Archives / May 2020

അശോക്.
 പാടങ്ങൾ ......

അരികിലെത്തുന്നയർക്കന്റെചൂടിനാൽ

അഴകുവറ്റി കരിഞ്ഞനെൽപ്പാടത്ത്,

ഒച്ചയില്ലാതൊരു ഒച്ചിനെപ്പോലെ നൽ-

ക്കൊച്ചു കർഷകൻ പിച്ച നടക്കുന്നു.

വെൺമചോർന്ന വെറും രണ്ടുകൊറ്റികൾ

മണ്ണിലെന്തോ പരതി നടക്കുന്നു.

പച്ചമാവിലയറ്റു വീഴുന്നപോൽ

ഏകയാമൊരു കൊച്ചു പൈങ്കിളി.

മണ്ണിലൊട്ടുമിടമില്ലയെന്നപോൽ

ആ കരയും കടക്കുന്ന മണ്ണിര.

നീരു വറ്റിയടഞ്ഞ മടവതൻ

മേലെയെത്തി കണ്ണു ചിമ്മുന്ന മീനുകൾ.

രണ്ടു കാളകൾ ചത്തു നില്ക്കുന്നതോ

പൂട്ടിയിട്ട കലപ്പ തൻ തലപ്പത്ത്.

ഞാറുനട്ടു മുഴങ്ങുന്ന പാട്ടുകൾ

കൂട്ടിയിട്ടു കരിക്കുന്നു നാരികൾ.

വിത്തു നട്ടു മുളയ്ക്കാനൊരുമ്പെട്ട-

നാമ്പ് മണ്ണിൽ മയങ്ങിക്കിടക്കുന്നു.

എന്നുമെത്തിക്കരയുന്ന കാക്കകൾ

അങ്ങു ദൂരെ മരക്കൊമ്പുകൾതേടുന്നു.

പണ്ടുനാമിറുത്തിട്ട ബാല്യങ്ങൾ

നൃത്തമാടാൻ കൊതിക്കുന്ന പാടങ്ങൾ

അന്ത്യമാകുന്നതെന്തിന്നു പാരിലെ

അന്തിമേഘചുവപ്പിന്റെ ചോട്ടിലും...?

 

       

Share :