പ്രൊഫ. ദേശമംഗലം രാമകൃഷ്ണന്‍ എഴുതിയ പഠനക്കുറിപ്പ്...
അസീം താന്നിമൂടിന്‍റെ കാവ്യ സമാഹാരം കാണാതായ വാക്കുകള്‍ക്ക്(ഡി സി ബുക്സ്)പ്രൊഫ. ദേശമംഗലം രാമകൃഷ്ണന്‍ എഴുതിയ പഠനക്കുറിപ്പ്...
നിശ്ശബ്ദതയുടെ സ്വരവൈവിധ്യങ്ങള്‍
ഈ വിജനതയില്‍ ഞാനലയുന്നു
ഞാനാരെന്ന് എനിക്കറിയില്ല
ഞാനലയുന്നു മനസ്സിന്‍റെ ഭാരവുമായി.
സത്യത്തിന്‍റെ ആദ്യജാതന്‍
ഈ വഴിയില്‍ വന്നേക്കാം
അവന്‍റെ വാക്കില്‍ നിന്ന്
ഒരു പങ്ക് എനിക്കും കിട്ടിയേക്കാം.
എന്ന് ഋഗ്വേദകാലത്തെ മനുഷ്യനും അസ്വസ്ഥപ്പെട്ടിരുന്നു.വേണ്ടതും വേണ്ടാത്തതുമായ ജ്ഞാനങ്ങളുടേയും കണ്ടു പിടിത്തങ്ങളുടേയും യുദ്ധങ്ങളുടേയും പ്രകൃതിക്കു നേരേയുള്ള അത്യാചാരങ്ങളുടേയും സംത്രാസങ്ങള്‍ നിറഞ്ഞ ഇന്നത്തെ മനുഷ്യന്‍റെ മനസ്സിന് ഭാരം ഏറിയിരിക്കുന്നു.സ്വന്തം ആത്മാവു തേടിയലയാന്‍ വിധിക്കപ്പെട്ടവനാണ് അവന്‍.എന്നാല്‍ ഈ വിധി കവിയെപ്പോലെ മറ്റാരും അനുഷ്ഠിക്കുന്നില്ല;അവനെപ്പോലെ അഭയാര്‍ത്ഥി മറ്റാരുമില്ല.കാരണം,അവന്‍ ആത്മ ജീവിയാണ്;അന്തരാര്‍ത്ഥം അന്വേഷിക്കുവാന്‍ സ്വയം നിയുക്തനാണ്.ശ്രീ അസീം താന്നിമൂടിന്‍റെ കവിതകള്‍ ഉള്‍ക്കൊള്ളുമ്പോള്‍ ഈ പ്രതിഭാസം അനുഭവപ്പെടുന്നുണ്ട്.കവിയിലൂടെ കാലങ്ങള്‍ സഞ്ചരിച്ചുകൊണ്ടിരിക്കുന്നു;കാലങ്ങള്‍ കവിയിലൂടെയും.കവിതയുടേയും ജീവിതത്തിന്‍റേയും തറവാടിത്ത ഘോഷണമല്ല ഇവിടെ കേള്‍ക്കുന്നത്.അതുപോലെ വൃത്തികെട്ട മറ്റൊന്നും ഊഴിയില്‍ ഇല്ലല്ലോ(ഇടശ്ശേരി).ഹൃദയത്തില്‍ ഒരായിരം കലപ്പകളുമായി പര്‍വതത്തിന്‍റെ ഉച്ചിയില്‍ നിന്നും നിമ്നോന്നതങ്ങളിലൂടെ കുതിച്ചു വരുന്ന നദീതടഭൂമികളില്‍ നിക്ഷേപിക്കുന്ന എക്കല്‍ മണ്ണുപോലെയാണ് പാരമ്പര്യവും സംസ്കാരവും എന്നു വിചാരിച്ചാല്‍ ,ആ പശിമ അടിഞ്ഞുകൂടിയിട്ടുള്ള ഒരു മനസ്സാണ് അസീമിനുള്ളതെന്നു ബോധ്യപ്പെടും.പദ-പദാര്‍ത്ഥങ്ങളുടേയും വ്യവഹാരങ്ങളുടേയും അനുഭവ മണ്ഡലങ്ങളുടേയും തടങ്ങളില്‍ ഇതുണ്ട്.അതിനെ ഇന്ധനമാക്കിയാണ് ആത്മാവിന്‍റെ അര്‍ത്ഥാന്തര യാത്ര.തന്നില്‍ ലോകത്തേയും ലോകത്തില്‍ തന്നെയും ആവാഹിച്ചുകൊണ്ടുള്ള ഈ യാത്രയില്‍
ഹൃദയഭാരം തീര്‍ത്തും ഭൂതാത്മകമല്ല;വര്‍ത്തമാന വ്യഥകളുടെ കനംകൊണ്ട് തുലാത്തട്ടുകള്‍ ഉയര്‍ന്നു താഴ്ന്നു നില്‍ക്കുന്നു.
ജീര്‍ണ്ണതയെ വെടിയുന്ന ജീവിതവും ഭാഷയും വേണം,'ഭാഷയും നീയും ഞാനും'-ഇതിലെ 'നീ'ഭൂതകാലമാകാം.പാരമ്പര്യമാകാം.പാരമ്പര്യത്തെ ചൈതന്യവത്താക്കുന്നത് അതുമായുള്ള സംഘര്‍ഷമാണ്;സംഘര്‍ഷമില്ലെങ്കില്‍ അതു പുനഃസൃഷ്ടിക്കപ്പെടുന്നില്ല;ജീര്‍ണ്ണതയുടെ ''പങ്കുകാരനാകേണ്ടി വരും.
വിങ്ങും പുരാതന
മുദ്രയാമക്ഷര
വിത്തുകളോരോന്നെടുത്ത്
ഹൃത്തിന്‍ രഹസ്യ
നിലങ്ങളില്‍ പാകു''ന്നവനും വീണ്ടും നിശ്ശബ്ദനാകുന്നവനും ആയ ഒരു മനുഷ്യനെ കാണുന്നു.`കടല്‍ വീര്‍പ്പിന്‍റെ കുമ്പിളില്‍/നെഞ്ചുവിങ്ങും ശംഖുപോലെ'അവന്‍ ഉഴറുന്നു.`ഒച്ചവയ്ക്കാനൊരു ചുണ്ടു കിട്ടാതെ'സംത്രസ്തനാകുന്നു.ജീവിത പ്രലോഭനങ്ങള്‍ക്കിടയ്ക്ക് ഹൃദയഭാഷ മറന്നു പോകുന്നവന്‍റെ ഗതികേടാണിത്.ഒടുവില്‍ സംഘര്‍ഷ നിശ്ശബ്ദതയില്‍ നിന്ന്`മറ്റൊരു ഭാഷ കുളമ്പടിക്കുന്ന'തു കേള്‍ക്കുന്നു.നിശ്ചലതയില്‍ നിന്ന് ചലനങ്ങള്‍ കുതിപ്പുകളാകുന്നു.സ്വയം പരിണാമത്തിനായുള്ള ദാഹമാണിത്.
അതുകൊണ്ടുതന്നെ സ്വയോത്തേജന സന്ദേശമായി പര്യവസാനിക്കുന്ന കവിതയ്ക്ക്,ഋതു പരിണാമങ്ങളുടെ ഭൂതാവിഷ്ടമായ ചലനരീതികളും ദാഹങ്ങളും ദൃശ്യപ്പച്ചപ്പുകളും ചതുപ്പുകളും ഹരിത ഞരമ്പുകളും കോപക്കയങ്ങളും കൊണ്ടുകൊണ്ടു ചമച്ച വിഭാവീകൃത രൂപങ്ങള്‍ ഒരു സിരാപടലമൊരുക്കുന്നുണ്ട്.മണല്‍ത്തരി പുതച്ചുറങ്ങുന്ന ജഡത്തിന്‍റെ കൊഴുപ്പുകള്‍ കുടിച്ച തെങ്ങില്‍,ആത്മാവ് ലഹരിയായ് നുരയുന്നു.ഒരു കൊച്ചങ്ങയില്‍ ഉടല്‍ ഒളിപ്പിച്ചു നില്‍ക്കുന്നൂ പ്രാണന്‍.തേങ്ങയ്ക്കകത്ത് പ്രാണന്‍ ചുവടുറപ്പിക്കുന്നു.
ഉരുക്കു മൂര്‍ച്ചയി-
ലുടല്‍ പിളര്‍ന്നാത്മാ-
വൊരു ചിരവയില്‍
കയന്നും മിക്സിയില്‍
പൊടിഞ്ഞും എണ്ണയില്‍
മൊരിഞ്ഞും വേവുന്നു.
എരിവുകൂടിയ
കറിയായ് മേശമേല്‍
കുഴഞ്ഞിരിക്കുന്നു(ആത്മാവ്)
ജഡത്തില്‍ നിന്ന് മണ്ണില്‍ ഇഴുകിച്ചേര്‍ന്ന ആത്മാവിന്‍റെ രൂപാന്തരത്തെ ദുരന്തത്തിന്‍റെ ഇരുള്‍ക്കട്ടയിലൊരു ഹാസ്യസ്ഫുലിംഗമായി കവി അനുഭവപ്പെടുത്തുന്നു.മിക്സിയില്‍ പൊടിയുന്ന ആത്മാവ്,മേശയില്‍ കറിയായി നിരക്കുന്ന ആത്മാവ്--എല്ലാം മറുപുറം കാണാനുള്ള കവിയുടെ ഇച്ഛയാണ്.`മറ്റൊരു ഭാഷയുടെ കുളമ്പടി'നാദമാണ് കേള്‍പ്പിക്കുന്നത്.ഒടുവില്‍ ഒന്നുമില്ല എന്ന ആശയം പറയാനല്ല,നിശ്ശൂന്യതയെ അടുത്തറിയാനുള്ള വെമ്പലാണ് എഴുത്ത്(കാണാതായ വാക്കുകള്‍).''ഉറവെടുക്കുന്ന ഓരോ തുള്ളിക്കും/പറയാനുണ്ടാവും ഏറെ...'' എന്നാല്‍ ഊറ്റിന്‍റെ ഗര്‍ഭവേദനയില്‍ നിന്നും/പൊക്കിള്‍ക്കൊടി മുറിഞ്ഞു വന്ന ഒരു തുള്ളി'യാണ് കവി കണ്ടെത്തേണ്ടത്.വാഗനുഭവത്തിന്‍റേയും അനുഭവവാക്കിന്‍റെയും സംലയം സാധിക്കുന്ന വിധത്തിലാകണം വാക്കിന്‍റെ കണ്ടെത്തല്‍(തുള്ളികള്‍).ആ പ്രക്രിയയെ സഫലമാക്കുന്നത് കവിയുടെ നോട്ടങ്ങളാണ്;ദര്‍ശന ചക്രവാളങ്ങളാണ്.മരണവും നിശൂന്യതയും സമരവും പിന്‍വാങ്ങി നിന്നുകൊണ്ടുള്ള നിശ്ശബ്ദതയും കവിയുടെ ചാലക ശക്തികേന്ദ്രങ്ങളാകയാല്‍ ഏറെ നിഴലും കാളിമയും നിറഞ്ഞിട്ടുണ്ട് കവിയുടെ വാക്കുകളില്‍.മറുപുറങ്ങള്‍ കാട്ടിത്തരാനുള്ള വെമ്പലില്‍ നിഷേധോക്തികളും വിരുദ്ധോക്തികളും അവയില്‍ കുടികൊള്ളുന്നുണ്ട്.
ചലനം ക്രിയാസാഹിതമാണ്;നിശ്ചലത ക്രിയാരഹിതവും.മരണത്തിന്‍റെയും നിശ്ശൂന്യതയുടേയും പ്രകടമോ പരോക്ഷമോ ആയ സൂചകങ്ങള്‍ അസീം കവിതകളില്‍ ജീവിതാരോഹണത്തെ വ്യഞ്ജിപ്പിക്കുന്നുണ്ട്.നിശ്ചലമാവുന്ന മനഃശരീരത്തിലെ ഓരോ അംശങ്ങളെയും അതാതു വലിയ സ്ഥാനങ്ങളില്‍ സമര്‍പ്പിക്കുന്നതാണ് `ദാനം'.ഇവിടെ നിശ്ചലതയെ യാതൊരു ക്രിയകളുമില്ലാതെ നിവേദിപ്പിക്കുന്നത് ശ്രദ്ധേയമായ ഒരു കലാതന്ത്രമാണ്.'ദാനം'പോലെ അനുപേക്ഷണീയ സാരമുള്ളതാണ് `പ്ലാസ്റ്റിക്'എന്ന ശീര്‍ഷകവും.നമ്മെ സര്‍വ്വനാശത്തിലേയ്ക്കു നയിക്കുവാന്‍ നമ്മെപ്പോലെ വേറെയൊന്നുമില്ലെന്നും ജീവപ്രകൃതിയുടെ നാശത്തില്‍ നാം വിജയിക്കുകയാണെന്നുമുള്ള ഐറണി തോറ്റിയുണര്‍ത്താന്‍ ആ ശീര്‍ഷക സംജ്ഞയുടെ സൂചനയേയില്ലാത്ത അവതരണത്തിനു സാധിക്കുന്നു.അതേസമയം വാഗര്‍ത്ഥസ്പൃക്തതയും വെളിപ്പെടുത്തുന്നു.`വേരിന്‍റെ/കുരലില്‍ നീ/ഗോയിറ്റര്‍,പച്ചപ്പിന്‍റെ കരളില്‍ ക്യാന്‍സര്‍/പ്രാണ/രക്തത്തില്‍/മഞ്ഞപ്പിത്തം'എന്നിങ്ങനെ മഹാമാരകത്വത്തിന്‍റെ അടയാളങ്ങള്‍ കരിവാളിച്ച യാഥാര്‍ത്ഥ്യത്തെ എടുത്തു കാട്ടുന്നു.മൃതിപ്പുറ്റും സ്മൃതിപ്പുറ്റുംകൊണ്ട് ഒന്നുമാകില്ലെന്ന് കവി അറിയുന്നു.അതിജീവന ത്വരകൊണ്ടുഴലുന്ന കവി ഏതു വാക്കുകൊണ്ടാണ് അസ്തിത്വത്തിന്‍റെ ത്വരകളെ ആരചിക്കേണ്ടതെന്നറിയാതെ ഉഴലുന്നു.തേടുന്ന വഴി കാണാതിരിക്കുകയും ആദിമങ്ങളിലേയ്ക്കു മനസ്സു ചേക്കേറുകയും ചെയ്യുന്ന ചില അപൂര്‍വ നിമിഷങ്ങളിലാണ് കവി ജീവിക്കുന്നത്.എഴുത്തു വിദ്യയുടെ ആദിമ രൂപത്തെപ്പറ്റിയാണ് കവിയുടെ ചിന്ത.`എഴുത്തു മായുകില്ലെന്ന മിഥ്യാബോധോപ ജീവി'(ഇടശ്ശേരി)യാകുവാന്‍ പ്രേരിപ്പിക്കുന്നത്,താന്‍ മണ്ണായിട്ടും പുരാണങ്ങള്‍ പറഞ്ഞുകൊണ്ടിരിക്കുന്ന`പിക്റ്റോഗ്രാഫ്'ആണ്.ഒടുവില്‍ പ്രപഞ്ചമാകെ സ്മൃതിപ്പുറ്റിന്‍റെ പിക്റ്റോഗ്രാഫായി മാറിയേക്കാമെന്നൊരു ദുരന്ത സൂചനയും കവിതരുന്നു:
'ചിതലുകള്‍ കോറും
വരകളില്‍ നിന്നും
പുരാണഭാഷകള്‍
പഠിച്ചും മണ്ണിന്‍റെ മഹാമൗനങ്ങളെ
ലിപികളാക്കിയും പുതിയ പുസ്തകം'(മനസ്സ്)ചമയ്ക്കുക എന്നൊരു ദുര്‍ഘടസന്ധിയിലെത്തി നില്‍ക്കുന്നു കവി.
പാരമ്പര്യം/വര്‍ത്തമാനം,മൃതി/സ്മൃതി എന്നീ ദ്വന്ദ്വങ്ങളുടെ സംഘര്‍ഷണത്തിലൂടെ വ്യക്തിയുടേയും സമൂഹത്തിന്‍റെയും തനതവസ്ഥകള്‍ വെളിപ്പെടുത്തുന്ന ഏകരൂപാത്മക രചനകളാണ്`ചാരുകസേര'യും `ഉറുമ്പുക'ളും.ഒരു കവി എഴുതിയതൊക്കെ അയാളുടെ ജീവിതത്തിന്‍റെ ഏടുകളാണെന്നു പറയാറുണ്ട്.ഇവിടെ ഇരു കവിതകള്‍ക്കും തന്‍റെ ദര്‍ശനത്തെ വെളിപ്പെടുത്താന്‍ പോന്ന ആത്മകഥാംശമുണ്ടെന്നു പറയണം.പഴയൊരു ചാരുകസേരയിലൂടെ ധീരനായൊരു സമരനായകന്‍റെ ജീവിതം സൂചിതമാകുന്നു.`സമരായുധങ്ങളില്‍/ നിന്നും തഴമ്പേറ്റു വാങ്ങാത്ത/എന്‍റെ ശരീരവും വേര്‍പ്പും!അതിനോടു പൊരുത്തപ്പെടില്ലല്ലോ'എന്ന പുതുതലമുറക്കാരന്‍റെ വാക്കുകളിലൂടെ പിരിഞ്ഞുപോയ ഉപ്പാപ്പായുടെ കര്‍മ്മോജ്ജ്വലമായ ജീവിതം മുഴങ്ങുന്നു.('ചാരുകസേര'യോട് ചേര്‍ത്തുവച്ചു വായിക്കേണ്ടതാണ് 'ഉറുമ്പുകള്‍'.നിഷ്ക്രിയമായ ഒരു ജന്മം ദ്രവിച്ച് ഉതിരുന്നതും കാത്തുകാത്തു പരക്കം പായുന്ന ജാഗരൂക കാലത്തിന്‍റെ പ്രതിനിധാനമാണ് ഉറുമ്പുകള്‍ എന്നു നിരീക്ഷിക്കാം.)പൊടിതട്ടി കഴുകിയെടുത്ത ആ ചാരുകസേരയില്‍ ഇരിക്കുന്ന അവന്‍ `ഉലയിലിട്ട കമ്പിത്തുണ്ടുപോലെ ചുവന്നു തുടുക്കുന്നു.'ഉപ്പാപ്പയുടെ തപ്തജീവിതം വമിക്കുന്നതാണ് ആ ചാരുകസേര.`കഥകേട്ടുറങ്ങാന്‍/ ഒരിക്കല്‍ ഞാനോടിക്കേറി/തോളത്തിരിക്കുമ്പോള്‍/അന്നുപ്പാപ്പ കിതച്ചതുപോലെ/ ഈ ചാരുകസേരയും'എന്ന ഉദീരണത്തില്‍ ഒരു കാലത്തിന്‍റെ വൈവശ്യങ്ങള്‍,രണ്ടു തലമുറകളുടെ ദൂര-സാമീപ്യങ്ങള്‍,ക്രിയാനിര്‍ഭരമായ ഒരു കാലഘട്ടത്തിന്‍റെയും അനാഥത്വനിര്‍ഭരമായ പുതുകാലത്തിന്‍റെയും അവസ്ഥകള്‍...എല്ലാം വ്യഞ്ജിക്കുന്നുണ്ട്.
ചാരുകസേര കവിതകള്‍ മലയാളത്തില്‍ ചിലതുണ്ടായിട്ടുണ്ടെങ്കിലും ഇത്രയും മിഴിവുറ്റ സന്ദര്‍ഭങ്ങള്‍ കുറവാണ്.ആശുപത്രിയില്‍ നിന്നും മടക്കിക്കൊണ്ടുവന്ന ഉപ്പാപ്പാനെപ്പോലെ കിതച്ചുകിടക്കുന്ന ആ ചാരുകസേര തന്‍റെ നിഷ്ക്രിയ ജീവിതത്തിനുള്ള താക്കീതാകയാല്‍ അതിജീവനത്വരയ്ക്ക് ആക്കംകൂട്ടുന്ന അതിനെ താലോലിക്കാനാണ് കവി ഇഷ്ടപ്പെടുന്നത്.മഹത്വത്തിന്‍റെയും മാതൃകയുടേയും വര്‍ത്തമാന പുരുഷനായി ആ ചാരുകസേരയ്ക്കു ജീവന്‍ വയ്ക്കുന്നുണ്ട്.ഇവിടെ സ്മൃതിപ്പുറ്റില്‍ നിന്നും ഹരിതസ്മൃതികളിലേയ്ക്കുള്ള പരിണാമത്തിന്‍റെ ഊര്‍ജ്ജമായാണ് അനുകരണീയ പാരമ്പര്യം നിലകൊള്ളുന്നനത്.സംഘര്‍ഷമില്ലെങ്കില്‍ പാരമ്പര്യം ജഡമായി എന്ന് തുടക്കത്തില്‍ പറഞ്ഞുവല്ലോ.ആ സംഘര്‍ഷമാണ് അസീം കവിതയ്ക്ക് ജീവന്‍ നല്‍കുന്നത്.ജീവിച്ചു കൊണ്ടിരിക്കുന്നു, ഞാന്‍ ഇവിടെയുണ്ട് എന്നൊക്കെ തെളിയിക്കേണ്ടതുണ്ട്;ഗണിതീയമോ
ജ്യാമിതീയമോ മറ്റോ ആയ നിര്‍ധാരണമായിട്ടല്ല;അതിനു ചില വെളിപാട് അടയാളങ്ങള്‍ മതി.അത്തരം വിശുദ്ധ ചിഹ്നങ്ങള്‍ സ്വകര്‍മ്മങ്ങളിലൂടെ കണ്ടെത്തി സ്ഥാപിക്കുന്നവനാണ് അവന്‍;സ്വാംശീകരിക്കേണ്ടതിനെ ഉള്‍ക്കൊള്ളാനും അവനു കഴിയും.
ഒരാള്‍ ഒരു മനുഷ്യനായിത്തീരുന്നത് എങ്ങനെയാണ്,അന്യനായോ സാത്മീകൃതനായോ നിഷേധിയായോ സ്വാംശീകൃതനായോ നിലനില്പു കണ്ടെത്തുന്നത് എങ്ങനെയെന്ന് ദാര്‍ശനിക സിദ്ധാന്തപ്പടര്‍പ്പില്ലാതെ തന്നെ കാണിച്ചു തരുന്നുണ്ട് കവി.ഷെഹീദ്(രക്തസാക്ഷി)എന്ന കവിതയിലെ അനാഥനെ തിരിച്ചറിയുന്ന കവി അവന്‍റെ സത്തയേയും തനിമയേയുമാണ് കാട്ടിത്തരുന്നത്.`നാമത്തില്‍ നഞ്ചുള്ളവന്‍' മരിച്ചു.'വേണ്ടപ്പെട്ടൊരാള്‍ കൂടി മരിച്ചു/കൈയും കാലും കിട്ടീന്നോ/തഴമ്പിന്‍റെ പുണ്ണുണ്ടേലവന്‍ തന്നെ!/ആരെന്നോ!/നിങ്ങള്‍ക്കോനെ/യോര്‍ക്കുവാന്‍ കഴിയീല/എപ്പോഴും മസ്തിഷ്കത്തില്‍/ബുദ്ധീടെ വീറുള്ളോണ്ട്'(ഷെഹീദ്)ബുദ്ധിജീവിത വ്യായാമക്കാര്‍ക്ക് അവന്‍റെ രൂപഭാവങ്ങള്‍ തിരിച്ചറിയാനാവില്ല.ഇവനെയോര്‍ക്കാന്‍ കഴിയുന്നത് സ്മൃതിപ്പുറ്റുകള്‍ ചികഞ്ഞു പുറത്തുവരുന്ന കവിക്കുമാത്രമാണ്.
പുതിയ മഴയൊന്നു
കൊള്ളുമ്പോള്‍ കുളിരുള്ള
തുള്ളികള്‍ കരുതിവ-
ച്ചെനിക്കു മുന്നില്‍ ചാറും.
ഒറ്റയ്ക്കാകുമ്പോള്‍ ചുറ്റു-
മഴലു കുമിയുമ്പോള്‍
ചിലതു പെറുക്കിയെന്‍
മനസ്സിലവന്‍ തെറ്റും(ഷെഹീദ്)
കുളിരു കരുതിവച്ച് തനിക്കുമേല്‍ കുടയുന്ന ആ കൗമാരസ്നേഹിക്കു സ്മൃതിയും അവന്‍ ചൊരിയാറുള്ള അഴല്‍ മഴയും കവിക്കു മറക്കാനാവില്ല.ദുര്‍മരണത്തിലൂടെയുള്ള അവന്‍റെ ഛിന്നഭിന്നതകളില്‍ നിന്ന് മറ്റുള്ളവര്‍ക്ക് ഊഹിച്ചെടുക്കാനാവില്ല അവനാരെന്ന്!
'പിന്നെയെങ്ങനെയോര്‍ക്കാ-
തിരിക്കാന്‍?പാദത്തിന്‍റെ
തിണര്‍പ്പു കണ്ടാല്‍പ്പോരു-
മെനിക്കു പലായന-
ത്തേയ്മാനമേതെന്നോരാന്‍.
''റൊട്ടീടേം പുഴുവിയ
ചേലേടേം മണമുണ്ടോ
കൈകളില്‍?എങ്കില്‍ സ്പഷ്ടം
മരിച്ചതവന്‍ തന്നെ!
അന്ധനായിരുന്നവന്‍''
ആ അന്ധന്‍ യാചിക്കാത്ത ഇടങ്ങളില്ല,ചെന്നു ചേരാത്ത ഇടങ്ങളില്ല,നിത്യം പലായനമായിരുന്നു ആ ജീവിതം.പലായനത്തേയ്മാനം തൊട്ടറിയുന്ന,അവന്‍റെ കൈകളെ മണത്തു പരിചയം നോക്കുന്ന കവി മനുഷ്യ സ്നേഹിതനാണെന്നു നടിക്കുകയല്ല.സ്നേഹോദാത്തവും ഭാഷണശൈലീ ബദ്ധതയാല്‍ ഉള്ളടുപ്പിക്കുന്നതുമായ ഒരു നാട്യരഹിത കവിതയാണിത്.
നാട്യങ്ങളെ ഉചിതപദംകൊണ്ടു നേരിടുന്ന കവി മുഖംമൂടിയില്ലാതെ വേദനിക്കുന്നു,ചിരിക്കുന്നു,രാപകലുകളുടെ കയങ്ങളിലൂടെ സഞ്ചരിക്കുന്നു.ശീലിച്ചുപോന്ന ഈണത്തട്ടുകളില്‍ വിഘടനവും വിഭേദനവും വിപുലീകരണവും ഹ്രസീകരണവും സാധിച്ച് സ്വതന്ത്രഗതി പാലിക്കുന്നു.കാല്പനിക വിരുദ്ധഭാവമണ്ഡലങ്ങള്‍ എന്ന് ഒറ്റത്താപ്പിന് പറയാമെങ്കിലും യഥാര്‍ത്ഥവും അയഥാര്‍ത്ഥവും അതിയഥാര്‍ത്ഥവുമായ ഭാവനാനുഭവങ്ങളാണ് അസീം ആവിഷ്കരിക്കുന്നത്.കവിതയുടെ ചിത്രകല പലയിടങ്ങളിലും അനുഭവപ്പെടുന്നു എന്നു പറയട്ടേ.നേരിട്ട് ഭാവകേന്ദ്രത്തിലേയ്ക്കു വരുന്നുണ്ട് മിക്കപ്പോഴും;ചിലപ്പോള്‍ പശ്ചാത്തലത്തില്‍ നിന്ന് പുരഃക്ഷേപിതമാകുന്ന ഭാവമണ്ഡലങ്ങളും അനുഭവപ്പെടുന്നുണ്ട്.
സ്വരവൈവിധ്യം ഈ സമാഹാരത്തിന്‍റെ പ്രത്യേകതയാണ്.ദേശത്തെ എഴുതുന്ന കവിയായി പ്രത്യക്ഷപ്പെടുന്ന രണ്ടു കവിതകള്‍ ഇതിലുണ്ട്;`നെടുമങ്ങാടിന്‍റെ സ്വകാര്യ സര്‍വീസുകള്‍',തിരുവനന്തപുരത്തു നിന്നും പുറപ്പെടുന്ന സൂപ്പര്‍ ഫാസ്റ്റുകള്‍'.സ്വകാര്യതകള്‍ പാര്‍ക്കുചെയ്യുന്ന ഗദ്യസ്ഥലിയും പുതുമുഖങ്ങള്‍ ചിതറുന്ന ഗദ്യനിശാനുഭവവും`രസകരമാകിയ കഥ'യായി വായിക്കാം.ട്രാന്‍സ്പോര്‍ട് ബസ്സുകളും ഗതിവേഗങ്ങളും പലകാലങ്ങളിലൂടെ,ദേശങ്ങളിലൂടെയുള്ള പര്യവേഷണങ്ങളും മറ്റും ഉപരിസന്നിവേശമായി വര്‍ത്തിക്കുന്നു.പലപ്പോഴും അന്യാപദേശത്തിന്‍റെയോ പ്രതിരൂപാത്മകതയുടെയോ ഗണത്തിലാണ് ഈ കാവ്യവാഹനങ്ങള്‍ പെടുക എന്നു തോന്നാം.ഏതായാലും അര്‍ത്ഥത്തില്‍ നിന്നും ഭാവങ്ങളിലേയ്ക്ക്,`തീക്കൊള്ളിയില്‍ നിന്ന് വാസ്തവ നാളങ്ങളിലേയ്ക്ക്'നയിക്കുന്ന ഒരു അന്തസന്നിവേശ പ്രക്രിയ ഈ കവിതകളുടെ ഐറണി കുഴിച്ചെടുക്കാന്‍ ആവശ്യമാണ്.അത് വായനക്കാരന്‍ ആവശ്യാനുസൃതം പ്രകരണാശ്രിതമായി ചെയ്താല്‍ മാത്രമേ ഈ കവിതയുടെ ടോണ്‍-വിപരീതോക്തികള്‍-ബോധ്യപ്പെടൂ.ഒരു ചെറിയ ഇടത്തില്‍ നിന്നു പലേ ഇടങ്ങളിലേയ്ക്കുള്ള വാഹനഗതിയോടൊപ്പം സമൂഹത്തിലെ വിവിധ ഇടങ്ങളിലെ രൂപ-വൈരൂപ്യങ്ങളും ഭാവ-അഭാവങ്ങളും സത്യ-അസത്യങ്ങളും പടങ്ങളും കപടങ്ങളും മറ്റും ചേര്‍ത്തു വായിക്കാന്‍ പോന്ന,ചിരി നിറഞ്ഞ സുമനസ്സുകളുണ്ടാകണം.
ഗൗരവമേറിയ കാര്യങ്ങള്‍ 'കൈകാര്യം'ചെയ്യുമ്പോള്‍പോലും സ്വയമറിയാതെ ഹാസ്യം കടന്നു വരുന്നു എന്നായിട്ടുണ്ട് ഇന്നത്തെ സാഹിത്യത്തിലും ജീവിതത്തിലും.അതൊരു അതിജീവന തന്ത്രമാണ്.ഉക്തിവൈരുദ്ധ്യങ്ങള്‍ സ്വേച്ഛാവൃത്തിയായ പാറ്റേണുകളിലൂടെ അര്‍ത്ഥവത്തായും നാനാര്‍ത്ഥവത്തായും(അനര്‍ത്ഥമായും)വിന്യസിച്ച് ഇതരാര്‍ത്ഥങ്ങളിലേയ്ക്ക്,''കവികള്‍ ഉദ്ദേശിച്ചത്''(വായനക്കാര്‍ ഉദ്ദേശിച്ചതിലേയ്ക്കും കൊണ്ടുചെന്നെത്തിക്കാന്‍ അസീമിനു കഴിയുന്നു.നെടുമങ്ങാടന്‍/തിരുവനന്തപുരം ട്രാന്‍സ്പോര്‍ട്ട് കവിതകള്‍`ക്ലച്ചില്ലാതെ സംസാരിക്കു'ന്ന വണ്ടികളാണ്.വര്‍ഗ്ഗപ്പകയും ജലസ്സിപ്പുകയും തുപ്പുന്ന ഈ വണ്ടികള്‍ക്കെതിരെ ജാഗ്രതപുലര്‍ത്താന്‍ കവി പ്രകരണ വൈരുദ്ധ്യ സംഘര്‍ഷത്തിലൂടെ പ്രേരിപ്പിക്കുന്നു....
``ദീര്‍ഘകാലത്തെ ഉള്‍വലിയലിനുശേഷം ഒരു തിരിഞ്ഞു നോട്ടം.അതിലെ ആന്തലും ആഹ്ലാദവും നോക്കിക്കാണാന്‍ ഒരുമോഹം.അപ്പോള്‍ സാറിനേയും പണിക്കര്‍ സാറിനേയും ഓര്‍ക്കാതെ ആ നോട്ടത്തിന് അര്‍ത്ഥവ്യാപ്തി കിട്ടില്ല''എന്ന് അസീം എനിക്ക് എഴുതിയിരുന്നു.തിരുവനന്തപുരത്ത് ശ്രീ.അയ്യപ്പപ്പണിക്കര്‍ സാറിന്‍റെ ഗുരുത്വാകര്‍ഷണത്തില്‍ ഒരു വ്യാഴവട്ടക്കാലം`സംക്രമണം'നടന്നു.ആ ചര്‍ച്ചാവേദിയിലും`കേരളകവിത'യുടെ പ്രവര്‍ത്തനങ്ങളിലും അസീം തുടര്‍ച്ചയായി പങ്കെടുത്തിരുന്നു.പിന്നെ കുറേക്കാലം അസീം ഉള്ളില്‍ കവിതയുമായി നിശ്ശബ്ദനായി കഴിഞ്ഞുകൂടി.ഇപ്പോള്‍ ഇതാ ഉള്‍വലിവിന്‍റെ കാലം തീര്‍ന്നു.കവി മികവാര്‍ന്നൊരു സമാഹാരവുമായി വന്നിരിക്കുന്നു.