Archives / May 2020

ഡോ.നീസാ. കരിക്കോട്
മഴയത്തൊരു കണ്ണിമാങ്ങ 

മുറ്റത്തെ മാവിൻ കൊമ്പത്ത്
തുമ്പത്തായൊരു കണ്ണിമാങ്ങ;
ചാറ്റൽമഴയത്ത് ചാടിയാടി 
വെള്ളത്തുള്ളികളാൽ തിളങ്ങി.

"നോക്കമ്മേ; നമ്മുടെ കണ്ണിമാങ്ങ 
മഴയത്ത് നനയുന്നു, പനിപിടിക്കില്ലേ"
ഇറയത്ത് മഴകാണും കുട്ടി ചിണുങ്ങി
കുടപിടിക്കാനായി ശണ്ഠകൂടി.

മാനത്തു കാറും കോളുമിരുണ്ടു
തുള്ളിക്കൊരുകുടം മഴ പെയ്തു 
ചന്നംപിന്നം മഴയിൽ മാങ്കമ്പുലഞ്ഞു  
കുട്ടിയതുകണ്ട് അലമുറേ അലറി.

മാവിലേകനായി വിലസി കണ്ണിമാങ്ങ 
വിളയുന്നത് കണ്ണും നട്ടവനിരുന്നു.
മാമ്പഴ മധുരം നുണഞ്ഞും കൊണ്ട് 
അരുമയോടെ ദിവാസ്വപ്നത്തിലാണ്ടു.

പ്രകൃതിക്ഷോഭമതി രൂക്ഷമായി 
ചീറി പാഞ്ഞടിച്ച പേമാരിയിൽ 
കണ്ണിമാങ്ങച്ചില്ല നിലംപതിച്ചു.
സുഖസുഷുപ്തിയിൽ പാവമതറിഞ്ഞില്ല.

ആഗ്രഹങ്ങൾ കറങ്ങും പമ്പരം പോൽ
മനസ്സിൽ നട്ടം തിരിയുന്നു എക്കാലവും;
ആശകളും മോഹങ്ങളും വൃഥാവിലായി
എന്നാലും പ്രതീക്ഷകളല്ലയോ ജീവിതം!

Share :