Archives / April 2020

ദിവ്യ സി.ആർ
സ്നേഹ സ്പർശനങ്ങൾ

'എന്താ അമ്മയുടെ പേര് ?' കടൽക്കരയിലെ ചൂടേറ്റ് ദ്രവിച്ച സിമൻറ് ബെഞ്ചിൽ ,വിദൂരതയിലേക്ക് കണ്ണും നട്ടിരുന്ന വൃദ്ധയോട് പോലീസുകാർ ആവർത്തിച്ചു ചോദിച്ചു കൊണ്ടേയിരുന്നു. നീണ്ടു വിളറി വെളുത്തു വിറയ്ക്കുന്ന കൈവിരലുകൾ ഓരോന്നായി മടക്കി എന്തൊക്കെയോ ഓർത്തെടുക്കാനൊരു വിഫല ശ്രമം നടത്തി വൃദ്ധ പരാജയപ്പെട്ടു. 
"അമ്മയുടെ വീടെവിടെയാ ?" പോലീസുകാർ ചോദ്യങ്ങൾ തുടർന്നു. വെള്ളിനര കെട്ടിയ തലമുടിയിൽ കൈകൾ ചേർത്തുവച്ച് വീണ്ടും ഗഗനമായ ചിന്തകളുടെ ആഴത്തിലേക്ക് വൃദ്ധ കടന്നു. അസ്തമയം തിരിനാളം മറച്ചു നീങ്ങുന്ന സാഗരത്തെ സാക്ഷിയാക്കി, ഓർമ്മക്കുറവുള്ള തൊണ്ണൂറിനടുത്ത് പ്രായമുള്ള ആ വൃദ്ധയെ പോലീസ് വൃദ്ധ സദനത്തിലേൽപ്പിച്ചു. മക്കളെ കുറച്ചും വീടിനെക്കുറിച്ചുമുള്ള വൃദ്ധയുടെ ഓർമ്മകൾ അപൂർണ്ണമായങ്ങനെ നിന്നു..!
            **
ഒരാഴ്ച പിന്നിടുമ്പോഴേക്കും പത്രങ്ങളിലും നവമാധ്യമങ്ങളിലും വാർത്തകൾ പടർന്നപ്പോൾ നാട്ടുകാരിൽ ചിലർ വൃദ്ധയെ തിരിച്ചറിഞ്ഞു. പോലീസിൻെറ നിർദ്ദേശപ്രകാരം അമ്മയെ കൂട്ടാൻ മകൻ  വൃദ്ധ സദനത്തിലെത്തി.
മകനെ കണ്ട വൃദ്ധ അവനെ തിരിച്ചറിഞ്ഞില്ല. അവനോടൊപ്പം പോകാൻ കൂട്ടാക്കാതെ ബഹളം വയ്ക്കുകയും വാശി പിടിക്കുകയും ചെയ്തു. വൃദ്ധ കിടക്കയിൽ നിന്നെഴുന്നേറ്റ്, വൃദ്ധ സദനത്തിലെ അന്തേവാസികളുടെ അടുക്കലെത്തി, അവർക്കൊപ്പം സംസാരിക്കുകയും പരസ്പരം കൈകൾ ചേർത്തുപിടിച്ച് ആശ്വാസിപ്പിക്കുകയും കരയുകയും ചിരിക്കുകയും ചെയ്യുന്ന അമ്മയെ കണ്ട് ആ മകൻെറ കണ്ണുകൾ നിറഞ്ഞു.
    *
കുറച്ചു വർഷങ്ങളായി അമ്മയുടെ ഓർമ്മകൾ മങ്ങാൻ തുടങ്ങീട്ട്. തിരക്കുകളിലേക്ക് ഒഴുകാൻ തുടങ്ങിയപ്പോൾ താനും അമ്മയെ മറക്കാൻ തുടങ്ങിയിരുന്നു. ഭക്ഷണവും മരുന്നും നൽകാൻ മറക്കാത്ത താൻ ഒരല്പം സമയം അമ്മയോട് ചേർന്നിരിക്കാൻ മാറ്റി വച്ചില്ല. 
ഒറ്റപ്പെട്ടുപോയ അമ്മയുടെ ചിന്തകൾ കൂടുതൽ ചിതറുവാൻ തുടങ്ങിയിരുന്നു. ആരുമായും ഒരു വാക്ക് പോലും മിണ്ടാതെ, ശൂന്യമായ രാവുകളും പകലുകളും താണ്ടി പൊയ്ക്കൊണ്ടേയിരുന്നു..!
അങ്ങനെയൊരു പകലിലാണ് വൃദ്ധ ചുറ്റുമതിരുകളുടെ ഉയരങ്ങളിൽ ഭയക്കാതെ വീട്ടിൽ നിന്നും പുറത്തേക്കിറങ്ങിയതും ; പക്ഷികളും പ്രകൃതിയും സംസാരിക്കുന്ന, നിറമുള്ള കാഴ്ച്ചകളിലേക്ക് നടന്നകന്നതും...!!

Share :