Archives / july 2021

എം.കെ.ഹരികുമാർ
ആന്തരികതയിൽ തന്നെ വീണ്ടും വീണ്ടും

സാഹിത്യരചനയിൽ രണ്ടു തരം 

പ്രതിഭാപ്രസരമുണ്ട്.ഒന്നാമത്തേത് അബോധത്തിന്റേതാണ്. രണ്ടാമത്തേത്, ഔപചാരികമായി നേടുന്ന അറിവുകളെ ആസ്പദമാക്കി ഒരു വ്യക്തി  എഴുതുന്നതാണ്. ചിലർ ജോലിയിൽ നിന്ന് വിരമിച്ച ശേഷം, മക്കളുടെ കല്യാണമൊക്കെ കഴിഞ്ഞ ശേഷം എഴുതി തുടങ്ങുന്നത് ഇതിനു ഉദാഹരണമാണ്.

അബോധപരമായ പ്രേരണകളാൽ ചിന്തിക്കുന്നത് വ്യത്യസ്തമാണ്. അതായത് ഒരാൾ എന്ത് എഴുതുന്നുവോ അത് അയാൾ മുൻകൂട്ടി തീരുമാനിച്ചതായിരിക്കില്ല.ചില ചിന്തകൾ ഉണ്ടാകാമെങ്കിലും അതിനു വ്യക്തത കാണില്ല.അതിന്റെ വികാസം   എങ്ങനെയോ സംഭവിക്കുകയാണ്. രചനാപ്രക്രിയയിൽ ചിലത് സംഭവിക്കുന്നുണ്ട്. അത് വേറൊരു നോട്ടമാണ്. ആ നോട്ടം വലിയ ഒരു ഏകാന്തതയിൽ നിന്ന് ഉത്ഭവിക്കുന്നു .ആ എകാന്തതയാകട്ടെ രചയിതാവ് എന്ന വ്യക്തിയുടേതാണെന്ന് എങ്ങനെ പറയാനൊക്കും? അയാൾ മറ്റുള്ളവരിൽ നിന്ന് മാറി താമസിച്ചാൽ ഉണ്ടാകുന്നത് ഭൗതികമായ ഏകാന്തതയാണ്.അത് യാഥാർത്ഥ്യത്തിന്റെ ഉള്ളിലേക്ക് നോക്കാൻ സഹായിക്കണമെന്നില്ല.
ആൾക്കൂട്ടത്തിന്റെ നടുക്കായാലും ഏകാന്തത അനുഭവപ്പെടാം. അത് മനസിന്റെയും ചിന്തകളുടെയും ഏകാന്തതയാണ്.ഈ ഏകാന്തത സുഷ്ടിപരമാണ്.

കാരണം അത് മറ്റൊരു ലോകത്തിലേക്ക് ഒരാൾ എത്തിപ്പെടുന്നതിന്റെ, സ്വാഭാവികമായ വിചാരങ്ങളുടെയും, ഭ്രമാത്മകമായ ആധികളുടെയും ഭാഗമാണ്. താൻ തനിച്ചാണെന്ന് തോന്നുന്നത് ജ്ഞാനത്തിലേക്കുള്ള വാതിൽ തുറന്നു തരും. ജീവിതം അന്തിമമായി ദു:ഖമാണെന്ന് പത്തൊൻപതാം നൂറ്റാണ്ടിലെ ജർമ്മൻ ചിന്തകനായ ഷോപ്പനോർ കണ്ടെത്തിയത് ഇങ്ങനെയാണ്. എല്ലാ സുഖങ്ങളും സൗന്ദര്യങ്ങളും സാവധാനം മരിച്ചു കൊണ്ടിരിക്കുകയാണെന്ന് മനസിലാക്കാൻ കഴിയുന്നത് ഇതുപോലുള്ള ഏകാന്തതകളുടെ ഫലമായാണ്. മനസ് തനിച്ചാവുമ്പോൾ ,സൃഷ്ടിപരമായി ചിന്തിക്കാൻ സിദ്ധിയുള്ളവർക്ക് അത്  കൂടുതൽ ജ്ഞാനസമ്പാദനത്തിന് ഉപകരിക്കും.

അബോധത്തിന്റെ കാര്യം

രചനയുടെ വേളയിൽ ഒരാൾ സ്വന്തം അഗാധതകളെയാണ് അടുത്തറിയുന്നത്. ഇതിനെയാണ് ചിലർ അബോധപരം എന്ന് വിളിക്കുന്നത്. മനസിനു നിഗൂഢമായ ഒരു അറയുണ്ടെന്ന് സ്ഥാപിക്കാൻ മന:ശ്ശാസ്ത്രജ്ഞനായ ഫ്രോയ്ഡ് കണ്ടെത്തിയ ഒരു സാങ്കല്പിക ഇടമാണ് അബോധമനസ്സ്. മനുഷ്യൻ ഉറങ്ങുമ്പോൾ വിചിത്രമായ സ്വപ്നങ്ങൾ കാണുന്നത് അബോധ മനസിന്റെ സാന്നിദ്ധ്യത്തിനു തെളിവായി അദ്ദേഹം വാദിച്ചു. മാത്ര മല്ല, പൂർത്തീകരിക്കാത്ത ആഗ്രഹങ്ങളും ,വിലക്കപ്പെട്ട ചിന്തകളും ഈ അറയിലേക്ക് പോയി നിശ്ശബ്ദമാകുന്നുവെന്നും അദ്ദേഹം വാദിച്ചു .അബോധമനസ് ഒരു സാധ്യതയാണ്.അത് മനുഷ്യനെ പഠിക്കാനുള്ള ഒരു സാങ്കല്പിക ഉപകരണമാണ്. സാഹിത്യത്തിൽ പല  ജീവിതകാമനകളും ,മനുഷ്യ സ്വഭാവങ്ങളും വിശദീകരിക്കേണ്ടി വരുമ്പോൾ അബോധത്തെയാണ് ആ ശ്രയിക്കുക. അബോധതലം അജ്ഞാതത്വത്തിന്റെ പ്രതിനിധാനമാണല്ലോ. അതുകൊണ്ട് ഒരാൾ രചനാവേളയിൽ താൻ മുൻപ് പരിചയിച്ചിട്ടില്ലാത്ത അനുഭവങ്ങൾക്ക് വിധേയനാവുമ്പോൾ നമുക്ക് വേണമെങ്കിൽ അധോലോകം, അബോധം, അഗാധത, അതീന്ദ്രിയം എന്നെല്ലാം വിളിക്കാവുന്നതാണ്.
അബോധപരമായ വെളിപാടുകളുടെ ബലത്തിൽ എഴുതുന്നവർക്ക് അത് അനിവാര്യതയാണ്.

ചങ്ങമ്പുഴ ,എ.അയ്യപ്പൻ ,പി.കുഞ്ഞിരാമൻ നായർ തുടങ്ങിയവർ എഴുതിയത് അങ്ങനെയാണ്. അവരുടെ മൗലികശോകങ്ങളിൽ നിന്ന് ഒഴിഞ്ഞു നിൽക്കാനാവാത്ത അവസ്ഥയാണിത്. മൗലികശോകങ്ങൾ  ഒരാളെ സ്വന്തം ആന്തരികതയിൽ തന്നെ വീണ്ടും വീണ്ടും വിലയം പ്രാപിച്ച് എഴുതാൻ പ്രേരിപ്പിച്ചു കൊണ്ടിരിക്കും. പല കഥാപാത്രങ്ങളും സന്ദർഭങ്ങളും വരുമെങ്കിലും അതിലെല്ലാം എഴുത്തുകാരൻ എന്ന വ്യക്തിയുണ്ടായിരിക്കും. ജീവിതത്തെ വേറൊരു രീതിയിൽ നോക്കാൻ സ്വാഭാവികമായ മാർഗം ഉള്ളവരാണ് എഴുതേണ്ടത്. അവരുടെ സാദ്ധ്യതയാണ് ആവിഷ്കാരം എന്ന പ്രക്രിയ .

ഹെസ്സെയുടെ അന്തർജ്ഞാനം

ചെവി കേൾക്കാൻ പറ്റാത്ത ഒരാൾ ഒരു കാര്യം ഗ്രഹിക്കുന്നത് തന്റേതായ മാർഗം അവലംബിച്ചാണ്. അന്ധൻ ചുറ്റുപാടുകളെ അറിയുന്നതും ഇതിനു സമാനമായ രീതിയിലാണ്. നമ്മൾ ഇവിടെ ചർച്ച ചെയ്യുന്ന എഴുത്തുകാരും ഇതുപോലെ സ്വന്തം സ്വാഭാവിക മാർഗത്തിലുടെ ലോകത്തെ ഉൾക്കൊള്ളുന്നു. ഇത് വേറൊരു വിനിമയ സംവിധാനമാണ്. കാഫ്ക 'രൂപാന്തരീകരണം '(മെറ്റാ മോർഫോസിസ് ), ടോൾസ്റ്റോയ് | 'ഇവാൻ ഇല്ലിച്ചിന്റെ മരണം' , ബഷീർ 'പാവപ്പെട്ടവരുടെ വേശ്യ' , ഒ.വി. വിജയൻ 'അരിമ്പാറ ' തുടങ്ങിയ കൃതികൾ എഴുതിയത് ഇങ്ങനെയാണ്.ഈ എഴുത്തുകാർ ഒരു ദിവസം പെട്ടെന്ന്  തോന്നലുണ്ടായി ഫുട്ബോളിനെക്കുറിച്ചോ, പകർച്ചവ്യാധിയെക്കുറിച്ചോ,മാപ്പിള ലഹളയെക്കുറിച്ചോ കൗതുകത്തിനു വേണ്ടി നോവൽ അല്ലെങ്കിൽ കഥ യാന്ത്രികമായി നിർമ്മിക്കുന്നവരുടെ ഗണത്തിലല്ല ഉള്ളത്. ഇവർ ഒരു വിഷയത്തെ കഥയാക്കുന്നവരല്ല. മറിച്ച്, ഇവർ എഴുതുന്നത് തങ്ങളുടെ  അസ്ത്വിത്വത്തെ ബാധിച്ച ഒരു സമസ്യയെ നിർധാരണം ചെയ്യുന്നതിനാണ്. വിവര സമാഹരണമല്ല ലക്ഷ്യം. വിദ്യാർത്ഥി രാഷ്ട്രീയത്തിന്റെ പ്രശ്നങ്ങൾ പഠിക്കാൻ ബഷീർ അല്ലെങ്കിൽ ഹെർമൻ ഹെസ്സെ നോവൽ എഴുതില്ല. ഹെസ്സെ 'സിദ്ധാർത്ഥ ' എന്ന നോവൽ എഴുതിയത് ബുദ്ധന്റെ ചിന്തകൾ പരിചയപ്പെടുത്താനല്ല. അല്ലെങ്കിൽ ആത്മീയതയെക്കുറിച്ച് ഒരു കഥയിലൂടെ സാരോപദേശം നൽകാനല്ല. അങ്ങനെയായിരുന്നുവെങ്കിൽ ഹെസ്സെക്ക് ഇന്നത്തെ പ്രാധാന്യം ലഭിക്കുമായിരുന്നില്ല. 

എന്താണ് ബുദ്ധൻ മാനവരാശിക്ക് നൽകിയതെന്ന് തന്നിലൂടെ അന്വേഷിക്കുകയാണ് ഹെസ്സെ ചെയ്തത്. ഓങ്കാരത്തിന്റെ പൊരുൾ എന്താണെന്ന് അതിൽ വിവരിക്കുന്നുണ്ട്. അത് പക്ഷേ, അരെങ്കിലും പറഞ്ഞു കൊടുത്ത വഴിയല്ല. ഒരെഴുത്തുകാരനെന്ന നിലയിൽ അദ്ദേഹം സ്വന്തം സമസ്യയായി അതിനെ നിരീക്ഷിച്ചതിന്റെ ഫലമാണ്.ഇത് ഒരു അസ്തിത്വ പ്രശ്നമാണ്. പൂർണതയ്ക്ക് വേണ്ടിയുള്ള മനുഷ്യന്റെ ദാർശനികമായ അലച്ചിലിന്റെ ഫലമാണ്.ഇതിന്റെ ഫലമായി ഓങ്കാരം ബുദ്ധന്റെ ജ്ഞാനപ്രകാശത്തിലെ മഹാപ്രാപഞ്ചിക സംഗീതമായി നിർണയിക്കപ്പെടുന്നു. ഇവിടെ ഹെസ്സെ എന്ന മനുഷ്യൻ തന്റെ വ്യക്തിപരമായ മൗലിക ശോകങ്ങളിൽ നിന്ന് സർഗാത്മകമായ പ്രഭാവങ്ങൾ തേടുകയാണ്. മൗലികശോകങ്ങൾ ഇങ്ങനെ ഒരു മനുഷ്യവ്യക്തിയുടെ ആഭ്യന്തര വിനിമയ വ്യവസ്ഥയും സൂക്ഷ്മമായ ഐന്ദ്രിയ ലോകവുമായിത്തീരുന്നു.ഒരാൾ സ്വയം അനുകരിക്കേണ്ടതില്ല. എങ്കിലും ഓരോ പ്രതിഭയെയും ചൂഴ്ന്ന് നിൽക്കുന്ന മൗലിക ശോകങ്ങളുണ്ടായിരിക്കും. അത് ഒരു വിനിമയ ക്ഷേത്രമാണ്.ഐന്ദ്രിയ മണ്ഡലമാണ്. സവിശേഷമായ ജ്ഞാനമേഖലയാണ്.

 

 

 

Share :