
കവി അൻസാർ വർണ്ണ തന്റെ എഴുത്തിനെക്കുറിച്ചും ജീവിതത്തെക്കുറിച്ചും സംസാരിക്കുന
കവി അൻസാർ വർണ്ണ തന്റെ എഴുത്തിനെക്കുറിച്ചും ജീവിതത്തെക്കുറിച്ചും സംസാരിക്കുന്നു
1 ആദ്യ കവിതാ സമാഹാരമായ തീർത്ഥയാത്രയിൽ നിന്നും രണ്ടാമത്തേതായ സ്വപ്നക്കുഞ്ഞിലെത്താൻ എന്തുകൊണ്ടാണ് 12 വർഷം എടുത്തത് ?
● ആദ്യ കവിതാസമാഹാരം തീർത്ഥയാത്ര ഏതൊരു കവിയെയും പോലെ എനിക്കും ഒരു പുസ്തകമിറങ്ങണമെന്ന വല്ലാത്തൊരു ആഗ്രഹത്തിന്റെ സാഫല്യമായിരുന്നു.ആ കാലത്ത് ഞാനൊരു അരാജക ജീവിയായിരുന്നു എന്നു വേണമെങ്കിൽ പറയാം.ധൈഷണിക ജീവിതവും നിഷേധിത്തരവും താന്തോന്നിത്തരവും വേണ്ടുവോളം ചിന്തയിൽ പുലർത്തിയിരുന്ന കാലം.പോരാഞ്ഞിട്ട് മൂക്കുമുട്ടെ കുടിയും.ആ കാലത്തിന് പക്ഷേ ഒരു സുഖമുണ്ടായിരുന്നു.മുഴുത്ത കള്ളുകുടി ഉണ്ടായിരുന്നെങ്കിലും സാമൂഹ്യ ദ്രോഹിയോ,സാമുഹ്യ വിരുദ്ധനോ ആയിരുന്നില്ല.ആ കള്ളുകുടി ധൈഷണിക ജീവിതത്തിന്റെ ഭാഗമെന്ന പോലയായിരുന്നു.ആ കാലമത്രയും ധാരാളം വായിച്ചു.പക്ഷേ ഒരു വരി പോലും കള്ള് ലഹരിയിൽ എഴുതിയിട്ടില്ല.മാത്രമല്ല കവിത എഴുതാനായി ഞാനിരുന്നിട്ടില്ല.എഴുത്ത് അതൊരു അവശ്യഘട്ടത്തിൽ എഴുതിപ്പോവുക തന്നെയാണ്.പക്ഷേ 12 വർഷം വൈകി എന്നതും സത്യമാണ്.ഈ 12 വർഷത്തിന് ശേഷം കള്ളുകുടി നിർത്തി.പക്ഷേ ജീവിതത്തിൽ പിന്നെയും ദുരന്തം.സ്വപ്നക്കുഞ്ഞ് ന്റെ പിറവി ഒരു ദുരന്തത്തിന്റെ ബാക്കിപത്രമാണ്.
2 ഈ കാലത്തിനിടയിൽ കവിയ്ക്കും കവിതകൾക്കും ഉണ്ടായ മാറ്റം എന്താണ് ?
● നോക്കൂ....പഴയ കാൽപ്പനിക കാലം പോലെയോ,ആധുനികതയുടെയും അത്യന്താധുനികതയുടെയും കാലം പോലെയല്ല ഏറ്റവും പുതിയ സാഹിത്യ കാലവും കാലാവസ്ഥയും.വർത്തമാന കവിത നാൾക്കുനാൾ മാറിക്കൊണ്ടിരിക്കുന്നു.പരുക്കൻ ജീവിത യാഥാർത്ഥ്യങ്ങളെ,അയഞ്ഞ കാലത്തെ-സത്യാനന്തര കാലത്തെ അഭിസംബോധന ചെയ്യേണ്ടത് കവിതയുടെ പാട്ടു വണ്ടിയിലൂടെയല്ല എന്ന തിരിച്ചറിവ് പൊള്ളുന്ന കാലം തന്നെയാണ് എഴുത്തുകാരനെ ബോധ്യപ്പെടുത്തുന്നത്.
നമുക്ക് ചുറ്റിലുമുള്ള കാഴ്ചയുടെ കടച്ചിലുകൾ,ആ കടച്ചിൽപ്പെരുക്കങ്ങൾ തീർക്കുന്ന ആധികൾ ഇവയൊക്കെ പാടിപ്പതിഞ്ഞ വാക്കുകൾ കൊണ്ട് അടയാളപ്പെടുത്താനാവില്ല.ഇന്നത്തെ കവിത പൂക്കൾ കോർത്ത മാലയല്ല.മറിച്ച് മനുഷ്യനെ പൊള്ളിക്കണം.
3 ആദ്യ പുസ്തകത്തിലെ ചില കവിതകളിൽ ഉണ്ടായ കരുതൽ , പ്രത്യേകിച്ച് രാഷ്ട്രീയ കൊലപാതകത്തിന്റെ ഇരകളോട്, സ്വപ്നക്കുത്തിലുമുണ്ട് . ഇതിനെ എങ്ങനെ കാണുന്നു
● രാഷ്ട്രീയ കൊലപാതകമെന്നല്ല എല്ലാ കൊലപാതകങ്ങളും എന്നെ കരയിപ്പിക്കാറുണ്ട്.അതിന്റെ ആഘാതം കാലമേറെക്കഴിഞ്ഞാലും എന്നെ വിട്ടു പോകില്ല.കരച്ചിൽ അത് സുഖം തരുന്ന സംഗതിയല്ല.ആത്യന്തികമായി ഞാനൊരു ആർദ്രഹൃദയനാണ്.ദുർബലനാണ്.കരയുന്നവരെ കണ്ടാൽ ഒപ്പം കരഞ്ഞു പോകുന്നവനാണ്.നോക്കൂ.....അല്പനേരത്തെ രാഷ്ട്രീയ പക എത്ര കുടുംബങ്ങളെയാണ് സ്തംഭിപ്പിക്കുന്നത് തകർത്തു കളയുന്നത്.മറ്റൊന്ന് കൂടിയുണ്ട്...ഓരോ രാഷ്ട്രീയ കൊലപാതകങ്ങളും ക്രൂരതയുടെ അങ്ങേയറ്റവും കടന്ന് പൈശാചികമാവുന്നു.
4 സ്വപ്നക്കുഞ്ഞിന്റെ പിറവിയെക്കുറിച്ച് ഒന്ന് പറയാമോ ?
●സ്വാനുഭവം തന്നെയാണ് സ്വപ്നക്കുഞ്ഞ് ലെ കവിതയും കഥയും.രണ്ടാമത്തെ കുഞ്ഞിനെ പ്രസവിക്കാൻ ഇനി ഏഴു ദിവസങ്ങൾകൂടി മാത്രം.ഞങ്ങളുടെ എട്ടു വർഷത്തെ കാത്തിരിപ്പിന്,സ്വപ്നങ്ങൾക്ക് ഒരാഴ്ചകൂടി കഴിഞ്ഞാൽ വിരാമമാകും.ഞങ്ങളുടെ വീട് പിന്നെയും കുഞ്ഞിക്കരച്ചിലാൽ ഉണരും.അത്തരം പ്രതീക്ഷകൾ,കാത്തിരിപ്പുകൾ,നെയ്തുകൂട്ടിയ സ്വപന്ങ്ങൾ എന്നിവയെല്ലാമാണ് അവസാനവട്ടം യാതൊരു സിഗ്നലുമില്ലാതെ ദൈവം ഉടച്ചെറിഞ്ഞു കളഞ്ഞത്.പ്രസവ മുറിയിലേക്ക് ഒരുപാട് കിനാവുകളുമായാണ് ഭാര്യ കയറിപ്പോയത്.അതിന് തൊട്ട് മുന്നേ മാത്രമാണ് അവളുടെ വയറിലെ കുഞ്ഞ് മരിച്ചു കിടക്കുകയാണെന്ന് ഡോക്ടർ ഭർത്താവിനോട് പറയുന്നത്.നോക്കൂ ജീവിതത്തിൽ ഞാനാദ്യം പകച്ചു പോയത് അന്നാണ്.ഭയന്നു വിറച്ചതും.മരിച്ച കുഞ്ഞിനെ വയർ തുറന്ന പുറത്തെടുക്കുകയായിരുന്നു.ആ കുഞ്ഞിനെ അതിന്റെ അമ്മയെ കാണിച്ച് ദുരന്ത വാർത്ത അറിയിക്കുന്നത് പിന്നെയുമൊരു ദുരന്തത്തെ ക്ഷണിച്ചു വരുത്തലാകുമെന്ന ഉപദേശം അനുസരിക്കാൻ വിധിക്കപ്പെട്ട നിമിഷം. താൻ വയറിൽ ചുമന്ന കുഞ്ഞിനെ നഴ്സുമാർ ഇപ്പോൾ തന്റെ അരികിലെത്തിക്കുമെന്ന് ആശിച്ചാണ് ഭാര്യ അകത്തു കിടക്കുന്നത്.അപ്പോൾ 'ഞാനെൻ മണിക്കുഞ്ഞിന്റെ കുഴിമാടത്തിൽ പിടി മണ്ണിടുകയായിരുന്നു'.പിന്നെ കുറെ ദിവസങ്ങൾ കഴിഞ്ഞാണ് കുഞ്ഞ് മരിച്ചു പോയ വിവരം ഭാര്യയെ അറിയിക്കുന്നത്.അപ്പോഴുമിപ്പോഴും എന്നെ ഉമിത്തീ പോലെ ദഹിപ്പിച്ചത് ഞാനവളോട് ചെയ്ത കടുത്ത വിശ്വാസ വഞ്ചനയാണ്.37 ആഴചയോളം വയറ്റിൽ ചുമന്ന കുഞ്ഞിനെ ഒരു നോക്ക് പോലും അവളെ കാണിക്കാതെ മറവ് ചെയ്തത്.എന്നെ നീറ്റിക്കൊണ്ടേയിരുന്നു.കുറേ നാളുകൾക്ക് ശേഷം അത്രയും നാൾ അവളടക്കിപ്പിടിച്ചു വച്ചിരുന്ന ദേഷ്യവും നിരാശയും ഒരാൾക്കൂട്ടത്തിലാണ് അവൾ കുത്തിപ്പൊട്ടിച്ചത്.അവൾ പറഞ്ഞു...കവിയെന്നാണ് പറയുന്നത്.ചതിയനാണ്.വഞ്ചകൻ.ഇതെന്നെ ഉലച്ചു കളഞ്ഞില്ല.എന്റെ നെഞ്ചിലെ നിരാശതയെ,വേവലാതിയെ,കുറ്റബോധത്തെ സാധൂകരിക്കുകയായിരുന്നു.അത്ര ക്രൂരമായി അവളെന്ന് ആക്ഷേപിച്ചതിൽ സത്യത്തിൽ ഞാൻ സന്തോഷിക്കുകയായിയുന്നു.കാരണം അത്രയും പിടച്ചിലാണ് ഞാനനുഭവിച്ചത്.ആ കുഞ്ഞിനെ ഇനിയെങ്ങനെയാണ്,എന്നാണ് ഞാനിവൾക്ക് കാണിച്ചു കൊടുക്കുക.അതെന്നെങ്കിലും സാധിക്കുമോ?
ഈ പശ്ചാത്തലമാണ് സ്വപ്നക്കുഞ്ഞ് കവിത പിറവി കൊള്ളുന്നത്.
5 ഇന്നത്തെ കവിതകൾ സമൂഹത്തെ പരിഹസിക്കുന്ന ട്രോളുകളായി ചുരുങ്ങുന്നുണ്ടോ ?
● പുതിയ സമൂഹത്തെ അതേ കാലത്ത് അതിന്റെ ചൂട് കെട്ടു പോകാതെ അടയാളപ്പെടുത്തുകയാണ് പുതിയ കവിത ചെയ്യുന്നത്.കാലം അത്രമേൽ മാറി.ബൃഹദാഘ്യാനങ്ങൾക്ക് ആരും ചെവി കൊടുക്കുന്നില്ലല്ലോ.അപ്പോൾ ഹൈക്കുവും പിന്നിട്ട് മൈക്രോ രചനയിലേക്ക് കവിയുടെ കാലാവസ്ഥയും ഘടനയും മാറി.
6 കവിതയുടെ ഭാവി എന്താണ് ?
●കവിതയിലെ മാറ്റങ്ങൾ ഇനിയും തുടർന്നു കൊണ്ടേയിരിക്കും.കവിത മാത്രമല്ല,ഏത് മേഖലയാണ് മാറ്റങ്ങൾക്ക് വഴങ്ങാത്തത്.ഭാവി പ്രവചിക്കാൻ ഞാനാളല്ല.അത്രയും ഞാൻ വളർന്നിട്ടില്ലെന്നു തന്നെ കരുതുന്നു.പക്ഷേ ഒന്നു പറയാം.....ഇന്ന വഴി മാത്രമാണ് ശരി എന്ന് ശഠിക്കുന്നതിനെ ഞാനെതിർക്കും.
7 താങ്കളുടെ വായനയെക്കുറിച്ച് പറയാമോ ?
●പണ്ടുമിന്നും കൈയിൽ കിട്ടുന്നതെന്തും വായിക്കാൻ യാതൊരു മടിയുമില്ല.ഇഷ്ടവായന ഇപ്പോഴും ബഷീർ തന്നെ.ആശാനാണ് കവിതയിലെ ആവേശം.ജിയും വൈലോപ്പിള്ളിയും മാധവിക്കുട്ടിയും കാവ്യ വസന്തം വിരിയിച്ചവർ തന്നെ.ബാലചന്ദ്രൻ ചുള്ളിക്കാടും അയ്യപ്പനും എന്നെയിന്നും വിസ്മയിപ്പിക്കുന്നു.
8 ആദ്യം എഴുതിയ കവിത ഓർക്കുന്നുണ്ടോ ?
●ആദ്യം എഴുതിയ കവിത വിശപ്പിനേക്കുറിച്ചു തന്നെയാണ്.കാരണം ദാരിദ്ര്യത്തിന്റെയും പട്ടിണിയുടെ കൊടുമുടി കയറിയതായിരുന്നു എന്റെ ബാല്യം.അമ്മുമ്മയായിരുന്നു എന്റെ പാഠപുസ്തകം
9 പുതിയ രണ്ട് പുസ്തകങ്ങൾ വരികയാണല്ലോ . എന്താണ് പ്രതീക്ഷ ?
.●എല്ലാ എഴുത്തുകാരനും പുതിയ പുസ്തകങ്ങൾ പ്രതീക്ഷയാണ്.ആസ്വാദകനെ തൃപ്തിയാണ് എന്റെ പ്രതീക്ഷ.ഞാൻ എഴുത്തിനെ സത്യസന്ധമായാണ് അഭിമുഖീകരിക്കുന്നത്.അത് വായനക്കാനുമായി സംവദിക്കണമെന്ന് എനിക്ക് നിർബന്ധമുണ്ട്.അതിനാലാണ് ഞാൻ ലളിതമായും ൠജുവായും കവിത പറയാൻ ശ്രമിക്കുന്നത്.പുതിയ പുസ്തകങ്ങൾക്കും വായനക്കാരുടെ മുൻവിധികളില്ലാത്ത സമീപനം ഞാൻ ആശിക്കുന്നു.അതുണ്ടാകുമെന്ന് പ്രതീക്ഷ എനിക്കുണ്ട്.കാരണം എന്റെ കവിത കാഴ്ചയുടേ അശാന്തിയും അശാന്തിയുടെ കടച്ചിലുമാണ്.ഞാനൊരു സ്വപ്ന സഞ്ചാരിയല്ല.എനിക്ക് ചുറ്റിലും ഉയരുന്ന പെരുംമൂച്ചുകൾ എന്നെ അസ്വസ്ഥപ്പെടുത്തുമ്പോൾ ഞാനെങ്ങനെ സ്വപ്ന സഞ്ചാരിയാകും.
10 കവിത/ മാധ്യമ പ്രവർത്തനം . ഇതിലേതാണ് കൂടുതൽ സംതൃപ്തി നൽകുന്നത് ?
●സംശയമെന്ത് കവിത തരുന്ന സംതൃപ്തി വാക്കുകൾക്കതീതമാണ്.മാധ്യമ പ്രവർത്തനം സംതൃപ്തി നൽകിയിരുന്ന ഒരു കൃലമുണ്ടായിരുന്നു.അത് എന്നെപ്പോലുള്ളവരെ മോഹിപ്പിക്കുകയും ഭ്രമിപ്പിക്കുകയും ചെയ്തിട്ടുണ്ട് എന്നതും സത്യമാണ്.പക്ഷേ ഇന്ന് മാധ്യമ പ്രവർത്തനമില്ല.പകരം കേട്ടെഴുത്തും കണ്ടെഴുത്തുമാണ്.അന്വേഷണാത്മക പത്രപ്രവർത്തനം പോലും 'ബാലൻസ്ഡ്'ആകണമെന്നായിരിക്കുന്നു.ഇത് തീർത്തും നിരാശാജനകമാണ്.പച്ചക്ക് പറഞ്ഞാൽ മാധ്യമ പ്രവർത്തനത്തിലെ ഈ 'ബാലൻസ്ഡ് തത്വം' ആ മഹത്തായ മേഖലയുടെ എല്ലാ അന്തസ്സും കളഞ്ഞു കുളിക്കാനേ ഉപകരിക്കുന്നുള്ളു.പണ്ടത്തെ മുത്തശ്ശിമാർ പറയുന്നത് കേട്ടിട്ടുണ്ട് 'ആർക്കും ഒരു കൂസലുമില്ല'എന്ന്.
11 കവികൾ പൊതുവേ അന്തർമുഖരാണെന്നാണ് കേട്ടിട്ടുള്ളത് . പക്ഷേ താങ്കൾ മികച്ച ഒരു സംഘാടകൻ കൂടിയാണ് . ഇതെങ്ങനെ സാധിക്കുന്നു
●ഞാനൊരു ആർദ്രഹൃദയനാണ്.നാലാംകിട സിനിമ കണ്ടു പോലും കരയാറുണ്ട്.പക്ഷേ ഞാനൊരു അന്തർമുഖനല്ല.എന്നാൽ എവിടെയും ഇടിച്ചു കയറി മേനി നടിക്കാനുമറിയില്ല.സഹിക്കിനും ക്ഷമിക്കാനുമാണ് എന്റെ മുത്തശ്ശിയെന്ന പാഠപുസ്തകം എന്നെ പഠിപ്പിച്ചത്.സംഘാടകനെന്ന നിലയിൽ എന്നെ വളർത്തിയത് ഓരോ കാര്യങ്ങളിലും ഞാനെടുക്കുന്ന കരുതലും ആലോചനയും ഹോംവർക്കുമാണ്.ഈ ശീലം എന്നെ നിരാശനാക്കുന്നില്ല.
12 കവിതകളെ ജനകീയമാക്കാൻ നമുക്ക് എന്തെങ്കിലും ചെയ്യുവാൻ സാധിക്കുമോ ?
●കവിത ആസ്വാദകനുമായി സംവദിക്കുമെങ്കിൽ അത് ഏതു സ്വഭാവത്തിലുള്ളതായാലും ജനകീയമാകും. കലയും സാഹിത്യവും ഒരു ബൗദ്ധിക വ്യാപാരമല്ല.മറിച്ച് അത് ജീവിതത്തെ തൊടണം.അത്തരം സൃഷ്ടികൾ മനസ്സിനെ സ്പർശിക്കും.അപ്പോഴത് ജനകീയമാകും.
13 കോവിഡും അതിനെ തുടർന്നുണ്ടായ ലോക്ഡൗണും ഒരു കവി എന്ന നിലയിലും മനുഷ്യനെന്ന നിലയിലും താങ്കളെ എങ്ങനെ സ്വാധീനിച്ചു .
> ലോക്ഡൗൺ അനുഭവം ഇതാദ്യമാണ്.കൊവിഡ് മഹാമാരിയായി പടരുകയാണ്.മരണസംഖ്യ മൂന്ന് ലക്ഷത്തോളമെന്നത് അത്യന്തം പേടിപ്പിക്കുന്നതാണ്.ആശങ്കപ്പെടുത്തുന്നത് മൂന്ന് മാസമാകുമ്പോഴും മരുന്ന് കണ്ടെത്താനാവുന്നില്ല എന്നതാണ്.ശാസ്ത്രം ഇത്രമേൽ പുരോഗമിച്ചിട്ടും കൊറോണ വൈറസിനെ പിടിച്ചു കെട്ടാനോ അതിൽ നിന്നും മാനവരാശിക്ക് രക്ഷനേടാനോ ആകുന്നില്ല എന്നത് നമ്മെ ആഴത്തിൽ ചിന്തിപ്പിക്കേണ്ടതുണ്ട്.മനുഷ്യൻ കൂട്ടത്തോടെ മരിച്ചു വീഴുന്നത് സങ്കടകരം തന്നെയാണ്.ഇത് കവിയെന്ന നിലയിൽ മാത്രമല്ല മനുഷ്യനെന്ന നിലയിൽ എന്നെ അത്യധികം സങ്കടപ്പെടുത്തുന്നുണ്ട്.പക്ഷേ,ഞാനൊരു നിസ്സാരനാണ്.സ്വരക്ഷക്കും സമൂഹ രക്ഷക്കുമായി കരുതലെടുക്കാമെന്നല്ലാതെ അക്ഷരാർത്ഥത്തിൽ പകച്ചു നിൽക്കുകയാണ്.
ഈ മഹാമാരി മനുഷ്യൻ പ്രകൃതിയിൽ നിന്നും അകന്നു പോയതിന്റെ ദുരന്തമാണോ?മാനവികതയെ പരിഗണിക്കാതെ പണാർത്തിക്ക് പുറകേ പഞ്ഞതിന്റെ അനന്തര ഫലമാണോ?സഹജീവിയോട് കരുണ കാണിക്കാതെ,മനുഷ്യന്റെ ഏറ്റവും വലിയ നന്മയായും മൂല്യവും അനുഗ്രഹവുമായ ആർദ്രതയെ കൊന്നുകളഞ്ഞതിന്റെ ദൈവീക പ്രതികാരമാണോ?ഇത്തരം ചോദ്യങ്ങൾ എന്റെ മനസിനെ പിന്തുടരുന്നുണ്ട്.
അപ്പൊൾ ഞാനെന്ന ഭാവവും അഹങ്കാരവും വെടിഞ്ഞ് നമുക്ക് ആർദ്രതയും വിവേകവുമുള്ള മനുഷ്യരാകാനുള്ള അവസാനത്തെ പരീക്ഷയാണിതെന്നും ഞാൻ കരുതുന്നു.ആരെല്ലാം എന്തെല്ലാം പറഞ്ഞാലും ൠഷിമാർ കാണിച്ച പാത നമുക്ക് പാഠങ്ങളല്ലേ?ബുദ്ധന്റെ ജീവിതം നമുക്ക് ധൈര്യമാകണ്ടേ?ശ്രീരാമന്റെ സ്നേഹ ദർശനം നമ്മൾ പകർത്തേണ്ടതതല്ലേ?
യേശുവിന്റെ കാരുണ്യം നമ്മെ പ്രചോദിപ്പിക്കണ്ടേ?മുഹമ്മദിന്റെ മാനവികത നമ്മെ നയിക്കണ്ടേ?
സർവോപരി ദൈവ വിചാരം നഷ്ടപ്പെടുത്താമോ?
ഇത്തരം വിചാരങ്ങളും എന്നിൽ അലയടിക്കുന്നുണ്ട്.
ചരിത്രത്തിൽ നിന്നും പാഠം പഠിക്കാത്ത സമൂഹത്തിന് എന്ത് പുരോഗതിയാണ് അവകാശപ്പെടാനാവുന്നത്.ചവുട്ടി നിൽക്കുന്ന ഭൂമിയെ,ശ്വാസം തരുന്ന പച്ചപ്പിനെ,നമുക്ക് കവചമാകുന്ന ആകാശത്തെയും എങ്ങനെയെല്ലാം ധന സമ്പാദനത്തിനായി ഉപയോഗിക്കാമെന്നാകുന്നു ആധുനിക മനുഷ്യന്റെ ചിന്ത.
പക്ഷേ, കവിയെന്ന നിലയിൽ പച്ചപ്പും അഭയമാകുന്ന ഭൂമിയും അതിലെ ചരാചരങ്ങളും എന്റെ പ്രിയമാകുന്നു.ആകാശം എന്നെ നാൾക്കുനാൾ ചിന്തിപ്പിക്കയും കരയിപ്പിക്കയും ചെയ്യുന്നു.ആ കരച്ചിലുകൾ എന്നെ പിന്നെയും പിന്നെയും കഴുകിയെടുക്കുന്നു.
ഇന്ന് കരയാൻ മറന്നുപോയ ആധുനിക മനുഷ്യന്റെ കൂട്ടക്കരച്ചിലാണ് ലോകം മുഴുവനും അലയടിക്കുന്നത്.ഈ കാലവും നമ്മൾ കടന്നു പോകും.ശരി തന്നെ.പക്ഷേ,ഇനിയും മഹാമാരികൾ ശരികയില്ലന്ന് ആർക്കും ഒരുറപ്പുമില്ല.അതാണ് കോവിഡ് കാലം നമ്മെ പകൽ പോലെ,പച്ചവെള്ളം പോലെ വെളിപ്പെടുത്തുന്നത്.
14 മനുഷ്യന് അടിസ്ഥാനപരമായ എന്തെങ്കിലും പരിവർത്തനം ഉണ്ടായതായി കരുതുന്നുണ്ടോ
>.ഇതൊരു വലിയ ചോദ്യമാണ്.പരിവർത്തനങ്ങൾക്ക് വിധേയമാകാത്ത മനുഷ്യരുണ്ടോ?യഥാർത്ഥത്തിൽ പരിവർത്തനം മനുഷ്യന് എവിടുന്നാണ് ലഭിക്കുന്നത്?
അത് അവനവന്റെ അനുഭവങ്ങളിൽ നിന്നോ,കാഴ്ചയിൽ നിന്നോ,സാമൂഹ്യ ജീവിയെന്ന നിലയിലെ സമ്പർക്കങ്ങളിൽ നിന്നോ ഒക്കെയാണെന്ന് സാധാരണ യുക്തി വച്ച് പറയാം.
എന്നാൽ ഇത്തരം അനുഭൂതികളെല്ലാം ആസ്വദിച്ച് അവിടവിടെ കളയുന്നതിന് പകരം അവനവനിൽ കടച്ചിലുകളാകണം.അപ്പോൾ പുതിയ വിചാരങ്ങൾ ഉണ്ടാകും.വിവേകത്തിന്റെ പുതിയ പാഠങ്ങൾ നുകരാം.അപ്പോൾ പരിവർത്തന വഴികളിലേക്ക് അവൻ സ്വയം നയിക്കപ്പെടും.നിർഭാഗ്യവശാൽ പരിവർത്തനത്തിന് വിധേയപ്പെടാത്ത വിധം നമ്മൾ കെട്ടു പോയിരിക്കുന്നു.നമ്മുടെ മസ്തിഷ്കം വെറുമൊരു വസ്തുവായി ചുരുങ്ങുന്നു.
അടിസ്ഥാനപരമായി മനുഷ്യൻ സർവ ഐശ്വര്യങ്ങളും സിദ്ധിച്ച ജീവിയാണ്.പക്ഷേ,ഇത് മനുഷ്യന് തിരിച്ചറിയാനാവുന്നില്ല.ഇന്ന് പരിവർത്തനവും പുരോഗതിയും എങ്ങനെയാണ് വിശകലനം ചെയ്യേണ്ടത്.മനുഷ്യന്റെ സാമ്പത്തികമായ വലുപ്പമാകുന്നു പലരും ഏകകമായി കരുതുന്നത്.സാമൂഹ്യമായ പദവികളാണ് മറ്റൊരു ഉപാധി.സത്യത്തിൽ പരിവർത്തനമെന്നത് ഇതാണോ?മനുഷ്യൻ അവന്റെ ആർദ്രതയെ,ചിന്തയെ,വിവേകത്തെ,ശുചിത്വത്തെ,തിരിച്ചു പിടിക്കുമ്പോഴല്ലെ അവർ നല്ല മനുഷ്യനാകുന്നത്.
പരിവർത്തനത്തിന നമുക്ക് ചുറ്റും ഒരുപാട് അടയാളങ്ങൾ കാണാം.അതിൽ ഏറിയ പങ്കും ജാഡയുടെയും പൊങ്ങച്ചത്തിന്റെയും മേക്കപ്പാണ്.ഒരുതരം മുഖംമൂടികൾ.മനുഷ്യന്റെ നിർമലമായ തനത് സ്വത്വത്തെ തിരിച്ചു പിടിക്കുമ്പോഴേ അവൻ പരിവർത്തനപ്പെട്ടു എന്ന് കരുതാനവുകയുള്ളു.
പക്ഷേ,പണത്താൽ അടയാളപ്പെടുത്തുന്ന ലോക ക്രമത്തിൽ മനുഷ്യനാവുക എന്നത് ഏറെ ക്ലേശകരമാണ്
15 പ്രസാധന രംഗത്തേയ്ക്ക് കടക്കുകയാണ് താങ്കൾ . എന്തൊക്കെയാണ് പ്രതീക്ഷകൾ ..
>.രണ്ട് വർഷത്തെ അന്വേഷണങ്ങൾക്കും നിരീക്ഷണങ്ങൾക്കും ഹോംവർക്കിനും ശേഷമാണ് 'പേപ്പർ പബ്ലിക്ക'എന്ന പുസ്തക പ്രസാധന രംഖത്തേക്ക് കാലെടുത്തു വെക്കുന്നത്.ഈ മേഖലയും പ്രതിസന്ധികളിലാണ് എന്നറിയാം.പക്ഷേ,ഞാൻ നല്ല പ്രതീക്ഷയിലാണ്.
ഇതിനകം നിരവധി എഴുത്തുകാർ എനിക്ക് പുസ്തകം തരാൻ തയ്യാറായിട്ടുണ്ട്.
പുതിയ സംരംഭത്തിന്റെ സവിശേഷ അവിടെയും എന്റെ മനസാക്ഷിയാണ് പ്രവർത്തിക്കുന്നത് എന്നതാണ്.അതായത് പുസ്തകങ്ങൾ നല്ല ക്വാളിറ്റിയോടെ പുറത്തിറക്കുക.മറ്റൊന്ന് ബസിനസ് എന്നതിൽ കവിഞ്ഞ് പുസ്തക പ്രസാധനത്തെ ഒരു സൗന്ദര്യാത്മമായ കലായാണെന്ന് ഞാൻ ഉറപ്പിക്കുന്നു.ഇനിയുമൊന്നുള്ളത് എഴുത്തുകാരനും പബ്ലിഷറും ചേർന്നുള്ള പുസ്തക വിൽപ്പനയും എഴുത്തുകാരന് റോയൽറ്റി കൊടുക്കണമെന്നതുമാണ്.
അപ്പോൾ പുസ്തക പ്രസാധനത്തെ ബിസിനസിന്റെ ചട്ടക്കൂട്ടിൽ നിന്നും മാറ്റിക്കെട്ടുകയാണോ എന്ന ചോദ്യം നിങ്ങൾക്കുണ്ടാകാം.പുസ്തകം പബ്ലിഷിങും വിതരണവും തീർച്ചയായും ഒരു ബിസിനസ് കൂടിയാണ് തന്നെ.പക്ഷേ,സത്യമായും അവിടെയും നേര് പുലരണമെന്നും എനിക്ക് നിർബന്ധമുണ്ട്.എന്റെ മനസും ഹൃദയവും ഏത് കാലത്തും ആർദ്രമാണ്.അപ്പോൾ എനിക്ക് വിജയിക്കാനാവുമോ എന്ന ചോദ്യം ഇപ്പോൾത്തന്നെ പലരും ചോദിക്കുന്നുണ്ട്.അവരോടെല്ലാം ഒന്നേ തിരിച്ചു ചോദിക്കാനുള്ളു...മനസാക്ഷിയും ആർദ്രതയും മോശപ്പെട്ട സംഗതിയാണെന്ന് നിങ്ങളോട് ആരാണ് പറഞ്ഞു തന്നത്.
എനിക്കുറപ്പുണ്ട്,ഇവിടെ വായന മരിക്കുന്നില്ല.ഇ വായനയിലേക്കാണ് പുതിയ കാലത്തിന്റെ ചേക്കേറൽ എന്നതു പൂർണ്ണമായും ഞാൻ അംഗീകരിച്ചു തരികയുമില്ല.നമുക്ക് ചുറ്റും ധാരാളം വായനക്കാരുണ്ട്.അവരെ കാണണമെന്നതും വർത്തമാനം പറയണമെന്നതുമാണ് പ്രധാനം.ചുരുക്കത്തിൽ പുസ്തകം അച്ചടിച്ച് ഷോപ്പിലെ കണ്ണാടിക്കൂട്ടിൽ വച്ചാൽ മാത്രം വായിക്കപ്പെടില്ല.വിൽക്കപ്പെടുകയുമില്ല.
മനുഷ്യന്റെ മാറുന്ന ശീലങ്ങളും അഭിരുചികളും നമുക്ക് പലതും പറഞ്ഞു തരുന്നുണ്ട്.അതിലൂടെയാണ് എന്റെ പുതിയ യാത്ര.ഒപ്പം ഇങ്ക് ഡ്രോപ് എന്ന പേരിൽ നലാലൊരു ബുക് ക്ലബ്ബുമുണ്ട്.അതിലേക്ക് കൂടുതൽ വായനക്കാരേ ചേർക്കണം.അതിപ്പോഴും ചേർക്കുന്നുമുണ്ട്.
എന്റെ സൗഹൃദങ്ങളും വായനക്കാരുമാണ് എന്റെ മൂലധനം.എന്റെ യാത്രയിലെ ചെക്ക്ബുക്ക് സത്യവും സ്നേഹവുമാണ്.അതെന്നെ ഒരിക്കലും കൈവിട്ടിട്ടില്ല