Archives / April 2020

രമ പിഷാരടി ബാംഗ്ലൂർ
അർദ്ധം…

മനസ്സിലും, ഉടലിലും രണ്ട് വിഭിന്നലോകങ്ങൾ  സൂക്ഷിക്കുന്ന  ഒരു ജീവൻ്റെ ഹൃദയവിചാരസഞ്ചാരമാണ് ഈ കവിത

രാവുറങ്ങീടാൻ മറന്നു
പോകുമ്പോഴും
യാമങ്ങളെല്ലാം കടന്നു 
പോകുമ്പോഴും
ഏകാന്തമേകാന്തമെൻ
 പ്രാണയാത്രയിൽ
നീ വന്നു പോകുന്ന 
സഞ്ചാരസ്പന്ദനം.
കണ്ണിണയ്ക്കുള്ളിൽ 
പ്രണയമഷിയുമായ്
മൈനകൾ വന്നോരു-
ഷസ്സിൻ്റെ ചില്ലയിൽ
ഞാൻ കണ്ടു സൂര്യ-
നെന്നുള്ളിൽ നിലാവിൻ്റെ
തൂവെണ്ണ പോലെ
യലിഞ്ഞു ചേരുന്നതും
ദേവമാലാഖമാർ വാർ-
മുടിത്തുമ്പിലായ്
പൂ ചൂടിയെന്നെ 
പുണർന്നുനിൽക്കുന്നതും
ഗ്രീഷ്മക്കനൽക്കാറ്റുകൾ 
ശ്യാമമേഘമായ്
നീർത്തുള്ളിയായ് പെയ്തു 
തോർന്നുപോകുന്നതും
ആരെയും കാത്തു-
നിൽക്കാത്ത കാലത്തിൻ്റെ
താളചക്രത്തിൽ
ഋതുക്കൾ ചുംബിപ്പതും!
ദർഭാഞ്ചലാത്താൽ
 ജലത്താലെടുക്കുന്ന
നിത്യപൂജയ്ക്കുള്ള 
പൂവുകൾക്കുള്ളിലായ്;
സത്യത്തെയെന്നും 
 സുഗന്ധമാക്കീടുന്ന
മിഥ്യയെ വെല്ലുന്ന 
ധൂപപാത്രങ്ങളിൽ
തീർഥഘട്ടങ്ങളിൽ 
ബോധോദയം തേടി
യാത്രികർ വന്നു പോകു-
ന്നോരിടങ്ങളിൽ
ആർദ്രമായേതോ ദിവാ
സ്വപ്നവും കണ്ട്
ഞാനിരിക്കുമ്പോഴും ചക്ര
വാളത്തിലായ്
പ്രാചീനമേതോ യുഗാന്ത്യ
സത്യത്തിലെ
തീ പോൽ തിളങ്ങുന്ന 
വജ്രകാന്തം പോലെ
നീയെന്നിലേയ്ക്ക് 
നടന്നടുക്കുന്നതിൻ
നൂപുരസ്പന്ദങ്ങൾ 
ഞാൻ കേട്ടു നിൽക്കവെ
നീളും നിഴൽപ്പാടി
നപ്പുറം മദ്ധ്യാഹ്ന-
വീഥിയിൽ മൗനം  
പടർന്നേറിടുന്നതും
സായാഹ്നമെന്നെ
മുനമ്പിലേയ്ക്ക്ത്തുന്ന
സാഗരത്തിൻ പുണ്യ
ഗർഭമേറ്റുന്നതും
സന്ധ്യ മെല്ലെ പടർ-
ന്നേറിയങ്ങെത്തുന്ന
സംഗമത്തിൻ മഹാ
ചക്രവാളങ്ങളിൽ
ഇന്ദ്രനീലത്തിൻ സമുദ്ര-
ങ്ങൾ സൂര്യൻ്റെ
കുങ്കുമപ്പൂക്കളെ 
ചൂടി നിന്നീടവെ!
അർദ്ധകാലങ്ങളിൽ 
നിന്നും ത്രിസന്ധ്യയെ-
അർദ്ധചന്ദ്രൻ കൈയി-
ലേറ്റിനിന്നീടവെ
തൂവൽ കൊഴിഞ്ഞ
ങ്ങരിക്കുന്നൊരെന്നിലെ
തൂവെൺപിറാവുകൾ 
മൗനം കുടിക്കവെ
എന്നിലെയാസുര
ക്കാഴ്ച്ചകൾ മങ്ങവെ,
വൃന്ദവാദ്യങ്ങളും
സ്തംഭിച്ചു നിൽക്കവെ!
നീ ജ്വലിക്കുന്നെൻ്റെ
യുള്ളിൽ ഫണങ്ങളിൽ-
നാഗമാണിക്യം 
തിളങ്ങുന്ന രാത്രിയിൽ.
കത്തിയാളീടും തമോ
ഗർത്തമൊന്നിലായ്
മൃത്യുവെ കണ്ടു 
തിരിച്ചുവന്നെത്തിയ
നക്ഷത്രമെന്നിൽ
 പുനർജനിക്കുന്നതും
ഞാൻ രണ്ട് ദിക്കാ
യുലഞ്ഞാടിടുന്നതും
രണ്ടുടൽ എന്നിൽ  
ചുരുങ്ങിയൊന്നായതും
രണ്ടു പേരെന്നെ 
വരിഞ്ഞു നോവിച്ചതും
രണ്ടാണ് ഞാനെന്നറിഞ്ഞ
നാളിൽ അമ്മ
രണ്ടു സമുദ്രങ്ങൾ
 കണ്ണിൽ നിറച്ചതും
രണ്ടു ഭൂഖണ്ഡങ്ങ
ളെന്നിലൊന്നായതും
രണ്ടിൽ നിന്നും 
ഞാനടർന്നു  പോകുന്നതും
രണ്ടിടത്തും യാത്ര 
ചെയ്തു ഞാനെങ്കിലും
രണ്ടിൽ നിന്നൊന്നായി 
വീണ്ടും പിരിഞ്ഞതും
ഞാനെൻ്റെ   സത്യം 
തിരഞ്ഞുപോകും വഴി-
ലോകവും, കാലവും
 ഭിന്നിച്ചു നിൽക്കുന്നു
ഞാനെൻ നിയോഗം 
തിരഞ്ഞുപോകും വഴി
ഞാനോ വിഭിന്നമാം 
ലോകമായ് മാറുന്നു
 
ഓരോ ഋതുക്കൾ പോൽ,  
ഓരോ സമസ്യപോൽ
ഞാനുണർന്നീടുന്നൊ
രർദ്ധകാലങ്ങളിൽ
രാവു പോൽ, വീണ്ടും 
പകൽ പോലെയെന്നിലെ
പ്രാണൻ ത്രസിക്കും  
നിഗൂഢാർദ്രഭൂമിയിൽ
ജീവൻ്റെ ജീവവൃക്ഷ
ത്തിലെ ചില്ലയിൽ
കൂടുകൂട്ടാൻ വന്ന 
രണ്ടിണപ്പക്ഷികൾ
രണ്ട് പേരാണവർ 
ഒന്നാകുവാൻ വൃഥാ
പണ്ടേ ശ്രമിച്ചവർ 
എന്നും പരാജിതർ..
 
അർദ്ധം, ഇതെല്ലാ-
മിതർദ്ധകാലത്തിൻ്റെ
സത്യം,  കനൽ പോലെ 
നീറിനിൽക്കുന്നത്
അർദ്ധം പ്രതീക്ഷയിൽ,
 അർദ്ധം നിരാസത്തിൽ
അർദ്ധം പുലിത്തോലിൽ, 
അർദ്ധം ഹിമാദ്രിയിൽ!
അർദ്ധം, അപൂർണ്ണമോ,
 പൂർണ്ണമോ ഭൂമിതൻ
നിത്യമാം യാത്രകൾ
 എൻ്റെയും യാത്രകൾ….

Share :