Archives / May 2020

ചന്ദ്രസേനൻ മിതൃമ്മല
അന്ധവിശ്വാസത്തിന്റെ 'ഭിന്ന'ഭാവങ്ങള്‍

ഫെസിലിറ്റേറ്റഡ് കമ്മ്യൂണിക്കേഷന്‍ അഥവാ സുസാധ്യ ആശയ വിനിമയം എന്ന കപട ശാസ്ത്ര സങ്കേതം എഴുപതുകളോടെ തുടക്കമിട്ടുവെങ്കിലും എണ്‍പതുകളോടെയാണ് വേരോടുവാന്‍ തുടങ്ങിയത്.  നൂതനമായ ഒരു വിദ്യാഭ്യാസ പ്രവര്‍ത്തനമെന്ന മുഖംമൂടിയിട്ടുകൊണ്ടാണ് ഈ പ്രക്രിയ തുടക്കത്തില്‍ രംഗപ്രവേശം ചെയ്തത്.  അതുകൊണ്ടു തന്നെ പ്രാരംഭഘട്ടത്തില്‍ എതിര്‍പ്പുകള്‍ തുലോം വിരളമായിരുന്നു.  മിഡ്‌ബ്രെയിന്‍ ആക്ടിവേഷന്‍ എന്ന തട്ടിപ്പ് കടന്നുവന്നതും വിദ്യാഭ്യാസ പ്രക്രിയയുടെ പേരിലായിരുന്നു.  കോടിക്കണക്കിന് രൂപയുടെ തട്ടിപ്പാണ് മിഡ്ബ്രയിന്‍ ആക്ടിവേഷനിലൂടെ നടന്നത്.  ശക്തമായ ഇടപെടലുകളിലൂടെ ഒരു പരിധിവരെ ഇതിനു തടയിടുവാനായെങ്കിലും മറ്റു പലരൂപത്തിലും ഇത് പലസ്ഥലത്തും ഇന്നും നിലവിലുണ്ട്.  മിഡ്ബ്രയിന്‍ ആക്ടിവേഷന്‍ എല്ലാ കുട്ടികള്‍ക്കും വേണ്ടി ചിട്ടപ്പെടുത്തിയതാണെങ്കില്‍ ഫെസിലിറ്റേറ്റഡ് കമ്മ്യൂണിക്കേഷന്‍ എന്നത് പ്രധാനമായും ഭിന്നശേഷിക്കാരെ ലക്ഷ്യമിട്ടാണ് കടന്നുവന്നത്. ആശയവിനിമയത്തിന് സംസാരഭാഷയും ശരീരഭാഷയും ശബ്ദക്രമീകരണവുമാണ് പ്രധാനമായും ഉപയോഗിച്ചുവരുന്നത്.  ഓട്ടിസം, സെറിബ്രല്‍ പാഴ്‌സി കുട്ടികള്‍ക്ക് ഇതത്ര എളുപ്പമല്ലാത്തതിനാല്‍ ഒരാള്‍ ഫെസിലിറ്റേറ്ററായി കടന്നുവരുന്നു.  അയാളുടെ സഹായത്തോടെ മറ്റൊരാളിന് ആശയവിനിമയം നടത്തുവാന്‍ കഴിയുന്ന അവസ്ഥയാണ് ഫെസിലിറ്റേറ്റഡ് കമ്മ്യൂണിക്കേഷന്‍ അഥവാ സുസാധ്യ ആശയ വിനിമയം.  ഏഷ്യന്‍ രാജ്യങ്ങളില്‍ പലപ്പോഴും രക്ഷിതാക്കള്‍ തന്നെ ഫെസിലിറ്റേറ്റര്‍മാരായി മാറുകയും തങ്ങളുടെ കുട്ടികളില്‍ അത്ഭുത സാന്നിദ്ധ്യമുണ്ടെന്ന് അവകാശപ്പെടുകയും ചെയ്യുന്നു.  യഥാര്‍ത്ഥത്തില്‍ അവര്‍ അറിയുന്ന കാര്യങ്ങള്‍ രഹസ്യ സന്ദേശങ്ങളിലൂടെ പാര്‍ട്ണര്‍ക്ക് നല്‍കുകയാണ് ചെയ്യുന്നത്.  ഓട്ടിസം അല്ലെങ്കില്‍ സെറിബ്രല്‍പാഴ്‌സിയുള്ള വ്യക്തിയുടെ ശരീരഭാഗങ്ങളില്‍, പ്രധാനമായും ചുമലിലും കൈയിലും ബോധപൂര്‍വം നിര്‍ദ്ദേശങ്ങള്‍ നല്‍കിക്കൊണ്ടാണ് ഇതു സാധ്യമാക്കുന്നത്.  ഐഡിയോ മോട്ടോര്‍ റെസ്‌പോണ്‍സ് (ഐ.എം.ആര്‍) ഇക്കാര്യത്തില്‍ സംഭവിക്കാറുള്ളതിനാല്‍ മിക്ക സഹായികളും തങ്ങള്‍ തന്നെയാണ് ഇത് ചെയ്തതെന്ന് മിക്കപ്പോഴും അറിയാറില്ല.  
സയന്റിഫിക് ടെമ്പര്‍ അഥവാ ശാസ്ത്രാവബോധം എന്ന വാക്ക് ആദ്യമായി ഉപയോഗിച്ചത് ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രിയായ പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്‌റുവാണ്.  മഹത്തായ ഇന്ത്യയുടെ ബൃഹത്തായ ജനതയെ നോക്കിയാണ് അന്നദ്ദേഹം ആ വാക്ക് പ്രയോഗിച്ചത്.  വിദ്യാഭ്യാസം, ആരോഗ്യം തുടങ്ങിയ മേഖലകളിലെ പുരോഗതിയില്‍ അന്ന് ഇന്ത്യന്‍ ജനസമൂഹം തീരെ പിന്നിലായിരുന്നു.  എന്നാലിന്ന് സ്ഥിതി മാറി.  വിദ്യാഭ്യാസം അടക്കമുളള പലമേഖലകളിലും നാം മുന്‍പന്തിയിലെത്തി.  അപ്പോഴും അന്ധവിശ്വാസങ്ങളും തന്മൂലമുണ്ടാകുന്ന അബദ്ധങ്ങളും അപകടങ്ങളും വര്‍ദ്ധിച്ചുകൊണ്ടേയിരിക്കുന്നു.  അറിവ് കൂടുന്തോറും പാരാനോര്‍മല്‍ വിശ്വാസങ്ങളും വര്‍ദ്ധിക്കുമെന്ന അമേരിക്കന്‍ സൈക്കോളജിസ്റ്റായ റേ ഹൈമന്റെ ഇന്‍ഫര്‍മേഷന്‍ പൊല്യൂഷന്‍ എന്ന സിദ്ധാന്തം വലിയൊരു സത്യമാണെന്ന് നാം ഇന്നറിയുന്നു.  അറിവുള്ളവന്റെ അന്ധവിശ്വാസം അറിവില്ലാത്തവന്റെ അന്ധവിശ്വാസത്തേക്കാള്‍ അപകടകാരിയാണെന്ന് കൂടി പണ്ഡിറ്റ്ജി പറഞ്ഞിരുന്നു.  ആ കടുത്ത അപകട സന്ധിയാണ് നാമിന്ന് നേരിടുന്നത്.  അന്ന് ജവഹര്‍ലാല്‍നെഹ്‌റു ഇതു പറയുമ്പോള്‍ അദ്ദേഹം പോലും പ്രതീക്ഷിക്കാത്ത തരത്തിലാണ് നാം അന്ധവിശ്വാസത്തിന്റെ അന്ധകാരത്തെ വാരിപ്പുണര്‍ന്നത്.  ബോധപൂര്‍വം പരിശ്രമിച്ചാല്‍ ആരേയും എന്തും വിശ്വസിപ്പിക്കാം.  വിശ്വാസിയെ അവിശ്വാസിയാക്കുവാനും അവിശ്വാസിയെ വിശ്വാസിയാക്കുവാനും പ്രയാസമേതുമില്ല.  ഈയൊരു യാഥാര്‍ത്ഥ്യത്തെ ശരിക്കും ഉപയോഗിക്കുന്നത് അന്ധവിശ്വാസങ്ങളുടെ മൊത്തവിതരണക്കാരാണ്.  അങ്ങനെ സമൂഹത്തെയാകെ തെറ്റിദ്ധരിപ്പിക്കുവാനും വഴിതെറ്റിക്കുവാനും പലരൂപത്തിലും പലഭാവത്തിലും എവിടെയും എപ്പോഴും അവര്‍ പ്രവര്‍ത്തിച്ചുകൊണ്ടേയിരിക്കുന്നു.  സാമ്പത്തിക ലാഭം മുന്‍നിര്‍ത്തിയുള്ള ഇത്തരം പ്രവര്‍ത്തനങ്ങളെ പ്രതിരോധിക്കുവാന്‍ പലപ്പോഴും യഥാസമയങ്ങളില്‍ ഇടപെടലുകളുണ്ടാവുന്നില്ല.  അതുകൊണ്ടു തന്നെ ഇവയെല്ലാം തഴച്ചുവളരുകയും ചെയ്യുന്നു.  
മനസ്സില്‍ നാം ഒരു കാര്യം സങ്കല്‍പ്പിക്കുമ്പോള്‍ തന്നെ അപ്രകാരം പ്രവര്‍ത്തിക്കുന്നതിന് നമ്മുടെ പേശികള്‍ തയ്യാറാവുന്നു.  സങ്കല്‍പ്പം ശക്തമാവുമ്പോള്‍ സങ്കല്‍പ്പിച്ച വ്യക്തിപോലുമറിയാതെ പേശികള്‍ അക്കാര്യം നിര്‍വഹിക്കും.  ഇതിന്റെ ഫലമായി സംഭവിക്കുന്ന കാര്യങ്ങളാണ് ഓട്ടോമറ്റിക് റൈറ്റിംഗ്, ഡൗസിംഗ്, ഓജോ ബോര്‍ഡ് ചലനം എന്നിവ.  ഇതു സംബന്ധിച്ച് ഫ്രാന്‍സില്‍ നടത്തിയ രസകരമായ ഒരു പഠനമുണ്ട്.  ഒരു മേശയ്ക്കു ചുറ്റും വട്ടമിട്ടു നിന്ന ആള്‍ക്കാര്‍ മേശയില്‍ ശക്തമായി കൈ അമര്‍ത്തി.  നിശ്ചിത സമയമാകുമ്പോള്‍ മേശ ഇടതുഭാഗത്തേയ്ക്ക് കറങ്ങുമെന്ന് മേശമേല്‍ എഴുതിവച്ചിരുന്നു.  ഏവരെയും അമ്പരപ്പിച്ചുകൊണ്ട് മേശ ഇടതുഭാഗത്തേയ്ക്ക് കറങ്ങുകയുണ്ടായി.  അതാണ് ഐഡിയോ മോട്ടോര്‍ ഇഫക്ട് അഥവാ ഐഡിയോ മോട്ടോര്‍ റെസ്‌പോണ്‍സ്.  ഇതുതന്നെയാണ് ഓജോ ബോര്‍ഡിലും സംഭവിക്കുന്നത്.  എന്നാല്‍ ഇത്തരം ചലനങ്ങള്‍ തങ്ങള്‍ മൂലമാണ് സംഭവിച്ചതെന്നറിയാത്ത ഒരു മഹാഭൂരിപക്ഷത്തെ അന്ധവിശ്വാസത്തിലേയ്ക്ക് ആനയിക്കുവാന്‍ കപടശാസ്ത്രവാദികള്‍ക്ക് അനായാസം കഴിഞ്ഞു.  അങ്ങനെ ഹിപ്‌നോട്ടിസത്തിന്റെ പേരു പറഞ്ഞ് പാരാനോര്‍മല്‍ വിശ്വാസികള്‍ അമാനുഷികത പ്രചരിപ്പിക്കുവാന്‍ തുടങ്ങി.  ടെലിപ്പതി, പ്രീ കൊഗ്നിഷന്‍ തുടങ്ങി അശാസ്ത്രീയമായ എല്ലാ കാര്യങ്ങള്‍ക്കും ശാസ്ത്രത്തിന്റെ പിന്‍ബലം നല്‍കി അവര്‍ തങ്ങളുടെ വ്യവസായം കൊഴുപ്പിച്ചു.  
ഗുരുതരമായ വിനിമയ പ്രശ്‌നങ്ങളുള്ളവര്‍ക്ക് വേണ്ടി മാത്രമാണ് തുടക്കത്തില്‍ ഫെസിലിറ്റേറ്റഡ് കമ്മ്യൂണിക്കേഷന്‍ ആരംഭിച്ചത്.  കീ ബോര്‍ഡിലെ അക്ഷരങ്ങളിലേയ്ക്ക് അവരുടെ കൈകള്‍ എത്തിച്ചുകൊണ്ടാണ് ഇതു സാധ്യമാക്കിയിരുന്നത്.  അതുകൊണ്ടു തന്നെ ഇതിനെ സപ്പോര്‍ട്ടഡ് ടൈപ്പിംഗ് എന്നും പറഞ്ഞിരുന്നു.  ഇതു യഥാര്‍ത്ഥത്തില്‍ റാപ്പിഡ് പ്രോംപ്റ്റിംഗ് മെത്തേഡു (ആര്‍.പി.എം)മായി ബന്ധപ്പെട്ടതാണ്.  അതിനാല്‍ ഇതിനെ ഇന്‍ഫര്‍മേറ്റീവ് പോയിന്റിംഗ് എന്നും വിശേഷിപ്പിക്കുന്നു.  പരിമിതികള്‍ മറികടക്കുവാന്‍ ഇതു സഹായിക്കുന്നില്ലെന്ന് മാത്രമല്ല, അതിന്റെ വ്യാപ്തി കൂട്ടുകയും ചെയ്യും.  സഹായിയുടെ മിടുക്കാണ് ഇവിടെ വിജയം കാണുന്നത്.  കമ്മ്യൂണിക്കേഷന്‍ പാര്‍ട്ണര്‍ക്ക് സഹായം ചെയ്യുന്ന വ്യക്തിയാണ് ഫെസിലിറ്റേറ്റര്‍ അഥവാ സഹായി.  കീ ബോര്‍ഡിലെ അക്ഷരങ്ങള്‍ ഉറപ്പാക്കുന്നതിന് സഹായി പാര്‍ട്ണറുടെ കൈകാല്‍ മുട്ടുകള്‍, കൈക്കുഴകള്‍, കൈമടക്കുകള്‍, കാല്‍മടക്കുകള്‍, ശരീരത്തിന്റെ പിന്‍ഭാഗം അടക്കം ശരീരമാകെ സൂചനകള്‍ക്കായി ഉപയോഗിക്കുന്നു.  ഇപ്രകാരം കടുത്ത സൂചനകളിലൂടെ ഓരോ അക്ഷരവും ബോധ്യപ്പെടുത്തിയാണ് സഹായി പാര്‍ട്ണറെ കൊണ്ട് വാക്കുകള്‍ അഥവാ ഉത്തരങ്ങള്‍ സൃഷ്ടിക്കുന്നത്.  കൊടിയ പീഢന വഴികളും ഇതിലേയ്ക്കായി അവലംബിക്കുന്നു എന്നതാണ് വസ്തുത.  പാര്‍ട്ണറെയും കാഴ്ചക്കാരെയും ഒന്നാകെ കബളിപ്പിക്കുന്ന ക്രൂരതയാണ് ഇവിടെ നടമാടുന്നത്.  ഇത് പാര്‍ട്ണറുടെ യഥാര്‍ത്ഥ കഴിവ് വികസിപ്പിക്കുന്നതിനുള്ള സാധ്യതകള്‍ പോലും ഇല്ലാതാക്കുന്നു എന്നതാണ് ദയനീയമായ വസ്തുത.  സഹജമായ കഴിവുകളില്‍ പോലും അവര്‍ക്കുള്ള വിശ്വാസം സഹായിയുടെ ഇടപെടലിലൂടെ നഷ്ടപ്പെടുകയാണ്.  ചോദ്യവും ഉത്തരവും സഹായി തന്നെ നിശ്ചയിക്കുന്നു.  എന്നാലിത് പാര്‍ട്ണറുടെ കഴിവായി ചിത്രീകരിക്കുകയും തങ്ങളുടെ പരിശീലന മികവാണിതെന്നവകാശപ്പെടുകയും ചെയ്യുന്നു.  
സാധാരണ നിലയില്‍ യാതൊന്നിലും പ്രതികരിക്കാതിരുന്ന ഓട്ടിസംകാരും സെറിബ്രല്‍പാഴ്‌സിക്കാരുമെല്ലാം അത്ഭുതകരമായി കാര്യങ്ങള്‍ ടൈപ്പ് ചെയ്യുവാന്‍ തുടങ്ങിയപ്പോള്‍ പലരും അമ്പരന്നുപോയി.  ഫെസിലിറ്റേറ്ററുടെ സാന്നിദ്ധ്യവും ഇടപെടലും ഇവിടെ വിസ്മരിക്കപ്പെടുകയായിരുന്നു.  ഒരുപക്ഷെ ആരെങ്കിലുമിത് സൂചിപ്പിച്ചാല്‍ ഫെസിലിറ്റേറ്ററുടെ മനസ്സിലുള്ള കാര്യം ടെലിപ്പതിയിലൂടെ മനസ്സിലാക്കിയാണ് ഇവര്‍ ഇപ്രകാരം ചെയ്യുന്നതെന്ന ഒരു മറുപടിയുമായി കപടശാസ്ത്രവാദികള്‍ മുന്നിലെത്തും.  ഒരു പരിധിവരെ ഫെസിലിറ്റേറ്റര്‍ അറിഞ്ഞുകൊണ്ടും ചിലപ്പോള്‍ ഐഡിയോ മോട്ടോര്‍ റെസ്‌പോണ്‍സിലൂടെ അറിയാതെയും ഇതു സംഭവിക്കുകയായിരുന്നു.  ഇതിലെ അശാസ്ത്രീയത ബോധ്യപ്പെടുത്തുവാന്‍ നടത്തുന്ന പരീക്ഷണങ്ങളെ തന്ത്രപൂര്‍വം നിരാകരിക്കുവാന്‍ കപടശാസ്ത്ര വാദികള്‍ക്ക് കഴിഞ്ഞിരുന്നു.  പരാജയപ്പെടുമ്പോള്‍ സാഹചര്യം അനുകൂലമായിരുന്നില്ലെന്നും ആള്‍ക്കൂട്ടത്തെ കണ്ട അമ്പരപ്പില്‍ മനസ്സ് വ്യാകുലപ്പെട്ടുവെന്നും പരീക്ഷണ സ്വഭാവം വന്നപ്പോള്‍ മനസ്സിന്റെ പ്രവര്‍ത്തനം സുഗമമായില്ലെന്നും ഒക്കെപ്പറഞ്ഞ് പരാജയങ്ങളെ അവര്‍ പുറന്തള്ളി.  ഓട്ടിസം-സെറിബ്രല്‍പാള്‍സിക്കാരോട് ഒരു കര്‍ക്കശ നിലപാടെടുക്കുവാന്‍ പരീക്ഷണക്കാര്‍ തയ്യാറാകാതിരുന്ന സാഹചര്യവും കപടശാസ്ത്രവാദികള്‍ക്ക് സഹായകമായി.  എങ്കില്‍പ്പോലും ശാസ്ത്രീയമായ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന ഒരു സ്ഥാപനവും ഇതംഗീകരിച്ചില്ലെന്ന് മാത്രമല്ല, കപട ശാസ്ത്രത്തിന്റെ ഗണത്തില്‍ ഇതിനെപെടുത്തുകയും ചെയ്തു.  
1960കളില്‍ ഡെന്‍മാര്‍ക്കില്‍ ഇതു പ്രചാരത്തില്‍ വന്നുവെങ്കിലും ശാസ്ത്രീയത തെളിയിക്കുവാനാകാത്തതിനാല്‍ ശ്രദ്ധിക്കാതെ പോയി.  1970കളില്‍ ഓസ്‌ട്രേലിയയിലും 1980കളില്‍ അമേരിക്കയിലും തുടര്‍ന്ന് ഏഷ്യയിലും യൂറോപ്പിലുമെല്ലാം ഇതു കാട്ടുതീ പോലെ പടര്‍ന്നുപിടിച്ചു.  ടീച്ചിംഗ് സ്ട്രാറ്റെജി എന്ന പേരില്‍ രംഗപ്രവേശം ചെയ്തിരുന്നതിനാല്‍ കര്‍ശനമായ ചെറുത്തുനില്‍പ്പുണ്ടായതുമില്ല.  അതിരുകവിഞ്ഞ അമാനുഷികത അവകാശപ്പെടുവാന്‍ തുടങ്ങിയപ്പോള്‍ ഇക്കാര്യത്തില്‍ ഗൗരവമായ പഠനങ്ങള്‍ നടന്നു.  അപ്രകാരം 1991ല്‍ അമ്പതോളം പഠനങ്ങള്‍ നടന്നതില്‍ ഒരെണ്ണത്തില്‍ പോലും ഫെസിലിറ്റേറ്റഡ് കമ്മ്യൂണിക്കേഷനില്‍ ശാസ്ത്രീയത ഉള്ളതായി കണ്ടെത്തിയില്ല.  മറിച്ച് ഇതുവെറുമൊരു സഹായിക്കല്‍ മാത്രമാണെന്ന് ബോധ്യപ്പെടുകയും ചെയ്തു.  1994ല്‍ അമേരിക്കന്‍ സൈക്കോളജിക്കല്‍ അസോസിയേഷന്‍ (എ.പി.എ) ഒരു പ്രമേയം തന്നെ പാസാക്കി.  ഫെസിലിറ്റേറ്റഡ് കമ്മ്യൂണിക്കേഷന് ശാസ്ത്രീയമായ ഒരടിത്തറയില്ലെന്ന് വ്യക്തമാക്കുന്നതായിരുന്നു ആ പ്രമേയം.  നിരവധി വ്യാജ ലൈംഗീക പീഡന പരാതികള്‍ ഫെസിലിറ്റേറ്റഡ് കമ്മ്യൂണിക്കേഷനിലൂടെ ഉണ്ടായി.  സഹായി നിശ്ചയിക്കുന്നവര്‍ക്കെല്ലാമെതിരെ പാര്‍ട്ണറെക്കൊണ്ട് പരാതി പറയിപ്പിക്കല്‍ വ്യാപകമായി.  പല കുടുംബങ്ങളിലും നിരപരാധികളായ കുടുംബാംഗങ്ങള്‍ കേസില്‍പെട്ട് ജയിലിലായി.  തുടര്‍ന്ന് ചികിത്സയ്‌ക്കോ നിയമനടപടികള്‍ക്കോ ഇത്തരം സാധ്യതകള്‍ ഉപയോഗിക്കുവാന്‍ പാടില്ലെന്നും തീരുമാനിക്കുകയുണ്ടായി.  അമേരിക്കന്‍ അക്കാദമി ഓഫ് ചൈല്‍ഡ് ആന്റ് അഡോളസെന്റ് സൈക്യാട്രി (എ.എ.സി.എ.പി), അമേരിക്കന്‍ സ്പീച്ച് ലാംഗ്വേജ് ഹിയറിംഗ് അസോസിയേഷന്‍ (എ.എസ്.എച്ച്.എ) തുടങ്ങിയ സ്ഥാപനങ്ങളും ഇതേ നിലപാടുകളെടുത്തു.  1998ല്‍ ബ്രിട്ടീഷ് ഗവണ്‍മെന്റും ഫെസിലിറ്റേറ്റഡ് കമ്മ്യൂണിക്കേഷന്‍ ശാസ്ത്രീയാടിത്തറയുള്ള ഒന്നല്ലെന്ന കണ്ടെത്തല്‍ സ്ഥിരീകരിച്ചു.  ഇത്തരം ശക്തമായ നീക്കങ്ങള്‍ നടന്നിട്ടും ഫെസിലിറ്റേറ്റഡ് കമ്മ്യൂണിക്കേഷന്‍ തഴച്ചുവളര്‍ന്നു.  അത്രമാത്രം സാമ്പത്തിക നേട്ടം ഇക്കാര്യത്തിലുണ്ടായിരുന്നതാണ് ഈ വളര്‍ച്ചയ്ക്ക് കാരണമായത്.  2014ല്‍ ലോകത്താകമാനം വേരുകളുള്ള ഒരു പ്രസ്ഥാനമായി ഇത് വളര്‍ന്നു.  ഓട്ടിസം, സെറിബ്രല്‍പാഴ്‌സി തുടങ്ങിയ പ്രശ്‌നങ്ങള്‍ നേരിടുന്ന വ്യക്തികളുടെ കുടുംബാംഗങ്ങള്‍ക്ക് ആശയുടെ ചെറിയൊരു കച്ചിത്തുരുമ്പ് പോലും വലിയൊരാശ്വാസമാണ്.  ഈ സാധ്യതയെയാണ് കൗശലപൂര്‍വം ഒരു കൂട്ടം കപടശാസ്ത്രവാദികള്‍ വ്യവസായമാക്കിമാറ്റിയത്.  മറ്റൊരുവിഭാഗം ആളുകളുണ്ട്.  അവര്‍ കേവലം പ്രശസ്തിക്കുവേണ്ടി ഇതു പ്രോത്സാഹിപ്പിച്ചു.  തങ്ങളുടെ കുട്ടികളോ ബന്ധുക്കളോ അത്ഭുതങ്ങള്‍ ചെയ്യുന്നവരാണെന്ന് വരുത്തിത്തീര്‍ക്കുവാന്‍ ഇവര്‍ ഫെസിലിറ്റേറ്റഡ് കമ്മ്യൂണിക്കേഷന്റെ സഹായം തേടി.  ദ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹെല്‍ത്ത് ആന്റ് ക്ലിനിക്കല്‍ എക്‌സലന്‍സ് (എന്‍.ഐ.സി.ഇ) 2012ല്‍ ശക്തമായ ഒരു താക്കീത് നല്‍കിയത് ഓട്ടിസമുള്ള കൗമാരക്കാര്‍ക്ക് ഒരിക്കലും ഫെസിലിറ്റേറ്റഡ് കമ്മ്യൂണിക്കേഷന്‍ നല്‍കരുതെന്നാണ്.  
ഇത്തരത്തില്‍ സാഹചര്യം ഗുരുതരമായപ്പോള്‍ ഇംഗ്ലണ്ടില്‍ മൈക്കിള്‍  ഫാരഡെ, മാഞ്ചെസ്റ്ററില്‍ ജയിംസ് ബ്രൈഡ് ഫ്രാന്‍സില്‍ മിഷേല്‍ ഉജേന്‍ ഷെവ്‌റേല്‍, അമേരിക്കയില്‍ വില്യം ജെയിംസും റേ ഹൈമനുമെല്ലാം ഇതിന്റെ അശാസ്ത്രീയത ബോധ്യപ്പെടുത്തുവാനുള്ള പരീക്ഷണങ്ങളുമായി രംഗത്തുവന്നു.  ഫെസിലിറ്റേറ്റഡ് കമ്മ്യൂണിക്കേഷനില്‍ അമാനുഷികതയോ ആത്മീയതയോ ഒന്നുമില്ലെന്നും ഐഡിയോ മോട്ടോര്‍ പ്രവര്‍ത്തനമാണെന്നും അവര്‍ തെളിയിച്ചു.  രഹസ്യ സഹായത്തോടെയാണ് ഈ പ്രവര്‍ത്തനം നടക്കുന്നതെന്നും ഫെസിലിറ്റേറ്ററായി വരുന്ന വ്യക്തിയുടെ മിടുക്കാണ് ഇവിടെ പുറത്തുവരുന്നതെന്നും തെളിവുകള്‍ സഹിതം ബോധ്യപ്പെടുത്തുവാന്‍ ഇവര്‍ക്കായി. സഹായിക്കറിയാത്ത ഒരു കാര്യവും പറയുവാനോ ടൈപ്പ് ചെയ്യുവാനോ സാധിക്കുകയില്ല.  ആരുടെയും മനസ്സുവായിക്കുന്നതല്ല ഇതെന്നും മനപൂര്‍വമുള്ള ഇടപെടലുകളിലൂടെ അവരെ കൊണ്ട് ചെയ്യിപ്പിക്കുന്നതാണിതെന്നും വ്യക്തമാക്കുവാന്‍ ഇവരുടെ ഇടപെടല്‍ സഹായിച്ചു.  ഈ സാധ്യത സമര്‍ത്ഥമായി ഉപയോഗിച്ച ഡെരന്‍ ബ്രൗണ്‍ എന്ന ഇന്ദ്രജാലക്കാരന്‍ ഇതേ സങ്കേതമുപയോഗിച്ച് അത്ഭുതകരമായ ജാലവിദ്യയും  രൂപകല്‍പ്പന ചെയ്തു.  തുടര്‍ന്ന് ഇന്ദ്രജാല മേഖലയില്‍ നിരവധി അത്ഭുതങ്ങള്‍ സൃഷ്ടിക്കുന്നതിന് ഇതു കാരണമായി. മാജിക് പ്ലാനറ്റില്‍ വരുന്ന വ്യക്തികളുടെ നോട്ടിന്റെ നമ്പര്‍ മുണ്ടുമൂടി തറയില്‍കിടക്കുന്ന ഒരാള്‍ പറയുന്ന അത്ഭുത ജാലവിദ്യ റുസ്തം അലി എന്ന തെരുവുജാലവിദ്യക്കാരന്‍ ചെയ്യുന്നുണ്ട്. അവിടെയും ഇതേ സങ്കേതമാണ് ഉപയോഗിക്കുന്നത്.  ഒരുപക്ഷെ, ഫെസിലിറ്റേറ്റഡ് കമ്മ്യൂണിക്കേഷന്‍ സംവിധാനം ഉപയോഗിക്കുന്നവരെപ്പോലും അത്ഭുതപ്പെടുത്തുന്ന നിലയില്‍ ജാലവിദ്യയില്‍ ഇതു വിജയം കണ്ടു.  ഇന്ദ്രജാലത്തില്‍ ഒരത്ഭുതം സൃഷ്ടിച്ച് കാണിക്കുന്നത് കാഴ്ചക്കാരെ അത്ഭുതപ്പെടുത്തുവാനും സന്തോഷിപ്പിക്കുവാനുമാണ്.  എന്നാല്‍ കച്ചവടക്കണ്ണുകളുള്ള കപട ശാസ്ത്രവാദികള്‍ ഇതൊരു വ്യവസായമായി സ്വീകരിക്കുകയും ഭിന്നശേഷിക്കാരിലൂടെ ഇത് വ്യാപിപ്പിക്കുകയുമാണ് ചെയ്തത്.  അങ്ങനെ അന്ധവിശ്വാസത്തിനും ഭിന്നഭാവങ്ങളുണ്ടാവുന്നു.  ഭിന്നശേഷിയുളളവരെയും അവരുടെ കുടുംബാംഗങ്ങളെയും അവരിലൂടെ സമൂഹത്തെയും ഒന്നാകെ കബളിപ്പിക്കുന്ന ഈ സമ്പ്രദായത്തിന്റെ ആഴവും പരപ്പും അറിയാത്ത മാധ്യമങ്ങള്‍ ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് അറിഞ്ഞും അറിയാതെയും പ്രാധാന്യം നല്‍കുന്നു.  ഇത് സമൂഹത്തോടു ചെയ്യുന്ന അനീതിയും കടുത്ത വെല്ലുവിളിയുമാണ്.  

Share :