Archives / May 2020

രമ പി .പിഷാരടി ബാംഗളൂർ
മെയ്മാസപ്പൂവുകൾ

ഏപ്രിൽ നീ യാത്രാമൊഴി

ചൊല്ലുന്നു മെയ്മാസത്തിൻ

തീക്കനൽപ്പൂക്കൾ വിടർ-

ന്നീടുന്ന ഗുൽമോഹറിൽ

നീലിച്ച ശ്വാസത്തിൻ്റെ -

മഴമേഘങ്ങൾ പെയ്തു

തോരാതെയിരിക്കുന്നു

കണ്ണുനീരുപ്പാണതിൽ

രാവിനെ കുടിക്കുന്ന

തിമിരം പകർന്നാടിയാടുന്ന

കരിന്തിരി കെടുത്തും

ദീപം പോലെ

മരണം മൗനത്തിൻ്റെ

മന്ത്രമായ് പകർന്നാടി

തിരനോട്ടങ്ങൾ ചെയ്യും

തിരശ്ശീലകൾക്കുള്ളിൽ

ഒളിഞ്ഞും തെളിഞ്ഞുമാ-

മുദ്രകൾ  ഒടുങ്ങുന്ന

ഒഴിഞ്ഞ മൈതാനത്തിൽ

വൈശാഖം പൂ തേടവെ

സൂര്യനോ സാക്ഷ്യം

ചൊല്ലാനാകാതെ

തിരക്കിട്ട് പാതിമൂടിയ

മുഖം താഴ്ത്തുന്ന

സമുദ്രത്തിൽ

ഇത്ര മേലാഴത്തിൽ

വീണിത്രമേലുടഞ്ഞൊരു

ചിത്രകംബളത്തിൻ്റെ

ചായങ്ങൾ മങ്ങീടവെ

അല്പമാശ്വാസം പൂണ്ട്

ശുദ്ധശ്വാസത്തിൽ മുങ്ങി

ചക്രവാളത്തെ തൊട്ട്

ഋതുക്കൾ നീങ്ങീടവെ

പറയൂ മെയ് മാസമേ

നിൻ്റെയീ വസന്തത്തിൽ

മിഴിനീരാപ്പാനൊരു

പൂവിതളുണ്ടാകുമോ?

Share :