Archives / May 2020

സ്വപ്ന അനിൽ
ജോക്കർ 

ചിരിമഴക്കാലം
കൊതിച്ചെത്തുവോർക്കെല്ലാം 
മതിവരെ ഹാസ്യം പകർന്നുനൽകാൻ
സർക്കസ്സിൻ കൗതുക-
വേളകൾക്കിടയിൽ ഞാൻ 
കോമാളിവേഷം ധരിച്ചുവന്നു. 

വർണ്ണങ്ങളുള്ള 
മുഖംമൂടിയിട്ടുഞാൻ 
ഹാസ്യം വിടർത്തുവാൻ വന്നുനിന്നു 
കദനങ്ങൾ ഉള്ളിലുണ്ടെങ്കിലും 
ഞാനെന്നും 
കളിയരങ്ങിൽ ചിരി ചൂടിനിന്നു. 

ആടിത്തിമിർത്തു ഞാൻ
ഓരോ ദിനങ്ങളും 
കാണികൾക്കാവേശം നൽകിടാനായ് 
ഇടനെഞ്ചു പൊട്ടുന്ന 
വേദനയ്ക്കിടയിലും 
കുടുകുടെ പൊട്ടിച്ചിരിപകർന്നു. 

പിടയുന്ന ജീവന്റെ 
നൊമ്പരം കാണാതെ
കാണികൾ കയ്യടിയേകിടുമ്പോൾ 
നീറുന്നവേദന 
നെഞ്ചിൽ ഒളിപ്പിച്ച്  
ജോക്കറായ്  ഞാൻ ചിരിയേകിനിന്നു. 

 

Share :