Archives / March 2020

ജ്യോതിലക്ഷ്മി നമ്പ്യാർ, മുംബൈ
സന്തോഷങ്ങളുടെ പറുദ്ദീസ (അനുഭവക്കുറിപ്പ്)

ഇന്നലെ വരെ തീൻമേശ പങ്കിട്ടും തോളിൽകയ്യിട്ടും ഒരുമിച്ചു ചേർന്നിരുന്ന് സൊറപറഞ്ഞും
നമ്മൾ പരസ്പരം ചിലവഴിച്ച ദിവസങ്ങൾ. പുറത്തിറങ്ങിയാൽ പരിചിതമുഖങ്ങളിൽ
പൊട്ടിവിടരുന്ന പുഞ്ചിരി, യാത്രവേളയിൽ സമയത്തെ അടക്കി ഭരിച്ചിരുന്ന കൂട്ടുകെട്ട്,
ജോലിസ്ഥലങ്ങളിൽ പരസ്പരം ഇഷ്ടത്തിലും ആത്മാർത്ഥതയിലും വിടർന്നുപൊഴിയുന്ന കൊച്ചു
കൊച്ചു സന്തോഷങ്ങളും പിണക്കങ്ങളും. ദിനാന്ത്യത്തിലെ കൂട്ടിക്കിഴിക്കലിൽ ഇനിയും
ചെയ്തുതീർക്കാൻ ഒരുപാട് കാര്യങ്ങൾ. പകലിന്റെ നെട്ടോട്ടത്തിൽ തളർന്നുറങ്ങുന്ന രാത്രികൾ.
ഓഫീസിലെ കൂട്ടുകാരുടെ മുഖങ്ങൾ, ബന്ധുക്കളുടെ മുഖങ്ങൾ എല്ലാം ഓർത്തെടുക്കാൻ ഞാൻ
എന്റെ മനസ്സിന്റെ ആൽബത്തിൽ പരതുന്നു. കഴിഞ്ഞതെല്ലാം വെറും സ്വപ്നമായിരുന്നുവോ?
ഇന്ന് മനുഷ്യർ പരസ്പരം ഒത്തുചേരാൻ ഭയക്കുന്നു. അടുത്തുവരുമ്പോൾ പേടിയ്ക്കുന്നു.
മുഖത്തോടു മുഖം നോക്കി സംസാരിയ്ക്കാൻ വിസമ്മതിയ്ക്കുന്നു. കണ്ണുകൾ കണ്ണിനോടടുക്കാൻ
ഭയക്കുന്നു. മനുഷ്യൻ തന്റെ സഹജീവിയെ ഭയക്കുന്ന ദിനരാത്രങ്ങൾ. ആൾക്കൂട്ടത്തെ,
ആഹ്‌ളാദങ്ങളെ ഭയന്നോടാൻ ശ്രമിയ്ക്കുന്ന മനസ്സ്. വീടിനു പുറത്തിറങ്ങാൻ  സംശയാസ്പദമായ
ചുവടുകൾ. അദൃശ്യമായ ഏതോ ഒരു ഭീകരനെ ലോകം മുഴുവൻ ഭയക്കുന്നു. കാണാത്ത ഒരു ശക്തിയെ
ഭയന്ന് വീടിനുള്ളിൽ തന്നെ ഇരിയ്ക്കാൻ ഭരണകൂടം ആവശ്യപ്പെട്ടപ്പോൾ കൂടിനുള്ളിൽ
അകപ്പെട്ടപോലെ. എത്രനേരം, എത്രകാലം ഈ വീട്ടു തടങ്കൽ? പുറംലോകം കാണാതെ ഞാൻ എന്റെ
ആവശ്യങ്ങളെ എങ്ങിനെ നിറവേറ്റും? ലോകം ഇന്ന് ഭയക്കുന്ന ഈ ഭീകരനെ ആർക്കെങ്കിലും
നഗ്നനേത്രം കൊണ്ട് കാണാൻ കഴിഞ്ഞിട്ടുണ്ടോ? ഇത് സത്യമാണോ അതോ വെറും സങ്കല്പമോ?
അതോ കെട്ടുകഥയോ? അതോ കണ്ടുകൊണ്ടിരിയ്ക്കുന്ന സ്വപ്നമോ?

ദിവസങ്ങൾ ഇഴഞ്ഞു നീങ്ങി. രോഗത്തെ പ്രതിരോധിക്കാൻ കഴിഞ്ഞിട്ടില്ല. നിർദേശങ്ങളും,
ഉപദേശങ്ങളും പതിവുപോലെ തുടരുന്നു. എന്നാൽ ഈ ദുർഘടസന്ധിയിൽ പകച്ചുനിൽക്കുമ്പോഴും
അവിടെയും സന്തോഷങ്ങൾ കണ്ടെത്താൻ മനുഷ്യൻ പഠിച്ചു. 
എന്നും രാവിലെ അസഹ്യമായി കേട്ടുണരാറുള്ള ആ അലറാമിന്റെ ശബ്ദം ഇന്ന് നിലച്ചു
പോയിരിയ്ക്കുന്നു. നിശബ്ദതയുടെ പ്രഭാതത്തിൽ ചിറകടിച്ചുവരുന്ന കിളിനാദം കേൾപ്പിച്ച്
പ്രകൃതി എന്നെ തട്ടിയുണർത്തുന്നു. തിക്കി തിരക്കി ശ്വാസം അടക്കി പിടിച്ചു ഓടുന്ന
ട്രെയിനിലെ യാത്രയിൽ ഞാൻ തീർത്തും ശ്രദ്ധിയ്ക്കാൻ മറന്നുപോയ ബാലപ്രഭാകരൻ എന്നെ
നോക്കി ചിരിയ്കുമ്പോൾ ഞാനും പുഞ്ചിരിയ്ക്കുന്നു. സുഖനിദ്രയിൽനിന്നും സ്‌കൂൾ എന്ന
അസഹ്യവാക്കുകേട്ട് മുഖം ചുളിച്ചു എഴുന്നേൽക്കാറുള്ള മകൾ സ്വയം ഉറക്കത്തോട് യാത്ര പറഞ്ഞു
അടുക്കളയിൽ അമ്മയെ കെട്ടിപിടിച്ച് സുപ്രഭാതം പറയുന്നു. പിന്നെ എല്ലാവർക്കും പകരുന്ന
ചുടുചായ ഓരോ തുള്ളിയും ഒരുമിച്ചിരുന്നു നുണയുന്ന സന്തോഷമായി മുത്തി കുടിയ്ക്കുന്നു.
ഘടികാരത്തിനൊപ്പം അടുക്കളയിൽ കയ്യും മനസ്സും സഞ്ചരിയ്ക്കാതാകുമ്പോൾ ഉയർന്നു
പൊങ്ങാറുള്ള ശകാരവാക്കുകൾ ഞാൻ പാടെ മറന്നിരിയ്ക്കുന്നു. സ്നേഹവും, ആത്മാർത്ഥതയും,
ശ്രദ്ധയും, പരിചരണവുമായി ആശ്വാസവാക്കുകളും കുശലം പറച്ചിലുമായി ഒരു നിഴൽപോലെ എന്നെ
പിന്തുടരുന്ന ഭർത്താവ്. വിവാഹം കഴിഞ്ഞ ആ നാളുകളിൽ പോലും ഞാൻ ഈ ഒരു സാമീപ്യം
അനുഭവിച്ചിട്ടില്ല.
ഞാൻ ഓർക്കുകയാണ് ഈ സ്ത്രീകളുടെ കാര്യം. ഒരൽപ്പം സ്നേഹം, സാന്ത്വനം ഇത്തിരി കരുതലിന്റെ
തലോടൽ മാത്രം മതി എത്രമാത്രം ഊർജ്ജമാണ് അവളിൽ. ഒന്നും തിരിച്ചു പ്രതീക്ഷിയ്ക്കാതെ
ജീവിതപങ്കാളിയെ, മക്കളെ സന്തോഷിപ്പിയ്ക്കാൻ എന്തും ചെയ്യും അല്ലേ അവൾ! ഇന്നുവരെ
ചന്ത എന്തെന്നറിയാത്ത ഭർത്താവ് ഇന്ന് രണ്ടുമണിക്കൂർ മാത്രം തുറക്കുന്ന പലചരക്കു കടയിൽ
പോകാൻ, കുറച്ച് സമയം മാത്രം ലഭിയ്ക്കുന്ന പച്ചക്കറികൾ വാങ്ങാൻ രാവിലെ സഞ്ചിയുമായി
എന്നോട് ലിസ്റ്റ് ചോദിയ്ക്കാനെത്തുന്നു. സാധനങ്ങൾ കൊണ്ടുവന്നു ശ്രദ്ധയോടെ അടുക്കും
ചിട്ടയുമായി എടുത്തുവയ്ക്കുന്നു. കുട്ടത്തിൽ എന്റെ മകൾ ഇഷ്ടപ്പെടുന്ന സാധനങ്ങൾ
അവൾക്കായി പ്രത്യേകം ഞാൻ പറയാതെ തന്നെ വാങ്ങിവരുന്നു. ഒരു കൂലിയെപ്പോലെ
വീട്ടിലേയ്ക്കുള്ള അത്രയും സാധനങ്ങൾ ഓഫീസിൽ നിന്നും വരുന്ന വഴിയ്ക്ക് ചുമന്നുവന്നിരുന്ന
എന്റെ യാതനകൾ ഇന്നദ്ദേഹം മനസ്സിലാക്കുന്നു.  ഇന്നെന്റെ ചിന്ത  എന്റെ മകളെയും
അദ്ദേഹത്തെയും എങ്ങിനെ സ്നേഹംകൊണ്ടു പൊതിയും, അവർക്കിഷമുള്ള എന്ത് വിഭവങ്ങൾ ഞാൻ
ഉണ്ടാക്കും എന്നാണ്.
 പത്ത് മണിയായാൽ എല്ലാവര്ക്കും വീട്ടിൽ ഇരുന്നു  ഓഫീസ്  ജോലി ചെയ്യണം . അതിനുമുന്പായി
എല്ലാം ചെയ്തു തീർക്കാൻ സഹായിയ്ക്കാനുള്ള വ്യഗ്രതയിലാണ് അദ്ദേഹം. ഓരോ
പച്ചക്കറിയുടെയും പേര് പോലും ശരിയായി ഇതുവരെ അറിയാത്ത അദ്ദേഹം ഇന്നത് കഷ്ടപ്പെട്ട്
ഇടതുകൈകൊണ്ട് മുറിയ്കുന്നത് നോക്കി മകൾ പൊട്ടിപൊട്ടി ചിരിയ്ക്കുമ്പോൾ
അദ്ദേഹത്തിനൊരല്പം ദേഷ്യം വരുന്നു എന്ന് കാണിയ്ക്കും. അതും ഞങ്ങൾക്ക് കൗതുകമാണ്. 
നാട്ടു വിശേഷങ്ങളും വീട്ടു വിശേഷങ്ങളും പറഞ്ഞു കൂടെയിരുന്ന് പ്രഭാത ഭക്ഷണം കഴിയ്ക്കും.
എല്ലാവക്കും ചേർന്നിരുന്ന് ഭക്ഷണം കഴിയ്ക്കുന്നത് പണ്ടേ എനിയ്ക്ക് വളരെ ഇഷ്ടമാണ്.

വിഭവങ്ങൾക്ക് ഒരൽപ്പം സ്വാദേറുന്നത് പോലെ എനിയ്ക്കു തോന്നാറുണ്ട്. പക്ഷെ ഈ
യാന്ത്രികജീവിതത്തിൽ അതിനൊന്നും കഴിയാറില്ല. പിന്നീട് എല്ലാവരും അവനവന്റെ ജോലിയിലും
പഠനത്തിലും വ്യാപൃതരാകും. പരസ്പരം അപരിചിതരെപ്പോലെ തന്നെ. ഏകദേശം രണ്ടു മണിയോടെ
ഓഫീസ് ജോലികളെല്ലാം തീർത്ത് ഞങ്ങൾ ഭക്ഷണം കഴിയ്ക്കും. പലപ്പോഴും എല്ലാം തയ്യാറാക്കി
മേശമേൽ വിഭവങ്ങൾ നിരത്തി വച്ചാലും മൊബയിൽ ഫോണിൽ കണ്ണെടുക്കാതെ ഒരഭിപ്രായവും
പറയാതെ എന്തൊക്കെയോ വാരി തിന്നു എഴുനേറ്റു പോകാറുള്ള അദ്ദേഹം  ഇന്ന്  വിഭവങ്ങൾ
എനിയ്ക്കും മോൾക്കും വിളമ്പി തരുന്നു   എനിയ്ക്കും അതൊരു സ്നേഹം പകർന്നു തരുന്നതുപോലെ
തോന്നാറുണ്ട്.
 പിന്നെ ഒരു കൊച്ചു മയക്കം. അതിനുശേഷമാണ് ഞങ്ങളിലെ കലാകാരന്മാർ പുറത്തിറങ്ങുന്നു. ഞാൻ
എന്തെങ്കിലുമൊക്കെ കുത്തികുറിയ്ക്കും. പാട്ടുപാടി റെക്കോഡ് ചെയ്തു എല്ലാവരെയും
കേൾപ്പിയ്ക്കുന്നതാണ് അദ്ദേഹത്തിന്റെ നേരംപോക്ക്. ഇതിനിടയിൽ പലപ്പോഴും അച്ഛനും മകളും
ചേർന്നും പാട്ടുകൾ പാടും. കൊച്ചു വാക്കുതർക്കങ്ങൾ നടക്കും. ഞാൻ അത് നോക്കി ചിരിയ്ക്കും.
ചിത്രം വര എന്തെന്നുപോലും തൊട്ടുതീണ്ടിയിട്ടില്ലാത്ത അദ്ദേഹം മോൾക്കൊപ്പം ചിത്രം
വരയിൽ മത്സരിച്ച് തോൽക്കും. വാക്കു തർക്കങ്ങളാകും പിന്നെ അത് കെട്ടിപിടുത്തമായി
പരിണമിയ്ക്കും. മോൾക്ക് പഠിയ്ക്കാനുണ്ടെങ്കിൽ അദ്ദേഹം അടുത്തിരുത്തി വാനോളം അവളെ
പൊക്കി അതെല്ലാം സാധിപ്പിച്ചെടുക്കും. ഇതുകാണുന്ന ഞാൻ മനസ്സിൽ അദ്ദേഹത്തിന്റെ
കഴിവിനെ പ്രശംസിയ്ക്കും.
എനിക്ക് കൗതുകം നൽകുന്നത് അതൊന്നുമല്ല. എപ്പോഴും സ്വകാര്യ സ്ഥാപനത്തിൽ ജോലി
ചെയ്യുന്ന അദ്ദേഹത്തിന് ജോലിയിൽ നിന്നും ഒരു നിമിഷംപോലും വിട്ടുനിൽക്കാൻ ആകില്ല.
എപ്പോഴും ഫോൺ വന്നുകൊണ്ടേയിരിയ്ക്കും. പ്രത്യേകിച്ചും ഇത്തരം ഒരു സാഹചര്യത്തിൽ.
സാമ്പത്തികഭീഷണി നേരിടാനുള്ള തയ്യാറെടുപ്പിൽ സ്വകാര്യസ്ഥാപനങ്ങളുടെ ജോലി ഭാരം
കൂടുതലാണ്. എന്നാൽ എപ്പോൾ ഫോൺ വന്ന് സംസാരിയ്ക്കുമ്പോഴും അദ്ദേഹം മോളെയോ എന്നെയോ
കൈവലയത്തിൽ ആക്കി സംസാരിയ്ക്കും.  കുടുംബവുമായുള്ള സമ്പർക്കം ജോലിയിലെ
പിരിമുറുക്കത്തെ കുറയ്ക്കുമെന്നാണ് എന്നതാണ് അദ്ദേഹത്തിന്റെ പുതിയ തത്വം. ആ
തത്വജ്ഞാനത്തെപ്പറ്റി ഞങ്ങൾ പറഞ്ഞു ചിരിയ്ക്കും.
ഇന്ന് ഞങ്ങൾക്ക് എല്ലാറ്റിനും സമയനിഷ്ഠയുണ്ട്. രാത്രി ഭക്ഷണത്തിനുശേഷം കട്ടിലിലിരുന്നു
മൂന്നുപേരും ഒരുപാട് കുസൃതിചെയ്തും കെട്ടിമറഞ്ഞുമാണ് ഉറങ്ങാറുള്ളത്. വളർന്നിട്ടും മടിയിൽ
തലവച്ച് ഉറങ്ങാൻ കൊതിയാണ് എന്റെ മകൾക്ക്. എന്നും തലയിൽ തഴുകി ഞാൻ അവളെ ഉറക്കാറുണ്ട്.
ജോലിയിലുള്ള പിരിമുറുക്കത്താൽ കുടുംബത്തെ അകറ്റിനിർത്തിയിരുന്ന അദ്ദേഹം,
മാനസികപിരിമുറുക്കങ്ങളിൽ നിന്നും മോചനം നേടാനുള്ള ഒറ്റമൂലിയാണ് കുടുംബവും, ബന്ധങ്ങളും
എന്ന് തിരിച്ചറിഞ്ഞിരിയ്ക്കുന്നു. ലോക് ഔട്ട് കാലത്ത് ഒരു കാരാഗ്രഹം എന്ന് ചിന്തിച്ച ഈ വീട്
ഇന്ന് കൊച്ചു കൊച്ചു സന്തോഷങ്ങൾ പങ്കുവയ്ക്കുന്ന, സന്തോഷ മഴ പെയ്യുന്ന ഒരു
പറുദീസയായി മാറിയിരിയ്ക്കുന്നു.  പിസയും, കൂൾഡ്രിംഗ്‌സും, പാർട്ടികളും, ഷോപ്പിംഗും
നൽകുന്നതിനേക്കാൾ മാനസിക ആഹ്ളാദം പകരാൻ കഴിയുന്നതാണ് കുടുംബത്തിലെ കൊച്ചു കൊച്ചു
സന്തോഷങ്ങൾ!

എനിക്ക് പറഞ്ഞറിയിക്കാൻ കഴിയാത്ത അനുഭൂതി ഈ കുടുംബസദസ്സ് നൽകുന്നു. ആ അനുഭൂതിയിൽ
ലയിച്ച് ലയിച്ചങ്ങനെ ദിവസങ്ങൾ കടന്നുപോകുന്നത് ഞാൻ അറിയുന്നില്ല. സ്നേഹസാന്ദ്രമായ
നിമിഷങ്ങളുടെ എണ്ണയിൽകത്തുന്ന ഈ കെടാവിളക്ക് ഒരിക്കലും അണയാതിരിക്കട്ടെ.

Share :