വിശുദ്ധ സഖിമാർ - ഒരാത്മ വായന
മലയാളത്തിലെ യുവ എഴുത്തുകാരിൽ ഏറെ വായനക്കാരുള്ള തൂലികക്കാരിയാണ് സഹീറാ തങ്ങളെന്ന പാലക്കാട്ടുകാരി. സാധാരണ പെണ്ണെഴുത്ത്കാരിൽ നിന്നും അവരെ വ്യതിരിക്തമാക്കുന്ന ഏറെ ഘടകങ്ങളുണ്ട്. എന്നാൽ പെൺ അവകാശത്തിനും സ്വാതന്ത്ര്യത്തിനും വേണ്ടി വായനക്കാരോട് തീക്ഷ്ണമായി ശബ്ദിക്കുന്ന തൂലികയാണവരുടേത്. ആൺ വർഗത്തെ മുഴുവൻ ശത്രുപക്ഷത്ത് പ്രതിഷ്ടിക്കുന്ന രീതിയിലുള്ള ഫെമിനിസത്തിൻറെ ഭാഗമാവാതെ തന്നെ പെൺ വർഗ്ഗത്തിൻറെ സ്വാതന്ത്ര്യത്തിനും അവകാശങ്ങൾക്കും വേണ്ടി എങ്ങിനെ അക്ഷരങ്ങളിലൂടെ സമൂഹത്തോട് സംവദിക്കണമെന്നുള്ള ചോദ്യത്തിനുത്തരമാണ് അവരുടെ രചനകൾ. ഫെമിനിസ്റ്റുകൾക്ക് സമൂഹത്തിൽ ചെയ്യാൻ കഴിയുന്ന മാറ്റം സൃഷ്ടിക്കലുകളെക്കാളും ത്വരിതഗതിയിൽ സഹീറ തങ്ങൾക്ക് തന്റെ കൃതികളിലൂടെ മാറ്റം സൃഷ്ടിക്കാൻ കഴിയുമെന്ന് നിരീക്ഷിക്കേണ്ടതുണ്ട്. കഥകളിലൂടേയും കവിതകളിലൂടേയും തന്റെ ചുറ്റുമൊരു വായന സമൂഹത്തെ ചുരുങ്ങിയ കാലം കൊണ്ട് സൃഷ്ടിച്ചെടുക്കാൻ സഹീറാ തങ്ങൾക്കായിട്ടുണ്ട്. അവരുടെ കഥകളിലും നോവലുകളിലുമെല്ലാം സാമൂഹിക യാഥാർഥ്യങ്ങളുടെ കവിത തുളുമ്പുന്ന ആഖ്യാന ശൈലി പിന്തുടരുന്നതിനെ കാണാൻ സാധിക്കും. ഞാനെന്ന ഒറ്റവര എന്ന കവിതാ സമാഹാരവും റാബിയ എന്ന നോവലും പ്രാചീനമായ ഒരു താക്കോൽ എന്ന കഥാ സമാഹാരവും അവരുടെ ശ്രദ്ധേയമായ രചനകളാണ്. സഹീറ തങ്ങളുടെ ഏറ്റവും പുതിയ നോവലാണ് ''വിശുദ്ധ സഖിമാർ''. വിശുദ്ധ സഖിമാരെന്ന നോവലിലും കഥാപാത്രങ്ങളെ തൻറെ ചുറ്റുവട്ട സമൂഹത്തിൽ നിന്നും പറിച്ച് പെറുക്കി അടുക്കി വെച്ചതാണെന്ന് കാണാൻ കഴിയും. അതിനാൽ തന്നെ ആ നോവലിലൂടെ കടന്ന് പോകുമ്പോൾ ഓരോ വായനക്കാരനും നിനക്കുന്നത് ഓരോ വരിയിലെ ആഖ്യാനമത്രയും തന്നെ കുറിച്ചാണെന്നാണ്. വായനക്കാരനോട് ശക്തമായി സംവദിക്കാൻ ഈ ആഖ്യാന ശൈലിക്ക് കഴിയുന്നുണ്ട്.
ലോകം മുഴുവനുള്ള സാമൂഹിക വ്യസ്ഥിതിയുടെ അരികിലും വക്കിലും മടക്കുകളിലുമെല്ലാം എത്ര ശക്തമായാണ് പുരുഷ മേൽക്കോയ്മ അടയിരിക്കുന്നതെന്നും നമ്മുടെ കുടുംബങ്ങളിലേക്ക് പോലും അവയുടെ കരങ്ങൾ നീണ്ട് വന്ന് അവ എങ്ങനെയാണ് നമ്മുടെ വീട്ടകങ്ങളിൽ ഇരിപ്പുറപ്പിക്കുന്നതെന്നും ഒരു ദർപ്പണ ദൃഷ്ടിയിലൂടെ നമ്മുടെ ചിന്തയിലേക്കെത്തിക്കാൻ ഈ നോവലിനാകുന്നുണ്ട്. മലയാള സാഹിത്യത്തിലും സമൂഹത്തിലും അതിന് വലിയ ഒരിടം ലഭിക്കുമെന്ന് ഉറപ്പുണ്ട്. കാരണം അതിലെ കഥാ തന്തു അത്രമേൽ പ്രധാനപ്പെട്ടതാണ്. വിശിഷ്യാ ഇന്നത്തെ സമൂഹത്തിൽ. അതിലെ ഓരോ വരികൾ വായിച്ചപ്പോഴും തീക്ഷ്ണമായ വ്യത്യസ്ത ചിന്തകളിലൂടെയാണ് കടന്ന് പോയത്. ആ നോവലിലൂടെ പുരുഷൻ കടന്ന് പോകുമ്പോൾ ആ വരികൾ ഒരു ചെറു ചോദ്യ ചിഹ്നമായി അവന്റെ മുമ്പിൽ വന്ന് നട്ടെല്ല് നിവർത്തി ചോദിക്കും '' നീ സ്ത്രീയോട് നീതി പുലത്തുന്നുണ്ടോ''? എന്ന്. പുരുഷൻ അനുഭവിക്കുന്നത് മാന്യമായി സ്ത്രീക്കുമനുഭവിക്കാനാവണമെന്ന ഒരു ലഖു സമവാക്യം വരികൾക്കിടയിൽ കാണാം. അനുരാഗവും ആത്മീയതയും മോക്ഷവും മോചനവും പ്രണയവും മുക്തിയുമെല്ലാം അവൾക്ക് കൂടി അവകാശപ്പെട്ടതാണെന്ന് ശക്തമായിത് ഓർപ്പിക്കുന്നു. വായനയിലെ ചില ആത്മാനുഭവങ്ങൾ തുറന്നെഴുതുന്നു .
പല ആൺകുട്ടികൾക്കും അറിയില്ല സ്ത്രീ അല്ലെങ്കിൽ പെൺകുട്ടി ആരാണെന്നും എന്താണെന്നും!! ഏതാണ്ട് ഒരു മാസം മുമ്പ് വിവാഹമുറപ്പിച്ച ഒരുവൻ അതിൻറെ ഒരാഴ്ച മുമ്പ് ചോദിച്ചു, എന്താണീ മെൻസസ് സർക്കിളെന്ന്!? തികച്ചും ജൈവികമായ ആ ഒരു വസ്തുതയും, ആ അവസരത്തിൽ സ്ത്രീ അനുഭവിക്കുന്ന ശാരീരിക മാനസിക അവസ്ഥകളുമെല്ലാം അവന് പുതിയ ഒരു അറിവായിട്ടാണ് അവൻ കേട്ട് കൊണ്ടിരുന്നത് . പി.ജി കഴിഞ്ഞ ശേഷം ഒരു കോളേജിൽ Guest Lecturer ആയി ജോലി ചെയ്തിരുന്നു. ആ സമയത്ത് രണ്ട് പെൺകുട്ടികൾ വന്ന് വീട്ടിൽ പോവാൻ സഹ പ്രവർത്തകനായ അധ്യാപകനോട് ചോദിക്കുന്നു. അതിലൊരു പെൺ കുട്ടിക്ക് മെൻസസ് തുടങ്ങിയതാണ് കാരണമെന്ന് അവരുടെ ശാരീരിക സംസാര രീതിയിൽ നിന്നും ഞാൻ മനസ്സിലാക്കി, പക്ഷേ ആ അദ്ധ്യാപകന് അക്കാര്യം ഒട്ടും മനസ്സിലായില്ല. ഞാൻ ഉടനെ അതിലിടപെട്ട് അവർക്ക് വീട്ടിൽ പോകാനുള്ള അനുമതി നൽകി. ആ പെൺകുട്ടികൾ പോയതിന് ശേഷം മനസ്സിലായ കാര്യം ഞാൻ അയാൾക്ക് പറഞ്ഞ് കൊടുത്തു. അയാൾക്കും അതൊരു പുതിയ അറിവായിരുന്നു.
ഇനി ഞാൻ എൻറെ കഥയും പറയാം, ഏതാണ്ട് പത്ത് വർഷം മുമ്പാണ്; ഒരു ആർട്സ് കോളേജിൽ അധ്യാപകനായി ജോലി ചെയ്യുന്നു. ഒന്നാം വർഷ ബി എ സോഷ്യോളജി Class Teacher ആയിരുന്നു. ഒരു ശബരിമല സീസണിൽ ഇന്റർവെൽ സമയത്ത് ക്ലാസ്സിലെ രണ്ട് പെൺകുട്ടികൾ വന്നു, അതിലൊരു പെൺകുട്ടി എന്നെ വിളിച്ചു- ''സാർ ഇവൾക്ക് നാളെ മുതൽ ക്ലാസ്സിൽ വരാൻ പറ്റില്ല '' അതോണ്ട് ലീവ് വേണം. ഞാൻ പറഞ്ഞു - ''കഴിഞ്ഞ ആഴ്ചയും അവൾ കുറേ ലീവുണ്ട്. കല്ല്യാണം കഴിഞ്ഞതാണ്, കുടുംബവും കുട്ടികളുമൊക്കെ ഉണ്ട്, അതൊക്കെ പരിഗണിക്കണം എന്നുള്ളത് കൊണ്ടാണ് കല്ല്യാണം കഴിഞ്ഞവർക്ക് ഞാൻ കൂടുതൽ പരിഗണനയും ഇളവും നൽകുന്നത് . നിങ്ങൾ ചൂഷണം ചെയ്ത് മുതലെടുപ്പ് നടത്താതിരുന്നാൽ മതി''. അപ്പോൾ ആ കുട്ടി പറഞ്ഞു- ''അതല്ല സാറേ ഹസ്ബന്റ് മല കേറാൻ മാലയിട്ടിട്ടുണ്ട്, അതോണ്ട് നാളെ എനിക്കെൻറെ വീട്ടിൽ പോവാനാണ്''. ഞാൻ ചോദിച്ചു- ''എങ്കിൽ നീ വീട്ടിലുണ്ടാവുകയല്ലേ വേണ്ടത്, പുള്ളിക്ക് മാനസിക പിന്തുണ കൊടുക്കുകയല്ലേ ചെയ്യേണ്ടത്'' ?
അപ്പോൾ അവളുടെ കൂട്ടുകാരി വളരെ കൂളായി എന്റെ അടുത്ത് പറഞ്ഞുപറഞ്ഞു-''സാറേ അവൾക്ക് മെൻസസ് ആണ്, അപ്പോ ഭക്ഷണം ഉണ്ടാക്കാനൊന്നും പറ്റില്ല, മത പരമായ ചില വി ലക്കുകളുണ്ട്''. ഞാൻ എന്റെ വിദ്യാർത്ഥികളുമായി വളരെ സൗഹൃദം പുലർത്തുന്ന അവരുടെ ഒരു ഗൈഡായിരിക്കാൻ എപ്പോഴും പരിശ്രമിക്കുന്ന വ്യക്തിയാണ്. അത്കൊണ്ട് തന്നെ കുട്ടികൾ എന്റെയടുത്ത് വളരെ സ്വാതന്ത്ര്യമെടുത്താണ് പെരുമാറിയിരുന്നത്. ഏതായാലും ഞാനാകെ പ്ലിങ്ങായിപ്പോയി. ഞാൻ ആ മക്കളുടെ അടുത്ത് പറഞ്ഞു,- ''എനിക്ക് നിങ്ങൾ പറഞ്ഞതിന്റെ പൊരുൾ ആദ്യം മനസ്സിലായില്ല അതുകൊണ്ടാണ് ട്ടോ സോറി''. അപ്പോൾ അവർ പറഞ്ഞു - ‘’നിങ്ങൾക്കത് മനസ്സിലായിട്ടില്ല എന്നത് ഞങ്ങൾക്ക് മനസ്സിലായി, അതൊന്നും കൊഴപ്പല്ല സാറേ’’...
ഞാനാണെങ്കിൽ ''സോഷ്യോളജി ഓഫ് ജെൻഡർ'' എന്ന പേപ്പർ മൂന്നാം വർഷ ബി എ സോഷ്യോളജിക്കാരെ പഠിപ്പിക്കുന്ന അധ്യാപകനും!! ചുരുക്കത്തിൽ ആൺകുട്ടികളിൽ ഭൂരിഭാഗത്തിനും പെൺകുട്ടികളെ കുറിച്ച് കൂടുതലൊന്നുമറിയില്ല. എന്നാൽ അറിയാവുന്ന കാര്യങ്ങളാണെങ്കിൽ ഒട്ടും അടിസ്ഥാനമോ ആധികാരികതയോ ഇല്ലാത്ത കുറേ മിഥ്യകളും. സ്ത്രീ എന്നത് വെറും കാമദാഹിയും കാമ മോഹിയുമാണെന്ന പൊട്ടൻ ധാരുണയുമായി നടക്കുന്ന അനേകം ആൺ കുട്ടികൾ ഇപ്പോഴുമുണ്ടെന്ന് മാത്രമല്ല അവരുടെ എണ്ണം കൂടി വരികയുമാണ്.
ഇനി വേറെ ഒരു കാര്യം കൂടി പറയാം, ഇന്ന് വിവാഹ മോചനത്തിലേക്കെത്തിക്കുന്ന അനേകം കാര്യങ്ങളുണ്ടെങ്കിലും അതിൽ പ്രധാനപ്പെട്ട ഒന്ന് പുരുഷൻറെ ലൈംഗിക വൈകൃത രീതികളാണ്. ആ വൈകൃത രീതികൾ സൃഷ്ടിക്കപ്പെടുന്നത് തെറ്റായ രീതിയിലുള്ള Sexualisationനിലൂടെയുമാണ്. Sexualisation ന് നിരവധി സാമൂഹികവും അല്ലാത്തതുമായ ഏജൻസികൾ സമൂഹത്തിൽ പ്രവർത്തിക്കുന്നുണ്ട് എങ്കിലും ഇന്നും ഒട്ടും ശാസ്ത്രീയമോ യുക്തിഭദ്രമോ അല്ലാത്ത നീലച്ചിത്രങ്ങളും കാമകേളികളുമാണ് കുട്ടികളെ Sexualisation ന് വിധേയമാക്കുന്നത്. ഓരോ നാട്ടിലും എല്ലാ കാര്യത്തിനും ഒരു സംസ്കാരമുണ്ട്. അത് സാമൂഹിക വൽക്കരണത്തിലൂടെയും ഒരു പക്ഷെ ജീനിലൂടെ പോലും നമുക്ക് ലഭിക്കുന്നവയായിരിക്കും. ഭക്ഷണരീതിയും വസ്ത്ര രീതിയുമെന്നപോലെ, സാംസ്ക്കാരിക അധിനിവേശം വ്യത്യസ്ത രീതിയിലൂടെ നടക്കുന്നുണ്ട്. എന്നാൽ അതിന്റെയപ്പുറത്താണ് ലൈംഗികാധിനിവേഷം. നീലച്ചിത്രങ്ങൾ ഏക രേഖീയമായ ലൈംഗിക സ്വഭാവം പ്രകടിപ്പിക്കുകയും സമ്പൂർണ്ണ പുരുഷ മേധാവിത്വം പ്രകടിപ്പിക്കുകയും ചെയ്യുന്നുണ്ട്. ആ നീലച്ചിത്രങ്ങളിലെ ചേഷ്ടകളെ ദാമ്പത്യ ജീവിതത്തിൽ കിടപ്പു മുറിയിലനുകരിക്കാൻ ശ്രമിക്കുന്നത് കുറച്ചൊന്നുമല്ല സ്ത്രീകളിലും ചില പുരുഷന്മാരിലും മാനസിക സംഘർഷവും ദാമ്പത്യ തകർച്ചയും സൃഷ്ടിക്കുന്നത്. പരസ്പര സംവേദനം നടക്കാത്ത സമ്മതമില്ലാത്ത ജീവിതത്തിലെ ഏത് കാര്യവും തകർച്ചയിലേക്കാണെന്നത് പോലെ തന്നെയാണ് ലൈംഗികതയുടെ കാര്യവും.
മനുഷ്യൻറെ സാമൂഹിക ജീവിതത്തിലെ ആൺ പെൺ ജീവിതങ്ങളുടേയും സങ്കർഷങ്ങളുടേയുമെല്ലാം നേർചിത്രങ്ങൾ കൃത്യമായി വരച്ചിടാൻ സഹീറാതങ്ങൾക്കായിട്ടുണ്ട്. കലർപ്പില്ലാത്ത സ്നേഹവും പ്രണയവുമാണ് എന്നും സ്ത്രീക്ക് ലഭിക്കേണ്ടതെന്ന കമലാ സുരയ്യയുടെ എഴുത്തിലെ സൈദ്ധാന്തികതയെ സഹീറാ തങ്ങളുടെ വിശുദ്ധ സഖിമാരിലും കാണാനാവുന്നുണ്ട്.
(ലേഖകൻ ഭാരതിദാസൻ യൂണിവേഴ്സിറ്റി ക്യാമ്പസിൽ സോഷ്യോളജിയിൽ പി എച്ച് ഡി ഗവേഷണ വിദ്യാർത്ഥിയാണ്