
ത്യാഗമെന്ന കരുത്ത്
മുട്ടിനിൽക്കുകയാണു ഞങ്ങളമ്മയെ, സ്വന്തം
സ്വപ്നങ്ങളിങ്ങിക്കുപ്പക്കുഴിയിലർപ്പിച്ചവർ
വറ്റിപ്പോയ് നീരെന്നാലും ശുഷ്കിച്ചതൻ കൈകളാൽ
ചുറ്റിനിന്നീടുന്നമ്മ ഞങ്ങളെ സ്നേഹാർദയായ്
വെയിലിൽ, കൊടും മഞ്ഞിൽ കാറ്റിലും മഴയിലും
ഭയമേറുവോർ ഞങ്ങ, ളെന്നാലും പതറാതെ
കരുതൽക്കരങ്ങളെ നീർത്തിയ കുടകളായ്
കനിവാൽ നീട്ടിക്കാത്തു നിൽക്കയാണവളെന്നും
ജീവനജലം പേറി യത്തനുവിനെത്താങ്ങും
പോളകൾക്കുള്ളിൽ നീണ്ടു വളരുന്നതാം തണ്ടിൽ
കോമളമൊരു വർണ്ണക്കൂമ്പായിത്തല നീർക്കെ
വാഴതൻ സ്വപ്നങ്ങളും പൂക്കളായ് വിരിയുന്നു.
വാരൊളിക്കുടപ്പനിൽ തൂമധു നിറയുമ്പോൾ
വാവലുമണ്ണാൻകുഞ്ഞും തേനുണ്ണാനണ യുമ്പോൾ
നിറയുന്നമ്മയ്ക്കുള്ള, മപ്പോഴുമക്കായ്കളിൽ
മധുരം കിനിയുന്നതെന്നെന്നേ നിനയ്ക്കുന്നു
വിളയും കുല വെട്ടിടാനെത്തും കൃഷകന്റെ
പദനിസ്വനം കാത്തു നിൽക്കുന്ന നേരത്തമ്മ
പറയുന്നതുകേൾക്കെ, എങ്ങനെ ചെറുവാഴ-
ക്കതിരാം തൈകൾ ഞങ്ങൾ കര
യാതിരിക്കുവാൻ?
"വാഴതന്നായുസ്സൊരു വത്സരമെന്നാകിലും
വാഴുന്നു നാം മക്കളെ ത്യാഗികളായൂഴിയിൽ
ഇലയും തണ്ടും കൂമ്പും മധുരം തുളുമ്പുന്ന
ഫലവും മറ്റുള്ളോർക്കു ദാനമേകുവോർ
നമ്മൾ
ഒരിക്കൽക്കൂടിത്തളിർ നീട്ടുവാൻ പൂക്കാൻ കായ്ക്കാൻ
കൊതിക്കും മനമെങ്കിൽപ്പോലുമീ നമുക്കൊന്നും
വിധിക്കില്ലല്ലോ വർദ്ധിതായുസ്സു തെല്ലും
ദൈവം
നമുക്കീ ജന്മോദ്ദേശ്യം സാദ്ധ്യമായെന്നോർത്താവാം
കുപ്പമണ്ണിതിലെച്ചിലുണ്ടല്ലോ വളരുന്ന
ദുർബ്ബല ശരീരികൾ പാവങ്ങളായോർ
നമ്മൾ
കഴുത്തു നീട്ടീടേണ്ടോർ കത്തിക്കുമുന്നിൽ, പക്ഷേ
കരുത്തിൻ മറുപേരായ് മാറുമാ ജീവത്യാഗം"