Archives / April 2020

കുളക്കട പ്രസന്നൻ
 പ്രവാസികൾക്കൊപ്പം

കേരളം എങ്ങനെ പ്രവാസികളെ സ്വീകരിക്കണമെന്നതിൽ ആർക്കെങ്കിലും ആശങ്കയുണ്ടോ ? അങ്ങനെയൊരു ആശങ്ക എങ്ങനെ ഉണ്ടായി എന്നിടത്താണ് വലിയ ചോദ്യങ്ങൾ ഉയരുന്നത്. കഴിഞ്ഞ കാലങ്ങളിൽ  പ്രവാസികളോട് സ്നേഹം പുലർത്തിയിരുന്നവരാണ്  ആ വലിയ ചോദ്യത്തിനുള്ള മറുപടി പറയേണ്ടതും.

നാൽപ്പത് വർഷം പുറകിലേക്ക് ഒന്നു കണ്ണോടിക്കാം. കേരളത്തിൽ വാർത്ത എത്ര വീടുകൾ ഉണ്ടായിരുന്നു ?  സാങ്കേതിക സംവിധാനകളും മറ്റുമായ ടി വി , ടെലിഫോൺ, കാർ തുടങ്ങിയവ ഉണ്ടായിരുന്ന വീടുകളുടെ പരിശോധന നടത്താം. ജീവിത സാഹചര്യങ്ങൾ മെച്ചപ്പെട്ട എത്ര വീടുകൾ അന്നുണ്ടായിരുന്നു. പട്ടിണിയില്ലാത്ത വീടുകൾ എത്ര ?

ഓരോ ചോദ്യങ്ങളും നൂറു ശരങ്ങളാവും. അതായിരുന്നു 1980 കൾക്കു മുൻപുള്ള കേരളം .

വിവാഹം നടത്താൻ പണമില്ലാതെ എത്രയോ സഹോദരിമാരുടെ വിവാഹം മുടങ്ങിയിട്ടുണ്ട്. മഴ പെയ്താൽ ചോർന്നൊലിക്കുന്ന വീടുകൾ. മഴ പെയ്താൽ വാരിയിൽ കൂടി വീഴുന്ന മഴത്തുള്ളി. അവിടെ പാത്രം വയ്ക്കും. മണ്ണെണ്ണയില്ലാത്തതിനാൽ ഉള്ള ആഹാരം നേരത്തെ കഴിച്ച് ഉറങ്ങാൻ കിടക്കുന്ന കുട്ടികൾ. പൊട്ടിയ സ്ലേറ്റുമായി സ്കൂളിൽ പോകുന്നവർ. മാറിയിടാൻ നിക്കറില്ലാത്ത കാലം. മൂടുകീറിയ നിക്കറായിരുന്നു പല കുട്ടികൾക്കും. ഇതൊക്കെ അത്ര വേഗം മറന്നോ ? ഒരു പക്ഷെ, 1980കൾക്കു ശേഷം ജനിച്ചവർക്ക് ആ കാലം അത്ര അറിയണമെന്നില്ല. ഇതൊന്നും കേൾക്കാനും അവർക്ക് താല്പര്യവുമില്ല എന്നതു വേറെ കാര്യം.

ആഞ്ഞിലിക്കുരു വറുത്തതും ചക്കക്കുരു പൊള്ളിച്ചതും ചീനി ചുട്ടതും കഴിച്ച് പശിയടക്കിയിരുന്ന മലയാളിയാണ് പിൽക്കാലത്ത്  റസ്റ്റോറന്റുകളിൽ പോയി പിസ്സയും ബർഗ്ഗറും പെപ്സിയും കഴിച്ച് ആഢംബര പ്രേമികളാകുന്നത്. പിന്നെ പിന്നെ ഫ്ലാറ്റുകളിലിരുന്ന് ഓൺലൈനിൽ ബുക്ക് ചെയ്തു ഇഷ്ടവിഭവം വരുത്തി ഭക്ഷിക്കുന്നത്. എങ്ങനെയാണ് കേരളം ഇങ്ങനെയൊക്കെ മാറിയത്. അതാണ് വിദേശത്തിരിക്കുന്ന പ്രവാസികളുടെ കണ്ണു നനയിക്കുന്നതും.

കേരളത്തിലെ ചെറുപ്പക്കാർ തൊഴിലന്വേഷിച്ചിറങ്ങി. ഗ്രാമവും പട്ടണവും അലഞ്ഞു. അയൽ സംസ്ഥാനങ്ങളിലേക്ക് പോയി. കടം വാങ്ങിയ തുകയ്ക്ക് വിസ തരപ്പെടുത്തി വിദേശങ്ങളിൽപ്പോയി. ചുട്ടുപ്പൊള്ളുന്ന വെയിലിൽ ചോര നീരാക്കി പണിയെടുത്ത് അവർ നാട്ടിലേക്ക് പണമയച്ചു. ആ പണം സഹോദരിമാരുടെ, മക്കളുടെ വിവാഹത്തിനും വീടുവയ്ക്കാനുമായി ചെലവഴിച്ചു. കേരളത്തിൽ കൺസ്ട്രക്ഷൻ മേഖല, ജുവലറി, ടെക്സ്റ്റൈൽ, സ്വകാര്യ ആശുപത്രി, വിദ്യാഭ്യാസ സ്ഥാപനങ്ങൾ തഴച്ചുവളർന്നു. എന്തിനേറെ പറയുന്നു അയൽ സംസ്ഥാനങ്ങളിൽ നിന്നും പണിയ്ക്കായി ആളുകൾ എത്തി.

മലയാളികൾ എത്താത്ത ഒരു രാജ്യമുണ്ടാവുമോ ? ഉണ്ടെങ്കിലത് അത്ഭുതമായിരിക്കും. മലയാളികളുടെ പെരുമാറ്റവും വിദ്യാഭ്യാസവും വൃത്തിയും കഴിവും ഏവിടെയും അംഗീകരിക്കപ്പെട്ടതുകൊണ്ടാണ് മലയാളികൾക്ക് ഈ സ്വീകാര്യത . പക്ഷെ, നാട്ടിൽ മലയാളികളുടെ മനോഭാവം പരിശോധിക്കേണ്ടതുണ്ട്. ഈ ആധുനിക യുഗത്തിലും  മലയാളിയുടെ മനസ്സ് രോഗാതുരമാണോ ? ഈ വിഷയം ചർച്ചപ്പെടേണ്ടിയിരിക്കുന്നു. കാരണം കൊറോണ വൈറസിന്റെ വ്യാപനത്തെ തുടർന്ന് വിവിധ രാജ്യങ്ങളിൽ ലോക് ഡൗൺ ആണ്. വിസിറ്റിംഗ് വിസയിൽ ഗൾഫിൽ പോയവരും വിസാ കാലാവധി കഴിഞ്ഞവരും പഠിക്കാൻ പോയവരും മറ്റും ലോക്ഡൗണിൽപ്പെട്ടു പോയിട്ടുണ്ട്. ഗർഭിണികളും പ്രായമായവരും ഒക്കെ ഇക്കൂട്ടത്തിൽ ഉണ്ട്. അവരെ നാട്ടിലേക്ക് കൊണ്ടുവരുന്നതിനെപ്പറ്റി ചർച്ച ഉയരുമ്പോൾ ചില കോണുകളിൽ നിന്നും അപസ്വരം ഉയരുന്നു. പ്രവാസി മലയാളികളെ കറവപ്പശുവായി കണ്ടവരാണോ ഇവർ എന്നത് മറ്റൊരു വിഷയം.

വിദേശ രാജ്യങ്ങളിൽ മാനസ്സിക സംഘർഷത്തോടെ കഴിയുന്ന നിരവധി മലയാളികൾ ഉണ്ട്. കൊറോണ ഭീതിയേക്കാൾ വലിയ ഭീതിയാണ് ഈ മാനസ്സിക സംഘർഷം. അവർക്ക് സാന്ത്വനം പകരേണ്ട നിമിഷങ്ങളാണ് ഇതെന്ന് പ്രത്യേകം ഓർക്കുക.

പ്രവാസി മലയാളികളുടെ കയ്യൊപ്പ് ചാർത്തിയതാണ് കേരളം. അതാരും മറക്കരുത്. അവർ നൽകിയ സ്പ്രേ വാങ്ങി ശരീരത്തിൽ പൂശിയതിന്റെ നന്ദിയെങ്കിലും കാണിക്കുക.

കേരളം  പ്രതിസന്ധിയെ അഭിമുഖീകരിക്കുന്നുണ്ടെന്നത് വസ്തുതയാണ്. കാഴ്ചയുള്ളപ്പോൾ കണ്ണിന്റെ വിലയറിയില്ലെന്നത് പറയുന്നതുപോലെയാണത്. കേരളത്തിൽ 2018ലും 2019 ലും ഉണ്ടായ പ്രളയവും 2017 ലെ ഓഖിയും പിന്നീടു വന്ന നിപ രോഗവും ഇപ്പോൾ ലോകമെമ്പാടും വന്ന കൊറോണ വ്യാപനവും നമ്മുടെ കൊച്ചു കേരളത്തെ ഉലച്ചു. പക്ഷെ, കൊറോണ വ്യാപനത്തിൽ കേരളത്തിനുണ്ടായിരുന്ന പ്രതീക്ഷകളെ തകർക്കും വിധം പ്രവാസി മലയാളികൾ കൂടി ദുരിതത്തിലായി. കേരളത്തിലേക്ക് ഇതര സംസ്ഥാനത്തുള്ളവരും വിദേശത്തുള്ളവരുമായ അഞ്ചര ലക്ഷം മലയാളികൾ തിരികെ വരാനായി നോർക്കയിൽ പേര് രജിസ്റ്റർ ചെയ്തു കഴിഞ്ഞു. ഇതു കൂടാതെ  ലക്ഷങ്ങൾ പ്രവാസികളായുണ്ട്. ഇക്കൂട്ടത്തിൽ മറ്റൊരു വിഷയം കാണാതെ പോകരുത്. അര ലക്ഷത്തോളം അതിഥി തൊഴിലാളികൾ കേരളം വിട്ട് പോകുന്നു. ഇവരുടെ തൊഴിലിടങ്ങൾ ശൂന്യമാകുമോ ? 

ഒരു പക്ഷെ, തിരികെ എത്തുന്ന പ്രവാസി മലയാളികൾ ഈ തൊഴിലിടങ്ങളിലെ ശൂന്യത പരിഹരിക്കുമായിരിക്കാം. എല്ലാം കാത്തിരുന്നു കാണേണ്ടതുണ്ട്.

കമന്റ്: കൊറോണ വൈറസ് വ്യാപനത്തിനെതിരെയുള്ള പ്രതിരോധത്തിൽ മിസൈലുകളോ, തോക്കോ, അമ്പും വില്ലുമോ ഒന്നും ആയുധമല്ല. ഇവിടെ കാലാൾപ്പടയെ ഉള്ളു. ആത്മബലവും ജാഗ്രതയും പുഞ്ചിരിയുമാണ് ആയുധങ്ങൾ.
 

Share :