Archives / May 2020

ജ്യോതിലക്ഷ്മി നമ്പ്യാർ മുംബൈ
സാഹിത്യം, കാലത്തിന്റെ കാൽപാടുകൾ


 ഒരു എഴുത്തുകാരന്റെ സൃഷ്ടിയിൽ മിക്കവാറും പ്രതിഫലിയ്ക്കുന്നത് അയാൾ ജീവിച്ചിരിയ്ക്കുന്ന കാലഘട്ടത്തിന്റെ മുഖച്ഛായയാണ്. ചരിത്രത്തിൽ ഇന്നുവരെ മനുഷ്യരാശി നേരിട്ടിട്ടുണ്ടോ എന്ന് സംശയിയ്ക്കുന്ന കൊറോണ എന്ന മഹാമാരി ഈ കാലഘട്ടത്തിലെ എഴുത്തുകാരുടെ മനസ്സിനെ  പല വിധത്തിലുള്ള  ചിന്തകളിലേക്ക് നയിക്കുന്നു. ഇന്ന്  മനുഷ്യർ  പരസ്പരം ഒത്തുചേരാൻ  ഭയക്കുന്നു.   അടുത്തുവരുമ്പോൾ പേടിയ്ക്കുന്നു. മുഖത്തോടു മുഖം നോക്കി സംസാരിയ്ക്കാൻ വിസമ്മതിയ്ക്കുന്നു. കണ്ണുകൾ കണ്ണിനോടടുക്കാൻ ഭയക്കുന്നു. മനുഷ്യൻ തന്റെ സഹജീവിയെ ഭയക്കുന്ന ദിനരാത്രങ്ങൾ. ആൾക്കൂട്ടത്തെ, ആഹ്‌ളാദങ്ങളെ ഭയന്നോടാൻ ശ്രമിയ്ക്കുന്ന മനസ്സ്. വീടിനു പുറത്തിറങ്ങാൻ  സംശയാസ്പദമായ ചുവടുകൾ. അദൃശ്യമായ ഏതോ ഒരു ഭീകരനെ  ലോകം മുഴുവൻ ഭയക്കുന്നു.  ഈ ഒരു അവസ്ഥ തികച്ചും സങ്കല്പികമാണോ യാഥാർഥ്യമാണോ അതോ സ്വപ്നമോ ഇതൊരു ബന്ധനമോ അതോ കുടുംബ ബന്ധങ്ങളെ കുറിച്ച് മനുഷ്യന് നൽകുന്ന ബോധവത്കരണമോ? ഇത്തരത്തിൽ പല കലാകാരന്മാരും അവരുടെ ചിന്തകളിലേക്ക് ഈ അവസ്ഥയെ കൊണ്ടുപോകുമ്പോൾ ഈ ലോക് ഡൌൺ  കാലഘട്ടത്തിൽ പുതിയ പല കലസൃഷ്ടികളും ഉടലെടുക്കുന്നു ദൈനംദിന ജീവിതത്തിൽ സ്വന്തവും ബന്ധവും മറന്നു എന്തൊക്കെയോ വെട്ടിപിടിയ്ക്കാൻ ഇന്നലെ വരെ നെട്ടോട്ടം ഓടിയിരുന്ന മനുഷ്യന് ഇന്ന് ധാരാളം സമയം ലഭിയ്ക്കുന്നു. അവനിൽ അന്തർലീനമായ വാസനകൾ രചനകളായും, കാവ്യങ്ങളായും, പാട്ടുകളായും, നേരമ്പോക്കുകളായും, നൃത്തരൂപങ്ങളായും, ചിത്ര രചനകളായും, നാടകങ്ങളായും, ചലച്ചിത്രങ്ങളായും  പല രൂപത്തിൽ പുറത്തുവരുന്നു.
ദുരന്തങ്ങൾ എപ്പോഴും സർഗ്ഗപ്രതിഭാധനർക്ക് പുതിയ കലാസൃഷ്ടികൾ രചിക്കാൻ അവസരം നൽകുന്നു. രൂപപ്പെടുന്ന കലാസൃഷ്ടികളിൽ പലതും   സങ്കല്പികമാണ്.  സാങ്കൽപ്പിക കഥകൾ (Fiction) ഇന്ന് മാത്രമല്ല പണ്ട് കാലങ്ങളിലും രചിയ്ക്കപ്പെടാറുണ്ട്. ഇവയിൽ പലതും വളരെ പ്രശസ്തി നേടിയിട്ടുണ്ട്. ചില സൃഷ്ടികൾ ദൃശ്യ മാധ്യമങ്ങളിലും ഇടം പിടിയ്ക്കുന്നു നിപ വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ മലയാളത്തിൽ ഇറങ്ങിയ  സിനിമയാണ് "ദി വൈറസ്".(2019) അതേപോലെ എയ്ഡ്സ് പടർന്നുപിടിച്ചപ്പോൾ നിർമ്മിച്ച മലയാളം സിനിമയാണ് "കാറ്റ് വന്നു വിളിച്ചപ്പോൾ". മലയാളികളുടെ പ്രിയ താരം രേവതി സംവിധാനം ചെയ്ത ഫിർ മിലെങ്കെ എന്ന ഹിന്ദി സിനിമയുടെ ഇതിവൃത്തം എയ്ഡ്സ് ആയിരുന്നു. പതിനാറു വർഷങ്ങൾക്ക് മുമ്പ് റിലീസ് ചെയ്ത ആ സിനിമ സമൂഹത്തിൽ എയ്ഡ്സ് എന്ന രോഗത്തെക്കുറിച്ച് കാണികളെ ബോധവാന്മാരാക്കി. മറ്റു ഭാഷകളിലും മഹാമാരിക്ക് ശേഷമുള്ള ജീവിതത്തെക്കുറിച്ച് ചലച്ചിത്രങ്ങൾ നിർമ്മിക്കപ്പെട്ടിട്ടുണ്ട്.  ഇവയിലെ ഉള്ളടക്കം യാഥാർഥ്യമാകണമെന്നില്ല. ഒരു എഴുത്തുകാരന്റെ മനസ്സിൽ തോന്നുന്ന സാങ്കൽപ്പിക കഥാപാത്രങ്ങളും സാഹചര്യങ്ങളുമാണ് ഈ കലാസൃഷ്ടിയെ മുന്നോട്ടു നയിക്കുന്നത് .
  
എഴുത്തുകാർ ഭാവനാശക്തികൊണ്ട്   പ്രതിപാദിച്ച സംഭവങ്ങൾ ചിലപ്പോൾ   കാലങ്ങൾക്കുശേഷം നേരിടേണ്ടി വരുന്ന സാഹചര്യങ്ങളുമായി സാമ്യമുള്ളവയായി മാറാറുണ്ട്.   കൊറോണ വൈറസ്സിനെക്കുറിച്ചാണെന്നു വിശ്വസിക്കുന്ന വിവരങ്ങൾ ദീൻ കൂൻഡ്സ് എന്ന എഴുത്തുകാരന്റെ നാൽപതു വർഷങ്ങൾക്ക് മുമ്പ് എഴുതിയ ദി ഐസ് ഓഫ്  ഡാർക്‌നെസ്സ് എന്ന പുസ്തകത്തിൽ പ്രസ്താവിച്ചതായി കാണുന്നു. പ്രവചനശേഷിയുണ്ടെന്നു അവകാശപ്പെട്ടിരുന്ന സിൽവിയ ബ്രൗണിന്റെ എൻഡ് ഓഫ് ഡേയ്സ് എന്ന പുസ്തകത്തിൽ കൊറോണ വൈറസ് എന്ന് സാദൃശ്യം തോന്നുന്ന ഒരു വൈറസ്സിനെക്കുറിച്ച് പരാമര്ശമുണ്ട് എന്ന് പറയപ്പെടുന്നു 
സമൂഹം നേരിട്ട പകർച്ചവ്യാധിയെ കുറിച്ചോ, യുദ്ധത്തെക്കുറിച്ചോ പ്രകൃതി ദുരന്തത്തെകുറിച്ചോ അത് അവസാനിച്ചതിനുശേഷം അതേകുറിച്ച് എഴുത്തുകാർ രചനകളാക്കാറുണ്ട്.  ഇത്തരം രചനകളെ ഒരു ദുരന്തം വിതച്ചതിനുശേഷം  സൃഷ്ടിക്കുന്ന കൽപ്പിത കഥകൾ (Post Apocalyptic fiction)എന്നും പറയാം.  ദുരന്തം സംഭവിച്ചുകൊണ്ടിരിക്കുമ്പോൾ വസ്തുനിഷ്ഠമായ സംഭവക്കുറിപ്പുകളായിരിക്കും ജനങ്ങൾക്ക് ലഭിക്കുക. അതിനുശേഷം  എഴുതപ്പെടുന്നവ ഒരുപക്ഷെ കാല്പനികതയുടെ കഥയോ കവിതയോ നോവലോ ആക്കി മാറ്റുന്നു   രാജ്യത്ത് യുദ്ധം അവസാനിയ്ക്കുമ്പോൾ ആ യുദ്ധം രാജ്യത്തിനു വരുത്തിയ നാശനഷ്ടങ്ങൾ, സ്നേഹിയ്ക്കുന്നവരുടെ വേർപാടുകൾ ശിഥിലമായ കുടുംബ ബന്ധങ്ങൾ യുദ്ധത്തിൽ മരിച്ചറിവരുടെ കുടുംബങ്ങൾ അനുഭവിയ്ക്കുന്ന ദുരിതങ്ങൾ, ഒറ്റപ്പെട്ടുപോയവരുടെ സങ്കടങ്ങൾ രചനകളായി ജനിയ്ക്കാറുണ്ട്. പല എഴുത്തുകാരും  ജീവിതാനുഭവങ്ങളും ധാർമ്മിക രോഷങ്ങളും സ്വന്തം രചനയിൽ പ്രതിഫലിപ്പിയ്ക്കുന്നു. ഇത്തരത്തിലുള്ള പല രചനകളും ചരിത്രത്തിന്റെ താളുകളിൽ സ്ഥാനം പിടിയ്ക്കാറുണ്ട്. ഇവ യുഗങ്ങൾക്കുശേഷം ചില സാഹചര്യങ്ങളെ നേരിടുന്നതിനും അതിജീവിയ്ക്കുന്നതിനും ഉപകരിയ്ക്കുന്ന വിവരങ്ങളായി. ഉപയോഗപ്പെടുത്തുന്നു.
 
ഏതെങ്കിലും ഒരു കാലഘട്ടത്തെ അവലംബിച്ച് എഴുതപ്പെടുന്ന രചനകൾ ഒരുപക്ഷെ ആ കാലഘട്ടത്തിൽ പ്രാധാന്യം ലഭിച്ചില്ല എങ്കിലും വർഷങ്ങൾ പിന്നിടുമ്പോൾ ചരിത്രത്തിലെ അതിപ്രധാനമായ ഒരു അറിവ്‍വായി ഇത് മാറിയേക്കാം. അതുകൊണ്ടു ഒരു കാലഘട്ടത്തെക്കുറിച്ച്, ഒരു ദുരന്തത്തെ കുറിച്ച്, ഒരു സംഭവത്തെകുറിച്ച് എഴുതുന്നവ കാല്പനികത അല്ലാത്തവയാണെങ്കിൽ തീർച്ചയായും അവ വസ്തുനിഷ്ടമായിരിയ്ക്കണം. ഈ വിവരങ്ങൾ പലപ്പോഴും പഠനത്തിനും ഗവേഷണങ്ങൾക്കും സഹായകമായ സൂചനകളായിരിയ്ക്കാം. 
എന്നാൽ ഇന്ന് എന്തെങ്കിലും പ്രകൃതി ക്ഷോഭങ്ങളോ, ദുരന്തങ്ങളോ സംഭവിച്ചു കഴിയുമ്പോൾ ഇന്നത്തെ എഴുത്തുകാർ എന്നുവേണ്ട എല്ലാ സോഷ്യൽ മീഡിയകളും എടുത്ത് കാണിയ്ക്കാൻ ഇഷ്ടപ്പെടുന്നത് അതിന്റെ ഏറ്റവും ശോചനീയമായ, മോശമായ വശങ്ങളാണ്. വായനക്കാരന്റെ, ആസ്വാദകന്റെ മനസ്സിന്റെ ശ്രദ്ധ പിടിച്ച് പറ്റുക, അവരെ ഉദ്ധീപിപ്പിയ്ക്കുക   എന്ന ലക്‌ഷ്യം മാത്രമാണ് ഇതിനുള്ളത്. ഇത്തരം വിവരങ്ങൾ  ജനങ്ങളെ വികാരാധീനരാക്കുന്നു. പക്ഷെ വർഷങ്ങൾ കൊഴിഞ്ഞു വീഴുമ്പോൾ ഇതെല്ലാം വായിക്കുന്ന തലമുറകൾക്ക്   വളരെ ഭയാജനകമായ ഒരു അന്തരീക്ഷത്തിന്റെ ചിത്രം പകർന്നുകൊടുക്കും. 

ചരിത്ര നോവലുകൾ പോലും പൂർണ്ണമായ ഒരു ചിത്രം നൽകുന്നില്ല. എപ്പോഴും എഴുത്തുകാരന്റെ ഭാവന അതിൽ പ്രധാന പങ്കു വഹിക്കുന്നു.  ഭാരതത്തിന്റെ ഇതിഹാസങ്ങളായ കരുതപ്പെടുന്ന രാമായണത്തിലും, മഹാഭാരതത്തിലും സകാരാത്മകമായതും, നിഷേദാത്മകമായതുമായ കഥാപാത്രങ്ങൾ ഉണ്ട്.    അവരെല്ലാം യഥാർത്ഥത്തിൽ ജീവിച്ചിരുന്നുവോ എന്ന് മനസ്സിലാക്കാൻ ഇന്നത്തെ തലമുറ ചരിത്രം ചികഞ്ഞുനോക്കുന്നു. ഓരോ കാലഘട്ടം കഴിയുമ്പോഴും സാങ്കേതിക പുരോഗതി മനുഷ്യരുടെ വിശ്വാസങ്ങളെ ഉലക്കുകയും അവർ സത്യം ഏതെന്നു അന്വേഷിക്കാൻ തല്പരരാകുകയും ചെയ്യുന്നു. കൊറോണ എന്ന മഹാമാരിയെ കുറിച്ചാണെങ്കിലും, ചൈന മനപ്പൂർവ്വം മറ്റു രാഷ്ട്രങ്ങളെ തോല്പിയ്ക്കാനായി പുറത്ത് വിട്ട വൈറസ് ആണെന്ന് പല സ്ഥലങ്ങളിലും വായിയ്ക്കാൻ ഇടയായി. പക്ഷെ ഇത് എത്രമാത്രം വസ്തുനിഷ്ഠമാണെന്നു അറിയാൻ കഴിയില്ല. അതുപോലെ തന്നെ  പല സ്ഥലങ്ങളിലും കൊറോണ മൂലം മരിച്ചവരുടെ ശവശരീരങ്ങൾ ബന്ധുക്കൾക്കുപോലെ കാണാൻ അവസരം നൽകാതെ   ചവറു  കളയുന്നപോലെ എവിടെയോ വലിച്ചെറിയുന്നു അല്ലെങ്കിൽ ശവശരീരങ്ങളെ കൂമ്പാരമായി കുഴിച്ചുമൂടുന്നു തുടങ്ങിയ  വിവരണം സമൂഹത്തിൽ പൂർണ്ണമായും നിരാശ ഉണർത്തുന്നവയാണ്. ഇന്നത്തെ സ്ഥിതിവിശേഷത്തിൽ ഇത്തരം സാഹചര്യങ്ങൾ വളരെ മോശമായി ബാധിച്ച പ്രദേശങ്ങൾ എങ്ങിനെ അഭിമുഖീകരിച്ചു, ജനജീവിതം രക്ഷിയ്ക്കാൻ ഏതെല്ലാം രീതിയിൽ ജനങ്ങളും ഗവണ്മെന്റും പരിശ്രമിച്ചു എന്നതാണ് ഒരു എഴുത്തുകാരൻ തന്റെ രചനയിൽ, അല്ലെങ്കിൽ ഒരു കലാസൃഷ്ടിയിൽ ഉൾപ്പെടുത്തുന്നത് എങ്കിൽ   അത് ഒരുപക്ഷെ എന്നെങ്കിലും വരും തലമുറയ്ക്ക്  ഒരു അറിവായി പല തരത്തിലും ഉപയോഗപ്രദമായേക്കാം. 
ഓരോ കാലഘട്ടത്തിലെയും വസ്തുനിഷ്ഠമായ രചനകൾ പലതും വരും തലമുറയ്ക്ക് ഉപയോഗപ്രദമാകുംവിധം ചരിത്രത്തിന്റെ താളുകളിൽ   നിലകൊണ്ടേയ്ക്കാം

Share :