റൈറ്റേഴ്സ് റൈറ്റ്' ഗ്രൂപ്പില്‍ നടന്ന ചര്‍ച്ചയും സംവാദങ്ങളും (രണ്ടാം ഭാഗം
ബി ജോസുകുട്ടി:
ഒരു നാടൻ പാട്ടിന്റെ ശീലിലും തികവിലും ആവിഷ്കരിച്ച അസിം താന്നിമൂടിന്റെ കവിത നവീനമായ ഒരു വായനാനുഭവം നൽകിയെന്നു പറയാതെ വയ്യ. തിരിച്ചറിവിന്റെ ബോധതലത്തിന്റെ പ്രകാശരേണുക്കൾ പാർശ്വവത്ക്കത ജീവിതങ്ങളിൽ എത്ര മാത്രം പരിണാമ ബോധമുളവാക്കി എന്ന ഈ രചന വ്യക്തമാക്കുന്നു. മണിച്ചി പ്രാതിനിധ്യ സ്വഭാവമുള്ള സ്വത്വ ദർശനമായി ഇവിടെ വായിച്ചെടുക്കാം. സ്ത്രീ കേന്ദ്രീകൃതമായ പ്രമേയത്തെ അതിന്റെ മുഴുവൻ സാധ്യതകളെയും എത്രമാത്രം കവി ഈ രചനയിൽ ഉൾക്കൊണ്ടു എന്ന ചോദ്യം നിലനിൽക്കുമ്പോൾ തന്നെ കാവ്യബോധത്തിന്റെ ഗരിമ വളരെ കൃത്യമായി അടയാളപ്പെടുത്തിയിരിക്കുന്ന എന്ന വസ്തുതയും അവഗണിക്കാനാവില്ല. ഇവിടെ വിന്യസിച്ചിട്ടുള്ള ചില ബിംബകൽപ്പനകൾ കവിതയിൽ നിലാവു പോൽ അലിഞ്ഞത് രചനയെ കൂടുതൽ മനോഹരമാക്കുന്നു. സിൽവിയാ പ്ലാത്തിന്റെ Dark moon എന്ന കവിതയിൽ abort ചെയ്യപ്പെട്ടു പോയ കുഞ്ഞിനെയോർത്ത് നിലാവിനെ മുലയൂട്ടുന്ന ഒരു ഏകാകിനിയുടെ വിചാരധാരകളെ അനുസ്മരിപ്പിക്കുന്നു.
"വല്ലാത്ത വീർപ്പോടവളെണീറ്റ് സ്വിച്ചണച്ചിരവിനോടൊട്ടി നിന്ന് കുഞ്ഞു നിലാവിനമ്മിഞ്ഞ നൽകി"എന്ന വരികൾ.
മണിച്ചിയും അവളുടെ പുതു ലോകവെട്ടത്തിൽ വിരാജിക്കട്ടെ. കവിയെ അനുമോദിക്കുന്നു.
ചിത്രാ മാധവന്‍:
ചുറ്റുപാടും ചെത്തിയും മിനുക്കിയും ഭംഗിവരുത്താത്ത, മുറ്റമില്ലാത്ത, ഇരുട്ടു പരതുന്ന ആ ഒറ്റ മുറിവീട്ടിൽ പെട്ടെന്നൊരു ദിനം കറണ്ടുവന്നു. അതുവരെ ഇരുട്ടുമൂടിയിരുന്ന മണിച്ചീടെ വീടങ്ങനെ വെളിച്ചം കൊണ്ട് അഹങ്കരിക്കപ്പെട്ടു. അന്നുവരെയും അവ്യക്തമായി തുടർന്നുപോന്ന വീടിന്റെ ഉള്ളകങ്ങളെല്ലാം പിന്നീട് വെളിപ്പെടുത്തുന്നതാണ് കവിതയുടെ കാമ്പ്.
വെട്ടം കിട്ടിയതോടെ കള്ളുകുടിയനായ ഭർത്താവിനെയും അവൾ മറക്കുന്നു.
വെട്ടം ഒരു അനുഗ്രഹമാകുമ്പോഴും,
രാത്രിയിൽ ഇരുട്ടത്ത് സ്ഥിരമായി വന്നുപോയിരുന്ന ജാരന് ആ വെട്ടം ഒരു തടസ്സമാവുകയും, അവൻ കാവിന്റെ പിന്നിലൂടെയെത്തി ശബ്ദം കൊണ്ടവളെ വരവറിയിക്കുകയും ചെയ്യുന്നു. വെട്ടംകൊണ്ട് എന്തുചെയ്യണമെന്നറിയാതെ വിറളിപൂണ്ട അവൾക്ക് ജാരനെ ഒളിപ്പിക്കാൻ നിവൃത്തിയില്ലാതാവുകയും, ഭാഗ്യത്തിന് അന്നേരം ഇരമ്പിവന്ന കാറ്റ് ഒരനുഗ്രഹമായി ആ വെളിച്ചത്തെ കെടുത്തുകയും ചെയ്യുന്നു. ആ സമയം തക്കംനോക്കി വീടിനുള്ളിൽക്കടന്ന ജാരനോട് കൊഞ്ചിയും കുഴഞ്ഞും തലോടിയും സ്വൈരതയോടെ അവൾ രാത്രിപങ്കിടുമ്പോൾ, മറഞ്ഞുപോയ വെട്ടം പെട്ടെന്ന് തിരികെവന്ന് ഇടിത്തീപോലെ അവരുടെമേൽ പതിക്കുന്നു. അങ്ങനെ ആരുമറിയാതെ ഒളിപ്പിച്ചുവച്ച വീടിന്റെ ഉള്ളകങ്ങളെല്ലാം വെളിച്ചം പുറത്തേയ്ക്ക് കൊണ്ടുവരുന്നു.
ഓരോ വായനയും വൃത്യസ്ത തലങ്ങളല്ലേ മാഷെ. പ്രിയപ്പെട്ടവരുടെ നിരൂപണങ്ങൾ വായിച്ചുപോകുന്നു.
എല്ലാം പല കോണിൽ നിന്നുള്ള വിവിധങ്ങളായ വായനകൾ. ടീച്ചറ് പറഞ്ഞപോലെ എഴുത്തും വായനവും വ്യക്ത്യാധിഷ്ഠിതമാണ്. കവിയുടെ ആശയം വായനക്കാരിൽ എത്തുമ്പോഴാണ് കവിത വിജയിക്കുന്നത്. എങ്കിലും അവിടവും പൂർണ്ണമാകണമെന്നില്ല. ഓരോ അവശേഷിപ്പും ഓരോ ചോദ്യചിഹ്നങ്ങളായി മാറി നിൽക്കും. മാഷ് പറഞ്ഞുനിർത്തിയ പോലെ ഈ അതിശയോക്തി ചിലപ്പോൾ നമ്മുടെ അസിം മാഷിനുമുണ്ടാവാം..
അസിം മാഷിന്റെ വരികളിൽ, പാർശ്വവത്കരിക്കപ്പെട്ട അരികുജീവിതത്തിന്റെ സ്ത്രീബിംബങ്ങളെയാണ് മണിച്ചിയിലൂടെ അടയാളപ്പെടുത്തുന്നുന്നത്. ഇടുങ്ങിയ ആ ഒറ്റമുറിവീട് സ്വപ്നഹീനങ്ങളുടെ ഒരു തടവറയായും മദ്യപാനിയായ ഭർത്താവിന്റെ തെറിപുലമ്പലും കയ്യങ്കാളിത്തവും സ്ത്രീനിസ്സഹായതയുടെ നേർക്കാഴ്ചയുമാണ്. ഇരുട്ടിലെത്തുന്ന ജാരനും കുഞ്ഞുനിലാവുമൊക്കെ അണഞ്ഞുപോയ അവളുടെ സ്വപ്നങ്ങൾക്കു നിറം ചാർത്തിയിരുന്നു. എന്നാൽ പെട്ടെന്നൊരുദിനം വന്ന വെട്ടം അവളുടെ എല്ലാ സന്തോഷങ്ങളെയും കെടുത്തി, അത്രനാളും ആരുമറിയാതെ കാത്തുവച്ച അവളുടെ മനോവികാരങ്ങളെ വിലങ്ങുവയ്ക്കുന്നു. ഒടുവിൽ സ്വിച്ചണച്ച് ആ വെട്ടത്തെ കെടുത്തിക്കൊണ്ട് വീണ്ടുമവൾ കുഞ്ഞുനിലാവിനെ മാറോടു ചേർക്കുന്നു.കവിക്ക് അഭിനന്ദനങ്ങൾ.
ഒ ബി ശ്രീദേവി:
വെളിച്ചം വരുത്തിയ പ്രശ്നങ്ങൾ
നെഞ്ചൂക്കു കാട്ടി അഹങ്കരിച്ചു നിൽക്കുന്ന വെളിച്ചംകണ്ട് പകച്ച്, ഒരു നിമിഷം കണ്ണഞ്ചിപ്പോയവൾ ഇരുട്ടും വിണ്ണും നിലാവും കാണാൻ ഹുങ്കുപറ്റാതെ
കെട്ട്യോന്റെ വരവും കാത്തു മുറ്റത്തങ്ങനെ നിറഞ്ഞു നിൽക്കാൻ പോലും മറന്നു.
പൂതപ്പാട്ട് ചേർത്ത് ഈ മനോഹര കവിത അവലോകനം ചെയ്യാനാണ് എനിക്കു താത്പര്യം.
വെളിച്ചം പൂതമാണവൾക്ക്. ഹുങ്കു കാട്ടി തന്നെ കബളിപ്പിച്ച് വഴിതെറ്റിക്കാൻ വന്ന പൂതം.
മാതൃത്വത്തേക്കൾ വെളിച്ചം പാരിലില്ല. എല്ലാ വെളിച്ചങ്ങളുടേയും അമ്മ അവൾ തന്നെയാണ്. അതിനേക്കാൾ വല്യൊരു കാഴ്ച അമ്മക്കില്ല
വെളിച്ചം നൽകിയ വീർപ്പുമുട്ടലിൽ
അതുകെടുത്തിയിരവിനോടൊട്ടി തന്റെയുള്ളിലെ വെളിച്ചത്തെ വാരിയണച്ചു പാലൂട്ടി നിർവൃതിയടയുന്ന മണിച്ചി.
എത്ര പുതുമകൾ വന്നാലും
പെണ്ണിന് മാതൃത്വം തന്നെയാണ് വെളിച്ചം.
രജനി വെള്ളോറ :
കവിതയുടെ അവസാനവരികളിൽ പാലൂട്ടിയതായി പറഞ്ഞിരിക്കുന്നത് ആരെയാണാൺ്? നിലാവിനെയാണോ...മടിയിൽനിന്നും പോയതെന്താണ്... ഒരു സുന്ദരി,
പാൽനിലാവൊഴുകുന്ന രാത്രിയിൽ, കുളികഴിഞ്ഞ് മുടിയുലർത്തിയിട്ട് ആകാശത്തെ നക്ഷത്രങ്ങളെ നോക്കിനിൽക്കുന്ന ഒരു ചിത്രം മനസ്സിലേക്കെത്തി..
സ്വച്ഛന്ദസുന്ദരമായ ഗ്രാമീണാന്തരീക്ഷത്തിലേക്ക് വികസനത്തിന്റ ആധുനികതയുടെ മണികിലുക്കവുമായി വൈദ്യുതിയെത്തി.
മണിച്ചിയുടെ ഒറ്റമുറിയുള്ള കൊച്ചുവീട്ടിലെ ദാരിദ്ര്യം ഒളിച്ചുകളിച്ചിരുന്ന ഇരുണ്ടമൂലകളിലേക്ക് വെളിച്ചം അതിന്റെ വെളുത്തദംഷ്ട്രകൾ കാട്ടി ഇളിച്ചുനിന്നു.
പതിവുപോലെ നിലാവിന്റെ ചേലചുറ്റി നക്ഷത്രപൊട്ടുതൊട്ട് സുന്ദരിയായി രാത്രി ഒരുങ്ങിയെത്തി.
പക്ഷേ അഹങ്കരിച്ചുനിന്ന വെളിച്ചത്തിന്റെ പ്രഭയിൽ അവളാകെ പകച്ചുപോയി. എന്നും കള്ളുകുടിച്ച് ഉൻമത്തനായി ഇരുട്ടിലൂടെ
ആടിയാടി വരുന്ന ഭർത്താവിനെക്കാത്ത് വഴിക്കണ്ണുമായിരിക്കാറുള്ള മണിച്ചി അന്നത് മറന്നുപോയി. ഒരുപക്ഷേ ടിവി സീരിയലുകളിൽ മുങ്ങിപ്പോയതാകാം. നാഗരികതയുടെ കടന്നുകയറ്റമാണ് ഇവിടെ കവി ഉദ്ദേശിക്കുന്നത്. കുടുംബബന്ധങ്ങൾ നഷ്ടമാകുന്നു.
കാലമങ്ങനെ മുന്നോട്ടുപോയപ്പോൾ എന്തോ നഷ്ടപ്പെട്ടതായി മനുഷ്യർക്ക്(മണിച്ചിക്ക്) തോന്നാൻ തുടങ്ങി.എന്താണത് എന്നോർത്തിരിക്കുമ്പോഴാണ് കൊടുങ്കാറ്റും പേമാരിയുമായി മഹാപ്രളയം വന്നെത്തിയത്.അപ്പോഴാണ് മണിച്ചിക്ക്(മനുഷ്യന്) മനസ്സിലായത് സ്നേഹവും സഹാനുഭൂതിയും ആയിരുന്നു കൈമോശം വന്നതെന്ന്. അവയെല്ലാം തിരിച്ചുപിടിച്ച ഒത്തൊരുമയോടെ ആ ദുരന്തത്തിൽനിന്നുകരകയറി. വീണ്ടും വൈദ്യുതിവെളിച്ചം തിരിച്ചുവന്നു. മനുഷ്യൻ വീണ്ടും.പഴയതുപോലെയായി.
വല്ലാതെ സഹികെട്ടു ഭൂമി മനുഷ്യനെക്കൊണ്ട്. കുറേ പ്രകൃതിസ്നേഹികൾ കരഞ്ഞുവിളിച്ചിട്ടും ആരും കേട്ടില്ല!.. അപ്പോഴാണ് ഒരു സൂക്ഷ്മജീവി മനുഷ്യനാശത്തിനായി അവതരിച്ചത്. കൊന്നൊടുക്കി അവനങ്ങനെ മുന്നേറാൻ.തുടങ്ങിയപ്പോൾ, എല്ലാ സുഖസൗകര്യങ്ങളുമുപേക്ഷിച്ച്,, ആദിമയുഗത്തിലെ മനുഷ്യരെപ്പോലെ കായ്കനികൾ ഭക്ഷിച്ച്, കാൽനടയായിപ്പോലും സഞ്ചരിക്കാനാവാതെ അവൻ പൂട്ടിയിടപ്പെട്ടത്.
ആകാശവും നക്ഷത്രങ്ങളും നിലാവും കിളികളും മറ്റുജീവികളും നിറഞ്ഞ പ്രകൃതിയിലേക്ക് ഏറെക്കാലത്തിനുശേഷം അവൻ(അവൾ) മുഖമുയർത്തി നോക്കി.
താൻ ഒരു മാതാവിനെപ്പൊലെ ആശ്ളേഷിച്ച് മുലയൂട്ടുമ്പോഴാണ് പ്രകൃതി ഒരു കുഞ്ഞിനെപ്പോലെ മാറിലൊതുങ്ങുക എന്നുള്ള തിരിച്ചറിവാണ് ഈ മഹാമാരിയുടെ പരിണിതഫലം എന്ന് കവി പറഞ്ഞുവെക്കുന്നു.
രമേഷ്:
ശ്രീദേവി ഓപ്പോൾ പറഞ്ഞു അസീം താന്നിമൂട് നല്ലൊരു കവിത പോസ്റ്റ് ചെയ്തിട്ടുണ്ട്. സമയം കിട്ടുമ്പോൾ ഒന്ന് നോക്കൂ. മാതൃഭൂമിയിൽ പ്രസിദ്ധീകരിക്കുകയും ചെയ്‌ത കവിതയാണ്.
കവിതയെ വിലയിരുത്താൻ ഞാനാളല്ല, എങ്കിലും എനിക്ക് അനുഭവവിദിതമായവയിൽ ചിലത് പങ്കുവെയ്ക്കട്ടെ...പ്രകാശത്തിന്റെ സ്വത്വവും അസ്‌തിത്വവുമൊക്കെ അമൂർത്തമായിട്ടുള്ളതാണ്. അതിനെ കുറിച്ച് പറയുകയും എഴുതുകയും ചെയ്യുകയാണെങ്കിൽ എത്രവേണമെങ്കിലും ആവാം.
കവിതയിലേക്ക് വരാം
"മണിച്ചീടെ വീട്ടില്‍
വെളിച്ചമെത്തി.
സ്വിച്ചിട്ടു,ലൈറ്റു
തെളിഞ്ഞു കത്തി....
എന്ന് പറഞ്ഞുകൊണ്ടാണ് കവിത ആരംഭിക്കുന്നത്.
വേറൊരു തരത്തിൽ പറഞ്ഞാൽ, അങ്ങിനെ പറഞ്ഞുകൊണ്ടാണ് കവി തന്റെ കവിതയിലേക്ക് വായനക്കാരനെ ക്ഷണിക്കുന്നത്.
വൈദ്യുതി കണക്ഷൻ കേരളത്തിലെ വീടുകളിൽ ആദ്യമായി വന്നിരുന്ന ഒരു കാലമാണ് മനസിലൂടെ കടന്നു പോകുന്നത്.
അങ്ങിനെ വീട്ടിൽ, വീടുകളിൽ
അത്രനാളവ്യക്തമായിരുന്ന-
തൊക്കെയാവെട്ടം
വെളിപ്പെടുത്തി:
ഇനിയാണ് സിനിമക്കാരുടെ ഭാഷയിൽ പറഞ്ഞാൽ ട്വിസ്റ്റ്.
ഒറ്റമുറിയുള്ള കൊച്ചുവീട്.
പ്രതീകാത്മകമായി മനുഷ്യ ശരീരത്തിലേക്ക് കടന്നു വരുന്നു. പ്രകാശം അറിവായി മനുഷ്യനിൽ തിളങ്ങുമ്പോൾ എല്ലാം വ്യക്തതയോടെ കാണുവാനുള്ള അവന് കഴിയുന്നു. മുറ്റമില്ലാത്ത വീടുപോലെ മനുഷ്യൻ എന്ന് പറയുമ്പോൾ അത് ഒട്ടനവധി അർത്ഥതലങ്ങളിലേയ്ക്ക് നമ്മെ കൊണ്ടെത്തിക്കുന്നു. മുറ്റം വീടിനെ വിശാല മാക്കുന്നുവെന്നോ ഐശ്വര്യമുള്ളതാക്കുന്നുവെന്നോ പറയാം. പഴയ കാലത്ത് വീടിന് മുറ്റം അനിവാര്യമാണ്. ഒരുപാട് കാര്യങ്ങൾ അതിനോട് ബന്ധപ്പെടുത്തി പറയാനാവും. മനുഷ്യൻ സ്വാർത്ഥനായി തന്നിലേക്ക്ത്തന്നെ ഒതുങ്ങിക്കൂടുന്ന ഒരു പ്രവണത വീടിന് മുറ്റമില്ലായ്മയിലൂടെ കവി പറയാതെ പറയുന്നതുപോലെ
എന്നാൽ ഇപ്പോൾ അപ്പാർട്മെന്റും, ഫ്‌ളാറ്റും ജീവിത മാറ്റത്തിൽ വന്നതിനാൽ വീടിന് മുറ്റം നഷ്ടമായിരിക്കുന്നു.
വൈദ്യുതി കണക്ഷൻ കിട്ടി വീട്ടിൽ വൈദ്യുതി വെളിച്ചം വരികയെന്നത് അക്കാലത്തു വലിയൊരു സംഭവമായാണ് കരുതിയിരുന്നത്.
അങ്ങിനെ വൈദ്യുതി വെളിച്ചത്തിന്റെ വരവ് മണിച്ചീടെവീട്ടില്‍ അഹങ്കാരമായും അഹങ്കാരത്തിലുണ്ടാകുന്ന ഹുങ്കായും വളർന്നു
അങ്ങനെയിരിക്കുമ്പോഴാണ് രാവ് വരുന്നത്. രാവിന്റെ പ്രകാശം പ്രകൃതിയുടെ സഹജമായ പ്രകാശമാണ്.വൈദ്യുതി കണക്ഷനിലൂടെ കിട്ടുന്ന വെളിച്ചം കൃത്രിമമായി മനുഷ്യൻ ഉണ്ടാക്കിയെടുക്കുന്ന വെളിച്ചമാണ്. അറിവിന്റെ വെളിച്ചം മനുഷ്യൻ ആർജ്ജിക്കുന്ന വെളിച്ചമാണ്. എന്നാൽ ഇതിനെല്ലാം ഉപരിയായി സൂര്യൻ, ചന്ദ്രൻ, നക്ഷത്രങ്ങൾ നൽകുന്ന പ്രകാശം പ്രകൃതി സഹജമായി പ്രകൃതിയിലെ സകല ജീവിജാലങ്ങൾക്കും ഒരുക്കിയിട്ടുള്ള വെളിച്ചമാണ്. മനുഷ്യന്റെ സഹജ ജീവിതത്തിന്റെ ശക്തിയുടേയുടെയും സൗന്ദര്യത്തിന്റെയും മഹിമ കവിത വായനക്കാരന് സമ്മാനിക്കുന്നു.
കവിതയെ കുറിച്ച് പറയുകയാണെങ്കിൽ ഇനിയും പറയുവാനുണ്ട്. ഇടയ്ക്ക് പല കാര്യങ്ങളും പറയാൻ വിട്ട് പോയിട്ടുമുണ്ട്. സദയം ക്ഷമിക്കുമല്ലോ കവിത വായിക്കാൻ കഴിഞ്ഞതിലുള്ള സന്തോഷം അറിയിക്കുന്നു.
റഷീദ് ചുള്ളിമാനൂര്‍:
ഏപ്രിൽ 23 ലോക സാഹിത്യത്തിലെ മഹാപ്രതിഭ വില്യംഷേക്സ്പിയറിന്റെ ചരമദിനവും, ജന്മദിനവും ഇന്നാണ്. ആ ഓർമ്മയ്ക്ക്
മുന്നിൽ ആദ്യമെ നമിച്ചു കൊണ്ട്.
അസിം താന്നിമൂടിന്റെ 'മണിച്ചിട വീട്ടിൽ 'വായിച്ചു.
സൂക്ഷമതയുടെ സൗന്ദര്യശാസ്ത്രം അഥവാ ആഴക്കാഴ്ചകൾ .
പ്രകാശവും, ഇരുളും പ്രതീകങ്ങളായി ഒന്ന് ഒന്നിന് മേലുള്ളയുദ്ധം .വർത്തമാനകാല സത്യങ്ങൾ പോലെ പ്രകാശത്തിന് മേൽ ഇരുളിന്റെ അധിനിവേശം.
ജീവിതങ്ങളുടെ കഥ പറയുന്ന പുതുവഴിയിലൂടെസഞ്ചരിയ്ക്കുന്ന കവി. ആശംസകൾ.
ലക്ഷ്മി ചങ്ങണാറ:
അത്രയും നാൾ പലതുകൊണ്ടും അപ്രസക്തമായിരുന്ന.. അവ്യക്തമായിരുന്ന.. സ്വപ്നഹീങ്ങളായിരുന്ന.. മുറ്റമില്ലാത്ത മണിച്ചീടെ വീട്ടിൽ പെട്ടെന്നുണ്ടാകുന്ന സൗഭാഗ്യങ്ങൾ.. എങ്ങിനെയുന്നുള്ളത് ഗുപ്തമാക്കിയിരിക്കുന്നു കവി. അല്ലെങ്കിൽ അനുവാചകർക്ക് വിട്ടുകൊടുത്തിരിക്കുന്നു.. പക്ഷേ ആ സൗഭാഗ്യങ്ങളുടെ മഞ്ഞളിപ്പിൽ എല്ലാ പെണ്ണുങ്ങളെയും പോലെ മണിച്ചിയും കണ്ണഞ്ചിപ്പോയി. ആ വെളിച്ചത്തിൽ മണിച്ചിയുടെ കാഴ്ച മങ്ങിപ്പോയി. ഒരിക്കൽ ഈ വെളിച്ചം ശാശ്വതമല്ലെന്നും ഇരുട്ടിനു വഴിമാറുമെന്നും ഓർത്തത് പതിവുപോലെ ഇരുട്ടത്ത് വീട്ടിലണയുന്ന കെട്ട്യോനെ കാത്തുനിൽക്കാൻ മറന്നുപോയപ്പോഴാണ്. അല്ലെങ്കിൽ ആ ഓർമ്മ തിരികെയെത്തിപ്പോഴാണ്. ഒരുപക്ഷേ ഒക്കത്തുനിന്നൂർന്നു പോയ കുഞ്ഞുനിലാവിനെയും ആ വെള്ളിവെളിച്ചത്തിൽ മറന്നുപോയി. അരുതായ്മയുടെ പ്രതീകമായ കാവും അരുതായ്കയുടെ പ്രതീകമെന്നോണം കാറ്റും കടലും. പക്ഷേ അതിൽ അവളുടെ വെള്ളിവെളിച്ചം പൊലിഞ്ഞുപോയി. അവൾക്ക് രാവിന്റെ നിലാവെളിച്ചത്തിന്റെ ഇത്തിരി വെട്ടമാണെന്ന് തിരിച്ചറിഞ്ഞപ്പോഴാണ് ആ കുഞ്ഞു നിലാവിനെ താലോലിച്ചതും അമ്മിഞ്ഞനൽകിയതും.
മണിച്ചിയുടെ ജീവിതം ആ മുറ്റമില്ലാത്ത വീടും നിലാവിന്റെ ഇത്തിരിവെട്ടവും,, ആ നിലാവിന്റെ നിഴൽപറ്റി വീടണയുന്ന കെട്ട്യോനും,, പിന്നെ അവരുടെ ജീവിതത്തിലെ കെടാവിളക്കായ കുഞ്ഞു നിലാവും., ബാക്കിയൊക്കെ മായയാണെന്നും പറയാതെ പറയുന്നു കവി. ഇരുത്തം വന്ന എഴുത്ത്. ഒരു സ്ത്രീയുടെ ഇട്ടാവട്ടത്തിലൊതുങ്ങുന്ന ജീവിതം എത്ര തന്മയത്വത്തോടെയാണ് വരികളിലൂടെ വരച്ചു കാട്ടിയിരിക്കുന്നത്.. ആശംസകൾ
ബിയാട്രിക് ഗോമസ്:
എക്കാലവും സുവൃക്തമാണ് വെളിച്ചം ഇരുൾ നീക്കി കി അവൃക്തമായവയൊക്കെയും വെളിപ്പെടുത്തുക. കണ്ണഞ്ചിപ്പോകുന്ന വെട്ടമായാലോ വിണ്ണു കാണാനാകാതെ അങ്കലാപ്പായി. ചൊവ്വും ചേലും ഇല്ലാത്തൊരിടുങ്ങിയ മുറ്റമുള്ളൊരിടുങ്ങിയ ഒറ്റമുറി കൊച്ചു വീട്. വശൃ സുന്ദരമായ വർണ്ണനയുൾക്കൊള്ളുന്ന അഗാധ തലങ്ങളെ തൊട്ടുണർത്തുന്ന വരികൾ... ആശംസകൾ
ഷിബു പാലക്കാട്:
കവിത വായനക്കാരൻ്റെ അഭിരുചിക്കും, വിശകലനം ചെയ്യേണ്ട കഴിവിനനുസരിച്ചും, മനസ്സിലാക്കേണ്ട ആഴത്തിലും അഭിപ്രായങ്ങൾ ഉടലെടുക്കും
ഒരു കവിത എഴുത്തുകാരനിൽ നിന്ന് പുറത്ത് വരുമ്പോൾ അത് പല വഴികളിലൂടേയും കടന്ന് സഞ്ചരിക്കാൻ തുടങ്ങും,,, മനസ്സിലാക്കുന്നതും പല അർത്ഥത്തിലായിരിക്കും,,, അങ്ങനെയാകുമ്പോൾ കവിത വിജയിക്കും,,,,, ... പൂർണ്ണമായ് വെളിപ്പെടുത്തുന്നതല്ല കവിത എന്ന് കേട്ടിറ്റുണ്ട് അതിനോട് എനിക്ക് യോജിപ്പുമില്ല,, കവിത വായനക്കാരന് മനസ്സിലാകണം കവിത മാത്രമല്ല ഏതൊരു സൃഷ്ട്ടിയും, അതിൽ കവി ഇവിടെ വിജയിച്ചു,, കവിയുടെ സർഗസൃഷ്ട്ടിയിൽ ഇത്രമാത്രം അർത്ഥവ്യഖ്യാനങ്ങളുണ്ടെന്ന തെളിവ് തന്നെ ഉദാഹരണം