Archives / April 2020

കാരൂർ സോമൻ , ലണ്ടൻ
പ്രവാസികളോട് കാട്ടുന്നത് ഭരണകൂട ഭീകരത 

   സിന്ധുനദീതട സംസ്കാരകാലം മുതൽ അടിമത്വം ഭാരതത്തിലുണ്ട്. അതിന്റ പിൻതലമുറക്കാരാണ് പ്രവാസികളിലെ പാവങ്ങൾ.  അവർ വഴി പണമുണ്ടാക്കിയ കേന്ദ്ര സംസ്ഥാന ഭരണകൂടങ്ങളും തൊഴിൽ ഉടമകളും അവരെ പെരുവഴിയിലേക്കാണ് ഇറക്കിവിട്ടത്.  കേരളത്തിലെ വഴിയോരങ്ങളിൽ വിശന്നു കിടന്ന നായ്ക്കളോടു പോലും സഹാനുഭൂതി കാട്ടിയവർ പ്രവാസികളോടെ കാട്ടുന്നത് നിന്ദ്യവും നീചവുമാണ്.  കഴിഞ്ഞ നാളുകളിൽ അവരുടെ ദീനരോദനങ്ങൾ നമ്മൾ  കണ്ടുകൊണ്ടിരിക്കുന്നു.  ഒരു നേരെത്തെ ഭക്ഷണം വാങ്ങി കഴിക്കാൻ പണമില്ലാത്തവർ, വാടക കൊടുക്കാൻ നിവർത്തിയില്ലാത്തവർ, രോഗത്തിൽ കഴിയുന്നവർ, മരുന്നു വാങ്ങാൻ പണമില്ലാത്തവർ, ജോലി നഷ്ടപ്പെട്ടവർ, ഗർഭിണികൾ,  കുഞ്ഞുങ്ങൾ, പാശ്ചാത്യ രാജ്യങ്ങളിൽ ജീവിക്കുന്ന വിദ്യാർത്ഥികൾ  ഇങ്ങനെ പല വിധത്തിൽ ദുഃഖ ദൂരിതം അനുഭവിക്കുന്നവരെ സ്വന്തം ജന്മനാട്ടിലേക്ക് തിരികെ കൊണ്ടുവരാൻ മെയ് ഏഴാം തീയതിവരെ കാത്തിരിക്കേണ്ടി വന്നു. അതും ആടിനെ പച്ചില കാട്ടി കണ്ണും കരളും കവരുന്നതുപോലെയുള്ള പദ്ധതി.  ഇതിനകം ദരിദ്ര രാജ്യങ്ങളായ പാകിസ്ഥാൻ, ഫിലിപ്പൈൻസ് അടക്കം ധാരാളം രാജ്യങ്ങൾ അവരുടെ പൗരന്മാരെ സർക്കാർ ചിലവിൽ സ്വന്തം രാജ്യങ്ങളിലേക്ക് കൊണ്ടുപോയി.  ഇന്ത്യയിൽ കുടുങ്ങിക്കിടന്ന പാശ്ചാത്യ പൗരന്മാരെയും അതാത് രാജ്യങ്ങൾ കൊണ്ടുപോയി. എന്നിട്ടും നമ്മുടെ ഭരണാധിപന്മാർ പരിശ്രമംകൊണ്ട് പരിഹാസപാത്രങ്ങളാകുന്നു.  

ഇപ്പോൾ കണ്ടത് യാതൊരുവിധ സഹതാപവുമില്ലതെ പതിറ്റാണ്ടുകൾ പ്രവാസിയിൽ നിന്ന് ഈടാക്കിയ തുകയുടെ പലിശപോലും നൽകാതെ, എംബസികളിൽ കെട്ടികിടക്കുന്ന വെൽഫെയർ ഫണ്ട് ചിലവാക്കാതെ വിമാന -കപ്പൽ തുക പാവങ്ങളായ പ്രവാസികളിൽ നിന്ന് ഈടാക്കുന്ന ആസൂത്രിതമായ വികസനം. പാവപ്പെട്ട പ്രവാസികൾ കൊറോണ ദുരന്തത്തിൽ പടുകുഴിയിൽ വീണിരിക്കുമ്പോഴാണ് ഇന്ത്യൻ ചരിത്രത്തിലാദ്യമായി പ്രവാസികളെ ഇങ്ങനെ പീഡിപ്പിക്കുന്നത്. ഇവർ ഇന്ത്യയിലെ പാവങ്ങളെയും ഇങ്ങനെയാണ് ചവുട്ടിമെതിച്ചു ജീവിക്കുന്നത്.  നല്ലൊരു ഭരണാധിപന് കണ്ണുണ്ടായാൽ മാത്രം പോര കാണാനുള്ള കാഴ്ച്ച ശക്തിയും വേണം. പ്രവാസികൾ നിത്യവും വേദനയിൽ കഴിഞ്ഞുകൂടിയപ്പോൾ കണ്ണാടിപ്പുരയിലിരുന്ന് കല്ലെറിയുന്നവരെപ്പോലെ പ്രവാസികൾക്കായി മുതലക്കണ്ണീർ ഒഴുക്കികൊണ്ടിരിക്കുന്നവർ.  ഗൾഫ് രാജ്യങ്ങളിൽ ജീവിക്കുന്ന ബഹുഭൂരിപക്ഷവും അധിക വിദ്യഭ്യാസ യോഗ്യതകൾ ഉള്ളവരല്ല. അവർ സാധാരണ തൊഴിൽവർഗ്ഗത്തില്പെട്ടവരാണ്. സ്വന്തം വിടും ഭാര്യയും കുഞ്ഞുങ്ങളും ഉപേക്ഷിച്ചു് പ്രതികൂല കാലാവസ്ഥയെ അതിജീവിച്ചു് കഠിന പ്രയത്നത്തിലൂടെ കിട്ടുന്ന ശമ്പളം നാട്ടിലയച്ചു കുടുംബം പോറ്റുന്ന പ്രവാസി ഈ ദുർഘട വേളയിൽ വിമാന കൂലി കൊടുക്കണമെന്ന് പറയുന്നത് അമിതമായ സുഖലോലുപതയിൽ ജീവിക്കുന്ന ഭരണാധിപന് അറിയണമെന്നില്ല. എന്തുകൊണ്ടാണ് ജോലി ചെയ്യുന്ന സ്ഥാപനങ്ങൾ വിമാനക്കൂലി കൊടുക്കാത്തത്? അതിൽ നമ്മുടെ എംബസികൾ എന്തുകൊണ്ട് ഇടപെട്ടില്ല. അവർ കൊടുക്കില്ലെങ്കിൽ എന്തുകൊണ്ട് എംബസികൾ അവർക്ക് യാത്രക്കൂലി കൊടുക്കുന്നില്ല?  അന്ധവിശ്വാസങ്ങൾ വളമിട്ട് വളർത്തുന്നതുപോലെ ജനാധിപത്യത്തിൽ ഒരു ജീർണ്ണസമൂഹത്തെ വളർത്തുന്നവർക്ക് വേദനിക്കുന്നവനോട് അനുകമ്പ തോന്നണമെന്നില്ല. നിർവാജ്യമായ സ്‌നേഹത്തോടെ ഒന്ന് നോക്കുവാൻപോലും അവർക്കാവില്ല.  ഇന്ത്യൻ ജനാധിപത്യം ക്രൂരമായിക്കൊണ്ടിരിക്കുന്നതിന്റ തെളിവാണിത്. വേട്ടക്കാരന് ഇരയുടെ നൊമ്പരം തിരിച്ചറിയണമെന്നില്ല. 

 ലോകത്തുള്ള യജമാനന്മാർ, മുതലാളിമാർ അടിമകളോടെ കാട്ടിയ സമീപനമാണ് ഈ ഭരണാധിപന്മാർ പ്രവാസികളോട് കാട്ടുന്നത്.  മുൻപ് രോക്ഷകുലാരായ യജമാനന്മാരും അവന്റെ കാവൽക്കാരും അടിമകളെ മർദ്ദിച്ചു അവശരാക്കിയെങ്കിൽ ഗൾഫിലെ കൂലിവേല തൊഴിലാളികൾ താമസിക്കുന്നത് പത്തും പതിനഞ്ചും പേരുള്ള മുറികളിലാണ്. നിത്യവും അവരുടെ മനസ്സ് സംഘര്ഷത്തിലാണ്. തന്റെ മുറിയിൽ പാർക്കുന്ന ആർക്കാണ് കൊറോണ കോവിഡ് രോഗമുള്ളത്? അതാണ് അവരുടെ ആശങ്ക. ജീവനും മരണവും തമ്മിലുള്ള മാനസിക പോരാട്ടം. അവർ പരസ്പരം നോക്കാൻപോലും ഭയപ്പെടുന്നു. ഒരു ഭാഗത്തു് പട്ടിണിയടക്കം ദുഃഖ ദുരിതങ്ങൾ.  മറുഭാഗത്തു് ചൈന കയറ്റിവിട്ട ജൈവ കൊറോണ രാക്ഷസ്സൻ. ഇങ്ങനെ നീണ്ട നാളുകൾ നീറിനീറി ജീവിക്കാൻ, മാനസിക പീഡനങ്ങളനുഭവിക്കാൻ  ഇടയാക്കിയത് ആരാണ്? ഭരണത്തിലരിക്കുന്നവരോട് പത്രക്കാർ പ്രവാസികളെപ്പറ്റി ചോദ്യങ്ങൾ ചോദിക്കുമ്പോൾ ഉത്തരം മുട്ടുക മാത്രമല്ല അവർക്കായി ശക്തമായ യാതൊരു നടപടിയുമെടുത്തില്ല. പഴങ്കഞ്ഞി കുടിച്ചാലും പത്രാസും പൊങ്ങച്ചവും വിടില്ല എന്ന ഭാവമുള്ളവർ. വിമർശിക്കുന്നവരെ ശത്രുപക്ഷത്തു കാണുന്നവർ. 

കേരളത്തിന്റ സമ്പത്തു് ഘടനയിൽ ഗാഢമായി ഇടപെട്ട കേരളിയെന്റെ പട്ടിണി മാറ്റിയ, കാലാകാലങ്ങളിലായി ജന്മനാടിനെ നെഞ്ചോട് ചേർത്ത് സാധ്യമായ സകല സഹായങ്ങളും ചെയ്തുകൊടുത്ത പാവം പ്രവാസികളോട് അവരുടെ ദുഃഖ വേളയിൽ കാട്ടിയ നന്ദികേട് അധികാരസ്ഥന്മാർക്ക് അറിയാഞ്ഞിട്ടല്ല അതിലുപരി അവരുടെയുള്ളിലെ ഭരണകൂട ഭീകരതയാണ്. അമിതമായ അധികാര സുഖഭോഗങ്ങളിൽ ജീവിക്കുന്നവർക്ക് അടുത്ത തെരെഞ്ഞെടുപ്പിൽ എങ്ങനെ വോട്ടുപെട്ടി നിറക്കാം അതാണ് ചിന്ത. അതിനുള്ള ഗുഢതന്ത്രങ്ങൾ മെനഞ്ഞെടുക്കും.  പ്രസ്താവനകൾ നടത്തും. സങ്കീർണ്ണമായ  വൈകാരികത നിറഞ്ഞ ഈ ഘട്ടത്തിൽ തന്റെ ജനത്തെ രക്ഷപെടുത്താൻ ഇത്ര നാളുകളായിട്ടും എന്ത് ചെയ്തു?  നരകതുല്യമായ ഒരു ജീവിതത്തിലേക്ക് അവരെ തള്ളിവിടില്ലായിരുന്നു. അവർ അനുഭവിച്ച ഹൃദയവ്യഥകൾ ആർക്കുമറിയില്ല. 

ഇപ്പോൾ നടക്കുന്നത് അസാധാരണ സംഭവം എന്ന പേരിൽ ഓരോരുത്തർ കൊട്ടരിടത്തും പാട്ടൊരിടത്തും എന്ന വിധത്തിലാണ് സംസാരിക്കുന്നത്. അസാധാരണ സംഭവമെങ്കിൽ അസാധാരണ നടപടികളാണ് ആവശ്യം.  അതിന് അസാധാരണ ചൈതന്യമുണ്ടായിരിക്കും. അത് സ്തുതിപാഠകരും ചുമടുതാങ്ങികളും പറയുന്നതുപോലെയല്ല. മാനസികവും ശാരീരികവുമായി തളർന്നുകൊണ്ടിരിക്കുന്ന പ്രവാസികളെ കാറ്റിൽപ്പെട്ട പഞ്ഞിപോലെ തള്ളിക്കളയുന്നത് അമ്പരപ്പോടെയാണ് പ്രവാസലോകം കാണുന്നത്. കൊറോണ പോലെ ഭരിക്കുന്ന സർക്കാരുകളും ഭയവും ഭീതിയും സംശയങ്ങളും ജനിപ്പിക്കുന്നു. പാവം പ്രവാസികൾ അവരുടെ വേദനകളെ നിശ്ശബ്‌ദം താലോലിക്കുന്നു. കണ്ണുനീർ വാർക്കുന്നു.  കൊറോണയെ, പട്ടിണിയെ, നൊമ്പരങ്ങളെ കിഴടക്കാൻ സാധിക്കാതെ വീർപ്പുമുട്ടലുമായി നിത്യവും കഴിയുന്നു. 

ഈ ദിവസംവരെ പ്രവാസികളുടെ കാര്യത്തിൽ സജീവമായി ഇടപെടാൻ എന്തുകൊണ്ട് ഭരിക്കുന്നവർക്ക് സാധിച്ചില്ല എന്നത് സാധാരണ പ്രവാസി ചോദിക്കുന്ന ചോദ്യമാണ്. മനുഷ്യത്വരഹിതമായ ക്രൂരതകളെ താലോലിക്കാൻ പ്രബുദ്ധരായ ജനത ഒരിക്കലും തയ്യാറാകില്ല. ഇതുപോലുള്ള സന്ദർഭങ്ങളിലാണ് മാനവികത കാണേണ്ടത്. കുവൈറ്റ് യുദ്ധ കാലത്തു് അത് ഞാൻ നേരിൽ കണ്ടു. കുവൈറ്റിൽ നിന്ന് സൗദി ദമ്മാമിലെത്തിയ മലയാളിമക്കളെ ഞങ്ങൾ ദഹറാൻ എയർപോർട്ടിൽ എത്തിച്ചതും പലരും ജോർദ്ദാൻ വഴി കേരളത്തിലെത്തിയതും ഓർമ്മയിലെത്തുന്നു.  ഈ അപകടവേളയിൽ ഒരു പ്രവാസി ചിന്തിക്കുന്നത്  പൗരന്റെ മൗലിക അവകാശങ്ങൾ സംരക്ഷിക്കാതെ നാടുകടത്തിയ ഇന്ത്യൻ വ്യവസ്ഥിതിയും തങ്ങളെ ഇത്രയും നാൾ ചുഷണം ചെയ്ത് ജീവിച്ച അധികാരിവർഗ്ഗത്തെയുമാണ്. മൗലിക അവകാശങ്ങൾ വെറും പാഴ്വാക്കുകളായി മാറുന്ന കാലം. കൊറോണ ജീവിതം പ്രവാസിക്ക് സമ്മാനിച്ചത് കോട്ടങ്ങൾ മാത്രമാണ്. 

ഈ പടർന്നു പന്തലിച്ച മഹാരോഗത്തെ പൊരുതി ജയിക്കാൻ വോട്ടുപെട്ടിയന്ത്രം നിറക്കാൻ പ്രവാസികൾക്കായി തെരെഞ്ഞെടുത്ത ഒന്നിലധികം സംഘടനകളുണ്ട്.  പ്രവാസികൾക്ക് സഹായകമായി ഇവർ എന്ത് ചെയ്തുവെന്നറിയില്ല.  ഈ പോരാട്ടത്തിൽ സംസ്ഥാന കേന്ദ്ര സർക്കാരുകളെ കയ്യടിച്ചു അഭിനന്ദിക്കാൻ എന്നെപ്പോലുള്ള ദുർബലരായ പ്രവാസികൾക്കാവില്ല.   ഭരണകൂടങ്ങൾ സൃഷ്ടിച്ച അരാജകത്വവും മരണവും ഭയവും മൗലികമായ മനുഷ്യവകാശ ലംഘനങ്ങളും ആദരവിനേക്കാൾ ആഴത്തിലുള്ള മുറിവുകളാണ് പ്രവാസിക്ക് സമ്മാനിച്ചത്. നിരപരാധികളായ പ്രവാസികളോട് ഇന്നുവരെ കാട്ടിയത്  പ്രാകൃതമായ ക്രൂരതയാണ്. ദുരിതങ്ങളുടെ ചുമടുമായിട്ടെത്തുന്ന പ്രവാസികളെ മാനസികമായി തളർത്താതെ അവരുടെ ആവശ്യങ്ങളിൽ പങ്കാളികളാകാൻ ക്രിയാത്‌മകമായ ഇടപെടൽ ആവശ്യമാണ്. അത് ഭൂതകാലത്തിൽ നിന്നുള്ള ഒരു മോചനമായിരിക്കും കാറ്റുള്ളപ്പോൾ തൂറ്റുന്ന ഈ രാഷ്ട്രീയ തന്ത്രം അവസാനിപ്പിക്കുക.

 

 

 

Share :