Archives / February 2018

സ്വയം പ്രഭ
അകന്ന് പോകുന്ന തിരമാലകള്‍ തിരികെ വരില്ല. . . . . . . . . . . . . .

ഒരു കഥയ്ക്ക് വേണ്ടിയുള്ള കഥ അല്ല. എന്നാല്‍ ഇതിലൊരു കഥയുണ്ട്താനും. ഏറെ വ്യത്യസ്തതയുള്ള ഒരു കാലത്ത് ഞാന്‍ ഏറെക്കുറെ ഏകാകിനിയായി കഴിയവേ - ഭര്‍ത്താവ് ജോലിസ്ഥലത്ത് - ഒരേയൊരു മോള് കോളേജ് ഹോസ്റ്റലില്‍ - എനിക്ക് ആശ്രയം ഫെയ്സ്ബുക്ക് ഫ്രണ്ട്സും മറ്റുമായിരുന്നു.

ഞാന്‍ താമസിക്കുന്ന വീട്ടില്‍ നിന്നും കുറെമാറി വേറൊരു ലെയനില്‍, ഇത്തിരി പ്രായമുള്ള ഒരു കക്ഷിയും താമസിച്ചിരുന്നു. കക്ഷിയെ പരിചയപ്പെട്ടത് ഞാന്‍ സ്ഥിരമായി പോകാറുള്ള സൂപ്പര്‍ മാര്‍ക്കറ്റില്‍ വെച്ചാണ്. കക്ഷിയും വൈകുന്നേരങ്ങളില്‍ സൂപ്പര്‍ മാര്‍ക്കറ്റില്‍ വരും സ്ഥിരമായി ഫ്രൂട്ട്സ് വാങ്ങാന്‍. സൂപ്പര്‍ മാര്‍ക്കറ്റിലെ പിള്ളേരുമായി കക്ഷിക്ക് നല്ല സൗഹൃദമുണ്ട്. അവര്‍ക്കെല്ലാപേര്‍ക്കും കക്ഷിയെ ഇഷ്ടവുമാണ്. നല്ല രസകരമായി സംസാരിക്കും - കക്ഷിയുടെ തന്നെ ഭാഷയില്‍ - \'സെന്‍സ് ഓഫ് ഹ്യൂമര്‍-ല്‍. പേരു പറഞ്ഞ് ഓരോരുത്തരേയും വിളിയ്ക്കുന്നത് തന്നെ ഒരു പ്രത്യേക ശൈലിയിലാണ്.

ഒരു ദിവസം അല്പം താമസിച്ചാണ് ഞാന്‍ സൂപ്പര്‍ മാര്‍ക്കറ്റില്‍ പോയത്. അപ്പോള്‍ കക്ഷി പര്‍ച്ചേഴ്സ് കഴിഞ്ഞു പുറത്തിറങ്ങിയിരുന്നു. അത് നല്ല അവസരമായി തോന്നി ഞാന്‍ അവിടത്തെ പിള്ളേരോട് ചങ്ങാത്തം കാട്ടിക്കൊണ്ട് കക്ഷിയെക്കുറിച്ച് തിരക്കി. അങ്ങനെയാണ് കക്ഷിയെക്കുറിച്ച് അറിയുന്നത്. കക്ഷി ഒറ്റക്കാണ് താമസം. മക്കളെല്ലാം നല്ല പൊസിഷനിലാണ്. മക്കളോടൊത്ത് താമസിക്കാന്‍ താല്പര്യമില്ലാത്തതുകൊണ്ടാണ് ഈ ഒറ്റയ്ക്കുള്ള വാസം.

ഭാര്യയെക്കുറിച്ച് അറിവൊന്നുമില്ല. എങ്കില്‍ മദ്യസേവ തുടങ്ങിയ മറ്റു കലാപരിപാടികളൊന്നുമില്ല. സുരഭി - അവിടത്തെ സെയില്‍സ് ഗേള്‍ - പറയുന്നത് കേള്‍ക്കാന്‍ തന്നെ രസമാണ്. മുമ്പൊരു ദിവസം കക്ഷിയോട് സുരഭി ചോദിച്ചത്രേ \"മക്കളോടൊപ്പം പോയി താമസിക്കാതെ ഇവിടെ എന്തിനാ ഒറ്റയ്ക്ക് താമസിക്കുന്നതെന്ന്?\"

കക്ഷി ആദ്യമൊന്നു ചിരിച്ചു. പിന്നെ - \"ഏകാന്തതയെ ഇഷ്ടപ്പെട്ടു കഴിഞ്ഞാല്‍ - പിന്നെ ഏകാന്തതയെ കൈവിടാന്‍ കഴിയില്ല - ഏകാന്തതയ്ക്ക് എന്നും എകാന്തതയെ തിരികെ നല്‍കാന്‍ കഴിയും. - അതാണ് ഏകാന്തതയുടെ ഒരേയൊരു പ്രത്യേകത - ഏകാന്തത നമ്മെ ചോദ്യം ചെയ്യില്ല. ഏകാന്തത ഒരിക്കലും പരിഭവം പറയില്ല - പിണങ്ങിയിരിക്കില്ല - മറ്റൊരാളില്ലാതെ എങ്ങനയാ പിണങ്ങുന്നത്? പിണക്കമില്ലെങ്കില്‍ പിന്നെ ഇണക്കം മാത്രമല്ലെയുള്ളു. അതാണ് ഏകാന്തതയോട് ഇത്രകണ്ടാണ് എനിക്ക് ഇണക്കം.\"

രസം അതല്ല. ഞാന്‍ അന്നാണ് കക്ഷിയെക്കുറിച്ച് ചോദിച്ചറിയുന്നത്. എങ്കില്‍ കക്ഷി എന്‍റെ വിവരങ്ങള്‍ ചോദിച്ചു മനസ്സിലാക്കിയിരുന്നുവെന്ന് അവരില്‍ നിന്ന് അറിഞ്ഞപ്പോള്‍ എനിക്ക് അത്ഭുതമാണ് തോന്നിയത്.

അടുത്ത ദിവസം വൈകുന്നേരമാകാന്‍ ഞാന്‍ കാത്തിരുന്നു - കക്ഷിയെ കാണാനുള്ള ആകാംക്ഷ കൊണ്ട് അന്ന് ഷോപ്പിംഗ് കഴിഞ്ഞ് ഞങ്ങള്‍ രണ്ട് പേരും ഒരുമിച്ചാണ് വീടുകളിലേക്ക് പോയത്.

വഴിയില്‍ കക്ഷി തികച്ചും നിശബ്ദനായിരുന്നു. ഞങ്ങള്‍ പിരിയേണ്ട സ്ഥലമെത്തിയപ്പോള്‍ ഒന്ന് നോക്കുകമാത്രം ചെയ്തു. എന്നാല്‍ അന്ന് രാത്രി എന്‍റെ വാട്ട്സ് ആപ്പില്‍ - \"ഒരു കണക്കിന് തനിക്ക് തന്‍റെ നിഴലിനെ മാത്രമേ വിശ്വസിയ്ക്കാനാവൂ - ആരുടെ കാര്യത്തിലും ഇതാണ് സത്യം\"- ഞാന്‍ വായിച്ചതല്ലാതെ മറുകുറിപ്പിന് പോയില്ല. പക്ഷേ രാവിലെ ഒരു \"സുപ്രഭാതം\" ഞാന്‍ പോസ്റ്റ് ചെയ്യാന്‍ മറന്നില്ല. ഇടയ്ക്ക് ഇത്തരം പ്രക്രിയ ഞങ്ങള്‍ തുടര്‍ന്നിരുന്നു. വൈകുന്നേരം കാണുമ്പോള്‍ സംസാരിക്കും - അങ്ങനെ വരവേ, ഒരു ദിനം എന്നോട് കക്ഷി പറഞ്ഞു - \"പുസ്തകം വായിക്കണം - ഒരിക്കലും പിണങ്ങാത്ത ഒരു ഉറ്റ സുഹൃത്ത് - പിന്നെ എന്‍റെ പിന്‍ഗാമി ആകേണ്ട ആളല്ലെ? (അപ്പോള്‍ അപ്പറഞ്ഞതിന്‍റെ അര്‍ത്ഥം മനസ്സിലായില്ല - ഞാന്‍ എടുത്തു ചോദിക്കാന്‍ ഒരുമ്പെട്ടില്ല - എങ്കില്‍ ഇപ്പോള്‍ മനസ്സാലായി).

ഞാന്‍ ഓണ്‍ലൈനിയിലെ ഫ്രണ്ട്സുകളെയും ഫേയ്സ്ബുക്കിലെ ഫ്രണ്ടസുകളെയും കുറിച്ച് വാചാലയായി. എല്ലാം കേട്ടു. ഒടുവില്‍ എന്നോട് പറയുകയാ - \"ചാറ്റ് ഒടുവില്‍ ചതിയക്കും - ഉറപ്പ്\"

സത്യത്തില്‍ ആ പറച്ചില്‍ എനിക്ക് ഇഷ്ടമായില്ല. തര്‍ക്കിച്ചില്ലെന്ന് മാത്രം. (വളരെ പിന്നീട് ആ കക്ഷി പറഞ്ഞത് പോലെ വന്നപ്പോള്‍ - ഞാന്‍ ആ കക്ഷിയെ ഓര്‍ത്തുപോയി).

അന്ന് രാത്രി എന്നെ വിളിച്ചു - ആദ്യമായി. സംസാരിച്ചത് മുഴുവന്‍ സാഹിത്യം. അത് ഒന്നില്‍ നിന്നും മറ്റൊന്നിലേക്ക് പടര്‍ന്ന് കയറും. കേട്ടിരുന്നാല്‍ സമയം പോകുന്നതറിയില്ല. സംസാരം നീണ്ടുപോയപ്പോള്‍ ഞാനൊരു സൂത്രം പ്രയോഗിച്ച് തുടങ്ങി. വിളിച്ചാല്‍ അപ്പോള്‍ തന്നെ എടുക്കും എന്നിട്ട് പറയും - \"മോള്‍ അവധി കഴിഞ്ഞ് ഇന്ന് പോയില്ല. നാളെയേ പോകു. അല്പം തിരക്കുണ്ട് - അപ്പോള്‍ തന്നെ ഒ.കെ. പറഞ്ഞ് കക്ഷി വെയ്ക്കുകയും ചെയ്യും.

പിന്നെ മറ്റൊരു സൂത്രം എന്‍റെ കൈയിലുണ്ട്. ചേട്ടന്‍റെ മോനുണ്ട്. (അതായത് എന്‍റെ നന്ദന്‍ ചേട്ടന്‍റെ ചേട്ടന്‍റെ മോന്‍ ഇവിടെ എന്നോടൊപ്പമുണ്ട് - അവന്‍ ഒരു മത്സരപരീക്ഷയ്ക്ക് ഇവിടെ നിന്നാണ് പഠിക്കുന്നതെന്നും മറ്റും പറഞ്ഞ് പിടിപ്പിച്ചിട്ടുണ്ട്) അത് കൊണ്ട് . . . പറഞ്ഞ് തീര്‍ക്കുന്നതിന് മുമ്പ് തന്നെ ഒ.കെ. പറഞ്ഞോളും

അങ്ങനെ വിളി കുറഞ്ഞെന്ന് മാത്രമല്ല - വാട്ട്സ് ആപ്പില്‍ കുറിക്കുന്നതും തീരെ ഇല്ലെന്ന് തന്നെ പറയാം. സൂപ്പര്‍ മാര്‍ക്കറ്റില്‍ വെച്ച് കാണുമ്പോഴും സംസാരം വളരെ കുറവാണ്. ഇടയ്ക്ക് കക്ഷിയുടെ നമ്പര്‍ മാറി. ഞാന്‍ പുതിയ നമ്പരൊട്ട് തിരക്കാനും പോയില്ല. പഴയ നെറ്റ്വര്‍ക്ക് കമ്പനി പൂട്ടിയപ്പോള്‍ കക്ഷി വേറെ നെറ്റ്വര്‍ക്കില്‍ കയറി.

ഒരു വൈകുന്നേരം സൂപ്പര്‍ മാര്‍ക്കറ്റിലെ സുരഭി പറഞ്ഞു - \"ഇന്ന് രാവിലെ വന്നു. കൂടെ മോനുണ്ടായിരുന്നു - നല്ല സുന്ദരന്‍ പയ്യന്‍ - കാറിലാണ് വന്നത് - മോനാണ് ഓടിച്ചത് - കക്ഷിക്ക് ഒരു സന്തോഷവുമില്ലായിരുന്നു\".

പക്ഷേ അടുത്ത ദിവസം മുതല്‍ വൈകുന്നേരമുള്ള സ്ഥിരം വരവ് ഇല്ലാതായി. വരവില്ലാതായപ്പോള്‍ ഞാന്‍ തിരക്കി ഇറങ്ങി. വീട് എനിക്ക് അറിയാമായിരുന്നു. പക്ഷേ, തടിയന്‍ ഗേറ്റില്‍ പുറത്ത് നിന്നും താഴിട്ട് പൂട്ടിയിരിക്കുന്നു.

രണ്ട് നാള്‍ കഴിഞ്ഞപ്പോള്‍ നന്ദന്‍ ചേട്ടന് ഇവിടെയ്ക്ക് ട്രാന്‍സ്ഫര്‍ കിട്ടുകയില്ലെന്ന് ഉറപ്പായതായി ചേട്ടന്‍ പറഞ്ഞു. അങ്ങനെ ആ വാടക വീട് ഒഴിഞ്ഞ്, ഞാന്‍ എന്‍റെ നാട്ടിലെ വീട്ടില്‍ ചേക്കേറി.

****************

വര്‍ഷങ്ങള്‍ തന്നെക്കഴിഞ്ഞു എന്‍റെ മോള്‍ ഭര്‍ത്താവിനോടൊപ്പം യു.എസ്-ല്‍. നന്ദന്‍ ചേട്ടന്‍ വി.ആര്‍.എസ്. എടുത്ത് മോളോടൊപ്പം കൂടി. എനിക്ക് വിധിച്ചു കിട്ടിയ ഏകാന്തതയില്‍ കഴിവേയാണ്, പണ്ട് വാടകയ്ക്ക് താമസിച്ചിരുന്ന വീടിന്‍റെ ഉടമസ്ഥന്‍റെ മകളുടെ വിവാഹക്ഷണക്കത്ത് കിട്ടുന്നത്. അന്ന് അവള്‍ സ്കൂള്‍ കുട്ടിയായിരുന്നു. എന്തുകൊണ്ടോ ആ വിവാഹം കാണാന്‍ എനിക്ക് കൊതിയായി.

മാത്രവുമല്ല ഞാനും ഒരു വായനക്കാരിയായി മാറിയപ്പോള്‍ പഴയ ആ കക്ഷിയെയും ആ സൂപ്പര്‍ മാര്‍ക്കറ്റും ഒക്കെ ഓര്‍മ്മ വന്നു. വിവാഹ തലേന്നാള്‍ തന്നെ ഞാന്‍ എത്തി അവരോടൊപ്പം കൂടി.

വിവാഹം കഴിഞ്ഞ് അന്ന് വൈകുന്നേരം തന്നെ പഴയ സൂപ്പര്‍മാര്‍ക്കറ്റില്‍ പോയി. എല്ലാപേരും പുതിയ ആളുകള്‍. കക്ഷിയുടെ വീട് വെളിയില്‍ പൂട്ടിയ സ്ഥിതിയില്‍ തന്നെ. തിരിച്ച് നടക്കാന്‍ തുടങ്ങവേ - \"അകന്ന് പോകുന്ന തിരമാലകള്‍ തിരിച്ച് വരില്ല - തിരിച്ച് വാന്നാലും തിരിച്ചറിയില്ല\" ഇത് ആ കക്ഷി ഒരു വൈകുന്നേരം എന്നോട് മുമ്പ് പറഞ്ഞതാണ് - പക്ഷേ അപ്പോള്‍ എന്‍റെ അടുത്ത് നിന്ന് കക്ഷിയുടെ ശബ്ദത്തില്‍ തന്നെ കേള്‍ക്കുന്നതായി എനിക്കു തോന്നി.

Share :