Archives / july 2021

ഷാജി തലോറ 
ജ്ഞാനേശ്വര സമാധിയിൽ (ഒന്നാം ഭാഗം )

മറാഠയുടെ ആത്മീയഗുരുവും കവിയുമായ സന്ത്‌ ജ്ഞാനേശ്വരന്റെ  ഭഗവത്‌ഗീത വ്യാഖ്യാനം ജ്ഞാനേശ്വരി  വായിച്ചപ്പോഴാണ് സന്ത്‌ ജ്ഞാനേശ്വരനെന്ന പേര് ആദ്യമായി അറിയുന്നത്.
മനുഷ്യരാശിക്ക്‌, വിശേഷിച്ചും മറാഠാ ജനതയ്‌ക്ക്‌ ദൈവം നൽകിയ വരദാനമാണ് സന്ത്‌ ജ്ഞാനേശ്വര്‍. 'സര്‍വ്വയോഗികളുടെയും മാതാവ്‌' എന്നാണ്‌ കവി നാമദേവന്‍ ജ്ഞാനേശ്വറിനെ വിശേഷിപ്പിച്ചത്‌.അദ്ദേഹത്തിന്  മാനവരാശിയോടുളള വാത്സല്യത്തിന്റെയും  സ്‌നേഹത്തിന്റെയും ഉത്തമ മാതൃകയാണ്  കവിഹൃദയത്തില്‍ നിന്നും നിര്‍ഗ്ഗളിച്ച, ഭക്തിക്ക് പ്രാധാന്യം നൽകുന്ന  ജ്ഞാനേശ്വരിഗീത,  ഗീതാവ്യാഖ്യാനത്തിലൂടെ  അദ്വിതീയനായി മാറിയ ജ്ഞാനേശ്വരന്റെ സമാധി സ്ഥലമാണ് ആളിന്ദി.
ജ്ഞാനേശ്വരനെ വായിച്ചപ്പോൾ എന്നെങ്കിലും ഇവിടം സന്ദർശിക്കാൻ കഴിഞ്ഞെങ്കിൽ എന്നാഗ്രഹിച്ചിരുന്നു. 2017-ൽ മഹാരാഷ്ട്ര യാത്ര പ്ലാൻ ചെയ്യുമ്പോൾ ആളിന്ദി എന്റെ മനസിലുണ്ടായിരുന്നില്ല. പൂനെയ്ക്ക് അടുത്തുള്ള സ്ഥലമാണ് ജ്ഞാനേശ്വരന്റെ ആളിന്ദിയെന്ന ഓർമ്മപോലു മുണ്ടായിരുന്നില്ല. ഉച്ചകഴിഞ്ഞിരുന്നു ഞങ്ങൾ പൂനെയിൽ എത്തുമ്പോൾ. നേരെ സുഹൃത്ത് മഹേഷേട്ടന്റെ വീട്ടിലേക്കാണ് പോയത്. എല്ലാവരും കുളിച്ചു ഫ്രഷ്  ആകുമ്പോഴേക്കും വൈകുന്നേരമായി. ഇനി ഇന്ന് എവിടെ പോകാൻ, വെറുതെ ഒന്ന് പുറത്ത് കറങ്ങിവരാം എന്ന് കരുതി പുറപ്പെട്ടതാണ്. അപ്പോഴാണ് തികച്ചും അപ്രതീക്ഷിതമായി 'ആളിന്ദി' എന്ന ബോർഡ് ശ്രദ്ധയിൽ പെട്ടത്. പിന്നെ ഒന്നും ആലോചിച്ചില്ല. നേരെ ജ്ഞാനേശ്വർ മഹാരാജിന്റെ അടുത്തേക്ക് പോയി. 
ഇന്ദ്രായണി നദിയുടെ തീരത്തെ ഈ വിശുദ്ധ 
തീർത്ഥാടനകേന്ദ്രം
ഒരു ക്ഷേത്ര സമുച്ചയമാണ്. 

 

ആയിരക്കണക്കിനാളുകൾ ഇവിടെ നിത്യവും സന്ദർശിച്ചുവരുന്നു. 
കറുത്തപക്ഷത്തിലെ ഏകാദശിയാണ് ഇവിടെ  പ്രധാനം. അപ്പോഴാണ്  ഇവിടം കൂടുതൽ ആളുകൾ  സന്ദർശിക്കുന്നത്. 
ജ്യേഷ്ഠമാസത്തിലെ ഏകാദശിക്കു ജ്ഞാനേശ്വറിന്റെ ചന്ദന വിഗ്രഹം പല്ലക്കിലേറ്റി ആയിരക്കണക്കിനു ഭക്തരുടെ അകമ്പടിയോടെ ആളിന്ദിയിൽ നിന്നാരംഭിക്കുന്ന പ്രദക്ഷിണം പണ്ഡർപൂരിൽ എത്തിച്ചേരും. കാർത്തിക ഏകാദശിക്കാണ് വലിയ ഉത്സവം. ഈ ദിവസം ജ്ഞാനേശ്വറിന്റെ സമാധി ദിനമാണ്.  ഉത്സവത്തിലും  തീർത്ഥാടനത്തിനും  അനേകായിരങ്ങൾ സാക്ഷ്യം വഹിക്കുന്നതിനാൽ  സ്വദേശികൾക്ക് ഇതൊരു സാമ്പത്തിക സ്രോതസ്സാണ്.

   

 

ഇന്ദ്രായണി നദിയിൽ മുങ്ങിക്കുളിക്കുക ഒരു ആചാരമാണ്. പക്ഷെ ഇപ്പോൾ അത് വളരെ മലിനമായി തീർന്നിരിക്കുന്നു. 
മഹാരാഷ്ട്രയിലെ സഹ്യാദ്രി പർവതനിരകളിലെ ലോണാവാലയ്ക്കടുത്തുള്ള കുർവന്ദെ ഗ്രാമത്തിൽനിന്നാണ് ഇന്ദ്രായണി നദി ഉത്ഭവിക്കുന്നത്.അവിടെ നിന്ന് കിഴക്കോട്ട് ഒഴുകി 
ഹൈന്ദവ തീർത്ഥാടന കേന്ദ്രങ്ങളായ ദെഹു, ആളന്ദി എന്നിവടങ്ങൾ കടന്ന് പൂനെ നഗരത്തിന്റെ വടക്കുഭാഗത്തുള്ള 
ഭീമ നദിയോട് ചേരുന്നു.
പട്ടണത്തിലെ ഓട വെള്ളം ഒഴുകിയെത്തി ഉയർന്ന അളവിൽ കോളിഫോം ബാക്ടീരിയ നിറഞ്ഞിരിക്കുകയാണ് ഇന്ദ്രായണി നദിയിൽ.  

(തുടർന്ന് രണ്ടാം ഭാഗത്തിൽ) 

Share :