Archives / April 2020

കുളക്കട പ്രസന്നൻ
തിരക്കോടു തിരക്കൊഴിഞ്ഞ നേരം

ഭൂമി സ്വയം കറങ്ങുകയും അതോടൊപ്പം സൂര്യനെ വലം വെക്കുകയും ചെയ്യുന്നു. 24 മണിക്കൂർ കൊണ്ട് സ്വയം കറങ്ങുന്ന ഭൂമി മുന്നൂറ്റി അറുപത്തിയഞ്ചേക്കാൽ ദിവസം കൊണ്ട് സൂര്യനെ വലംവയ്ക്കുന്നു. അതു കൃത്യമായി നടക്കുന്നു. പരിഭവമില്ല, ശമ്പളമില്ല. എന്നാൽ ഭൂമിയുടെ ഏതോ കോണിൽ ഇരിക്കുന്ന മനുഷ്യനോ ? തിരക്കാണ്. തിരക്കോട് തിരക്ക്.

കേരളത്തിലെ മനുഷ്യരുടെ തിരക്കാണ് ഇവിടെ പ്രതിപാദിക്കുന്നത്. കേരളത്തിലെ റോഡുകളിലേക്ക് 2020 ജനുവരി , ഫെബ്രുവരി മാസം ഒന്നു പരിശോധിക്കാം. ഒരു നാൽക്കവലയിലെ ട്രാഫിക് സിഗ്നൽ ഒന്നു മനസ്സിൽ കാണു . യുദ്ധത്തിനു തയ്യാറായി നിൽക്കുന്നതുപ്പോലെയാവും നാലുഭാഗത്തും സിഗ്നൽ കാത്തു വാഹനങ്ങൾ അണിനിരക്കുക. സിഗ്നൽ ഇല്ലായിരുന്നുവെങ്കിലോ നാലുപാടും അമിതവേഗതയിൽ പായുകയാണ്. എന്താണ് ഈ പാച്ചിൽ എന്നന്വേഷിച്ചാൽ പറയും തിരക്കാണ് എന്ന്. എന്ത് തിരക്കെന്ന് ചോദിക്കരുത് എന്നു മാത്രം. ഈ വാഹനങ്ങളുടെ തേരാപാരയുള്ള ഓട്ടത്തിൽ ബുദ്ധിമുട്ടുന്ന ഒരു കൂട്ടരുണ്ട്. കാൽനടക്കാർ. റോഡ് മുറിച്ച് കടക്കാൻ പല സർക്കസ്സുകളും നടത്തേണ്ടി വരും ഈ പാവങ്ങൾ.

ഇനി ഒരു ഹോട്ടലിൽ ചെല്ലാം. ആളുകളുടെ തിരക്കന്വേഷിക്കാനാണെ.ദാ, അവിടെ ടേബിളിൽ ഒരാൾ അസ്വസ്തതായി സപ്ലൈയറോട് ചായയും ഒരു വടയും ആവശ്യപ്പെടുകയാണ്. പെട്ടെന്ന് ചായ താ. ചായയും വടയും കിട്ടി. മൊബൈൽ ഫോണിൽ കുത്തിക്കുത്തി അയാൾ അര മണിക്കൂർ അവിടെ ഇരുന്നു.  മൊബൈൽ ഫോണിൽ വെറ്റിലയിൽ ചുണ്ണാമ്പ് തേക്കുമ്പോലെ തേച്ചു കൊണ്ടിരിക്കുമ്പോൾ ആ ചായ ആരേലും എടുത്തു മാറ്റിയാലും ഈ വിദ്വാൻ അറിയില്ല.

ജുവലറിയിലും ടെക്സ്റ്റൈൽസിലും ഒരു നിരീക്ഷണം അത്യാവശ്യമാണ്. അത്യാവശ്യത്തിനാണോ, ആഢംബരത്തിനാണോ ആളുകൾ ഇവിടെ ഒഴുകി എത്തപ്പെടുന്നത് എന്ന് അസൂയാലുവായ ഒരു വ്യക്തി ചിന്തിച്ചു പോകും. മഞ്ഞ ലോഹമില്ലാതെ എന്തു ജീവിതം. വില കൂടിയ വസ്ത്രങ്ങൾ ദിനേന മാറി ധരിച്ചില്ലേൽ എന്ത് മാനം. പാവപ്പെട്ടവർ മാനം മറയ്ക്കാൻ ഉടുതുണിക്കായും പെൺക്കുട്ടികൾ കാതിൽ ഇത്തിരി പൊന്നിനായും ആഗ്രഹിക്കുന്നത് ഇക്കൂട്ടത്തിൽപ്പെടില്ല.

ആശുപത്രി യാത്രകൾ കാണാതെ പോകരുത്. സർക്കാർ ആശുപത്രികൾ ദൃഷ്ടിയിൽപ്പെടാത്തവരായിരുന്നു ഏറെയും. ത്വക്ക്, തലമുടി, എല്ലാത്തിനും സ്പെഷ്യലിസ്റ്റുകൾ. ജീവിത ശൈലി രോഗങ്ങൾ. രാവിലെ ഒരു ഡോക്ടറെ കണ്ട് ഇറങ്ങിയാലുടൻ മറ്റൊരു ഡോക്ടർ ഇതായിരുന്നു മലയാളികളുടെ തിരക്കു പിടിച്ച യാത്രകളിലൊന്ന്.

ആരാധനാലയങ്ങൾ വിനോദ കേന്ദ്രങ്ങളെപ്പോലെയാണ് പലരും കണ്ടത്. ആ മത്സരം കൊടുമ്പിരി കൊണ്ടിരിക്കുകയായിരുന്നു കേരളം . വന്നു വന്ന് പള്ളിയേത് അമ്പലം ഏതെന്ന് തിരിച്ചറിയാൻ പറ്റാത്ത വിധമായി.

സ്ത്രീകൾ ടി വി സീരിയലിന്റെ മുന്നിലെത്താനും പുരുഷന്മാർ ബി വറേജസിന്റെ മുന്നിലെത്താനും വൈകിട്ടൊരു മത്സരമുണ്ടായിരുന്നു. എവിടെയായിരുന്നാലും അതിനു വേണ്ടിയൊരു ഓട്ടമായിരുന്നു. ഹൊ, ടി വി സീരിയലിന്റെ മുന്നിലെത്തിയ മങ്കയ്ക്കും ബിവറേജിസിൽ നിന്ന് ഒരു കുപ്പി തരപ്പെടുത്തിയ പുരുഷനും സായൂജ്യം.

ഒരു സിനിമ റിലീസായാൽ ആദ്യ ഷോയ്ക്ക് കയറാൻ വേണ്ടിയൊരു ഓട്ടമുണ്ട്. ഓക്സിജൻ സിലിണ്ടറിനു വേണ്ടിയാണോ ഈ മിന്നൽ യാത്ര എന്ന് കാണുന്നവർക്ക് തോന്നിപോകും. അതവരുടെ കുറ്റം.

അയൽവാസികൾ തമ്മിൽ കണ്ടാൽ ഒന്നു മിണ്ടാൻ നേരമില്ലാതെ, റേഷൻ കടയിൽ ക്യൂവിൽ നിൽക്കാൻ നാണക്കേട് കരുതി, കുട്ടിയുടെ പരീക്ഷാ പ്രോഗ്രസ് കാർഡിൽ ഒപ്പിടാൻ സ്കൂളിൽ വരെ പോകാൻ സമയം കിട്ടാതെ പൊങ്ങച്ച ബിംബങ്ങളായിരുന്ന ഏകാകികൾക്ക് തിരക്കോടു തിരക്കൊഴിഞ്ഞ നേരമാണ് ഇപ്പോൾ. കൊറോണ വൈറസ് വ്യാപനം പ്രതിരോധിക്കാൻ സർക്കാർ ലോക് ഡൗൺപ്രഖ്യാപിച്ചപ്പോൾ ഓടിക്കൊണ്ടിരുന്ന ഒരു വാഹനത്തിൽ നിന്നും എടുത്തു ചാടിയാൽ ഒന്നു ബാലൻസ് ചെയ്യാൻ പാടുപ്പെടുന്ന അവസ്ഥയായിരുന്നു മലയാളിക്ക്. രണ്ടു കാലിൽ നിന്നുവെങ്കിൽ ഓരോ തിരക്കുകളും എന്തിനു വേണ്ടിയായിരുന്നുവെന്ന് ചിന്തിക്കാം.

 കമന്റ് : ആവശ്യങ്ങളും അത്യാവശ്യങ്ങളും അനാവശ്യങ്ങളും ഉണ്ട്. അത് തിരിച്ചറിയാനുള്ള അവസരമാകട്ട് ഈ തിരക്കൊഴിഞ്ഞ കാലം.
 

Share :