്ട് ഞാന്‍ എങ്ങനെ റെഡിയാകും...! ചാനലിലൊക്കെ മുഖം വരില്ലേ.. ഇന്നാണെങ്കില്‍ ഷേവ് ചെയ്തിട്ടു കൂടിയില്ല. തലയിലാണെങ്കി രണ്ട് മൂന്ന് വെളുത്ത മുടികള്‍ തെളിഞ്ഞു കാണാം...''
''അങ്ങനാണെങ്കില്‍ താനൊരു കാര്യം ചെയ്യ്... ഒരു ബ്യൂട്ടി പാര്‍ലറില്‍ പോയി മുഖവും തലയുമൊക്കെ മിനുക്കി, സുന്ദരക്കുട്ടപ്പനായി വാ... പത്തര മാറ്റി, ഞങ്ങള് 11 ന് എത്താം...''
''അത് ഓക്കെ... ആട്ടെ, എന്തിനാ ഈ പ്രകടനം?''
''അതോ... കൊതുകുശല്യം കാരണം ഉറങ്ങാന്‍ കഴിയുന്നില്ല. കൊതുകുനശീകരണം ഊര്‍ജിതമായി നടപ്പില്‍ വരുത്തുക എന്നതാണ് ഈ എളിയ പ്രതിപക്ഷ നേതാവിന്റെ ആവശ്യം''.
''ഇതേ ആവശ്യമായിരുന്നല്ലോ കഴിഞ്ഞ സമരത്തിന്റെയും വിഷയം... ജനം എന്തു വിചാരിക്കും?''
''പൊതുജനം കഴുതകളല്ലേ! ഒന്നും വിചാരിക്കില്ല''.
''ഉം... കഴിഞ്ഞ സമരത്തില്‍ ചെയ്തതുപോലെ, എന്നെ തള്ളിയിടുകയൊന്നും ചെയ്യല്ലേ....''
''യ്യോ... ഭയങ്കര കഷ്ടമായി പോയി.... അന്നു തനിക്കു കിട്ടിയ മൈലേജ് താന്‍ മറന്നുവോ.. ചാനലുകളില്‍ ബ്രേക്കിങ് ന്യൂസ്.... പത്രങ്ങളായ പത്രങ്ങളിലൊക്കെ ഫ്രണ്ട് പേജില്‍ ഫോട്ടോ ഉള്‍പ്പെടെ ആറുകോളം വാര്‍ത്ത. സോഷ്യല്‍ മീഡിയയില്‍ സഹതാപ തരംഗം. വെറും അയ്യായിരം ലൈക്കുള്ള തന്റെ ഫേസ്ബുക്ക് പേജിന് ഒരു ലക്ഷം ലൈക്ക്...''
''തനിക്കും കിട്ടിയല്ലോ വയറു നിറച്ച്... ഡല്‍ഹിയില്‍ നിന്നും ഹൈക്കമാന്റ് നേരിട്ട് വിളിച്ചല്ലേ അഭിനന്ദിച്ചത്.. ജില്ലാ കമ്മിറ്റീന്ന് 'ടപ്പേ'ന്ന് സ്റ്റേറ്റ് കമ്മിറ്റീല് കേറീലേ.. അടുത്ത നിയമസഭ തെരഞ്ഞെടുപ്പില്‍ സീറ്റ് ഉറപ്പിച്ചില്ലേ...''
''അതുമിതും പറഞ്ഞോണ്ടിരുന്നാല്‍ സമരം പൊട്ടും. അണികളെ കൂട്ടണം. പത്രക്കാരെ അറിയിക്കണം. ജോലികള്‍ കുറേയുണ്ടേ.. തനിക്ക് കുളിച്ചൊരുങ്ങി സീറ്റില്‍ വന്നിരുന്നാല്‍ മതിയല്ലോ..''
''ഓ.. ശരി.. ശരി... അപ്പോള്‍ 11.30. ഓക്കേ..?''
''ഡബിള്‍ ഓക്കേ...''
സീന്‍ 2
പെട്രോളിങ് ഡ്യൂട്ടിയിലായിരുന്ന സി.ഐയുടെ മൊബൈല്‍ ഫോണ്‍ ശബ്ദിക്കുന്നു.
''പറയൂ സാര്‍''
''ടോ.. ഞാന്‍ വിളിച്ചത്.... ഇന്ന് 11.30യ്ക്ക് ഞാനും എന്റെ വീരശൂരപരാക്രമികളായ അണികളും ചേര്‍ന്ന് മേയറെ 'ഘൊരാവോ' ചെയ്യുന്നുണ്ട്. കൃത്യം പന്ത്രണ്ടിനു താന്‍ വന്ന് എന്നെ അറസ്റ്റ് ചെയ്യണം - അതും ബലം പ്രയോഗിച്ച്... പിന്നെ, എന്റെ അണികള്‍ കുറച്ച് കസേരകളും ടേബിളുമൊക്കെ തല്ലി പൊളിയ്ക്കും. പൊതുമുതല്‍ നശിപ്പിച്ചതിന്റെ പേരില്‍ 10 പേര്‍ക്കെതിരെ കേസെടുത്തോണം. കേസെടുക്കേണ്ടവരുടെ ലിസ്റ്റ് ഞാന്‍ വാട്ട്‌സ്ആപ്പ് ചെയ്യാം.''
''ഓക്കേ സാര്‍.. അങ്ങനെയാകട്ടെ..''
''അപ്പോള്‍ 12 മണി.''
''ഓക്കേ സാര്‍.. സാര്‍, എന്റെ വൈഫിന്റെ സ്ഥലംമാറ്റം...?''
''അത് ഉടന്‍ ശരിയാകും- ഞാന്‍ മന്ത്രിയോട് പറഞ്ഞിട്ടുണ്ട്.''
''ഓക്കേ സാര്‍..താങ്ക് യു.''
സീന്‍ 3
പ്രമുഖ ചാനലിന്റെ ഓഫീസ്-
ബ്യൂറോ ചീഫിന്റെ പോക്കറ്റില്‍ വിശ്രമിക്കുകയായിരുന്ന മൊബൈല്‍ ഫോണിനെ ശല്യപ്പെടുത്തി, നഗരസഭ പ്രതിപക്ഷ നേതാവിന്റെ കോള്‍..
''നമസ്‌കാരം നേതാവേ...''
''നമസ്‌കാരം...നമസ്‌കാരം..''
''പറയൂ സാര്‍.. എന്താ വിശേഷം?''
''ഇന്ന് പതിനൊന്നരയ്ക്ക് ഞാനും എന്റെ പിള്ളേഴ്‌സും കൂടി മേയറെ 'ഘൊരാവോ' ചെയ്യുന്നുണ്ട്. പറ്റുമെങ്കില്‍ താന്‍ തന്നെ വന്ന് റിപ്പോര്‍ട്ട് ചെയ്യുക.''
''ഓക്കേ സാര്‍... ഞാന്‍ തന്നെ എത്തും. അടി നടക്കുമോ സാര്‍?''
''ചിലപ്പോള്‍ നടന്നേക്കും. ഇപ്പോള്‍ ഒന്നും പറയാന്‍ പറ്റില്ല. നിങ്ങള്‍ ജേണലിസ്റ്റുകളുടെ വാട്ട്‌സ്ആപ്പ് ഗ്രൂപ്പില്‍ ഈ വിവരം ഒന്ന് ഷെയര്‍ ചെയ്യണേ... നിങ്ങടെ പത്രത്തിലും ചാനലിലും വാര്‍ത്ത വന്നാല്‍ പിന്നെ മറ്റൊരു പബ്ലിസിറ്റിയുടെ ആവശ്യമില്ല. എന്നാലും എല്ലാരും വരട്ടെ.. എന്നാലേ ഒരു 'ഗും' ഉണ്ടാകൂ..''
''ശരി നേതാവേ.. എല്ലാവരെയും അറിയിക്കാം.''
ലാസ്റ്റ് സീന്‍
സമയം 11.30
നഗരസഭ ഓഫീസ്.
മേയര്‍ തന്റെ ഓഫീസ് റൂമില്‍. ജീവനക്കാരുമായി അടിയന്തിര മീറ്റിങ്.
പെട്ടെന്ന്, ഇടിവെട്ടുന്ന തരത്തിലുള്ള മുദ്രാവാക്യങ്ങളുടെ അകമ്പടിയോടെ, പ്രതിപക്ഷ നേതാവിന്റെ നേതൃത്വത്തിലുളള സംഘം അവിടേയ്ക്ക് അതിക്രമിച്ചു കയറി.
മേയര്‍ക്കു ചുറ്റിലും നിന്നു അവര്‍ ഘോരം ഘോരം മുദ്രാവാക്യം മുഴക്കാന്‍ തുടങ്ങി.
ഒരു വിഭാഗം സമരക്കാര്‍ ഫര്‍ണീച്ചറുകളും മറ്റും തല്ലി പൊളിയ്ക്കാന്‍ തുടങ്ങി.
ജീവനക്കാര്‍ 'അയ്യോ' വിളിച്ചു ഇറങ്ങിയോടി.
പ്രതിപക്ഷനേതാവ് മേയറിന്റെ മുന്നിലെ കസേരയില്‍ അമര്‍ന്നിരുന്നു സമരത്തിനു നേതൃത്വം നല്കി.
വിവരം മണത്തറിഞ്ഞു, സര്‍വ സന്നാഹങ്ങളോടും കൂടി മാധ്യമപ്പടയും വന്നെത്തി.
ഫോട്ടോ, ഓഡിയോ, വീഡിയോ, ..
ബ്രേക്കിങ് ന്യൂസ്, ലൈവ് ടെലികാസ്റ്റിങ്...
മേയര്‍ എന്തോ പറയാന്‍ ശ്രമിക്കുന്നു; പ്രതിപക്ഷ നേതാവ് തടയുന്നു.
അതെല്ലാം ലക്ഷോപലക്ഷം വോട്ടര്‍മാരുടെ വീടുകളിലെ ടി.വി സ്‌ക്രീനുകളില്‍ തെളിയുന്നു.
നഗരസഭ ഓഫീസും പരിസരവും സംഘര്‍ഷഭരിതം.
സംഘര്‍ഷം നിറഞ്ഞ നിമിഷങ്ങള്‍ക്കൊടുവില്‍ 12 മണിയായി. സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറും സംഘവും 'ലെഫ്റ്റ് റൈറ്റ'ടിച്ച് രംഗപ്രവേശം ചെയ്തു.
ഇന്‍സ്‌പെക്ടറും പ്രതിപക്ഷ നേതാവും തമ്മില്‍ വാഗ്വാദം.
കാക്കിധാരികളോട് പരിഭവം പറഞ്ഞു മേയര്‍ ബോധരഹിതനായി.
പ്രതിപക്ഷനേതാവിനെ സി.ഐ ബലം പ്രയോഗിച്ച് അറസ്റ്റു ചെയ്തു.
മേയര്‍ ജനറല്‍ ഹോസ്പിറ്റലിലേയ്ക്ക്...............