Archives / April 2020

     ഡോ.നീസാ. കരിക്കോട്   
 സ്നേഹത്തിൻ മറുഭാവം

തന്നിലേക്ക് മാത്രമൊഴുകാൻ
ചാലുകൾ കീറി സ്നേഹം
സ്വാർത്ഥതാൽപര്യത്തിൻ
അതിരുകൾ പണിതുയർത്തി.

ഇഷ്ടങ്ങളൊക്കെയും സ്വന്തമാകാൻ
തന്ത്രപൂർവ്വം കരുക്കൾ നീക്കി; 
ഗർജ്ജിക്കും തിരമാലകൾ പോൽ
സ്നേഹത്തിനല പൊട്ടിച്ചിതറി.

സ്നേഹം ചിലപ്പോൾ ശാപമായ്
തലയ്ക്കു മുകളിൽ വാളായ്
പേടിപ്പെടുത്തും ഭീകര സ്വപ്നമായ്
 കൺമുന്നിൽ നിരന്തരം വേട്ടയാടി.
 
കിട്ടാനുള്ളത് കിട്ടിയില്ലെങ്കിൽ
മോഹിച്ചതൊന്നും നേടിയില്ലെങ്കിൽ 
രോഷമായതു പ്രകടിപ്പിക്കയായ്
സ്നേഹത്തിനിവിടെ ക്രൂരഭാവം!
 
ദാഹിക്കും മനസ്സിനിളനീരായി
തളർന്ന ഹൃദയത്തിൻ കുളിരായി
ഒഴുകും പുഴയിൽ തെളിനീരായി
നിർബാധം പകർന്നിടണം സ്നേഹം.
 

Share :