Archives / April 2020

ജ്യോതിലക്ഷ്‌മി നമ്പ്യാർ, മുംബൈ
ഒരു പുസ്തകദിനം കുടി കടന്നുപോയപ്പോൾ...

ഒരു പുസ്തകദിനം കൂടി കടന്നുപോയി. വാസ്തവത്തിൽ ഇങ്ങനെ ഒരു ദിവസം ആഘോഷിക്കുന്നതിലൂടെ മനുഷ്യന് അറിവ് പകരുന്ന പുസ്തകങ്ങൾ ഇന്നും നമ്മോടൊപ്പം ഉണ്ട് എന്ന ഒരു ഓർമ്മപ്പെടുത്തലാണോ എന്ന് വേണമെങ്കിൽ  വിശദീകരിയ്ക്കാം.  

പ്രശസ്ത ഇംഗളീഷ് നോവലിസ്റ്റ് ജെയ്ൻ ആസ്റ്റിന്റെ  "പ്രൈഡ് ആൻഡ് പ്രെജുഡീസ്" എന്ന നോവലിലെ ഒരു കഥാപാത്രം പറയുന്ന സംഭാഷണം ഈ വായനാദിനത്തോടനുബന്ധിച്ച് ഉദ്ധരിക്കാറുണ്ട്. “ഒരു നല്ല പുസ്തകാലയം ഇല്ലായിരുന്നെങ്കിൽ എനിക്കത് ദുരിതപൂർണമായേനെ. (“I shall be miserable if I have not an excellent library). ജനങ്ങളെ വായനയിലേക്ക് കൊണ്ടുവരാൻ ഗ്രന്ഥകർത്താവ് എഴുതിയതാണെങ്കിലും ഈ സംഭാഷണം പറയുന്ന കഥാപാത്രം വായനാപ്രിയയല്ല.   സുന്ദരനും പണക്കാരനുമായ അതോടൊപ്പം  വായനാ പ്രിയനുമായ ഒരാളെ ആകർഷിക്കാൻ വേണ്ടി അവർ പറയുന്നതാണ്.   ഈ കഥാപാത്രം ഇങ്ങനെയും പറയുന്നുണ്ട്. "ഞാൻ ഊന്നി പറയുന്നു വായന തരുന്ന ആനന്ദം മറ്റൊന്നിനുമില്ല." അങ്ങോട്ട് പ്രണയിക്കുന്ന ഒരാളെ പ്രീതിപ്പെടുത്താൻ വേണ്ടി ഒരു സ്ത്രീ പറയുന്നതാണിതെങ്കിലും  ഇന്ന് നമ്മൾ ചുറ്റിലും കാണുന്നത് ഇത് തന്നെ. പലരും വീടുകളിൽ പുസ്തകങ്ങൾ ശേഖരിച്ച് മനോഹരമായി അടുക്കി വയ്ക്കുന്നു. ഇവർ എല്ലാവരും വായനയോടുള്ള ആസക്തി കൊണ്ടല്ല. ഇതൊരു അലങ്കാരം മാത്രമാണവർക്ക്.   എന്നാൽ വായനയെ ഗൗരവമായി എടുക്കുന്നവരും മറ്റുള്ളവർക്ക് അതിന്റെ മേന്മ മനസ്സിലാക്കി കൊടുക്കുന്നവരും ഉണ്ട്.  

ആസ്വദിച്ച് വായിക്കുന്നവർക്ക് വായന വിജ്ഞാനവും നേരമ്പോക്കും  പകരുന്നു.  സർവകലാശാല ബിരുദങ്ങൾ ഇല്ലാത്തവരും വായനയിലൂടെ അറിവ് സമ്പാദിക്കുന്നു.  വായന വിതഞ്ജാനവും, മാനസിക ഉല്ലാസവും മാത്രമല്ല. സാഹചര്യങ്ങൾക്കനുസരിച്ച് പ്രതികരിയ്ക്കാനുള്ള ഒരു നിലവാരത്തിലേയ്ക്ക് മനസ്സിനെ എത്തിയ്ക്കുന്നു. ഇതൊരു നേരമ്പോക്കിനുവേണ്ടി ആണെങ്കിൽ കൂടി പുസ്തകവായന എപ്പോഴും അറിവ് പകരുന്നു.  പുസ്തക വായനയിലൂടെ  ഓർമ്മശക്തി വർധിപ്പിക്കാനും  വർദ്ധിപ്പിയ്ക്കുവാനും, പദസമ്പത്ത് കരസ്ഥമാക്കാനും  കഴിയുന്നു. വായിക്കുന്നവർ നേതാക്കന്മാരാകുന്നു എന്ന ഒരു ചൊല്ല് തന്നെയുണ്ട്.   കരുത്തുറ്റ എഴുത്തുകാരുടെ സൃഷ്ടികൾ പലപ്പോഴും  രാഷ്ട്രീയ-സാമൂഹ്യതലത്തിൽ പല മാറ്റങ്ങളും വരുത്തുവാനുള്ള പടവാളായും വർത്തിയ്ക്കാറുണ്ട്.   

 ആശയവിനിയത്തിനു വായ്മൊഴി മതിയെങ്കിലും അത് താത്കാലികമാണ്. വരമൊഴിയെ കൂടാതെ അതിനു ഒരിയ്ക്കലും പൂർണ്ണത ലഭിയ്ക്കുന്നില്ല.  കാലചക്രത്തിന്റെ ഭ്രമണത്തോടൊപ്പം മേഘസന്ദേശങ്ങൾ, താളിയോലകളിലേയ്ക്കും  അതിൽനിന്നും കടലാസിലേക്കും കടന്നു ആശയ വിനിമയത്തിന് ഭാവപ്പകർച്ച  ഉണ്ടായി. എന്നാൽ ഇന്ന് ഇവയെല്ലാം കംപ്യുട്ടറുകൾക്കും, മൊബെയിലുകൾക്കും മറ്റു ഡിജിറ്റൽ സംവിധാനങ്ങൾക്കും വഴിമാറികൊടുത്തു.  എന്നിരുന്നാലും  പുസ്തകങ്ങൾ എന്നും ജീവിതത്തിനു ഒരു അവലംബം തന്നെ. ലോകം മുഴുവൻ സഞ്ചരിയ്ക്കാൻ, കാണാത്ത കാഴ്ചകൾ കാണാൻ, അറിയാത്ത വിഷയങ്ങളെ അറിയാൻ, ലോകത്തെ പരിചയപ്പെടാൻ എല്ലാം പുസ്തക താളുകളിലൂടെയുള്ള യാത്രയിലൂടെ  ഒരു നല്ല വായനക്കാരന് സാധ്യമാകുന്നു.  ഇറ്റാലിയൻ നവോത്‌ഥാനകാലത്ത് 95 ചട്ടങ്ങളെ ചുവർപരസ്യങ്ങളാക്കി മാർട്ടിൻ ലൂതർ എഴുതിവച്ചത്  പിൽകാലത്ത് കത്തോലിക്ക സഭയുടെ നവോത്‌ഥാനത്തിനു സഹായകമായി എന്ന് ചരിത്രം പറയുന്നു. അവിടെയും എഴുത്തിന്റെ പ്രാധാന്യം വ്യക്തമാണ്. 

ഇന്ന് വായനാശീലം  എവിടെ എത്തിനിൽക്കുന്നു എന്ന ചോദ്യത്തിന് വായന കുറഞ്ഞിട്ടില്ല പുസ്തക വായന കുറഞ്ഞു എന്ന് വേണം പറയാൻ. ഇത് ഇന്ന് തുടരുന്നത് സോഷ്യൽ മീഡിയയിൽ ആണ്  എന്നതാണ് വ്യത്യാസം.  എഴുതാനും വായിക്കാനും പുസ്തകങ്ങളെ ആശ്രയിച്ചിരുന്ന കാലഘട്ടത്തെ സ്വഭാവത്തിൽ നിന്നും മാറ്റം സംഭവിച്ചിരിയ്ക്കുന്നു എന്ന് മാത്രം. ഇന്ന് എന്ത് വായിയ്ക്കണം  , എന്തെഴുതണം എന്നൊന്നില്ല. എല്ലാവരും എഴുതുന്നു എന്തൊക്കെയോ എഴുതുന്നു എല്ലാം വായിയ്ക്കുന്നു,  പ്രത്യേകിച്ചും ഫെയ്‌സ് ബുക്ക് പോലുള്ള സോഷ്യൽ മീഡിയകളിൽ കൊള്ളാകുന്നതും കൊള്ളരുതാത്തതുമായ ഒരുപാട് കാര്യങ്ങൾ എഴുതി വായിയ്ക്കപ്പെടുന്നു.  എഴുതപ്പെടുന്ന അല്ലെങ്കിൽ വായിയ്ക്കപ്പെടുന്നവ വിശ്വാസയോഗ്യമാകണമെന്നില്ല. അതുകൊണ്ടുതന്നെ ഒരു പ്രത്യേക വിഷയത്തെ കുറിച്ചറിയാൻ ഒരു പ്രദേശത്തെ കുറിച്ചറിയാൻ ഒരു കാലഘട്ടത്തെ കുറിച്ച് ശരിയായ രൂപരേഖ നൽകാൻ ആ കാലഘട്ടത്തിൽ എഴുതപ്പെട്ട പുസ്തകങ്ങൾക്ക് മാത്രമേ കഴിയൂ.

ഇന്ന് പുസ്തകങ്ങൾ എവിടെ എത്തിനിൽക്കുന്നു?

എല്ലാ ആഴ്ചാവസാനങ്ങളിലും കേരളത്തിൽ ഏകദേശം ഒരു അമ്പതു പുസ്തകമെങ്കിലും പ്രകാശനം ചെയ്യപ്പെടുന്നു എന്ന് ഈ  അടുത്തകാലത്ത് എവിടെയോ വായിച്ചതായി ഓർക്കുന്നു. അപ്പോൾ ഇവിടെ പുതിയ പുസ്തകങ്ങളും, എഴുത്തുകാരും ജനിയ്ക്കുന്നുണ്ട്. ഈ ജനിയ്ക്കപ്പെടുന്ന പുസ്തകങ്ങൾ എല്ലാം ഒരു ചിട്ടയായ നിലവാരം പുലർത്തുന്നവയാണോ എന്നതിൽ സംശയമുണ്ട്. ഈ പുസ്തകങ്ങൾക്ക് അത്രയും വായനക്കാർ ഉണ്ടോ എന്നതും സന്ദേഹമാണ്. കാരണം പണ്ടുകാലങ്ങളിൽ ഒരു പുസ്തകത്തിനായി കാത്തിരിയ്ക്കുന്ന വായനക്കാരുണ്ടായിരുന്നു. എന്നാൽ ഇന്ന് വായനക്കാരൻ ഒതുങ്ങി നിൽക്കുന്നത് കയ്യിലൊതുങ്ങാവുന്ന ഇലക്ട്രോണിക് മാധ്യമങ്ങളിലാണ്. അതേസമയം പുസ്തകം പ്രസിദ്ധീകരിയ്ക്കുക എന്നത് ഒരു എഴുത്തുകാരനെ സംബന്ധിച്ചിടത്തോളം ഒരു അന്തസ്സിന്റെ കാര്യമായിരിയ്ക്കുന്നു, പ്രസിദ്ധീകരിയ്ക്കുന്നവർക്ക് ഇതൊരു കച്ചവടവുമായിരിയ്ക്കുന്നു എന്നതിനാലും ആണ്  ഇന്ന് ഇവിടെ പുതിയ പുസ്തകങ്ങൾ ജനിയ്ക്കുന്നതെന്നു വേണമെങ്കിൽ പറയാം.    തന്നെയുമല്ല പുസ്തകങ്ങൾ വിജ്ഞാനപ്രദമാകുന്നതിനു പകരം പലപ്പോഴും വായനക്കാരെ തെറ്റായ വഴിയിലേക്ക് നയിക്കുന്നവയാകാറുമുണ്ട്. പുസ്തകങ്ങൾ സുലഭമായി ലഭിയ്ക്കുന്നു എന്നാൽ അവയ്ക്ക് വേണ്ട പുസ്തകവായനാ ശീലം ഇന്നില്ല എന്നതുകൊണ്ടുതന്നെ പുറത്തിറക്കുന്ന ഓരോ പുസ്തകങ്ങൾക്കും വേണ്ടത്ര പ്രാധാന്യം ലഭിയ്ക്കുന്നില്ല എന്ന് മാത്രമല്ല അതിൽ കരുത്തായവ പലതും ശ്രദ്ധിയ്ക്കപ്പെടാതെ പോകുന്നു. 

നമുക്ക് ഇന്ന് വിസ്മരിയ്ക്കാൻ കഴിയാത്ത ഒന്ന്, ലോകം വളർച്ചയുടെ പാതയിലൂടെ അതിവേഗം സഞ്ചരിയ്ക്കുമ്പോഴും ഇന്നും പഴയ കാലങ്ങളിൽ എഴുതപ്പെട്ട  ലിഖിതങ്ങളെ ആശ്രയിയ്ക്കുന്നു എന്നതാണ്.  ജനങ്ങളെ അതിന്റേതായ ചട്ടക്കൂട്ടിൽ നിർത്താനും, സമൂഹത്തിന്റെ വളർച്ചയ്ക്കും മതങ്ങൾ ഇന്നും മതഗ്രന്ഥ്ങ്ങളും    വേദങ്ങളും ഉപനിഷത്തുക്കളും ഉപയോഗിയ്ക്കുന്നു എന്നത് ഇതിനു പിന്തുണയ്ക്കുന്ന ഒന്നാണ്. അതുപോലെ കാലങ്ങൾക്കു ശേഷവും  ആയുർവ്വേദമെന്ന ചികത്സ സമ്പ്രദായം ഇന്നും ആയുർവ്വേദ ആചാര്യന്മാർ എഴുതിവച്ചിരിയ്ക്കുന്ന ചിതലരിച്ച ഗ്രന്ഥങ്ങൾ ഉപയോഗിയ്ക്കുന്നു എന്നതും   പുസ്തകങ്ങളുടെ പ്രാധാന്യം വെളിപ്പെടുത്തുന്നതാണ്. വളർന്നു വരുന്ന ശാസ്ത്രവും പുതിയ   കണ്ടുപിടുത്തങ്ങൾക്കായി പഴയ പുസ്തകങ്ങളുടെ സഹായം തേടുന്നു എന്നത് വ്യക്തമാണ് .

പുസ്തകങ്ങൾ കടന്നുപോയ, നടന്നുകൊണ്ടിരിയ്ക്കുന്ന, വരാനിരിയ്ക്കുന്ന കാലങ്ങളുടെ അടിസ്ഥാനപരമായ വിശദശാംശങ്ങളുടെ കലവറകളാണ് എന്നതുകൊണ്ട് തന്നെ പുസ്തകങ്ങൾക്കോ പുസ്തകങ്ങളുടെ പ്രാധാന്യത്തിനോ മരണമില്ല. കാലഘട്ടത്തിനൊപ്പം മനുഷ്യനിൽ മാറ്റങ്ങൾ സംഭവിയ്ക്കുമ്പോൾ ആ മാറ്റങ്ങൾ പുസ്തകങ്ങളിലും പ്രതിഫലിയ്ക്കുന്നു എന്ന് മാത്രം.

Share :