Archives / February 2018

ഗീത രവീന്ദ്രൻ
അശാന്തിയിൽ നിന്നും….

സന്തോഷങ്ങളെല്ലാം
മരിച്ചുമണ്ണടിയുന്നെന്ന്
കിനാവു കണ്ടപ്പോഴായിരിക്കാം
ഒരു പനിനീർപ്പൂ നേരെനിന്ന്
ചുവന്നുചിരിച്ചത്!

ചതിച്ചുഴികൾ
കറക്കിയെടുത്ത്
ജീവിതത്തിന്റെകബന്ധങ്ങൾ
ചിതറിത്തെറിച്ചോയെന്ന
ആശങ്കയിലായിരിക്കാം
മേലേക്കൊമ്പിൽ
മാമ്പഴങ്ങൾ

ചുവന്നുനിന്ന്‍
മധുരം കൊതിപ്പിച്ചത്!
പുകഞ്ഞുപൊട്ടിയ
ദുഖക്കതിർ
ഹൃദയപരിസരത്തെ
മലിനപ്പെടുത്തിയ
വ്യാകുലതയിലാകാം
ഒരു കണ്ണുനീർത്തിളക്കം
സ്നേഹം നീട്ടിയത് !

ഭയത്തിന്റെ പാറക്കല്ലില്‍
വഴിമുട്ടി
പിടഞ്ഞുരുണ്ട കാല്‍നടത്തകള്‍
വീണുപോട്ടിയതില്‍
ചുവന്നവടുക്കള്‍
ഇഴയുന്നത്‌ കണ്ടിട്ടാകാം
പരിഭ്രാന്തിയില്‍
സഹായക്കൈകള്‍
നീണ്ടുവന്നത്!

2. കണ്ണെറിഞ്ഞെടുക്കുന്നു വാക്കേറ്
****************************************************

കണ്ണെറിഞ്ഞു
കടമെടുക്കുന്നു ഞാൻ
നിന്റെ മൗനം

പെറുക്കിയെടുക്കുന്ന-
തിലുടഞ്ഞുപൊടിഞ്ഞ
നിന്റെ വാചാലത

കിലുകിലുക്കങ്ങളെയൊളിപ്പിച്ച
കവിള്‍ത്തടങ്ങളില്‍ നിന്നും
നിന്റെ പ്രസരിപ്പുകളെ
ചുംബിച്ചെടുക്കണം

അതിൽനിന്നും
സഫുടംചെയ്ത വാക്കുകളാൽ
പോളയടരുന്ന
നിന്റെ മിഴിയിറുക്കങ്ങളിലേയ്ക്ക്
തുരുതുരാ
പെയ്യിക്കണമെനിക്കെന്റെ
ഹൃദയഭാഷ .

---- ഗീത മുന്നൂര്‍ക്കോട് ----

Share :