Archives / july 2021

ഗായത്രി നാഗേന്ദ്രൻ വനിതാ കോളേജ് തിരുവനന്തപുരം
അപരിചിതർ /കവിത

നിന്റെ ഓർമകളിന്നുമെന്നിൽ

ജീവിച്ചിരിക്കുന്നു

പലപ്പോഴും ഞാനവയെ

മണ്ണിട്ടു മൂടിയിരുന്നു.

അപ്രതീക്ഷിതമായ നേരങ്ങളിലവ

പൊട്ടിപ്പടർന്നെന്നെ

ഓർമ്മക്കയങ്ങളിലേക്ക് വലിച്ചിഴച്ചു.

 

നിൻ വിരൽ തുമ്പൊരിക്കലുമെന്നെ

സ്പർശിച്ചിട്ടില്ല.

പക്ഷേ, നിന്നോർമകളുടെ

സ്പർശമിന്നെന്നെ 

പൊള്ളിക്കുന്നു.

 

ഒരിക്കലും നമ്മൾ പരസ്പരം

വിടചൊല്ലിയിരുന്നില്ല.

യാത്രാമൊഴി രേഖപ്പെടുത്തിയിട്ടില്ല

എന്നിട്ടും, വീശിയടിക്കുന്ന കാറ്റിൽ

രണ്ടു ദിശകളിലേക്ക് അടർന്നുമാറിയ

ഇതളുകളെപ്പോലെ നമ്മളുമടർന്നു പോയി.

 

ഒരിക്കൽ , നമ്മളാപാതയിൽ

വേനലിനെയും മറ്റും തകർത്തുടച്ച്

കടന്നുവന്ന വസന്തത്തിൽ,

ഹൃദയം കോർത്ത് നടന്നിരുന്നു.

പലരുമസൂയപ്പെട്ടു.

നിന്റെ മടക്കത്തിനുശേഷമാപാതകൾ

തകർന്നുടഞ്ഞിരിക്കണം

കാരണം, പിന്നീടൊരിക്കലും

നീയുംഞാനുമവിടെ കണ്ടുമുട്ടിയിട്ടില്ല.

 

എന്നാലിന്ന് , പരസ്പരമറിയാെതെ

നീയെവിടെയെന്നോ

ഞാനെവിടെയെന്നോയറിയാതെ

അകലത്ത് നീയും ......

ഓർമകളുടെ ചിതയിൽ

വെന്തുരുകി ഞാനും ....

രണ്ട് അപരിചിതരെ പോലെ !

Share :