വാക്കിന്റെ കത്തുന്ന തീക്കനൽ
(സോണിയ ഷിനോയ് യുടെ ‘ആകയാൽ സാക്ഷ്യപ്പെടുത്തുന്നു’ എന്ന കവിതാ സമാഹാരത്തിന്റെ വായനാനുഭവം)
കവിത കത്തുന്നവാക്കായി കാലത്തോട് കലഹിച്ചുകൊണ്ടിരിക്കും എന്നാണല്ലോ, പുതിയകാലത്തിന്റെ പ്രതിരോധ ശബ്ദങ്ങൾ കവിതയിലൂടെ ഉയർത്തുന്ന എഴുത്തുകാരികളിൽ ഒരാളാണ് സോണിയ ഷിനോയ്. ‘ആകയാൽ സഖ്യപ്പെടുത്തുന്നു’ എന്ന കവിതാ സമാഹാരത്തിലൂടെ സഞ്ചരിക്കുമ്പോൾ അക്കാര്യം ബോധ്യമാകും.
കവിതകളിൽ പ്രതിഷേധത്തിന്റെ നേരമ്പുകൾ കാണാം. സ്ത്രീകൾ എഴുതുമ്പോൾ കവിത കൂടുതൽ രാഷ്ട്രീയ ധ്വനികൾ പേറുന്നതായി തോന്നുന്നു എന്ന് പറഞ്ഞുകൊണ്ടാണ് വീരാൻകുട്ടി മാഷ് അവതാരിക തുടങ്ങുന്നത് തന്നെ. പറയാനുറച്ചാണ് ഞങ്ങളെന്ന് സ്ത്രീപക്ഷത്തു നിന്ന് തന്നെ കേൾക്കുമ്പോൾ വരുംകാലം പുരുഷാധിപത്യ സമൂഹത്തിന് ഏറെ വെല്ലുവിളി ഉയർത്തുമെന്നതിൽ സംശയമില്ല. അത് കാലത്തിന്റെ അനിവാര്യതയാണ്. സമൂഹം പുരോഗമിക്കും തോറും അടിച്ചമർത്തലുകൾ ചോദ്യം ചെയ്യപ്പെടുകതന്നെ ചെയ്യും. വാക്കനൽ എന്ന കവിതയിൽ സോണിയ പറയുന്നണ്ട്
"എൻറെ ലോകത്തിൻറെ
ആസുരതയിലേക്ക് നീ
തീപ്പന്തമാകുക
കത്തിപ്പിടിക്കുക !
വിഷപ്പുക ചുരുളുന്ന
പ്രാക്തനികളിലേക്ക്
പേമാരിയാവുക
കൊടുംകാറ്റാവുക"
ഇരുട്ടിന്റെ കറുത്ത കാലത്തെ കെടുത്തുവാൻ കവിതയിലൂടെ
ആഹ്വാനം ചെയ്യുകയാണ്.
ചുറ്റുപാടില് കാണുന്ന നാം സ്വീകരിച്ചു പോരുന്ന യാഥാർഥ്യങ്ങളിലെ കറുത്ത സത്യങ്ങൾ ഉറപ്പോടെ വിളിച്ചു പറയാൻ കവയിത്രിക്ക് ഒട്ടും മടിയില്ല. ഏത് സമൂഹമായാലും മതമായാലും രാഷ്ട്രീയമായാലും രാജ്യങ്ങൾ തന്നെയായാലും മനുഷ്യ വിരുദ്ധമാകുന്ന ഏതൊന്നിനെയും അതരുതെന്നു പറയാനുള്ള ധൈര്യം എന്നത് ചെറിയ കാര്യമല്ല. ‘നമ്മളില്ലായ്മകൾ’ എന്ന കവിതയിൽ
"നമ്മുടെ മതങ്ങൾ
ഒരേ കാഴ്ചത്തെറ്റിന്റെ
കാട്ടുതീയിൽ പെട്ടുപോയ
രണ്ടു കാടാറ്റങ്ങൾ"
എന്ന് പറയാനാകുന്നത് അതുകൊണ്ടാണ്.
അര്‍ത്ഥം വെച്ചുള്ള കൊച്ചു വര്ത്തമാനങ്ങൾ മാത്രമാകാതായിരിക്കാൻ കവയിത്രി ശ്രമിക്കുന്നതിന്റെ ആഴം ‘ഭ്രാന്തന്റെ ഭാഷാവരം’ എന്ന കവിതയിലൂടെ പോകുമ്പോൾ മനസിലാകും
"നോവുകളുടെ
നരവംശ ശാസ്ത്രപാഠങ്ങളെ
കാലാതീതമായി കടത്തിവരുന്ന
നിയാണ്ടർത്താൽ മനുഷ്യൻ"
എന്നെഴുതുന്നത് വെറുതെയല്ല
"ചോരക്കറയാർന്ന
അറിവിന്റെ വാക്കിൽ
ജ്ഞാനത്തിൽ
നെടിയ കാലത്തേ കോർത്തവൻ
നഗരത്തിന്റെ വികലനഗ്നതയിലൊട്ടിയ
താപ്പാമ്പു നുണകളിൽ ഉപ്പുതൂവി
നോവിന്റെ ചോരച്ച പൊരുളിനെ
വിളംബരം ചെയ്തവൻ".
എന്ന് കവിതയിൽ പറയുമ്പോൾ ചരിത്രകോശങ്ങളിലേക് ഇറങ്ങിച്ചെല്ലുന്ന വേരുകൾ ആകുകയാണ് ഇവിടെ വാക്കുകൾ.
കാണുന്നപോലെ നിസ്സാരവും ചെറുതുമല്ല ഫാസിസം എന്ന ഓർമ്മപ്പെടുത്തലാണ് പരുവപ്പെടൽ എന്ന കവിത. ഫാസിസത്തെ കപ്പൽ ചാലിൽ ഒളിഞ്ഞിരിക്കുന്ന വമ്പൻ മഞ്ഞുമലയുടെ തുമ്പാണെന്ന് പറയുമ്പോൾ പതിയിരിക്കുന്ന വലിയ അപകടത്തെയാണ് സൂചിപികുന്നത്.
"ഉടൽതൊട്ട് അന്തർദേശീയതയോളം ചെല്ലുന്നത്ര വിപുലമാണു ഈ കവിതകളുടെ പ്രശ്നപരിസരം പല 'ഞാൻ' ഉണ്ട് തന്നിൽ എന്ന് അപകർഷം എന്ന കവിതയിൽ സോണിയ പറയുന്നു" അവതാരികയിൽ വീരാൻകുട്ടി മാഷിന്റെ വരികളാണ് ഇത്. തന്നിലെ പല ‘ഞാൻ’ പല രീതിയിൽ കവിതയിലൂടെ പ്രതികരിക്കുന്നു. തുന്നിച്ചേർത്തത് എന്ന കവിതയിൽ അവൾ തന്നിലേക്കിറങ്ങി സ്ത്രീകൾക്ക് വേണ്ടി തുറന്നുപറയുന്നു
“ഇനി വേണ്ടത്
ശ്വാസം തെളിയിക്കാനാകാശമാകുന്ന
ഉപ്പുചുവയില്ലാത്ത വീടകം
ചോരമണമില്ലാത്ത മേൽക്കൂര”
അവിടം കൊണ്ടും നില്ക്കുന്നില്ല, പരിസരമാകെ വിരുദ്ധമായ ഒരു അന്തരീക്ഷം നിറഞ്ഞു നില്ക്കുന്നു അതിനാൽ അവൾക്ക് ഓടിത്തീർക്കാൻ ഒട്ടേറെ ദൂരമുണ്ട്.
“അതിനിനി
പരിഹാസം പടർന്ന
നാട്ടു വഴുക്കലുകളിലൂടെ
അത്രയും പതറി, ഓടി തീരണം”
എന്ന് കവയിത്രിക്ക് തന്നെ ബോധ്യമുണ്ട് എളുപ്പവഴികളേ ഇല്ല എന്നും എപ്പോഴും പിന്തുടരുന്ന ഒരാണ്നോട്ടത്തിന്റെ കൂർത്ത അടയാളം പിന്നിൽ പതിയുമെന്നും അവൾ മനസിലാക്കണം എന്നും പറഞ്ഞുകൊണ്ടിരിക്കുന്നു
ഒറ്റയ്ക്ക് ഒളിച്ചോടുന്ന പെൺകുട്ടി എന്ന കവിത അതിന്റെ ശീർഷകം കൊണ്ട് തന്നെ എന്താണ് എന്ന് മനസിലാക്കാം
ഉടൽപിടച്ച്
ഉടലിനേക്കാൾ
ഉയിരിനെ പിടിച്ചുവെച്ച്
മനസ് കുടഞ്ഞു കടഞ്ഞുടച്ച്
വെളിച്ചത്തിന്റെ
അതിഗൂഢവഴിയിലൂടെ
ഏറ്റം ശ്രമകരമായ
ഒരു പകലിലേക്ക്
ഒരുവൾ ഒളിച്ചോടുന്നു
എല്ലാ അവൾമാരും ഇങ്ങനെ ഒളിച്ചോടപെടേണ്ടി വരുമ്പോൾ പുരുഷനത്ര ശ്രമകരമായ ഒന്നല്ല ഈ ഒളിച്ചോട്ടം നീ വെറും പെണ്ണാണ് എന്ന സിനിമാ ഡയലോഗ് പോലെ നിസ്സാരമല്ല ഇത്. അടിച്ചമർത്തലിനെ ചോദ്യം ചെയ്യുന്ന ഒരു സ്വാതന്ത്ര്യ ബോധത്തിനെ ചോദ്യം ചെയ്യലാണ് കറുത്ത ഹാസ്യത്തിൽ ഇവിടെയുള്ളത്. ഈ നിരാശയിൽ അവൾ കാണുന്ന ആകാശം പരിമിതമാണ് എന്നും അതിനു വിധിക്കപെട്ടവളോ പെണ്ണ് എന്നുമുള്ള മടുപ്പും പറയാൻ മടിക്കുന്നില്ല 'നട്ടുച്ചയുടെ വയലിൽ എന്ന കവിതയിൽ
ചരിച്ചു വാർത്ത
സമാന്തര ചതുർഭുജത്തിൽ
എന്റെ ആകാശം
കടലാസ്സു പക്ഷികളെ
പേർത്തിരിക്കുന്നു
വിവിധങ്ങളായ വിഷയങ്ങളിൽ വാക്കുകളുടെ കനൽ കാട് താണ്ടി കവയിത്രി സഞ്ചരിക്കുന്നു അനുബന്ധത്തിൽ ഇസ്മയിൽ മേലടി പറയുന്ന പോലെ “വാക്കിന്റെ ശക്തിയിൽ അതിന്റെ കനൽപ്പെരുക്കങ്ങളിൽ അദമ്യമായ വിശ്വാസം വെച്ചുപുലർത്തുന്ന എഴുത്തുകാരിയാണ് സോണിയ ഷിനോയ്”. നാല്പത്തിരണ്ടു കവിതകളിലൂടെ അതെല്ലാം ഇവിടെ സാക്ഷ്യപ്പെടുത്തുന്നുമുണ്ട്
പ്രതികരിക്കുമ്പോൾ ഉണ്ടാകുന്ന ചിതറാത്ത ഈ ഒച്ചകളിലാണ് വരും കാലത്തിന്റെ പ്രതീക്ഷകൾ, പൂക്കാനായ് മൊട്ടിടുന്നത്. പിടയുന്ന പെണ്മനസിനെ വരച്ചു വെക്കുന്ന അതിന്യൂനം, കളവ് എഴുതുന്നത് തനിക്ക് കണ്ടാലറിയാം എന്ന് പറയുന്ന ആവാഹനം, ഗാസയിൽ നിന്നും ഇനി കവിതയില്ല എന്ന വേദന പങ്കിടുന്ന അവശേഷിപ്പുകൾ, സ്വസ്ഥമായി പ്രണയിക്കാൻ ഇത്തിരി ശുദ്ധവായു തേടുന്ന കവിതകളും അടക്കം ഒട്ടേറെ നല്ല കവിതകളുടെ ഒരു സമാഹാരമാണ് സോണിയ ഷിനോയ് യുടെ ആകയാൽ സാക്ഷ്യപ്പെടുത്തുന്നു
“വെളിപ്പെടാത്ത കവിയിടങ്ങൾ
അതിന്റെ
നഗരനിർമ്മിതിയുടെ ചതുരതയാൽ
നിങ്ങളെ കുഴപ്പിച്ചേക്കാം
പാതിയടഞ്ഞ,
അഥവാ പാതിതുറന്ന
ഒരു വാതിലിന്റെ
അനന്ത സാധ്യതകളെന്നപോലെ
സങ്കീർണമാണത് “
അതെ ഈ സങ്കീർണതകളെ നിലനിർത്തികൊണ്ട് പറയാനുള്ളതെല്ലാം സധൈര്യം പറഞ്ഞുകൊണ്ടിരിക്കുക എന്ന കർത്തവ്യത്തിൽ ഈ കവയത്രി സഞ്ചരിച്ചു കൊണ്ടിരിക്കുന്നു എന്ന് ആകയാൽ സാക്ഷ്യപ്പെടുത്തുന്നു