: എഴുത്തിലേക്കുള്ള ദൂരമെത്ര?
: എഴുത്തിലേക്കുള്ള ദൂരമെത്ര?
കഥയാകട്ടെ,കവിതയാകട്ടെ,ചിത്രംവരയാകട്ടെ..എഴുത്തുകാരനും സൃഷ്ടിയും തമ്മിലുള്ള അടുപ്പവും അകലവും തുലനപ്പെടുത്തുന്ന അളവുകോൽ ആരുടെ കൈയിലാണ്? ആരാണ് അതിനുടയോർ? ഓരോ എഴുത്തും പ്രതീക്ഷിക്കുന്ന-പ്രതീക്ഷിക്കേണ്ട ചോദ്യങ്ങളാണിവ. എഴുത്തിനെ ആദ്യം വിലയിരുത്തേണ്ടത് ആരാണ്? സംശയമില്ല,അത് എഴുത്തുകാർ തന്നെയാണ്. തന്റെ വിലയിരുത്തലിൽ വിജയിക്കുന്ന സൃഷ്ടികളെയാണ് എഴുത്താളർ മറ്റുള്ളവർക്ക് മുന്നിൽ, വിശേഷിച്ച് വായനക്കാർക്ക് മുന്നിൽ വയ്ക്കേണ്ടത്. നിർഭാഗ്യവശാൽ, വർത്തമാന മലയാള സാഹിത്യത്തിൽ ഇത്തരമൊരു വിലയിരുത്തൽ നടക്കുന്നില്ല എന്നത് ഖേദകരമാണ്. ഇന്ന് മലയാളത്തിൽ ഇറങ്ങുന്ന ആനുകാലിക പ്രസിദ്ധീകരണങ്ങളിൽ വായിക്കാൻ ഇടവരുന്ന, ഇടവരുത്തുന്ന സാഹിത്യ സൃഷ്ടികളിലേറെയും സ്വയം വിലയിരുത്തലിന് വിധേയപ്പെടുന്നില്ല എന്ന് കാണുന്നതിൽ നിരാശയുണ്ട്.
(
എഗൊൺ ലിയോ അഡോൾഫ് ഷില
എഗൊൺ ലിയോ അഡോൾഫ് ഷില(1890-1918) എന്ന വിയന്നൻ ചിത്രകാരൻ-അഡോൾഫ് ഹിറ്റ്ലറുടെ സ്വാധീനവലയത്തിൽ ഉയിർക്കൊണ്ടിരുന്ന ജർമ്മനിയിൽ ജീവിതം ചിത്രീകരിച്ചവൻ. കലയെ ശരീരോത്സവങ്ങളുടെ അഭിവഞ്ജയായി ആവിഷ്കരിച്ച അയാളുടെ ഓരോ രചനയും ഓരോ പരീക്ഷണമായിരുന്നു.സ്ത്രീ നഗ്നത ഉത്സവമായി ആഘോഷിച്ച്, സ്വന്തമായൊരുശൈലി കണ്ടെത്തും വരെ പരീക്ഷണം തുടർന്നുകൊണ്ടിരുന്നു, ഇരുപതാം നൂറ്റാണ്ടിലെ വിഖ്യാത ചിത്രകാരനായ എഗോൺ ഷില. ഓരോ ചിത്രത്തിലും അയാൾ ചിത്രകലയെ സ്വയം പഠിക്കുകയായിരുന്നു. നിർഭാഗ്യവശാൽ, മലയാളത്തിലെ പുതുതലമുറയിൽപ്പെട്ട ഭൂരിഭാഗം എഴുത്തുകാരും സ്വയം പഠനത്തിന് മുതിരുന്നില്ല എന്നത് തികച്ചും കഷ്ടം തന്നെ എന്ന് പറയാതിരിക്കാനാവുന്നില്ല
സമീപകാല മലയാള ആനുകാലിക പ്രസിദ്ധീകരണങ്ങളിൽ വായിക്കാൻ ഇടയായ ചില സൃഷ്ടികൾ-അതിൽ എഴുതി തെളിഞ്ഞവരുടെയും പുതുമുഖങ്ങളുടെയും സൃഷ്ടികളുണ്ട്. വായനക്കാരന് പൂർണ്ണതൃപ്തി തരുന്ന ഒരു സൃഷ്ടി പോലും അവിടെങ്ങും കണ്ടെത്താൻ കഴിയുന്നില്ല എന്നത് തീർച്ചയായും ഭാഷയുടെ അപചയമല്ല.ഒരാൾക്കും, എഴുതുന്ന ആൾക്കുപോലും ഒന്നും മനസ്സിലാകരുത് എന്ന് നിർബന്ധബുദ്ധിയുള്ളതുപോലെ തോന്നും അവ വായിച്ചാൽ.
ഈ അടുത്ത സമയത്ത് വായിക്കാനിടയായ മലയാളത്തിലെ പ്രമുഖങ്ങളായ ചില ആനുകാലികങ്ങളിൽ പ്രസിദ്ധീകരിച്ച ഏതാനും കവിതകളിലേക്ക് ഒന്ന് കണ്ണോടിക്കുകയാണ്.
മാതൃഭൂമി ആഴ്ചപ്പതിപ്പിൽ (ലക്കം 10) 14കുറും കവിതകൾ എന്ന പേരിൽ ശ്രീ.കെ.ഷെരീഫിന്റെ കവിത, ആഴ്ചപ്പതിപ്പിന്റെ നാല് പേജുകളെ മലീമസമാക്കിക്കൊണ്ട് ചത്തുകിടക്കുന്നു. കുറും കവിതകൾ(ഹൈക്കു കവിതകൾ) നന്നായി വായിച്ചാനന്ദിച്ചിട്ടുള്ള മലയാളികളെ ഇങ്ങനെ പരീക്ഷിക്കേണ്ടതുണ്ടോ?
മാധ്യമം ആഴ്ചപ്പതിപ്പ് (ലക്കം 1160)
വളരെ നല്ല കവിതകൾ ഭാഷയ്ക്ക് സമ്മാനിച്ച ശ്രീ.മോഹനകൃഷ്ണൻ കാലടിയുടെ 'നോഹയുടെ തീവണ്ടി' എന്ന കവിത വളരെ ശ്രദ്ധേയമായ നിലയിൽ അച്ചടിച്ചിരിക്കുന്നു. നല്ല ക്രാഫ്റ്റ്. പക്ഷെ,അതിനുള്ളിൽ വിശേഷിച്ചൊന്നും പറയാനില്ലാതെവരിക എന്നത് ശ്രദ്ധേയനായ ഒരു കവിയീൽ നിന്നും പ്രതീക്ഷിക്കാവുന്നതല്ല. താൻ നിനന്തരം എഴുതിക്കൊണ്ടിരുന്നില്ലെങ്കിൽ ഭാഷയ്ക്കും സാഹിത്യത്തിനും അപചയം സംഭവിക്കുമെന്ന് ചിലരെങ്കിലും കരുതുന്നുണ്ടോ?
: ദേശാഭിമാനി വാരിക (ലക്കം 2)
ശ്രീ.ഗിരീഷ് വർമ്മ ബാലുശ്ശേരിയുടെ യാത്ര എന്ന കവിത. തെരഞ്ഞെടുത്ത വിഷയം വളരെ നന്ന്. ഉല്ലാസത്തിനും രോഗാതുരതയ്ക്കും ഇടയിലോടുന്ന ബസുകളെ (ജീവിതത്തെ) ശ്രദ്ധിക്കേണ്ടതില്ല. പക്ഷെ, മൂന്നാറിലേക്കും ക്യാൻസർ സെന്ററിലേക്കും പോകുന്ന ബസുകൾ ശ്രദ്ധിക്കണം എന്ന് ജീവിതോല്ലാസത്തെയും രോഗാതുരതയെയും കവിത ഓർമ്മിപ്പിക്കുന്നു. ഭേദപ്പെട്ട കവിത.
കലാകൗമുദി (ലക്കം 2334)
സൂര്യമോതിരം എന്ന 'കവിത' കാണുന്നു. ഡോ.അനൂപ് മുരളീധരനാണ് രചയിതാവ്. ഒരു മൂന്നാം ക്ലാസ് വിദ്യാർഥിയുടെ രചനാനിലവാരംപോലുമില്ലാത്ത എന്തോ ഒന്ന്.തെരഞ്ഞെടുപ്പിന് പത്രാധിപർ ഏത് അളവുകോലാണ് ഉപയോഗിച്ചിട്ടുള്ളത് എന്ന് മനസ്സിലാകുന്നില്ല.
സമകാലിക മലയാളം (ലക്കം 2)
ശ്രീ.എം.സി.സുരേഷിന്റെ അപരിചിതപരിചിതർ എന്ന നല്ല കവിത വായിച്ച് ആനന്ദിക്കുന്നു. അപനിർമ്മിതിയുടെ അപരത്വത്തെ ഏകത്വമായി ധ്വനിപ്പിക്കുന്നു ഈ കവിത. ഭേദപ്പെട്ട ക്രാഫ്റ്റ്. ലയമുള്ള ഭാഷാനടപ്പ്. നന്നായി പ്രസരിപ്പിക്കുന്ന കവിത്വം.
മാതൃഭൂമി ആഴ്ചപ്പതിപ്പ്(ലക്കം 11)
കഴിഞ്ഞ ലക്ക പകർന്ന നിരാശയോടെയാണ് പേജുകൾ മറിച്ചു തുടങ്ങിയത്. ആദ്യം വായിക്കുക കവിതകളാണ്. പ്രതീക്ഷിച്ചതുപോലെ ഇതാ ശ്രീ.വി.ടി.ജയദേവൻ ഏഴ് കവിതകളുമായി പോരിന് വിളിക്കുന്നു. ഞാനില്ല, ഇതിനെ തടുക്കാനുള്ള ആയുധം എന്റെ പക്കലില്ല. എന്നെ വിട്ടേക്ക് സുഹൃത്തേ! പേജുകൾ മറിയുന്നു.
അപ്പോഴിതാ, ശ്രീ.മാധവൻ പുറച്ചേരി 'ഉച്ചിര' എന്ന കവിതയുമായി അടുത്തേക്ക് വരുന്നു. ഏറെ പരതലിനിടയിൽ കിട്ടിയ ഭേദപ്പെട്ടൊരു വാങ്മയം.മേദസ് അല്പം കൂടിപ്പോയെങ്കിലും കൊടുംവേനലുച്ചക്ക് പെയ്ത ഒരു നനുത്ത മഴ.
തുടർവായന ശ്രീ.സെബാസ്റ്റ്യനിൽ എത്തുമ്പോൾ, തിമിർത്ത മഴയിൽ നനഞ്ഞൊട്ടിയ സുഖം! കവിത 'നില്പ് '. ഒരമൂർത്ത ചിത്രം പോലെ മനോഹര രചന. വീടിനുള്ളിലേക്ക് ഓടിക്കയറി വരുന്ന പ്രകൃതി. നായികാനായകന്മാരും ചരാചരങ്ങൾക്കൊപ്പം പ്രപഞ്ചവളപ്പിൽ സ്വയമലിയുന്ന സുന്ദരചിത്രം. തികഞ്ഞ നിരാശയിൽ തുടങ്ങി ഏറെ ആനന്ദത്തോടെ, എൽഗോൻ ഷിലയുടെ മൂർത്തത തേടിയുള്ള യാത്രയിലെന്നപോലെ സെബാസ്റ്റ്യനൊപ്പം ഞാനും നിൽക്കുന്നു!
കവിത ഗഹനമാവണം. ഒപ്പം, പാരായണക്ഷമവും വായനക്കാർക്ക് അതീന്ദ്രിയ പ്രകാശം നൽകുന്നതുംകൂടിയാകണം