Archives / May 2020

 എസ് എസ് നായർ                        കല്ലാർ 
തിരുത്തി എഴുത്ത്

അന്യായപ്പെരുവഴികളിലിന്നു കാലിടറി

ഊർദ്ധശ്വാസം വലിക്കുന്ന നീതിദേവതതൻ മൗലിയിൽ

ചടുല നൃത്തം ചവിട്ടി മദിക്കുന്നു

അനീതിയധർമ്മ ചണ്ഡാലികൾ...

 

വിജയഘോഷം മുഴക്കുന്ന പൂരത്തിൽ കതിന

പൊട്ടിച്ചു മുന്നേറുന്ന നേതാക്കൾ

അർത്ഥശാസ്ത്റ നിഘണ്ടുക്കൾ മാറ്റിയെഴുതുന്നു

ഭരണയന്ത്റ വളയം പിടിച്ചവർ

 

അക്ഷരങ്ങൾ കുറവാണതിലെല്ലാം

അക്കങ്ങളാണധികം തിളക്കത്തിൽ

അർത്ഥമോതുന്നു ചേർത്തു വയ്ക്കലാണിഷ്ടം

കൊടുക്കില്ല വാങ്ങൽമാത്റമാണിതിൻ ലക്ഷ്യം...

 

കൊടക്കാനുള്ളതു കൊടുക്കാതെടുത്തു

കുന്നുകൂട്ടലാണതിൻ കുടില തന്ത്രം

നാണയത്തുട്ടിൻ കിലുകിലാരവത്തിന്നനുഭൂതിയിൽ

കണക്കു മാറ്റിയെഴുതും ചിത്രഗുപ്തന്മാർ..

 

ആധിപത്യം.. പിന്നെ ജനാധിപത്യ വിപ്ലവം

വിരൽത്തുമ്പതിനു വിലയിട്ട വിപ്ലവം..! 

നാല്ക്കാലികളെന്തതിലേറെ ഖിന്നരായവർ

തെരുവിന്റെ മക്കളെണ്ണമേറുന്ന വിപ്ലവം..!! 

ചോര നീരാക്കി പടുത്തുയർത്തുന്ന കൈകളിൽ

പട്ടിണി വിളമ്പി വിലങ്ങു വയ്ക്കുന്ന വിപ്ലവം...!!!

 

പുതുയുഗപ്പിറവിക്കായിനിയും ചക്രവാളം തുടുക്കും

 പുത്തൻ പുലരിവിരിഞ്ഞു തിരിച്ചറിവിൻ കാലം വരും

തിരുത്തി എഴുതുന്ന കരങ്ങളായ്

തെരുവിന്റെ മക്കളുണരും

വർദ്ധിത തേജസ്സാർന്നു

നീതി ദേവതമാർ നൃത്തം ചവിട്ടും...


           

Share :