കർഷകർ ഉണരും: ഇതു കേരളമാണ്
വിശന്നു കരഞ്ഞ കുട്ടികൾക്കു മുന്നിൽ ഒരമ്മ പാത്രത്തിൽ കല്ലുപുഴുങ്ങി എന്ന വാർത്ത മേയ് 4 ലെ മാതൃഭൂമി ദിനപത്രത്തിൽ വായിക്കാനിടയായി. കെനിയയിലെ മൊംബാസയിൽ ആണ് ഈ സംഭവം . പെനിനാ ബഹതി കിതാസോ ആണ് തന്റെ എട്ടു മക്കളെ സമാധാനിപ്പിക്കാൻ പാത്രത്തിൽ കല്ല് പുഴുങ്ങിയത്. വിശന്നു കരയുന്ന മക്കളുടെ മുന്നിൽ അവരെ വിശ്വസിപ്പിക്കാൻ ഇതല്ലാതെ മറ്റൊരു മാർഗ്ഗവും ആ അമ്മയ്ക്കു മുന്നിലില്ലായിരുന്നു. വിധവയും നിരക്ഷരയുമായ ആ അമ്മ അയൽ വീടുകളിലെ തുണി അലക്കി കൊടുത്തും മറ്റു വീട്ടുവേലകൾ ചെയ്തു കിട്ടുന്ന വരുമാനം കൊറോന്ന വൈറസ് വ്യാപനത്തെ തുടർന്നുണ്ടായ പ്രതിസന്ധി മൂലം ഇല്ലാതായി. ഈ വിവരം മാദ്ധ്യമ ശ്രദ്ധയിൽപ്പെട്ടതോടെ ആ അമ്മയ്ക്ക് സഹായം ലഭിച്ചു തുടങ്ങി. ഇതിവിടെ കുറിക്കാൻ കാരണം പണ്ടു നമ്മുടെ നാട്ടിൽ ചിലയിടങ്ങളിൽ ഇതിനു സമാനമായ സംഭവങ്ങൾ ഉണ്ടായിട്ടുണ്ടെന്ന് കേട്ടിട്ടുണ്ട്. കുഞ്ഞുങ്ങൾ വിശന്നു കരയുമ്പോൾ കലത്തിൽ വെള്ളം തിളപ്പിക്കുകയും അതിൽ തവിയിട്ട് ഇളക്കുകയും ചെയ്ത് മക്കളെ ആശ്വസിപ്പിക്കാൻ അമ്മമാർ ഹൃദയവേദനയോടെ ശ്രമിച്ചിരുന്ന ഒരു കാലം. കുഞ്ഞുങ്ങൾ കരഞ്ഞു കരഞ്ഞ് തളർന്നുറങ്ങുകയും ചെയ്തിരുന്നു. പട്ടിണി എന്തെന്ന് കേരളീയരിൽ ഭൂരിഭാഗവും നന്നായി അറിഞ്ഞ ഒരു കാലമുണ്ടായിരുന്നു. എന്തുകൊണ്ടാവാം അന്നങ്ങനെ സംഭവിച്ചത്. കാർഷിക സംസ്കാരമുള്ള ഒരു നാട്ടിൽ ഇതു സംഭവിക്കുമോ എന്ന ചോദ്യങ്ങൾ സ്വാഭാവികമായി ഉയരാം. എന്നാൽ ഈ നാട്ടിൽ ഇങ്ങനെയൊക്കെ സംഭവിച്ചു. അതു മറ്റൊന്നു കൊണ്ടുമായിരുന്നില്ല . ജന്മി- കുടിയാൻ വ്യവസ്ഥയുടെ ഭാഗമായി നടന്ന കൊടിയ ചൂഷണവും അയിത്തവും അനാചാരവും ഒക്കെയായിരുന്നു അതിനു വഴിവച്ചത്.. കൂട്ടത്തിൽ ചിലരുടെ മിഥ്യാഭിമാനവും കാരണമായി.
നവോത്ഥാന നായകരുടെ പരിശ്രമങ്ങൾ കേരളത്തെ മാറ്റി മറിച്ചു. വിശക്കുന്നവനെ കണ്ടെത്താനും അവനെ സഹായിക്കാനും കൈ പിടിച്ചുയർത്താനും പുരോഗമനേച്ഛുക്കൾ രംഗത്തുവന്നു. അടിയന്മാരും ജന്മികളുമെന്ന അതിർവരമ്പ് മാറി. സമത്വവും സഞ്ചാരസ്വാതന്ത്യവും ആരാധന സ്വാതന്ത്ര്യവും നേടി.
ഇവിടെ കേരളത്തെ കുറച്ചു കൂടി മനസ്സിലാക്കേണ്ടതുണ്ട്. കടൽദാനം നൽകിയതാണ് കേരളക്കര. അതായത് കടലിറങ്ങി കരയായ നാട് . കടലിലെ സ്വാദിഷ്ടമായ മത്സ്യവിഭവങ്ങൾ കേരളീയർക്ക് കൈയടുത്ത്. കൊഞ്ച്, കണവ, ഞണ്ട്, കക്ക എന്തെല്ലാം. ഈ കടലിലേക്ക് ഒഴുകിയെത്തുന്ന പുഴകൾ. സുലഭമായി വെളളം ലഭിക്കുന്ന നാട് . ഫലവൃക്ഷങ്ങളോ ? പ്ലാവ്, മാവ് തെങ്ങ് , ആഞ്ഞിലി അങ്ങനെ അനവധി. നെൽവയലുകൾ. വാഴയും ചീനിയും മറ്റു കിഴങ്ങു വർഗ്ഗങ്ങളും വിളയിച്ചെടുക്കാവുന്ന സ്വർഗ്ഗഭൂമി. ഏതൊരു വിദേശിയേയും ആകർഷിക്കുന്ന നാട്.
നമുക്ക് ഇടയ്ക്കൊന്ന് പതറിപോയി. അതുമൂലം പച്ചക്കറിയും നെൽമണിയും എല്ലാം അയൽ സംസ്ഥാനങ്ങളിൽ നിന്നു കൊണ്ടുവരേണ്ടി വന്നു. ഇപ്പോൾ അത് കിട്ടുമോ എന്ന ആശങ്കയിലാണ് കേരളം. നമ്മൾ കണക്കുകൂട്ടിയതിൻ പടിയല്ലല്ലോ കാര്യങ്ങളുടെ പോക്ക്. പറ്റിയാൽ ചൊവ്വയിലും ചന്ദ്രനിലും താമസമാക്കുന്നതിനെ പറ്റി ആലോചിച്ചു ആകാശത്തേക്കു നോക്കി നടക്കുമ്പോഴാണ് ആ മഹാമാരിയുടെ വരവ്. നോവൽ കൊറോണ വൈറസ് .
എല്ലാവരെയും വീടുകളിലിരുത്തി. വാഹനങ്ങൾ ഓടാതായി. അപ്പോഴാണ് ഒരു സംഗതി വെള്ളിടി പോലെ അറിയുന്നത്. ഭക്ഷ്യക്ഷാമം ഉണ്ടായേക്കാം .
കൊറോണ വൈറസ് വ്യാപനത്തെ പ്രതിരോധിക്കാനായി 53 ദിവസമായി ഉള്ള അടച്ചുപൂട്ടൽ. മറ്റിടങ്ങളിലെ പോലെ കേരളത്തിലെ പുഴകൾ ശുദ്ധമായി. വായു മലനീകരണം ഇല്ല. അയൽ ബന്ധങ്ങളും സ്വഭവനങ്ങളിലെ ബന്ധങ്ങളും ദൃഢമായി. അങ്ങനെ ഒത്തിരി മാറ്റങ്ങൾ ഉണ്ടായി. ഇക്കൂട്ടത്തിൽ കേരളീയർക്ക് ബോധോദയം ഉണ്ടാവുന്നു. കൃഷിയെ സംബന്ധിച്ച് മലയാളികൾ ഗൗരവ ത്തോടെ ചിന്തിച്ചു തുടങ്ങിയിരിക്കുന്നു.
ഇതു കേരളത്തിന്റെ രണ്ടാം നവോത്ഥാന കാലഘട്ടമാണ്. കാർഷിക സംസ്കാരം വാർത്തെടുക്കുന്നതിന്റെ നവോത്ഥാനം. കാർഷിക മേഖലയോടു മലയാളികൾ കാട്ടിയ അയിത്തം പിഴുതെറിയാൻ സമയമായി. നമ്മുടെ മണ്ണ് ഊർവ്വരമാകണം . അതിന് കർഷകർ ഉണരുകയായി. അതിനു സഹായകമായി എല്ലാവരും ഉണ്ടാവണം. കർഷകരെ രണ്ടാം തരം പൗരമായി ആരും കാണാതിരിക്കുക .
കേരളം പ്രതിസന്ധികളെ അതിജീവിക്കും. അതു കേരളത്തിന്റെ പ്രത്യേകതയാണ്. 1924 ലെ വെള്ളപ്പൊക്കത്തെ മലയാള നാട് അതിജീവിച്ചു. പിൽക്കാലത്തുണ്ടായ പ്രളയവും സുനാമിയും ഓഖിയും അങ്ങനെഎന്തെല്ലാം ദുരന്തങ്ങൾ. എന്നിട്ടും ഈ മലയാളനാട് തലയുയർത്തി നിന്നു. മുന്നോട്ടു പോകാനുള്ള അതിജീവനം ഈ നാടിന്റെ സൗന്ദര്യമാണ്.
കൃഷിയും കൃഷി നാശവും ഈ നാടിന്റെ ചർച്ചയാണ് . കൃഷിയിടത്തിൽ അന്നം വിളിയിക്കാനായി ഇറങ്ങുന്ന കർഷകരെ കണ്ടിട്ടില്ലെ. തലയിലൊരു പാളത്തൊപ്പിയും ഒരു തോർത്തുമുടുത്ത് വയലിലും കരയിലും പണിക്കിറങ്ങുന്ന കർഷകർ. അവർക്ക് ഈ ഭൂമിയുടെ സ്പന്ദനം അറിയാം. മഴക്കാലവും വേനൽക്കാലവും കൃത്യമായി പറഞ്ഞു തരും. മുകളിലേക്ക് സൂര്യന്റെ സ്ഥാനം നോക്കി കൃത്യസമയം പറയും. എന്തുമാത്രം കരുതലാണ് കർഷകർക്ക് ഈ ഭൂമിയോടുള്ളത്. കാലിൽപ്പറ്റിയ ചേറിന്റെയും ശരീരത്തിലെ വിയർപ്പിന്റെയും ഗന്ധത്താൽ കർഷകരെ ചില പരിഷ്കാരികൾ അകറ്റി നിർത്തിയിട്ടും അവർ മണ്ണിൽ പണിയെടുത്തു. ഒരു പിടി അന്നത്തിനായി മറ്റുള്ളവർ വിഷമിക്കരുതെന്ന് കർഷകർ ചിന്തിച്ചു. അവരുടെ അദ്ധ്വാനമില്ലായിരുന്നുവെങ്കിൽ ഈ ലോക് ഡൗൺ കാലത്തൊന്നു ചിന്തിച്ചെ ? അപ്പോൾ നമ്മൾ ജയ് വിളിക്കേണ്ടത് ആർക്കാണ്. കതിരുകാക്കുന്ന കർഷകനു തന്നെ.
കർഷകർ എന്നു പറയുമ്പോൾ നെൽകർഷകർ, താറാവ് കർഷകർ, വാഴ, ചീനി, ഇഞ്ചി തുടങ്ങിയവ വിളയിച്ചെടുക്കുന്നവർ തന്നെ. അവരുടെ അദ്ധ്വാനത്തിന് നമ്മുടെ സഹകരണം ഉണ്ടാവണം.
അണ്ണാൻ കുഞ്ഞിനു തന്നാലായത് എന്ന് പറയും പോലെ എല്ലാവരിൽ നിന്നും പ്രയത്നമുണ്ടാവണം. മറ്റു തിരക്കുകളിൽ നിന്നും സ്വല്പം സമയം കൃഷിക്കായി മാറ്റി വയ്ക്കണം. അടുക്കളത്തോട്ടം എല്ലാവർക്കും ആകാം. സ്വല്പം ചീര, പയർ, വെണ്ട, വഴുതന തുടങ്ങിയവ കൃഷി ചെയ്യാം. ഒരു വീട്ടിൽ രണ്ട് കോഴിയെ വളർത്താവുന്നതെയുള്ളു. അതെങ്ങനെ. അല്ലെ ? ഒരു വീട്ടിൽ രണ്ട് പേരെ ഉള്ളുവെങ്കിലും നാല് കക്കൂസ് ഉണ്ടാവും. എന്നാലും കോഴി മുറ്റത്തല്ലെ കാഷ്ഠിക്കു. ടൈലിട്ട മുറ്റം വൃത്തികേടാവുന്നത് സഹിക്കാൻ പറ്റുമോ ?
കമന്റ്: ഓരോ പ്രദേശങ്ങളിലെ ക്ലബ്ബുകളും രാഷ്ട്രീയ പാർട്ടികളും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും കർഷകരെ ആദരിക്കൽ ചടങ്ങുകൾക്ക് പ്രാമുഖ്യം നൽകണം. ഒരിറ്റ് വറ്റു കിട്ടണമെങ്കിൽ കർഷകർ കനിയണം. കുറച്ചു കൂടി വ്യക്തമായി പറഞ്ഞാൽ കർഷകർ ഈ നാടിന്റെ ഐശ്വര്യം.