Archives / April 2020

അനു പി ഇടവ
പ്രണയം പ്രണയം പ്രണയം , ഈ ഭൂമി നിറയെ ...

  

കാല്പനികമെന്നോ പൈങ്കിളിയെന്നോ എന്തു തന്നെ വിളിച്ചാലും പ്രണയം ഒരു സുന്ദരമായ യാത്രയാണ് . പ്രാർത്ഥനയിൽ തുടങ്ങി സ്വപ്നമായി വളർന്ന് ഏകാന്തതയിൽ പിച്ചവച്ച് പ്രണയം നടന്നു തുടങ്ങും . മല കയറി ആകാശത്തിലെത്തും . അവിടെ നിന്നും സ്വർഗ്ഗത്തിലേയ്ക്ക് . ദൈവത്തിന്റെ ഹൃദയത്തിൽ ചെന്നവസാനിക്കുന്ന ആ യാത്ര അതാണ് പ്രണയം . ആ യാത്രയിൽ ചിലപ്പോൾ യാത്രികന് തന്റെ ഇണയെ കൂടെ കൂട്ടാനാവും . മറ്റു ചിലപ്പോൾ അയാൾ ഏകാകിയായും . ഏകാകിയുടെ ഹൃദയത്തിന്റെ നോവുകൾ പകർത്താൻ കവികൾക്കല്ലാതെ മറ്റാർക്കാണ് സാധിക്കുക . അതുകൊണ്ടാണ് ലെബനീസ് കവിയായ ഖലീൽ ജിബ്രാന്റെ  പ്രണയ ലേഖനങ്ങൾക്ക് ഇത്ര തീഷ്ണത .  

ദൈവത്തിന്റെ ചുംബനങ്ങൾ എന്നാണ് ഖലീൽ ജിബ്രാന്റെ പ്രണയലേഖനങ്ങൾ അടങ്ങുന്ന പുസ്തകത്തിന്റെ പേര് . ഈ പുസ്തകം വായിച്ചപ്പോൾ ഞാൻ എന്തോ എന്നെക്കുറിച്ച്  ചിന്തിച്ചു . എന്നെക്കുറിച്ചെന്നു വച്ചാൽ എന്റെ പ്രണയത്തെക്കുറിച്ച് . പണ്ടേതോ സിനിമയിൽ പറഞ്ഞതുപോലെ 'തിരിച്ചു കിട്ടാത്ത ' ഒരു വിങ്ങൽ . അതായിരുന്നു എനിക്ക് പ്രണയം . ഉയരം കുറഞ്ഞ സൗന്ദര്യമില്ലാത്ത കരുത്തൻ കൊടുത്താൽ തിരിച്ചു കിട്ടുന്ന ഒന്നല്ല പ്രണയം എന്ന സത്യമോർക്കുമ്പോൾ ഇടയ്ക്കിടെ നെഞ്ച്  പൊള്ളും . ആ പൊള്ളലും എനിക്ക് പ്രണയമാണ് . ഞാൻ പ്രാർത്ഥിക്കുമ്പോൾ ദൈവം പോലും മൗനം ഭജിയ്ക്കും . അത് ഒരു ഇരുണ്ട ആകാശം പോലെ ചെയ്യാൻ ഒരുങ്ങി നിൽക്കും . 
''നിന്റെ മൗനം ഒരു സ്ഫടിക പൂപ്പാത്രം പോലെ താഴെ വീണ് തകരട്ടെ '' എന്ന് ജിബ്രാൻ കുറിക്കുമ്പോൾ പ്രണയത്തിനു വേണ്ടിയുള്ള പ്രാർത്ഥനകൾ ദൈവം കേട്ടിരുന്നെങ്കിലെന്ന് ഞാൻ കൊതിച്ചു പോയി . .
ജിബ്രാൻ ഇങ്ങനെ എഴുതി 
''നിന്റെ മൗനം അതിപ്പോഴും ഒരാകാശപ്പക്ഷിയെപ്പോലെ കയർത്തിരിക്കുന്നു .
എന്റെ സ്വപ്നങ്ങളിലെ ഏതെങ്കിലുമൊരു ശിഖരത്തിൽ നിനക്ക് കൂടൊരുക്കാമല്ലോ  ? ആനന്ദത്തെ നീ എന്തിനാണ് കൊക്കുകൾ കൊണ്ട് കുടഞ്ഞ് മുറിവേൽപ്പിക്കുന്നത് ? ''

ചോദ്യം എന്റേതു കൂടിയാക്കുന്നു . പ്രണയമെന്ന ആനന്ദാനുഭവം എന്തുകൊണ്ടാണ് ലഭിക്കാത്തത് . അതിനു വേണ്ടി കൊതിക്കുന്ന ഹൃദയത്തിനെപ്പോഴും മുറിവേൽക്കുന്നത് എന്തുകൊണ്ടാണ് ? ''നീ നൃത്തമാടി തളരും വരെ എന്റെ ഹൃദയം അരങ്ങൊരുക്കട്ടെ'' എന്ന് കരുതി കാത്തിരുന്നിട്ടും ജന്മാന്തരങ്ങളായി  തുടരുന്ന ഈ മൗനം എന്തിനാണ് ? ജിബ്രാൻ എഴുതുന്നു ''നിന്റെ മൗനം നിർവചനങ്ങളെ കൂടുതൽ അത്ഭുതപ്പെടുത്തുന്നു'' 

പ്രണയിക്കുന്നത് എന്തിനാണ് . പ്രണയനോവുകൾ കൊണ്ട് ഹൃദയമിങ്ങനെ മുറിപ്പെടുന്നത് എന്തിനാണ് . പ്രണയിനിയെക്കാത്ത്  ഒരു അവധൂതനെപ്പോലെ അലയുമ്പോഴും അവൾ സ്വപ്നങ്ങളിലാണ് . ജിബ്രാന്റെ വരികൾ നോക്കുക '' പ്രിയപ്പെട്ടവളെ , സ്വപ്നങ്ങളിൽ നിന്ന് നീ ഇറങ്ങി വരുന്നതും കാത്ത് ഒരു അവധൂതൻ ഇതാ താഴ് വാരത്ത് കാത്ത് നിൽക്കുന്നു . എന്റെ ഹൃദയത്തിലേയ്ക്ക് നിന്റെ ഹൃദയം ചേർത്തു വയ്ക്കുക '' . അവൾ വന്നാലോ , ''സ്വാദിഷ്ഠമായ നിന്റെ അധരങ്ങൾ എന്റെ തൃഷ്ണകൾക്കുമേൽ തണലിടമൊരുക്കും'' എന്ന് ജിബ്രാൻ പറയുന്നു . ആ തണൽ ഒരു പ്രണയകാലം പോലെ ആസ്യാദ്യകരമാണ് . തണൽ മാത്രമല്ല പ്രണയവും പ്രണയിനിയും ഊർജ്ജം കൂടിയാകുന്നു . അവളില്ലാതെ എങ്ങനെയാണ് ആകാശത്തിൽ പറന്നു നടക്കാനാവുക . ജിബ്രാൻ എഴുതുന്നു 
''ചിറകുവിടർത്തണമെന്ന് എനിക്കതിയായ ആഗ്രഹമുണ്ട് . പക്ഷേ ഒപ്പം നീയില്ലല്ലോ '' . അതെ നീയില്ലെങ്കിൽ സന്തോഷവും ഊർജ്ജവും ഇല്ല . 

പ്രണയത്തിന്റെ വേദന . അത് ഒരു പക്ഷേ പുരുഷനാവും കൂടുതൽ അറിയുക . അവളുടെ പ്രണയം ഉപാധികളോടെയുള്ളതാണ് . ഉപാധികളില്ലാത്ത സ്നേഹിക്കണമെങ്കിൽ സ്ത്രീ മാതൃത്വത്തിലേയ്ക്ക്  ഉയരണം . പുരുഷന്റെ പ്രണയം അവളെ അഹങ്കാരിയാക്കി മാറ്റും . താനൊരു രാജകുമാരിയോ അപ്സരസോ ആണെന്നവൾക്ക് തോന്നും . ജിബ്രാൻ എഴുതി ''നീയെന്നെ പ്രണയിക്കുമ്പോഴെല്ലാം  ഞാൻ നിന്നെ ശ്രദ്ധിക്കുകയായിരുന്നു . ഒരു രാജകുമാരിയുടെ ഭാവമായിരുന്നു നിനക്ക് '' . കാമുകന്റെ പ്രണയം അവൾ തിരിച്ചറിയുന്നുണ്ടാവില്ല . ജീനുകളിലെ സുരക്ഷിതത്വമില്ലായ്മ അവളെ സുരക്ഷിതമായ  ഒരു താവളം തേടി യാത്ര ചെയ്യാൻ പ്രേരിപ്പിച്ചു കൊണ്ടിരിക്കും . കാമുകനു മുന്നിൽ അധീരയും ലജ്ജാവതിയുമായി  തകർന്നാടും . ജിബ്രാൻ പറയുന്നു ''ലജ്ജാവതികളായ മുന്തിരിവള്ളികളെ എനിക്കൊരിക്കലും പ്രണയിക്കാനാവില്ല . അവ എല്ലായിപ്പോഴും മേഘ ഹൃദയങ്ങളെ പ്രണയിച്ചു കൊണ്ടിരിക്കും '' 

ദൈവം കല്പ്പനികനാണ്  . അതു കൊണ്ട് തന്നെ പ്രണയത്തെ പുകഴ്ത്താതിരിക്കാൻ അദ്ദേഹത്തിനാവില്ല . പ്രണയിക്കുന്നവർക്കു വേണ്ടി മാത്രമായി ദൈവം ആകാശവും ഭൂമിയും സൃഷ്ടിച്ചു . എല്ലാ ശിശിര ഹൃദയത്തിലും വസന്ത ഹൃദയത്തെ ഒളിച്ചു വച്ചു . ആ ഹൃദയം കമിതാക്കൾക്കായി പാട്ടു പാടി . എന്നിട്ടും എന്തേ ദൈവം ഇതെല്ലാം കാണാനും കേൾക്കാനും ഏകാകിയായി സൃഷ്ടിച്ചു . ''പ്രണയം മുറിവേറ്റിയ കരളിൽ ഋതുക്കൾ വിരുന്നൊരുക്കി കൊണ്ടിരിക്കും '' . ഏകാകികൾക്ക് വിരുന്ന് എത്ര വേദനാജനകമാണ് ? 
ദൈവം കമിതാക്കൾക്കായി സൃഷ്ടിച്ച ആകാശത്തിൽ ''എനിക്കീ കൊച്ചു പൂവിനൊപ്പം അകലേയ്ക്ക്  അകലേയ്ക്ക് പറക്കണമെന്നുണ്ട് ''. പക്ഷേ , പൂവ് എവിടെ ? ഏകാകിയുടെ മനസ്സിൽ വിടരുന്ന കവിതയാവും ആ കൊച്ച് പൂവ് . 

ഒരിടത്ത് ജിബ്രാൻ ഇങ്ങനെ എഴുതി - ''ഞാൻ പറഞ്ഞില്ലേ പുഴയ്ക്കെന്റെ പേരറിയാമെന്ന് നീയെന്നെ വിളിക്കും പോലെയാണ് ഓരോ പുഴയുമെന്നെ സ്വാഗതം ചെയ്യുന്നത് '' . ഒരു കാമുകി കാമുകനെ എന്താവും വിളിക്കുക . അതെങ്ങനെയാണ് അവൾ പറയാതെ പുഴ അറിയുക . പ്രണയം പ്രകൃതിയറിയുന്നു എന്നല്ലേ അതിനർത്ഥം .ജിബ്രാന്റെ വാക്കുകൾ ഇങ്ങനെ ''രാവ് ,നിലാവ് , സ്വപ്നങ്ങൾ.....അവരാണല്ലോ നമ്മെ പ്രണയിക്കാൻ പഠിപ്പിച്ചത് ''. പ്രണയിക്കുന്നവരുടെ മനസ്സ് അത് തിരിച്ചറിയും മുന്നേ തന്നെ പൂക്കളും പുഴകളും ആകാശവും കാറ്റുമൊക്കെ അത് അറിയും . പ്രണയ പരാജയവുമായി പുഴയോരത്തോ കടൽത്തീരത്തോ ചെന്ന് ഇരുന്നു നോക്കൂ . ഇത് വ്യക്തമാകും . പുഴയും കടലുമൊക്കെ ആശ്വസിപ്പിക്കും ഏകാകിയെ. ഹൃദയത്തിലേയ്ക്ക് ഒഴുകുന്ന പുഴയുടെ നനവായിരുന്നു അവൾ എന്ന് ഓർമ്മിപ്പിക്കും .

ഒരിക്കലും തിരിച്ചു കിട്ടില്ലെന്നറിയാം . പക്ഷേ ഇനിയുമിനിയും പ്രണയിക്കുവാനും  കാത്തിരിക്കുവാനും ഖലീൽ ജിബ്രാന്റെ ദൈവത്തിന്റെ ചുംബനങ്ങൾ ശക്തി തരുന്നു .

 

Share :