Archives / April 2020

അനു പി ഇടവ
ഈ നിമിഷത്തിന്റെ നിർവൃതിയിൽ ....

    

റസ്കിൻ ബോണ്ടിന്റെ ''The Little Book of Happiness'' ൽ ഒരു കഥയുണ്ട് . ഒരു മനുഷ്യൻ തെരുവിൽ പാട്ടുപാടി നൃത്തം ചെയ്യുകയാണ് . ഇതു കണ്ട് വന്ന ഒരു വഴിപോക്കൻ ചോദിച്ചു '' നിങ്ങളെന്തിനാണ് ഇങ്ങനെ പാട്ടുപാടി നൃത്തം ചെയ്യുന്നത് ?'' ചിരിച്ചു കൊണ്ട് അയാൾ ഉത്തരം പറഞ്ഞു '' ഞാൻ സന്തുഷ്ടനായതു കൊണ്ട് '' അപ്പോൾ വഴിപോക്കന് സംശയം -''നിങ്ങളെന്തുകൊണ്ടാണ്  സന്തുഷ്ടനായിരിക്കുന്നത്?'' . മറുപടി ഇങ്ങനെയായിരുന്നു -'' ഞാൻ പാട്ടുപാടി നൃത്തം ചെയ്യുന്നത് കൊണ്ട് '' 
സന്തോഷത്തിനും സമാധാനത്തിനും പ്രത്യേകിച്ച് കാരണമൊന്നും വേണ്ട എന്നും ഓരോ നിമിഷവും ആസ്വദിച്ച് ജീവിച്ചാൽ മതിയെന്നും ഈ കഥ നമുക്ക് പറഞ്ഞു തരുന്നു . എക്ഹാർട്ട് ടൊളെ എന്ന ആത്മീയ ആചാര്യൻ തന്റെ ''The Power of Now'' (ഈ നിമിഷത്തിൽ ജീവിക്കൂ) എന്ന പുസ്തകത്തിലും പറയുന്നത് ഇതു തന്നെയാണ് .

നിങ്ങൾക്ക് ഇപ്പോൾ ഉള്ളത് ഈ നിമിഷം അല്ലെങ്കിൽ വർത്തമാനകാലം മാത്രമാണ് . ഭൂതവും ഭാവിയുമൊന്നും സംഭവിക്കുന്നില്ല എന്ന്  ടൊളെ പറയുന്നു . ഭൂതം എന്ന് പറയുന്നത് മനസ്സിലെ ഓർമ്മകളാണ് . ഭാവി 'സങ്കല്പത്തിലെ വർത്തമാനവും'. മനുഷ്യ മനസ്സിന് ഒരു കുഴപ്പമുണ്ട് . അത് എപ്പോഴും വർത്തമാനത്തെ നിഷേധിക്കാനും വർത്തമാനത്തിൽ നിന്നും രക്ഷപെടുവാനും ശ്രമിക്കുന്നു ( എന്റെ മനസ്സ് തീർച്ചയായും അങ്ങനെയാണ്!) . ഭാവിയിലെ ഏതോ ഒരു മാന്ത്രിക നിമിഷം കാത്തിരുന്ന് ഈ നിമിഷത്തെ നരക പൂർണ്ണമാക്കുന്നു .

മനസ്സാണ് നാം എന്ന മനശാസ്ത്രജ്ഞരുടെ വാദം ടൊളെ അംഗീകരിക്കുന്നില്ല . അത് ഒരു ഉപകരണം മാത്രമാണ് . ആ ഉപകരണം നമ്മെ ഏറ്റെടുക്കുന്നതാണ്  കുഴപ്പം . ഇഛാപൂർവ്വമല്ലാത്ത ചിന്താ പ്രക്രിയകൾ ആത്മഗതങ്ങൾ എന്നിവയൊക്കെ ചേർന്ന് രൂപപ്പെടുന്ന മനസ്സിനെ നാം ബോധപൂർവ്വം നിയന്ത്രിക്കണം .  ഒന്നോർത്തു നോക്കൂ, നമ്മൾ ദിവസവും എന്തൊക്കെ ചിന്തിച്ചു കൂട്ടുന്നു ? ഇതിൽ 80 മുതൽ 90 ശതമാനം വരെ ആവർത്തിക്കപ്പെടുന്നതും ഉപയോഗശൂന്യവുമാണ് . ഈ ചിന്തകളെ നമ്മുടെ ബോധമായി നാം തെറ്റിദ്ധരിക്കുകയാണ് . 'ചിന്തയല്ല ബോധം , ബോധമില്ലാതെ ചിന്തയ്ക്ക് നിലനില്ക്കാൻ കഴിയില്ല എന്നാൽ ബോധത്തിന് നിലനില്ക്കാൻ ചിന്ത ആവശ്യമില്ല ' . 

പ്രശ്നങ്ങൾ 

നാം നമ്മുടെ മനസ്സായിരിക്കുമ്പോഴാണ് പ്രശ്നങ്ങൾ ബോധത്തെ ഭരിക്കാൻ തുടങ്ങുന്നത് . അങ്ങനെയിരിക്കുമ്പോഴാണ് നമുക്ക് ആസക്തികളെ നിയന്ത്രിക്കാൻ സാധിക്കാത്തത് .  ആസക്തികളെ അടക്കിയില്ലെങ്കിൽ സ്വർഗ്ഗത്ത് ചെന്നാലും രക്ഷയില്ല . അവിടെയും നാം 'പക്ഷേ' എന്ന് പറയും .  ഇത്തരം പ്രശ്നങ്ങളെ പരിഹരിക്കാനുള്ള ഫോർമുലകളൊന്നും ടൊളെ നിർദ്ദേശിക്കുന്നില്ല . നിങ്ങൾക്ക് പ്രശ്നങ്ങളില്ല എന്ന തിരിച്ചറിവ് നൽകാനാണ് അദ്ദേഹം ശ്രമിക്കുന്നത് . ''പ്രശ്നം എന്നു വച്ചാൽ വർത്തമാന നിമിഷത്തിൽ നടപടിയെടുക്കാൻ യഥാർത്ഥ ഉദ്ദേശമോ സാധ്യതയോ ഇല്ലാതെ നിങ്ങൾ ഒരു സംഭവത്തെക്കുറിച്ച് തന്നെ ആലോചിച്ചിരിക്കുന്നതാണ് . അതൊടുവിൽ നിങ്ങളുടെ വ്യക്തി ബോധത്തിന്റെ ഭാഗമായി മാറുന്നു '' . ഇവിടെ സ്വാഭാവികമായും ചില സംശയങ്ങൾ വരാം . പ്രളയവും കൊറോണയും ഒക്കെ നമുക്ക് പ്രശ്നമായതുകൊണ്ട് . പക്ഷേ ടൊളെ പറയുന്നു ''ഒരു അടിയന്തിര ഘട്ടത്തെ ഒന്നുകിൽ നിങ്ങൾ അതിജീവിക്കും അല്ലെങ്കിൽ നശിക്കും . രണ്ടായാലും അതൊരു പ്രശ്നമല്ല ''

ഭാരതീയ ചിന്ത 

ഭാരതീയ ആത്മീയ ചിന്തകൾ ടൊളെയെ സ്വാധീനിച്ചതായി The Power of Now കാണിച്ചുതരുന്നു . സകലതും പ്രകൃതിയുടെ ഭാഗമാണെന്നും മനുഷ്യരിലന്തർലീനമായിരിക്കുന്ന സദ് വസ്തു വിശാലമായ പ്രപഞ്ചത്തിന്റെ ഭാഗമാണെന്നും ഭഗവത് ഗീത പറയുന്നു . ഈ സദ് വസ്തുവിനെ തിരിച്ചറിഞ്ഞ് അതിനനുസരിച്ച് വേണം കർമ്മങ്ങൾ അനുഷ്ഠിക്കാൻ . അതായത് പ്രകൃതിയ്ക്കനുസരിച്ചാവണം കർമ്മങ്ങൾ . ക്ഷത്രിയനായ അർജ്ജുനൻ യുദ്ധം ചെയ്യുക തന്റെ ധർമ്മമാണെന്ന് തിരിച്ചറിയണം . എന്നാൽ മാത്രമേ മോക്ഷപ്രാപ്തിയുണ്ടാവു . ഇത് ടൊളെ ഇങ്ങനെ പറയുന്നു '' നിങ്ങളല്ലാത്തതിനെ അവാസ്തവമായതിനെ തിരിച്ചറിയാൻ നിങ്ങൾ പഠിച്ചില്ലെങ്കിൽ ശാശ്വതമായ പരിവർത്തനം ഉണ്ടാവുകയില്ല ''

യദാർത്ഥമായ ആനന്ദം വേദനയായി മാറുകയില്ല എന്ന് ടൊളെ പറയുന്നു . ഭഗവത് ഗീതയ്ക്ക് ഗുരു മുനി നാരായണപ്രസാദ് എഴുതിയ വ്യാഖ്യാനത്തിൽ വികർമ്മങ്ങളെക്കുറിച്ച്  പറയുന്നുണ്ട് . ഏതൊരു കർമ്മമാണോ  പിന്നീട് വേദന തരുന്നത് അതാണ് വികർമ്മം . വികർമ്മങ്ങൾ ശരിയായ ആനന്ദം തരുന്നില്ല . യജ്ഞബോധത്തോട് കൂടി ചെയ്യുന്ന കർമ്മങ്ങൾ മാത്രമേ ആനന്ദം തരുന്നുള്ളു . ആ കർമ്മങ്ങളിൽ നിങ്ങൾ സ്വയം സമർപ്പിക്കുകയും പൂർണ്ണമായും സന്നിഹിതനായിരിക്കുകയും വേണം .

കാലിക പ്രസക്തി 

ഒരു വർഷം മുൻപ് സൂചിക വഴി വരുത്തിയതാണ് 'ഈ നിമിഷത്തിൽ ജീവിക്കൂ' എന്ന ഈ പുസ്തകം . വായിക്കുവാൻ ഒരു ലോക് ഡൗൺവേണ്ടി വന്നു (ഓരോന്നിനും അതിന്റേതായ സമയമുണ്ടല്ലോ ). , 
ശരിക്കും ഈ പുസ്തകം പഠിപ്പിച്ചു തരുന്നതിനപ്പുറം ഒന്നും ചെയ്യാനില്ലാത്ത ഒരു കാലമാണ് കടന്നു പോകുന്നത്  . എങ്ങും വ്യാകുലതയും ഉത്കണ്ഠയും നിറഞ്ഞു നിൽക്കുമ്പോൾ നാം ഈ നിമിഷത്തിൽ മാത്രമേ ജീവിക്കുന്നുള്ളു എന്ന അറിവ് ഒരു അനുഗ്രഹമാണ്  . വർത്തമാനത്തെ പൂർണ്ണമായും അംഗീകരിച്ചു കൊണ്ട് പ്രവർത്തിക്കാം . ഒരോ നിമിഷത്തെയും പൂർണ്ണമായും ഉൾക്കൊണ്ടു കൊണ്ട് ജീവിതത്തെ ധ്യാനമാക്കി മാറ്റാം 

 

Share :