Archives / April 2020

ഫൈസൽ ബാവ
അസ്‌മോ സ്മരണ

  

തോളിൽ വെച്ചിരുന്ന കൈ പെട്ടെന്നാണ് അപ്രത്യക്ഷ്യമായത്. തിടുക്കത്തിൽ നടക്കുമായിരുന്ന അസ്‌മോക്ക, എവിടെയോ കവിത ചൊല്ലാൻ പോയിക്കാണും എന്നാണ് ആദ്യം കരുതിയത്. ആകാശത്തതിന് കീഴെ എവിടെ കവിതയുണ്ടെങ്കിലും ക്ഷണിച്ചാലും ഇല്ലെങ്കിലും അസ്‌മോക്കയെത്തും. എന്നാൽ ഇത്തവണ പോയതിൽ പിന്നെ വന്നില്ല  നീണ്ട കാലത്തേ സൗഹൃദത്തതിന്റെ ഇടയിൽ പെട്ടെന്നുള്ള അസ്‌മോക്കയുടെ വിടവാങ്ങൽ ഉണ്ടാക്കിയ ശൂന്യത ഇന്നും നിലനിൽക്കുന്നു. 

"ഒരു കവിത 

വക്കുപൊട്ടിയ അക്ഷരങ്ങൾ കൊണ്ട്

 ജീവിതം വരച്ചു"  

കവിത തന്നെ ജീവിതമാക്കി നടന്നു നീങ്ങിയ ഒരു മനുഷ്യൻ ഉള്ളിൽ നിറച്ചുവെച്ച   ഒളിപ്പിച്ചുവെക്കുന്ന സങ്കടങ്ങളത്രയും പുറത്തു വരാതെ ചുണ്ടിൽ പുഞ്ചിരിയായി വന്നുകൊണ്ടിരിക്കും ചിരിക്കുരുതി എന്ന ഒരൊറ്റ കവിതാ സമാഹാരത്താൽ തീരുന്നതായിരുന്നില്ല അസ്‌മോ എന്ന കവി. 

"ഇനിയേതു പുനർജന്മത്തിൻ 

 തണൽ തേടി; തളർന്നുലഞ്ഞ 

ഭാരവുംപേറി നടന്നു നീങ്ങുന്നു നീ? 

കവിതയുടെ ഭാരം പേറി ജീവിതമത്രയും ഒട്ടും ഒച്ചപ്പാടില്ലാതെ 

നടന്നു നീങ്ങിയ കവിയാണ് അസ്‌മോ പുത്തൻചിറ. എന്നാൽ തനിക്കു ചുറ്റും വലിഞ്ഞു മുറുകിയ ഒരു ലോകത്തിൻെറ മുഴുവൻ വിഹ്വലതകളും തൻ്റെതാണ് എന്നാണ് അദ്ദേഹം ജീവിതകാലമത്രയും കരുതിയിരുന്നത്,

 ജീവിതാവസാനം വരെ അതെല്ലാം കൂടെയുണ്ടാകും എന്നും. 

ഒടുവിൽ

രംഗമൊഴിയുമ്പോഴാണ്

നാമറിയുക

അവന്റെ കാലിൽ

ചങ്ങലയില്ലായിരുന്നെന്ന്” 

ജീവിതത്തിന്റെ ഈ വേറിട്ട യാത്രയിൽ സൗഹൃദത്തിന്റെ പേരിലമർന്നു വീണചില ചതിയുടെ  കരങ്ങളും ചിലത് തിരിച്ചറിഞ്ഞതും അല്ലാതെയും അവരെയും സ്നേഹിക്കാൻ അസ്‌മോക്ക് തയ്യാറായി 

നല്ലവനെ

ചതിക്കാനെളുപ്പം

പറയുന്നതിൽ

സത്യമേ കാണൂ’’

(ചതി)

അപ്പോഴും പിടയുന്ന  ഉള്ളിനെ ഉലയ്ക്കുന്ന കവിതകളിലൂടെ കഴിഞ്ഞ അൻപത് വർഷങ്ങളോളം മലയാളത്തിൽ നിറഞ്ഞു നിന്ന കവിയായിരുന്നു അസ്മോ പുത്തൻചിറ. ഇടറിയ ഒരു നോട്ടത്തിൽ ചങ്കു പൊട്ടുന്ന വേദനയിൽ അസ്മോക്ക ജിവിതത്തിന്റെ വിവിധ വശങ്ങളെ അക്ഷരതുണ്ടുകളാക്കി കവിതയിലേക്ക് ഉരുക്കിയോഴിച്ചത് കൊണ്ടാണ് ഈ ചതികളെയൊക്കെ നേരിട്ടത്    

“ നീതിക്ക് കുരുതി കൊടുക്കും

നിണമൊഴുകും തെരുവിൽ

നിലവിട്ട് കേഴുമ്പോ-

ളെങ്ങനെ ഞാൻ നിന്നോടു മിണ്ടാൻ”

(മൗനമുദ്രകൾ) എന്ന് കവിതയിലൂടെ പറഞ്ഞുകൊണ്ട് മുഖത്ത് ആ പാൽപുഞ്ചിരി വിരിയും. അപ്പോഴും  കവിതയിൽ ഉള്ള് വേവുന്ന മണമുണ്ടാകും. 

വാലറ്റത്ത് ഒരിടവുമില്ലാതെ

അനാഥമായി 

തൂങ്ങിപ്പിടിച്ചുനില്‍ക്കുന്ന കവിത” 

എന്ന് താൻ തന്നെയാണ്  തൂങ്ങി നിൽക്കുന്നത്, എന്നും അസ്മോ അങ്ങനെയായിരുന്നു കവിതയിൽ അല്ലാതെ കവി എവിടെയും ഉറച്ചു നിന്നില്ല,  ഏറിയ കാലവും മരുഭൂമിയിൽ ജീവിതത്തെ ഇണക്കി വെച്ച് എന്നിട്ട് നാടിൻറെ പച്ചപ്പിലേക്ക്  നോക്കിയിരുന്നു. നിരന്തരാന്വേഷണത്തിലൂടെ അസ്മോ കവിതയുടെ പുതിയ പുതിയ മേച്ചിൽ പുറങ്ങൾ തേടി അധികം ശബ്ദ കോലാഹലങ്ങൾ ഇല്ലാതെ അലയുകയായിരുന്നു. ദീർഘ കാലത്തെ പ്രവാസ ജീവിതം നൽകിയ പാഠങ്ങൾ കവിതയിലൂടെ ആവാഹിക്കുകയായിരുന്നു  മരുഭൂമിയുടെ കടുത്ത ചൂടും അപ്രതീക്ഷിതമായി അതിനെ  നോക്കി ചിരിക്കുന്ന മഴയും വന്മരങ്ങളുടെ നിഴൽ പതിക്കാത്ത മരുഭൂമിയും കവിതയിൽ ഒഴിവാകാനവാത്ത അടയാളമായി മാറുന്നു. കൂടെയുള്ളവരെയൊക്കെ കൂട്ടി നിരന്തരം കവിതയെ പറ്റി പറയാനൊരു കോലായ തേടി അസ്‌മോ അലഞ്ഞു. കിട്ടിയ ഇടങ്ങളിലെല്ലാം അസ്‌മോ തന്റെ കവിതയുടെ കോലായ പണിതു. എഴുത്തിനെ ഇഷ്ടപ്പെടുന്നവരെയൊക്കെ ആ കോലായിലെ തിണ്ണയിലിരുത്തി കവിത ചൊല്ലിച്ചും കവിത കേൾപ്പിച്ചും നടന്ന ഒരു വേറിട്ട മനുഷ്യൻ

 'പുസ്തകം തുറന്ന് 

ചിക്കിപ്പെറുക്കി

കിട്ടിയ കതിരുംകൊണ്ട് 

അടുത്ത കോലയയിലേക്ക് 

പറന്നു പോയി വായന"  

എന്ന് അസ്മോ തന്റെ കോലായയെ പറ്റി എഴുതുന്നു. തുറന്ന മനസും ആരെയം സ്വീകരിക്കാനും അവരെ നന്നായി കേള്ക്കാനും ഉള്ള സന്മനസും വേണ്ടുവോളം ഉള്ള അപൂർവം  കവികളിൽ ഒരാളാണു അസ്മോ. മക്കളില്ലാത്ത വിധിയെ കൂടെ നടക്കുന്ന എല്ലാവരെയും ചേർത്ത് പിടിച്ചു ഇതെല്ലം എന്റെ മക്കളെന്നു പറഞ്ഞുകൊണ്ട് നേരിട്ടു. 

''ഭാര്യ പരിതപിച്ചു

ഇതുവരെ നമുക്ക് 

കുഞ്ഞ് ജനിച്ചിട്ടില്ല.

കവി പ്രതികരിച്ചു 

നമുക്കല്ലാതെ 

ഈ ലോകത്ത് 

ഒരു കുഞ്ഞും 

ജനിച്ചിട്ടില്ല'' 

ഇങ്ങനെ പറയാൻ അസ്മോക്ക് മാത്രമേ സാധിക്കൂ. 

കലർപ്പില്ലാത്ത തന്റെ ജീവിതത്തിലൂടെ താൻ  സ്വായത്തമാക്കിയ  അറിവുകളെ  അക്ഷരങ്ങളിലൂടെ അവതരിപ്പിക്കുന്നു. അതിനാൽ കവിതകൾ  ലളിതം. 

ഓരോ സൗഹൃദത്തിനും മായാത്ത ഓർമ്മകൾ നൽകി അസ്‌മോക്ക യാത്രയായി.  തോളിൽ നിന്നെടുത്ത കൈകൾ വീശി അസ്‌മോക്കയങ്ങു തിടുക്കത്തിൽ പോയി. പിന്നെ അവസാനത്തെ കുളിയിൽ  നനവോടെ തൊടുമ്പോൾ ആ തണുത്ത ശരീരം എടാ ഞാൻ പോകുകയാണ് ട്ടോ എന്നൊരു ചിരി ആ ചുണ്ടിൽ ബാക്കി കിടന്നിരുന്നു. അല്പം കൂടി സമയം അനുവദിച്ചു കിട്ടിയിരുന്നു എങ്കിൽ ആ വിടവാങ്ങലും രണ്ടു വരി കവിതയായി പിറക്കുമായിരുന്നു. മയ്യിത്ത് കുളിപ്പിക്കുമ്പോളും ഉള്ളു പിടക്കുകയായിരുന്നു മുഖത്ത് നിന്നും മാറാത്ത ചിരി, എന്തോ പറയാനുണ്ടെന്ന ബാക്കിവെക്കൽ... എന്തായിരിക്കും എന്നോടായി പറയാൻ ബാക്കിവെച്ചത്? ഇന്നും കയ്യിലെ ആ തണുപ്പ് വിട്ടുപോയിട്ടില്ല, ഒരു കുഞ്ഞിനെ കുളിപ്പിക്കും പോലെ കുളിപ്പിച്ച് യാത്രയാകുമ്പോൾ ഇതൊരു അവസാന കാഴ്ചയാണ്  എന്നൊരു ഭാവം അസ്‌മോക്കയുടെ മുഖത്ത് ഉണ്ടായിരുന്നില്ല നമുക്കിനിയും കോലായ കൂടാനുണ്ടെന്ന് എന്നും വിളിക്കുന്ന പോലെ പറഞ്ഞു ഞാൻ കോലായിൽ ഉണ്ടാകുമെന്നു പറഞ്ഞു ആരൊക്കെയോ അങ്ങ് ഇറക്കികൊണ്ടുപോയി. 

കവിതയിലൂടെ നടത്തം അവസാപിപ്പിക്കാതെ ഒരു ചെറു പുഞ്ചിരി ബാക്കിയാക്കി നടന്നകന്നു അസ്മോ എന്ന കവി. 

"ചുടുചൊരച്ചിരി കാട്ടി 

പടുചതിയിൽ കുഴൽ വെട്ടി

തരം  നോക്കി തല വെട്ടി 

കുരുതിക്കായ് കരുവാക്കി 

പലരിവിടെ പതിവായി"    

ഇങ്ങനെ ചോദിക്കാൻ തര്ക്കിക്കാൻ... കലഹിക്കാൻ... കവിത ചൊല്ലി കേൾപ്പിക്കാൻ ഇനി അസ്മോ ഇല്ല. എവിടെയെല്ലാം കവിത പിറക്കുന്നുവോ അവിടെക്കെല്ലാം നക്ഷത്രത്തുളയുള്ള ആകാശ  തമ്പിൻകീഴിലിരുന്ന്  അസ്‌മോ നോക്കുന്നുണ്ടാകും.   

Share :