Archives / April 2020

കെട്ടിടം
-നഈം കുട്ടമ്പൂര്-

പഞ്ച് ചെയ്ത 

ബസ്  കാർഡ് 

പോക്കറ്റിൽ വെച്ചയാൾ 

പാർക്കിലെ 

ഇരിപ്പിടത്തിലിരുന്നു. 

 

അനേകമാളുകൾ 

പോയി വന്ന് കൊണ്ടിരിക്കുന്ന

കൊട്ടാര സമാന 

കെട്ടിടത്തിലേക്കയാളെ 

കണ്ണുകളോടിചെന്നു.  

 

എണ്ണിയെത്തിയ 

പതിമൂന്നാം നിലയും 

വ്യാപാര മുറികളാൽ 

നിറഞ്ഞിരിക്കുന്നു. 

 

സ്വപ്‌നങ്ങൾ മാടിവിളിച്ച

മരുഭൂമണ്ണിൽ 

ആദ്യമായെത്തിയ നാളുകളിൽ 

കൂടെ കൊണ്ട് നടന്ന 

മാമനിന്നു നാട്ടിലാണ്. 

 

പ്രവാസത്തിന്റെ 

പ്രയാസങ്ങളെണ്ണി 

പറയുന്നേരം, 

കാലമധികവും 

കഴിച്ചു കൂട്ടിയ 

കഷ്ട്ട ജോലി 

കണ്മുന്നിൽ കാണുന്ന 

മാളിലായിരുന്നു. 

 

നിലയോരോന്നും കഴിഞ്ഞു 

പതിമൂന്നെത്തും വരെ 

പിന്നിട്ട വർഷങ്ങൾ 

പത്തായിരുന്നു. 

ചേർന്നു ചേർന്നു നിൽക്കുന്ന 

കെട്ടിട സമുച്ചയത്തിൽ 

ബെൽറ്റും, തൊപ്പിയും 

സുരക്ഷയാക്കി 

എല്ല് മുറിയെ 

പണിയെടുത്തു. 

 

കുടിവെള്ളമില്ലാത്ത 

ചുറ്റുപാടിലിന്ന് 

കുപ്പിവെള്ളമനേകം, 

വഴി തിരിക്കാത്ത 

മരുഭൂവിലിന്നു 

വഴികളാണ് നിറയെ. 

 

സൈറ്റ് സെറ്റായി 

സമുന്നത പേരുകൾ വീണു, 

മനുഷ്യ കൂട്ടങ്ങൾ 

മാളിലധികരിക്കുന്നു, 

മാള് പണിതവൻ 

മൗനനായി 

മലയാള നാട്ടിലും. 

 

 

Share :