Archives / April 2020

രാഹുൽ കൈമല
സ്വപ്നകൂട് 

:

ആമിയുടെ ആകാശത്തെന്നും സ്വപ്നങ്ങളുടെ സൽക്കാരമാണ്. പാതിരാപാട്ടിൽ നിലാവത്ത് നക്ഷത്രങ്ങളുടെ നൃത്തം. ആകാശദീപങ്ങൾ അരങ്ങുണർത്തി യാമങ്ങളിൽ സ്വപ്നങ്ങൾ നെയ്ത് അവൾക്കരികിൽ വിരുന്നിനെത്തി.  ഇടവപ്പാതി കർക്കടക തുലാവർഷ പച്ചയായ മഴ പോലെ പുലരുവോളം ഋതുപകർച്ചകൾ സമ്മാനിച്ച് സ്വപ്നങ്ങളുടെ മഴ അവളിൽ പെയ്തിറങ്ങി. അതിൽ നനഞ്ഞ് ഉറക്കത്തിന്റേയും ഉള്ളൊരുക്കത്തിന്റേയും ഇടനാഴിയിലൂടെ നേർത്ത് നീളുന്ന സ്വപ്നാടനം. ചിതറിയ ചിന്തകളിൽ നിന്നും ചിറകുവിരിച്ച വയൊക്കെ പുലരും നേരത്തെ പൂവന്റെ നീട്ടിയുള്ളൊരു കൂവലിൽ വീണുടഞ്ഞു. പതിവ് പോലെ പരിഭവത്തിലവൾ വീടിന്റെ പിറകുവശത്തെ ബാൽക്കണിയിൽ കോഴിക്കൂടിനരികിൽ ഉറക്കച്ചടവോടെ വന്നു നിന്നു. ആമിയെ അടുത്ത് കണ്ടതും കഴുത്തുയർത്തി പൂവനൊന്നുകൂടി കൂവി തെളിഞ്ഞു. തെളിഞ്ഞ കണ്ണിൽ അപ്പോളവൾ അവൾക്കഭിമുഖമായി കിടക്കുന്ന കടലു കണ്ടു. പിന്നെ രാത്രി, തന്റെ ഗർഭത്തിൽ ഒളിപ്പിച്ചു വെച്ച സൂര്യനെ കടലാഴങ്ങളിൽ നിന്നും പിറന്ന പടി പകലുയർത്തിക്കൊണ്ട് വരുന്നത് കണ്ടു. ആമിയുടെ സുന്ദരമായ ആകാശ സ്വപ്നങ്ങൾ അവസാനിക്കുന്നിടത്താണ് ഭൂമിയിലെ അതിസുന്ദരമായ സൂര്യോദയം ആരംഭിക്കുന്നത്.
ഇശലുകൾക്കും രുചിഭേദങ്ങൾക്കും പെരുമകേട്ട കോഴിക്കോടാണ് ആമിയുടെ ദേശം.വാസം അങ്ങ് കടൽക്കരയിൽ നിന്നും കാണും ദൂരത്ത്. അവിടെ ഇരട്ടകളെ പോലെ മുഖത്തോടു മുഖം നോക്കി നിരവധി നിലകളിലായി നിലയുറപ്പിച്ച രമ്യഹർമ്യങ്ങൾ. അവ കടലിനോട് പുറം തിരിഞ്ഞ്  ആകാശത്തിന്റെ നീലിമയെ സ്പർശിച്ച് ശിരസ്സുയർത്തി നിൽക്കുന്നു.ആ സുന്ദര സൗധങ്ങളുടെ അവസാനത്തെ നിലയിലാണ് ആമിയുടെ താമസം. വീടിന്റെ വാതായനങ്ങൾ തുറന്നിട്ടാൽ എപ്പോഴുമവൾക്ക് കാറ്റിന്റേയും കടലിന്റേയും സംഗീതം കേൾക്കാം."കൊച്ചിനിപ്പം എന്നാ എടുക്കുവാന്നേലും പുസ്തകം വേണം. പുസ്തകം തിന്ന് തീർന്നാലും പ്രാതല് തിന്ന് തീരത്തില്ല. ചായയാന്നേ ആറി തണുത്തങ്ങ് പാടപിടിക്കും." ഇഴഞ്ഞു നീളുന്ന ആമിയുടെ പ്രഭാതങ്ങളിൽ ആയമ്മയുടെ ആക്ഷേപമാണിത്. ഇത് കേട്ട് കിടന്ന കിടപ്പിൽ ചെവി വട്ടം പിടിച്ച് ആമിയുടെ അമ്മമ്മ ചോദിയ്ക്കും "പഠിക്കണത് നല്ലതല്ലേ ആയമ്മേ..." പലവക പണികൾക്കിടയിൽ പലപ്പോഴായി ആയമ്മ മറുപടി പറയും "പഠിക്കാനുള്ളതൊന്നുവല്ല പഠിപ്പ്. വേറെയേതാണ്ടാ.തീരുന്ന മുറക്ക് മാറ്റി മാറ്റി എടുത്തോണ്ട് വരുവാ"." അത്യോ അതെന്ത് പഠിപ്പാ!" ഒരർദ്ധ നിശ്വാസത്തോടെ അമ്മമ്മ കിടക്കയിൽ ഒന്നു കൂടി ചുരുളും. ആമിയുടെ ലോകത്ത് പുസ്തകങ്ങളും  ഗസലുകളും സ്വപ്നങ്ങളും  മാത്രമേയുള്ളൂ. മറ്റാർക്കും അങ്ങോട്ട് പ്രവേശനമില്ല. അവിടേക്കാണ് സ്കൂൾ ദിവസങ്ങളിൽ ആയമ്മ അതിക്രമിച്ച് കയറുന്നത്. സമയത്തിന് സ്കൂൾ ബസ്സിൽ അയച്ചില്ലെങ്കിൽ പിന്നവളെ ആയമ്മ തന്നെ സ്കൂളിൽ കൊണ്ടു വിടേണ്ടി വരും. അതൊഴിവാക്കാനാണീ പങ്കപ്പാട്. "ആമിയെ പറഞ്ഞയക്കാനെന്താ പണി. അതിനു മാത്രം പണിണ്ടോ വ്ടെ. അല്ലെങ്കിതന്നെ ന്നെ നോക്കണതൊരു പണ്യാ" അമ്മമ്മയുടെ ആലോചന അങ്ങനെയൊക്കയാണ്. കഴിഞ്ഞ കർക്കിടകത്തിൽ കുളിമുറിയിൽ കാലു തെറ്റിയൊന്ന് വീണതിൽ പിന്നെ പരസഹായമില്ലാതെ അവർക്കൊന്നിനും ആവതില്ലാതായി. ആലോചിക്കാൻ പോലും. ശരീരത്തോളം മനസ്സും തളർന്നിരിക്കുന്നു. അവർക്കെപ്പോഴും ആയമ്മയെ അടുത്ത് കാണണം. ഓർമ്മകളുടെ ഓരത്തിരുന്ന് മറവികൾ നുണ പറയുന്നതുപോലെ ആയമ്മയോട് അവർ പലതും പറഞ്ഞു കൊണ്ടിരിക്കും. കാണുന്നതുപോലെ. കാണുന്നവർക്കെന്താ പണീന്ന് തോന്നും. പാചകം ചെയ്യണം, പാത്രം കഴുകണം, വീടു വൃത്തിയാക്കണം, വീട്ടു സാധനങ്ങൾ വാങ്ങണം, ആമിയുടെ അമ്മമ്മയെ പരിചരിക്കണം, ബാൽക്കണിയിലെ പച്ചക്കറി കൃഷി പരിപാലിക്കണം, കോഴികൾക്ക് തീറ്റ കൊടുക്കണം, കോഴിക്കൂട് വൃത്തിയാക്കണം, ചരമക്കോളം മാത്രം നോക്കാൻ പത്രം വായിക്കണം, അലക്കണം, ഇസ്തിരിയിടണം, ആമിയെ നോക്കണം അങ്ങനെ പകലുപോലെ നീളുന്ന പണികൾ. പിന്നെ ഓരോ പകലുമുണ്ടാക്കുന്ന പുതിയ പണികൾ . ഇതൊക്കെ കഴിഞ്ഞിട്ടേ ആമിയുടെ അമ്മമ്മക്ക് കൂട്ടിരിക്കാൻ ആയമ്മയെ കിട്ടൂ.
ആനിയമ്മ , പലരായി കളങ്കപ്പെടുത്തിയ കൗമാരവും പേറി കോട്ടയത്ത് കനിവിനായ് അർദ്ധവിരാമം പോലെ നിന്നവൾ . പലകുറി പ്രവൃത്തികൊണ്ടും വാക്കുകൊണ്ടും മുറിവേറ്റവൾ. അവൾ  വാർത്താ മാധ്യമങ്ങളിൽ വീണ്ടും വലിച്ചിഴക്കപ്പെട്ട് ഇരയായി കൊണ്ടേയിരുന്നു.മറ്റൊരു ഇരയെ ലഭിക്കുന്നതു വരെ മാധ്യമങ്ങൾ ആനിയമ്മ ചരിതം തുടർന്നു. മാധ്യമങ്ങളുടെ മത്സരങ്ങൾക്കിടയിൽ മനസ്സിലലിവുവന്ന ഒരു മാധ്യമ പ്രവർത്തക കരുണയുടെ കരലാളനം കൊണ്ട് ആനിയമ്മയ്ക്ക് സാന്ത്വനമേകി. അത് ശരീരം നഷ്ടപ്പെട്ടവളുടെ മനസ്സിനെ പാകപ്പെടുത്തി, ശുദ്ധീകരിച്ചു.  ആമിയുടെ അമ്മ ആനിയമ്മയെ കോട്ടയത്ത് നിന്നും കോഴിക്കോട്ടേയ്ക്ക് കൂട്ടികൊണ്ടുവന്നു. അവളൊരു പുതിയ ജൻമമെടുത്തു. വീട്ടുകാരും നാട്ടുകാരും ഉപേക്ഷിച്ച പഴയ ജൻമത്തിന്റെ ഓർമ്മകൾ പിന്നവളെ പിൻതുടർന്നിട്ടില്ല. അന്ന് ആമി അവളുടെ അമ്മയുടെ വയറ്റിൽ വളരുന്നതേയുള്ളൂ. പൊക്കിൾകൊടിയറുത്ത ആമിയെ ആദ്യം തൂവെള്ള തുണിയിൽ കൈവെള്ളയിൽ വാങ്ങിയത് ആനിയമ്മയാണ്. നാക്കു വഴങ്ങാത്ത കാലത്ത് ആമി വിളിച്ച് ആനിയമ്മ ആയമ്മയായി. അമ്മയുടെ മുലപ്പാലിന്റെ മണമുള്ള അകവും അച്ഛന്റെ കൈ പിടിച്ച് നടക്കേണ്ട പുറവും ആമിക്ക് അന്യമായിരുന്നു.നേരത്തിനും കാലത്തിനും വീട്ടിലെത്താനാവാത്ത, നേരവും കാലവുമില്ലാതെ നാടിനു വേണ്ടി പ്രയത്നിക്കുന്ന ഒരു പ്രമുഖ ന്യൂസ് ചാനലിന്റെ മുൻനിര പോരാളിയാണ് അവളുടെ അമ്മ. അച്ഛനാവട്ടെ കഥകൾക്കായുള്ള യാത്രകളും കഥാഗതിക്കുള്ള ചർച്ചകളുമായി സദാ തിരക്കിലകപ്പെട്ട തിരക്കഥാകൃത്തും സംവിധായകനും. കട്ടുകൾക്കിടയിലെ കുറച്ചു സീനുകളാണ് അയാൾക്ക് വീട്ടിൽ വീണു കിട്ടുന്ന ദിവസങ്ങൾ. നാടിനോടുള്ള സാമൂഹിക പ്രതിബദ്ധതയാണോ ഇരുവരേയും വീടിനോടകറ്റിയത്. അല്ലെന്നു വേണം അനുമാനിക്കാൻ. അവർ അവരിൽ നിന്നു തന്നെ ഒളിച്ചോടുകയായിരുന്നു.
അതെ തറവാട്ടു വകകളൊക്കെ വിറ്റ് അടിവേരുകൾ വരെ അറുത്തെറിഞ്ഞ് ആകാശത്തൊരു കൂട് കൂട്ടി ആമിയേയും അമ്മയേയും ആയമ്മയേയും അതിലടച്ച് അവരവരുടെ സ്വപ്നങ്ങൾ വിൽക്കാൻ സ്വതന്ത്രരായി. സ്വപ്ന ജീവികളായി സ്വജീവിതം കൊണ്ടാടിയ കാലത്ത് വൈകിയാണിവർ വിവാഹം കൊണ്ട് ബന്ധിക്കപ്പെട്ടത്. പെറ്റ വയറിന്റെ പിടിവാശിക്ക് മുമ്പിൽ മുറപ്രകാരമുള്ള മുറച്ചെറുക്കനും മുറപ്പെണ്ണം വിവാഹിതരായി, എന്നല്ലാതെ വേറെ വിശേഷമൊന്നും ഉണ്ടായില്ല. ഇരുവരും അമ്മമാർക്ക് കൊടുത്ത വാക്ക്. ആ വാക്കിന്റെ കടം വീട്ടാൻ കുറച്ചു നാളത്തെ ശാന്തമായ ഗൃഹസ്ഥാശ്രമം.ആ ശ്രമം അശാന്തി പടർന്നതോടെ പരാജയപ്പെട്ടു. അടുക്കുന്നതിനേക്കാൾ അധികം അകലുന്ന മനസ്സുകൾ മുറിച്ചു മാറ്റപ്പെട്ടു.അങ്ങനെ അവർക്കിടയിൽ വറ്റിവരണ്ട വന്ധ്യമായ വേനലിന്റെ ഊഷരമായ ഉഷ്ണകാലം അവസാനിച്ചു.ആമിയെ ബോദ്ധ്യപ്പെടുത്താൻ അവർ അവരുടെ വീട്ടിൽ അതിഥികളായി. അടയാളപ്പെടുത്താനാവാത്ത അടർത്തിമാറ്റാനാവാത്ത ഒരാത്മബന്ധം ആമിയ്ക്കും ആയമ്മയ്ക്കുമിടയിൽ വളർന്നു. ആയമ്മ അവൾക്കാരൊക്കെയോ ആയി. " ആമി നോട്ടുബുക്കിലെഴുതിയല്ല പാഠങ്ങൾ പഠിക്കാറ് മനസ്സിലെഴുതിയാണ് " ഒരിക്കൽ ആമിയുടെ ക്ലാസ് ടീച്ചർ ക്ലാരയാണിത് ആയമ്മയോട് പറഞ്ഞത്. ആറാം ക്ലാസുകാരിയേക്കാൾ അറിവുണ്ട് ആമിക്ക്. പഠിക്കാനുള്ളതൊക്കെ പഠിപ്പിക്കുമ്പോൾ തന്നെ മനപാഠമാക്കും. അറിവു നേടാനുള്ള അദമ്യമായ അഭിവാഞ്ഛ അവളിലെപ്പോഴും കാണാമായിരുന്നു.അതു കൊണ്ട് തന്നെ അറിവ് പകരുന്നവർക്കൊക്കെ അവളേറെ പ്രിയപ്പെട്ടവളായി. ക്ലാര ടീച്ചർ പറയുന്നതുപോലെ " ആമിയെന്റെ ക്ലാസിലല്ല ഹൃദയത്തിലാണ് കയറിയിരുന്ന് പഠിക്കുന്നത്.
അടുത്ത മാസം അരക്കൊല്ല പരീക്ഷയാണ്.എന്നിട്ടും നവംബറിന്റെ ആദ്യവാരം ഒരു പകലിന്റെ പാതി കഴിഞ്ഞപ്പോൾ പതിവില്ലാത്തൊരു വാർത്ത വന്നു.തുടർന്ന് സ്കൂളിൽ കുട്ടികളുടെ ഹർഷാരവം മുഴങ്ങി. " വരുന്ന വാരത്തിലെ ശിശുദിനത്തിൽ നിങ്ങളാരും പുസ്തകങ്ങൾ കൊണ്ടുവരേണ്ടതില്ല. അന്ന് പഠിക്കാനല്ല കളിക്കാനാണ് നിങ്ങൾ വരേണ്ടത്. നിങ്ങൾക്ക് മനസ്സറിഞ്ഞ് കളിക്കാൻ നിങ്ങളെ തിരിച്ചറിയാൻ നിങ്ങളുടേത് മാത്രമായി ഒരു ദിവസം " പ്രധാന അദ്ധ്യാപകന്റെ വാക്കുകൾ ആദ്യം അൽഭുതത്തോടേയും പിന്നെ അത്യാഹ്ലാദത്തോടേയും കുട്ടികൾ ആഘോഷമാക്കി. പിറ്റേന്നു തന്നെ ശിശുദിനം വരട്ടേയെന്ന് പലരും പ്രാർത്ഥിച്ചു. " നീയെന്താ കൊണ്ടു വരുന്നേ " അടുത്തിരിക്കുന്ന ആയിഷ ആമിയോട് ചോദിച്ചു. ആമിയുടെ പുഞ്ചിരിയിൽ അലിഞ്ഞ് ആയിഷ തന്നെ മറുപടി പറഞ്ഞു " ഞാൻ ബാപ്പയോട് പറഞ്ഞ് രണ്ട് ബാറ്റും ഷട്ടിലും വാങ്ങാം അതാവുമ്പൊ നമുക്ക് രണ്ടാൾക്കും കളിക്കാം " ആയിഷയുടെ സ്നേഹം മുമ്പ് ബിരിയാണിയുടെ രൂപത്തിൽ പല തവണ അറിഞ്ഞതാണ്. ഒരു മന്ദഹാസത്തിന്റെ മുഖരാഗത്തിൽ ആമിയെല്ലാത്തിനുമായി ആയിഷയോട് നന്ദി പറഞ്ഞു. കുട്ടികൾക്ക് കളിക്കാനുള്ളത് അവരുടെ ഭാവനക്കനുസരിച്ചോ ഇഷ്ടത്തിനനുസരിച്ചോ കൊണ്ടുവരാമെന്നാണ് അറിയിപ്പ്. അതറിഞ്ഞതു മുതൽ കുട്ടികളൊക്കെ ഒരേ ചിന്തയിലാണ്.പല വിധ കളികളും കളി കോപ്പുകളും അവരുടെ മസസ്സിലൂടെ മിന്നൽ വേഗത്തിൽ പാഞ്ഞു.
"എന്നിട്ട് നീയെന്ത് തീരുമാനിച്ചു" ആയമ്മ ചോദിച്ചു.ചെവി വട്ടം പിടിച്ച് അമ്മമ്മ.ഒട്ടും ആലോചിക്കാതെ ആമി പറഞ്ഞു " പട്ടം "! അത് പറയുന്നതിനു മുമ്പേ അവളുടെ മനസ്സിൽ അച്ഛനും അമ്മയും തെളിഞ്ഞു. അവരുടെ ജീവിതം പോലെ നൂലു പൊട്ടി ആകാശത്തലയുന്ന പട്ടമല്ല. കാറ്റിന്റേയും ചരടിന്റേയും ഗതിക്കൊപ്പം മാനത്തെ മേഖതുണ്ടുകളെ തൊട്ടുരുമ്മി മഴവില്ലു വരക്കുന്ന വിവിധ വർണ്ണങ്ങളിലുള്ള പട്ടം! അന്ന് സുഖ സുഷുപ്തിയിൽ അവളൊരു പട്ടമായി ആകാശത്തെ നക്ഷത്ര കൂട്ടിലേക്ക് വർണ്ണ ചിറകുകളിൽ പറന്നുയർന്നു. പുലരും നേരത്തെ പതിവുള്ള പൂവന്റെ കൂവലിൽ ആ സ്വപ്നങ്ങളുടഞ്ഞ് ശിശുദിനം പിറന്നു. അലങ്കാരങ്ങൾ നിറഞ്ഞ് ആഘോഷങ്ങൾക്കായി സ്കൂൾ അണിഞ്ഞൊരുങ്ങി. പ്രാർത്ഥനയ്ക്കും പ്രതിജ്ഞയ്ക്കും ശേഷം പ്രധാന അദ്ധ്യാപകന്റെ ഒരു ചോദ്യവട്ടത്തിനുള്ളിൽ പലവിധ ഉത്തരങ്ങളായി കുട്ടികൾ നിന്നു. നിങ്ങൾ ആരായി തീരാനാണ് ആഗ്രഹിക്കുന്നത്, ആ ചോദ്യത്തിനുള്ള ഉത്തരങ്ങളിലേറയും ഡോക്ടർമാരും എൻജിനീയർമാരുമായിരുന്നു. അടുത്തത് ആമിയുടെ ഊഴമാണ്. അവൾ ഉത്തരത്തിനു പകരം മറ്റൊരു ചോദ്യമുയർത്തി "നമുക്ക് ചുറ്റുമുള്ളവർക്കു വേണ്ടി നന്മ ചെയ്യുന്ന ഒരാളായാലോ " ? ഒരു ചോദ്യത്തിൽ അനവധി ചോദ്യങ്ങൾ." എങ്ങനെ എന്താ മോൾടെ മനസ്സിൽ " പ്രധാന അദ്ധ്യാപകൻ ചോദിച്ചു. അവളേയും അമ്മമ്മയേയും അനാഥരാക്കി ആയമ്മയെ കാവലാക്കി ആകാശകൂട്ടിലടച്ച് ആൾക്കൂട്ടത്തിലേയ്ക്ക് തങ്ങളുടെ സ്വാർത്ഥതയുടെ സ്വാതന്ത്ര്യം തേടി പോയ അച്ഛനേയും അമ്മയേയും അപ്പോളവൾക്ക് ഓർക്കാതിരിക്കാൻ കഴിഞ്ഞില്ല. അവൾ പറഞ്ഞു " സ്വപ്നകൂട് " അതെ എന്റെ സ്വപ്നമാണത്. അനാഥരാക്കപ്പെട്ടവരെ സനാഥരാക്കാനുള്ള ആമിയുടെ സ്വപ്നം. അവൾ വിശദീകരിച്ചു. നമ്മുടെ നാട്ടിൽ ഒത്തിരി വൃദ്ധസദനങ്ങളില്ലേ ആരോരുമില്ലാത്തവർ, അവർക്ക് കൂട്ടു വേണ്ടെ, അത് കൂട്ടില്ലാത്ത മറ്റൊരു കൂട്ടരായാലോ, ബാല മന്ദിരത്തിൽ കഴിയുന്ന അനാഥ കുട്ടികൾ. ബാല മന്ദിരങ്ങളും വൃദ്ധസദനങ്ങളും ഒന്നിപ്പിച്ച് ഒരുമിച്ച് ഒരു സ്വപ്ന കൂടുണ്ടായാൽ ... അവൾ പറഞ്ഞു തീരും മുമ്പേ നീണ്ട കരഘോഷങ്ങളുയർന്നു.എല്ലാവരേയും ആനന്ദിപ്പിച്ചു കൊണ്ട് സ്വപ്നങ്ങളുടെ നിറമുള്ള അവളുടെ  ബഹുവർണ്ണ പട്ടം ആകാശത്തേക്ക് കുതിച്ചു. ആകാശമേടയിലെ ഒരു നക്ഷത്രമാവാൻ മേഘ പാളികൾക്കിടയിൽ അത് ഒളിച്ചുകളിക്കുന്നുണ്ടോ? പകലോനെ പറ്റിച്ച് പാതിരാവിനെ പ്രണയിക്കാൻ. സ്വപ്നത്തിന്റെ ഒരറ്റം പിടിച്ച് ആമിയങ്ങനെ നിന്നു.ആമി ഇനിയും സ്വപ്നങ്ങൾ കാണട്ടെ. അവളുടെ സ്വപ്നങ്ങൾക്ക് കാവലായി ആയമ്മയും നിൽക്കട്ടെ. അതെ ആമിയുടെ ആകാശത്തെന്നും സ്വപ്നങ്ങളുടെ സൽക്കാരമാണ് .

Share :