Archives / May 2020

കുളക്കട പ്രസന്നൻ
കേരളം പുഷ്പ്പിക്കട്ടെ

 

നമ്മുടേത് ബൃഹത്തായ കാർഷിക സംസ്കാരമുള്ള രാജ്യമാണ്. നമ്മുടെ പല ഉത്സവങ്ങളും വിളവെടുപ്പിന്റേതാണ്. പല കലാരൂപങ്ങളും കാർഷിക വൃത്തിയുമായി ബന്ധപ്പെട്ടതാണ്. കൊയ്ത്തുപാട്ടും വെള്ളരി നാടകവും മറ്റും 

പ്രകൃതി താളത്തിൽ നിന്നും മനുഷ്യൻ ആടിയും പാടിയും മറ്റുള്ളവരുടെ നയനങ്ങളെയും കർണ്ണങ്ങളെയും ഇമ്പം കൊള്ളിച്ചു. കർഷകർ നാടിനു മതിപ്പുള്ളവരായി. വീട്ടുമുറ്റത്തെ കച്ചിത്തുറു പ്രതാപത്തിന്റെ ലക്ഷണമായിരുന്നു.

കാലം മാറി. പണം മനുഷ്യ ചിന്തകളെ മാറ്റി. ടി വി യും ഫ്രിഡ്ജും കാറും മൊബൈൽ ഫോണും ആഢംബര ലക്ഷണങ്ങളായി. കർഷകൻ സമൂഹത്തിനു മുന്നിൽ അവഗണിക്കപ്പെട്ടു. ഇതു കേരളത്തിന്റെ ചിത്രം.

നമ്മുടെ വീടുകളിൽ നാല്പ്പതു വർഷം മുമ്പ് ആൺക്കുട്ടികൾക്കും പെൺക്കുട്ടികൾക്കും വളർത്തു രീതിയുണ്ടായിരുന്നു. ഒരു പെൺക്കുട്ടിയെ കൈപിടിച്ചു കയറാനുള്ളതാ ആൺക്കുട്ടി. അവനവളെ പോറ്റണമെങ്കിൽ  കൃഷിപണി അറിഞ്ഞിരിക്കണം. അതിനായി രക്ഷിതാക്കൾ അവനെ കുട്ടിക്കാലത്തെ കൃഷിപണിയുടെ ബാലപാഠങ്ങൾ പഠിപ്പിക്കുമായിരുന്നു. പെൺക്കുട്ടിയെ പാചകം പഠിപ്പിക്കും. അവൾ മറ്റൊരു വീട്ടിൽ ചെന്നു കയറാനുള്ളതാ എന്നതായിരുന്നു അന്നത്തെ വിശ്വാസം. പിന്നീടതു മാറി. കല്യാണം കഴിഞ്ഞാൽ ചെറുക്കനും പെണ്ണും കൂടി മറ്റൊരു വീട്ടിലേക്ക് മാറും. ഹോട്ടൽ ഭക്ഷണവും ഓൺലൈൻ ഭക്ഷവും ആയപ്പോൾ പാചകം വീടിനു പുറത്ത്. കൃഷിപ്പണി ശരീര അദ്ധ്വാനമുള്ളതും നാലാൾക്കു മുന്നിൽ വീമ്പു പറയാൻ വകയുള്ളതുമല്ല എന്നതിനാൽ  ചെറുപ്പക്കാർ ആ വഴിക്കു പോകാതായി. കൃഷി പണിക്കുള്ള സാധനങ്ങൾ കണ്ടാൽ അത് എന്തെന്ന് തിരിച്ചറിയുമോ ഇവർ ?

മൂന്നു നാലു വർഷം മുമ്പ് ഒരു ടി വി ചാനലിൽ വന്ന ഒരു വാർത്ത അത്ഭുതമുളവാക്കുന്നതായിരുന്നു. സ്കൂൾ കുട്ടികളെ ആ സ്കൂളിലെ അദ്ധ്യാപകർ നെൽവയൽ കൊണ്ടു കാണിക്കുകയും അതു പരിചയപ്പെടുത്തുകയും ചെയ്തു.  അതിനു ശേഷം ആ കുട്ടികളോട് ഒരു ടി വി ചാനലിലെ അവതാരകൻ അനുഭവം പങ്കുവയ്ക്കാൻ പറഞ്ഞു. അപ്പോൾ കുട്ടികൾ പറഞ്ഞത് ചോറിനുള്ള അരി ഏതോ മരത്തിൽ നിന്നു കിട്ടുന്നതാണെന്നാ കരുതിയിരുന്നത് എന്ന്. മലയാറ്റൂർ രാമകൃഷ്ണൻ്റെ ഒരു കഥയിൽ റൈസ് പ്ലാൻ്റ് എന്നു ഒരു കുട്ടി ചോദിക്കുന്നത് പിൽക്കാല അനുഭവമായി മാറി. ആ കുട്ടികൾ  സത്യത്തിൽ എങ്ങനെ അറിയാനാണ്. രാവിലെ മുതൽ സ്കൂൾ ബസിൽ വലിയ മതിലുള്ള സ്കൂളിൽ എത്തുന്നു. പുറം ലോകവുമായി എന്തു ബന്ധം. കുട്ടികൾ പരിസ്ഥിതിയുമായി എത്രമാത്രം അകന്നുപോയി എന്നതിന് ഇതിൽ കൂടുതൽ എന്തു തെളിവു വേണം.

മറ്റൊരു വിഷയം പരിശോധിക്കാം. കേരനാട് എന്ന് പ്രകീർത്തിക്കപ്പെടുന്ന സംസ്ഥാനമാണ് കേരളം. എന്നാൽ തെങ്ങുകൃഷിയിൽ കേരളം ഇപ്പോൾ എവിടെ നിൽക്കുന്നു. മലയാളികൾക്ക് രുചികരമായി സദ്യവട്ടങ്ങളൊരുക്കണമെങ്കിൽ തമിഴ്നാട്ടിൽ നിന്നു കൂടി നാളികേരം എത്തണം. വീട്ടുവളപ്പിൽ നാലു മൂടുതെങ്ങുണ്ടായിരുന്ന കാലം ഒന്നോർത്തു നോക്കു. മഴക്കാലത്ത് തെങ്ങിൻ തടം തുറക്കും. മഴവെള്ളം ആ തെങ്ങിൻത്തടത്തിൽ നിന്നും ഭൂമിയിലേക്കിറങ്ങും. . കിണറ്റിൽ ആ വെള്ളം അരിച്ചിറങ്ങും. അതു കൂടാതെ മനുഷ്യനു നേരിട്ടുള്ള ഉപയോഗം പരിശോധിച്ചാൽ കരിക്കിൻ വെള്ളം ശുദ്ധമായ പാനീയം .  ക്ഷീണമകറ്റാൻ ഉത്തമം. എന്തെല്ലാം കറികൾക്ക് തേങ്ങ ഉപയോഗിക്കുന്നു. പാചകത്തിന് വെളിച്ചെണ്ണ ഉപയോഗിക്കാം. ശരീരത്തിൽ തേച്ചു കുളിക്കാനും വെളിച്ചെണ്ണ മലയാളികൾക്കു പ്രിയങ്കരമായിരുന്നു. അങ്ങനെയിരിക്കെ 30 വർഷം മുമ്പ് ആർക്കോ വേണ്ടി ഒരു പഠന റിപ്പോർട്ടുണ്ടായി. വെളിച്ചെണ്ണ കൊളസ്ട്രോൾ ഉണ്ടാക്കും. കേട്ടപ്പാതി കേൾക്കാത്തപ്പാതി മലയാളികൾ തെങ്ങിനോട് ഗുഡ് ബൈ പറഞ്ഞു. തെങ്ങ് സംരക്ഷിക്കാതായി. പിന്നീട് നാളികേരം ഇഷ്ടപ്പെട്ടു തുടങ്ങിയപ്പോഴേക്കും തേങ്ങയും വെളിച്ചെണ്ണയും വില കൊടുത്തു വാങ്ങേണ്ടി വന്നു. 

പൂർവ്വകാലം മലയാളി ചിന്തിക്കുകയാണ്. കാരണം നമ്മുക്കു ചുറ്റും കണ്ണോടിക്കാൻ സമയം കിട്ടിയതിപ്പോഴാണ്. ശരിക്കും പറഞ്ഞാൽ പട്ടിണി മുന്നിൽ വന്ന് ഇളിച്ചുകാട്ടുന്ന സമയത്ത്. കൊറോണ വൈറസിനെ പ്രതിരോധിക്കാൻ വീടുകളിൽ ഇരുന്ന് തുടങ്ങിയപ്പോളാണ് നമ്മൾ പലതും അറിയുന്നത്. പച്ചക്കറിയും അരിയും അയൽ സംസ്ഥാനങ്ങളിൽ നിന്നു വരുന്നതു കൊണ്ടാണ് ഈ നാട് പട്ടിണിയില്ലാതെ പോയിരുന്നതെന്ന്. അവിടെയും കൊറോണ ഭീതിയിലാണ്. എന്തു ചെയ്യും. ഇനി എങ്ങനെ മുന്നോട്ടു പോകും. ദൈവത്തെ വിളിക്കുമ്പോലെ കർഷകരെ ഇപ്പോൾ വിളിച്ചുതുടങ്ങിയിരിക്കുന്നു. ആ വിളി എന്തുകൊണ്ടും നല്ലതു തന്നെയാണ്.

രബീന്ദ്രനാഥ ടാഗോറിന്റെ ഒരു വചനമുണ്ട്. "അർഹതപ്പെട്ടതാണെങ്കിൽ താമസിച്ചാണെങ്കിലും അംഗീകാരം ആ കൈകളിൽ എത്തും." അതു ശരിയാണ്. കർഷകരെ നാട് അംഗീകരിച്ചു തുടങ്ങിയിരിക്കുന്നു.

നമ്മൾ ഒരു യാഥാർത്ഥ്യം തിരിച്ചറിയണം. ജീവിത രീതികൾ മാറുകയാണ്. ചിലപ്പോൾ പഴയ കാലഘട്ടത്തിന്റെ പരിഷ്കൃത രൂപം. വിദ്യാഭ്യാസം ഓൺലൈനിൽ . അതായത് പഴയ ഗുരുകുല വിദ്യാഭ്യാസ സമ്പ്രദായത്തിനു പകരമാവുകയാവാം. നാട്ടുരാജ്യങ്ങളിലെപ്പോലെ ഒരു ജില്ലയോ അതിനുള്ളിൽ നടക്കുന്ന വ്യവഹാരങ്ങളോ ആവാം ഇനി. അതായത് ഒരാൾക്ക് രാവിലെ അമേരിക്കയിലേക്കും അടുത്ത ദിവസം ഫ്രാൻസി ലേക്കും പറക്കാൻ കഴിയണമെന്നില്ല. കൊറോണ വൈറസ് നമ്മളെ വീടുകളിലും നമ്മുടെ പ്രദേശത്തുമായി ഒതുക്കുകയാവും. വലിയ ആഘോഷങ്ങൾ ഇല്ലാതാവുകയാവും. പഴമയിൽ നിന്നും പുതിയ അതിർത്തികളും നിയമങ്ങളും രൂപപ്പെട്ടേക്കാം. 

ഇവിടെയാണ് കാർഷിക വൃത്തിയുടെ പ്രാധാന്യം. കാർഷിക കലണ്ടറുകൾ, പ്രാദേശിക കലണ്ടറുകൾ ഒക്കെ പുതുജീവൻ വയ്ക്കേണ്ടി വരും. കൃഷിയും പാചകവും പഠിക്കേണ്ടി വരും. ഇതിലൂടെ അരോഗ്യപ്രദമായ ജനതയെ വാർത്തെടുക്കാൻ സാധിക്കുകയുള്ളു.

ഇവിടെ പ്രധാനമായ ഒരു വിഷയം ചർച്ച ചെയ്യപ്പെടേണ്ടതുണ്ട്. അതു കർഷകരെ സംബന്ധിച്ചുള്ളതാണ്. കാർഷികവൃത്തി ധാർമ്മികതയുടെ അടിസ്ഥാനത്തിലാവണം. പൂർണ്ണമായി കച്ചവട താൽപ്പര്യമാകരുത്. അതിനു സർക്കാർ മുഴുവൻ സമയ കർഷകരുടെ ലിസ്റ്റ് തയാറാക്കണം .അതിനു മാനദണ്ഡം വേണം. പൂർണ്ണ കർഷകരെ കണ്ടെത്തുന്നതിൽ പക്ഷമോ സ്ഥാപിത താല്പര്യമോ ഉണ്ടാവരുത്. യഥാർത്ഥ കർഷകർക്ക് സർക്കാർ സഹായത്തിൻ്റെ ഭാഗമായി ഒരു നിശ്ചിത തുക നൽകണം. ആ തുക നൽകുന്നത് കാർഷിക ഭൂമിയുടെയും കൃഷിയുടെയും അടിസ്ഥാനത്തിലാവണം. കാർഷിക  നിയമങ്ങളും പരിഷ്കരിക്കണം. വിത്തും വളവും നൽകുന്നതിനും പരിശോധനയും ഒക്കെ കൃഷിഭവനിലൂടെ സുതാര്യമാകണം. കേരളം  പുഷ്പിക്കട്ട്. നവ കേരളം സൃഷ്ടിക്കാം .

കമന്റ്: കർഷകർ പ്രകൃതിയുടെ വരദാനമാണ്. കർഷകരില്ലാത്ത നാട്ടിൽ വേട്ടമൃഗങ്ങൾ മാത്രമെ ഉണ്ടാവു. മനുഷ്യരുള്ളിടത്തല്ലെ  വിതയ്ക്കുകയും കൊയ്യുകയും ചെയ്യേണ്ടതുള്ളു.
-

Share :