Archives / April 2020

മായ ബാലകൃഷ്ണൻ
ഹൃദയങ്ങൾ മന്ത്രിച്ചത് .

" ഞാനിന്ന് മുത്തിനെ കാണാൻ പോവുകയാണ് ." 
തിരക്കിട്ടു ബ്രേക്ഫാസ്റ്റ് കഴിക്കുന്നതിനിടയിൽ മനസ്സിൽ വേറൊന്നും ഉണ്ടായിരുന്നില്ല .
  
വളരെ യാദൃച്ഛികമായിട്ടാണ് ലിജയുടെ മമ്മിയെ കണ്ടത് .  പരശുറാം പിടിക്കാനായി പ്ലാറ്റ്‌ഫോമിലൂടെ തിരക്കിട്ട് നടക്കുമ്പോൾ എതിരേവന്ന ആ മുഖം എവിടെയോവച്ച് കണ്ടുമറന്നപോലെ പെട്ടെന്ന് മനസ്സിൽ മിന്നിത്തെളിഞ്ഞു . പണ്ടത്തെ പ്രസരിപ്പില്ല . പ്രായത്തിന്റെ ക്ഷീണം മുഖത്തേയും കഴുത്തിലെയും പേശികളിൽ നേരിയ ഉലച്ചിൽ വീഴ്ത്തിയിട്ടുണ്ട് .

മമ്മീ...എന്നെ ഓർമ്മയുണ്ടോ ? ഓടിച്ചെന്ന് ആ കൈകൾ ചേർത്തുപിടിച്ചു . ഒരുനിമിഷം മുഖമുയർത്തി എന്നെ നോക്കിയ കണ്ണുകളിൽ ഈറൻ നനവിന്റെ തിളക്കത്തിലും ചുണ്ടിൽ വിരിഞ്ഞ ചിരിയിൽ ഉള്ളിലെ പൊള്ളൽ , വിങ്ങൽ എനിക്കറിയാൻ പറ്റി .
മമ്മിക്ക്  സുഖമാണോ....? എനിക്കു പിന്നെ വരാൻ കഴിഞ്ഞില്ല . ബന്ധപ്പെടാൻ ഒരു വഴിയും ഉണ്ടായില്ല . ക്ഷമാപണത്തോടെ പറയുമ്പോഴും മുത്തിനെക്കുറിച്ച് അറിയാൻ തിടുക്കമായി .
"മോള് എന്തുചെയ്യണു...അവളിപ്പോ വലിയ കുട്ടി ആയില്ലേ..?." ഒരുകൂട്ടം ചോദ്യങ്ങൾ മനസ്സിലേക്ക് തിരകൂട്ടിയെത്തി . എത്ര ആഴത്തിൽ മുറിഞ്ഞാലും  പിന്നീട് ആ മുറിപ്പാട് എങ്ങും പോയി മറയില്ലാലോ. മക്കളെ നഷ്ടപ്പെട്ട അമ്മമാരുടെ ഹൃദയത്തിലും കാണാം അത്തരം മുറിപ്പാട് .

ചെറിയൊരു മൗനം . അതെന്നെ പരിഭ്രമപ്പെടുത്തി .  എന്ത്യേ മമ്മീ... ഞാൻ വീണ്ടും വിളിച്ചപ്പോൾ പെട്ടെന്ന് ഏതോ ആലോചനയിൽ നിന്നുണർന്നപോലെ എന്റെ മുഖം വായിച്ചിട്ട് ...ഇല്ലാ മോളേ... അവൾ സുഖമായിരിക്കുന്നു . അവളിപ്പോ അവളുടെ ഡാഡിയുടെ കൂടെയാണ് . കുറച്ചുനാളെ ഞങ്ങളുടെ കൂടെയുണ്ടായുള്ളൂ . അതിനുള്ള ഭാഗ്യവും ഈശ്വരൻ ഞങ്ങൾക്ക് അനുവദിച്ചില്ല . പിന്നിൽനിന്ന ലിജയുടെ ഡാഡി പോകാൻ തിരക്ക്കൂട്ടി . മുന്നിൽ കടന്നുപോയ സുരേഷും മക്കളും തിരിഞ്ഞുനിന്നു .  വേഗം വരൂ എന്ന് തിടുക്കം കൂട്ടുന്നു . പെട്ടെന്ന് മമ്മിയുടെ കൈയ്യിൽ നിന്ന് മൊബൈൽ നമ്പർവാങ്ങി.  ഓടിവന്ന് വണ്ടിയിൽ കയറി . മുന്നിലെ കാഴ്ച്ചകൾ പിന്നോട്ട്തള്ളി യാത്രചെയ്യുമ്പോൾ ഞാനെന്റെ പ്രീഡിഗ്രി കാലത്തേക്ക് പോയി . 

ഒരു ഹർത്താൽ ദിനത്തിലാണ് ഞാൻ ആദ്യമായി അവളുടെ വീട്ടിൽപോയത് .  എക്സാം ഉണ്ടായിരുന്നു . മാറ്റിവയ്ക്കുമെന്ന് കരുതി ഭക്ഷണം കൊണ്ടുപോയിരുന്നില്ലാ . ഭക്ഷണം കഴിക്കാതെ ഉച്ചയ്ക്ക് പരീക്ഷയ്ക്കിരിക്കുന്നത് പരീക്ഷണം ആവുമല്ലോ ഈശ്വരാ എന്നു വിഷമിക്കുമ്പോൾ അവളാണ് നിർബന്ധിച്ചു വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയത് . എങ്കിലും മമ്മി വിളമ്പിത്തന്ന മത്തങ്ങ എരിശ്ശേരിയും തൈരും പാവയ്ക്ക മെഴുക്കുപുരട്ടിയും എന്തുകൊണ്ടും എനിക്ക് പ്രിയപ്പെട്ട വിഭവങ്ങളായിരുന്നു . വളരെ കുസൃതികൾ നിറഞ്ഞ മിടുക്കി . ഹൈസ്കൂളും പ്രീഡിഗ്രിയും കഴിയുംവരെ ഞങ്ങൾ ഒരുമിച്ചായിരുന്നു . എൻട്രൻസ് എഴുതി പിന്നെ അവൾ തൃശൂരേക്കും ഞാൻ കൊല്ലത്തേക്കും പോയി . പിന്നീട് നാട്ടിലേക്കുള്ള യാത്രകൾക്കിടയിൽ ടൗണിൽ വച്ചോ ബസ്സ്റ്റാൻഡിൽ വച്ചോ ഒക്കെ മാത്രമായിരുന്നു കൂടിക്കാഴ്ചകൾ .ഫോൺ സർവസാധാരണം ആയിട്ടില്ല. എങ്കിലും ഇടവേളകളിൽ വരുന്ന കത്തുകളും എല്ലാവർഷവും മുടങ്ങാതെകിട്ടുന്ന ക്രിസ്തുമസ് ഗ്രീറ്റിങ്‌സ് കാർഡുകളും ഞങ്ങളുടെ ബന്ധത്തെ മുറിയാതെ കെട്ടിയിട്ടു . 
4 വർഷത്തെ പഠനം കഴിഞ്ഞയുടൻ അവളുടെ വിവാഹമായി . വിവാഹത്തിൽ പങ്കെടുക്കാൻ കഴിയാത്തവിധം ഞാൻ വിദേശത്തും ആയി . ലീവ്ന് നാട്ടിൽ എത്തി . അവളെ പോയി കാണണം . ഡെലിവറി കഴിഞ്ഞു വീട്ടിൽ ഉണ്ടെന്നു കേട്ടു .  മുൻകൂട്ടി അറിയിക്കുകയൊന്നും വേണ്ട . സർപ്രൈസ് ആക്കണം . അതെപ്പോഴും അവൾക്ക് ത്രിൽ ആണ് . നാട്ടിൽ എത്തിയ വിവരം അറിയിക്കുകയേ വേണ്ട . പൊതുവെ തടിച്ചി . ഇപ്പൊ നല്ല ഉരുണ്ട് ഹിഡുംബി ആയിട്ടുണ്ടാവും .

 എനിക്കാണെങ്കിൽ ഇവിടെ പെണ്ണുകാണാൻ വരുന്നവരെയൊഴിഞ്ഞിട്ട് സ്വസ്ഥമായി ഒരുദിവസം കിട്ടുന്നില്ല . വൈകാതെ തന്നെ പോവണം . അവളെയും കുഞ്ഞിനെയും കാണണം . മനസ്സിൽ ഉറപ്പിച്ചു . അന്നൊരുദിനം പതിവുപോലെ പത്രം എടുത്ത് മുൻ പിൻ പേജുകളൊക്കെ കഴിഞ്ഞ് ചരമ കോളത്തിലേക്ക് ഒരു ഓട്ടപ്രദക്ഷിണം നടത്തി മടക്കിവയ്ക്കാൻ തുടങ്ങുമ്പോളാണ് 'വാഹനാപകടത്തിൽ ...'' എന്ന ഹെഡ്‌ഡിംഗിൽ പെട്ടെന്ന് കണ്ണുടക്കിയത് . ഏതോ ഒരു ഭാര്യയും ഭർത്താവും കുഞ്ഞിനെയും കൊണ്ടുള്ള ബൈക്ക് യാത്രയിൽ അപകടത്തിൽ യുവതി മരിച്ചു . ഒരു വിങ്ങലോടെ വായിച്ചുവിടുമ്പോൾ 
 വായിച്ചുവിട്ട വരികളിൽ പേര്, വീട്ടുപേര് സ്ഥലം എവിടെയോ മനസ്സിൽ ഉടക്കി . 
 ലിജ നെൽസൺ . ഇടച്ചേരിൽ വീട്ടിൽ ആവണിശ്ശേരി ! എന്റെ നെഞ്ചിടിപ്പ് കൂടി . പരിഭ്രമം കാരണം എനിക്കൊന്നും മനസ്സിലാവുന്നില്ല . വീണ്ടും വീണ്ടും വാക്കുകൾ എടുത്തെടുത്തു ഓർത്തു . നെൽസൺ അവളുടെ ഭർത്താവിന്റെ പേരല്ലേ ?!സ്ഥലം ആവണിശ്ശേരി. മുകളിൽ കൊടുത്തിരുന്ന ചിത്രത്തിലേക്ക് ഒന്നേ നോക്കിയുള്ളൂ . ഒരു കരച്ചിൽ അപശബ്ദംപോലെ വായിൽനിന്നും പുറത്തേക്ക് ചാടി .ദേഹം തളരുന്നു . വിറച്ച് വിറച്ചു അവിടിരുന്നു . എന്തുണ്ടായേ എന്നുചോദിച്ചു അമ്മയും അനിയത്തിയും ചുറ്റും കൂടി .
പോകണോ വേണ്ടയോ ...അമ്മയും അനിയത്തിയും ചോദിക്കുന്നതൊന്നും മനസ്സിലാവുന്നില്ല . എനിക്ക് വിശ്വസിക്കാൻ ആവുന്നില്ല .അതു സത്യമാവില്ല . എനിക്കവളെ കാണണം . പക്ഷേ പത്രത്തിൽ വന്നതല്ലേ . സത്യമാകണം എന്നുണ്ടോ. വേറെ ആരെങ്കിലും എന്തെങ്കിലും തെറ്റുപറ്റിയതാണെങ്കിലോ . പ്രിയപ്പെട്ടവരുടെ വേർപാടുകളെ അങ്ങനെയല്ലാതെ കാണാൻ കഴിയുമോ. ഞങ്ങളന്നു വീട്ടിൽ ചെന്നപ്പോൾ എല്ലാം കഴിഞ്ഞ് .....പള്ളിയിൽ നിന്ന് അവരെല്ലാം മടങ്ങിവീട്ടിലെത്തി . പേരുപറഞ്ഞപ്പോൾ അവളുടെ ഭർത്താവ് എന്നെ തിരിച്ചറിഞ്ഞു .ആദ്യമായി കാണുകയായിരുന്നു ഞാൻ . അവൾ എല്ലാം പറഞ്ഞിരിക്കുന്നു . അപ്പോഴും മകളെ നഷ്ടപ്പെട്ട ഒരമ്മയുടെ തോളിൽ മുലപ്പാല് കിട്ടാതെ കരഞ്ഞുതളർന്ന ഒരു കുഞ്ഞും . അത് ഒരു പൊൻ മുത്ത് തന്നെ .  ഒന്നും മിണ്ടാൻ കഴിഞ്ഞില്ല . കണ്ണുകൾ നിറഞ്ഞുതൂവി ജീവച്ഛവംപോലെ പോയിവന്നു . 

മരിച്ചുപോയവർ ആണോ നക്ഷത്രങ്ങൾആയി വരുന്നത് ! സ്‌കൂളിൽ പഠിക്കുമ്പോൾ ഒരു ക്രിസ്തുമസ് കാലത്താണ് അവൾ എനിക്കു തിരുപ്പിറവിയുടെ കഥ പറഞ്ഞുതന്നത് . മാലാഖമാരുടെ പ്രവചനം കേട്ട് യാത്രയാവുന്ന ഒരുപറ്റം ആട്ടിടയന്മാർ . അവർക്കുമുന്നിൽ മുകളിലെ നക്ഷത്രകൂട്ടം . പെട്ടെന്ന് അതിലൊന്ന് അത്യുജ്ജലമായ പ്രകാശം ജ്വലിപ്പിച്ചു വഴികാട്ടിയായി . ആ നക്ഷത്രത്തിളക്കത്തെകുറിച്ചുള്ള അവളുടെ വർണ്ണനകേട്ട് അന്നാ നട്ടുച്ചനേരത്തും സ്‌കൂൾ മൈതാനത്ത് നിന്ന ഞാൻ അറിയാതെ മുകളിലേക്ക് നോക്കിപ്പോയി . ഇന്ന് ആകാശത്തുനിറയുന്ന നക്ഷത്രങ്ങളെ കാണുമ്പോൾ ഞാനവളെ ഓർമ്മിക്കും . എവിടെയായിരിക്കും അവളുടെ കുഞ്ഞ് . താൻ എന്താടോ കുറേനേരമായല്ലോ ഗാഢമായ ചിന്തയിൽ ? ഭർത്താവിന്റെ ചോദ്യമാണ് ഉണർത്തിയത് . ഇറങ്ങുന്നില്ലേ . സമയം പോയതറിഞ്ഞില്ല . മണിക്കൂറുകൾ കഴിഞ്ഞു . വർഷങ്ങൾ ഏറെ കഴിഞ്ഞെങ്കിലും ഓർമ്മകൾക്ക് ഒരു മങ്ങലും ഏറ്റിട്ടില്ല .

ഇതൊരു ക്രിസ്തുമസ് കാലം ആണ് . എന്തായാലും ആ കുഞ്ഞിനെ കണ്ടുപിടിക്കണം . മടങ്ങിപ്പോവും മുൻപ് കാണണം . മുൻപൊന്നും ഇല്ലാത്തവിധം മനസ്സ് പിടച്ചു . മമ്മിയെ വിളിച്ചു വിവരങ്ങൾ തിരക്കി . കുട്ടി തിരുവനന്തപുരത്ത് ആണ് . മെഡിസിന് പഠിക്കുന്നു . ഒന്നുരണ്ടു കൂട്ടുകാർ ഒരുമിച്ച് ഒരു വീട്ടിൽ പെയിങ് ഗസ്റ്റ് ആയിട്ടാണ് താമസിക്കുന്നത് . കുമാരപുരത്ത് . ഇവിടന്ന് അധികം ദൂരമില്ല അവിടേക്ക് . സൗകര്യമായി . ഞാൻപോകും മമ്മി ! എന്നുപറഞ്ഞു അഡ്രസ്സും നമ്പറും വാങ്ങി .ഞാൻ ചെല്ലുന്ന വിവരമൊന്നും മോളേ അറിയിക്കേണ്ടട്ടൊ മമ്മീ . എന്തോ അങ്ങനെപറയാൻ തോന്നി . 

വല്യമ്മച്ചിയേയും അപ്പച്ചനേയും കണ്ടാൽ കുഞ്ഞിന് വല്ലാത്ത സങ്കടം ആണെന്നാണ് ലിജയുടെ മമ്മിയും പറഞ്ഞത്. ആ സ്ഥിതിക്ക് മനസ്സിൽ വല്ലാത്തൊരു വിങ്ങൽ . അമ്മയെന്ന ഓർമ്മയെ തട്ടിയുണർത്തിയാൽ അത് വീണ്ടും വേദനിക്കുന്ന അനുഭവം ആവുമോ. പോകും മുൻപ്മോളെ ഒന്നു വിളിക്കണമോ . വല്ലാത്ത ആശങ്ക . വിളിച്ചാൽ എന്തുപറയണം. എന്തിനാണ് ഇനി ആ കുട്ടിയെ കണ്ടിട്ട് . അമ്മയെക്കണ്ട ഓർമ്മപോലും ആ കുട്ടിക്കില്ല . ഇനി അവൾക്ക് അങ്ങനെയൊരു അമ്മ ഉണ്ടായിരുന്നു എന്നുപോലും അവളോർത്തിരിക്കുന്നുണ്ടാവുമോ. പക്ഷേ എനിക്കവളെ കാണണം . മനസ്സ്‌ അതിയായി ആഗ്രഹിക്കുന്നുണ്ട്.
രണ്ടുംകല്പിച്ചു വിളിച്ചു .
ഹെലോ...
വളരെ സ്വീറ്റ് ആയിട്ടൊരു ശബ്ദം ഫോണിന് മറുതലയ്ക്കൽ . എന്റെ ഹൃദയം വല്ലാതെ മിടിച്ചു . ഓർമ്മകൾ കടന്നൽക്കൂട് പൊളിച്ചുവന്നു . എന്റെ കാതോരം ചിലച്ചു കലപില കൂട്ടിയിരുന്നവൾ . നിന്നെയും കുഞ്ഞിനെയും വന്നുകാണാൻ കൊതിച്ചിരുന്ന എനിക്ക്,നീ കാത്തുവച്ച സർപ്രൈസ് ഇതായിരുന്നോ..? നാട്ടിൽ വരുമ്പോൾ നിന്നെ പിടിച്ചുകെട്ടിച്ചേ ഇനി പറഞ്ഞുവിടൂ എന്നൊക്കെ വലിയ വല്യേച്ചി ചമഞ്ഞവൾ . 

മറുപുറത്തുനിന്നും വീണ്ടും ഹെലോ... എന്നുകേൾക്കുന്നുണ്ട് .വയ്യ .
 എനിക്കൊന്നും മിണ്ടാൻ ആവുന്നില്ല.ഫോൺ കട്ട് ചെയ്തു . 
 എന്നിട്ടും ദിവസങ്ങളോളം മനസ്സ് മന്ത്രിച്ചുകൊണ്ടിരുന്നു . കാണണം . എനിക്കാ കുഞ്ഞിനെ ഒന്നു കാണണം . അമ്മയുടെ ചൂടേറ്റു വളരാത്തകുട്ടി . സുഖമാണോ സന്തോഷമാണോ അമ്മയെപോലെ മുഖംനിറയെ പ്രസരിപ്പും കുസൃതിയുമുള്ള കുട്ടിയാണോ ? അവൾ കാഴ്ചയിൽ എങ്ങനെയുണ്ടായിരിക്കും . 

 മടങ്ങിപ്പോകാൻ ഏതാനും ദിവസങ്ങൾ ബാക്കിയുള്ളൂ . ആകെ തിരക്കോട്തിരക്ക് . പെട്ടെന്നൊരുദിവസം ഇറങ്ങിത്തിരിച്ചു . നിറയെ നിരന്ന  വില്ലകൾ . സെക്യൂരിറ്റിയോട് ചോദിച്ചു ഗ്രേസ് വില്ല എന്ന് ബോർഡ് വച്ച വീട് കണ്ടുപിടിച്ചു . ബെല്ലടിച്ചു പ്രായമായ ഒരു സ്ത്രീ വന്നു .ചോദിച്ചപ്പോൾ മുകളിലേക്ക് സ്റ്റെയർ കേസ് ചൂണ്ടിക്കാട്ടി . മുകളിലെ വാതിൽ തുറന്ന് ബാൽക്കണിയിൽ ഒരു പെൺകുട്ടി . വെളുവെളുത്ത് ഉയരംകൂടി മെലിഞ്ഞൊരു കുട്ടി . ഇവളല്ല . മനസ്സ് മന്ത്രിച്ചു . എന്താ ? ആരാ.? കുട്ടി ചോദിച്ചു കൊണ്ടിരിക്കു മ്പോൾ എന്റെ കണ്ണ് ചുറ്റും പരതുകയായിരുന്നു . വാതിലിനപ്പുറത്ത് നല്ല ചുരുണ്ടമുടിയുള്ള തീരെ പൊക്കംകുറഞ്ഞ ഒരു പെൺകുട്ടി നടന്നുനീങ്ങുന്ന കണ്ടു . ഹൃദയം പെടപെടച്ചു .അല്ലാ ആ കുട്ടിയും ആവില്ല .അവൾ അങ്ങനെയാവില്ല .
ആരാ ആരെയാ അന്വേഷിക്കുന്നത് ? മുന്നിൽ വന്നുനിന്ന കുട്ടി വീണ്ടും ചോദിച്ചു .
അടിമുടി വിറച്ചപോലെ . ഞാനൊന്ന് പറയാൻ ശ്രമിച്ചിട്ടു തൊണ്ടയിടറി .
  പേൾ സിറിയക് തോമസ്  .
പേൾ.....ആ കുട്ടി അകത്തേക്കുനോക്കി നീട്ടിയൊന്ന് വിളിച്ചിട്ട് മുറിയിലേക്ക് പോയി .
അപ്പൊ ഈ കുട്ടികൾ അല്ല. ഞാൻതിരിഞ്ഞ് ബാൽക്കണിയിലെ കൈവരിയിൽ പിടിച്ച് ദൂരേക്ക് നോക്കിനിന്നു . ലിജാ...ഞാൻ മനസ്സുകൊണ്ട് ഉരുവിട്ടു . ഞാനിപ്പോ നിന്റെ മകളുടെ മുന്നിൽ ആണ് . എനിക്ക് നീ വെളിച്ചമാവണം . എന്ത് പറഞ്ഞു പരിചയപ്പെടുത്തണം . മോളുടെ പ്രായത്തിലെ അമ്മ ഒരുമിച്ചുള്ള ആ ഫോട്ടോ കാണിച്ചുകൊടുക്കണോ ? അമ്മയുടെ മനോഹരമായ കൈയക്ഷരങ്ങൾ കാണിച്ച് ഇതാണ് മോളുടെ അമ്മ എഴുതിയവ എന്നുപറയണോ.

പിന്നിൽ ഒരു നിഴലനക്കം . മനസ്സ് തുടിച്ചു . സ്നേഹമോ വാത്സല്യമോ എല്ലാം ഒതുക്കിവച്ചു . എന്റെ മുന്നിൽ അവൾ മാലാഖ ! കരുത്തുള്ള നീളൻ മുടി കഴുത്ത് മറച്ച് വെട്ടിയിറക്കി നിറുത്തിയിരിക്കുന്നു . അവളുടെ അതേ നിറം. കൈയ്യിലെയും കവിളിലെയും മിനുമിനുപ്പ് . വിടർന്ന ആഴമുള്ള കണ്ണുകൾ,  സ്വല്പം തടിച്ച ചുണ്ടുകൾ , മേൽചുണ്ടിനു മേലെ നനുത്ത രോമ മിനുമിനുപ്പ്‌ , കൈവിരലുകൾ, പാദം. എന്റെ നോട്ടവും നില്പുംകണ്ട് കുട്ടി ആകെ പരിഭ്രമിച്ച മട്ടിൽ, അവൾ പരുങ്ങി നില്പാണ് .
പേൾ ...??  
മ്മ് . അതേ. ഞാനാണ്.
ഇവളൊരു പേൾ തന്നെ . ഞാൻ അറിയാതെ മന്ത്രിച്ചു.

എന്റെ കണ്ണുകൾ ഈറനണിയാൻ തുടങ്ങി . മനസ്സിൽ ഒരു കടലിരമ്പം . മകളേ മാപ്പ് .ഒരുപാട് ആഗ്രഹിച്ചു . ഈശ്വരൻ ഇന്നേ അവസരം തന്നുള്ളൂ . ചുണ്ടുകൾ വിറയ്ക്കുന്നുണ്ട് . ഒന്നുംപറയാൻ കഴിഞ്ഞില്ല . സ്വല്പംകൂടെ അടുത്തുചെന്നു . ആ കൈകൾ ചേർത്തുപിടിച്ചു .അപരിചിതയെ കണ്ട് കൈ ഒന്ന് പിൻവലിക്കാൻ ശ്രമിച്ചെങ്കിലും ഞാൻ ഒന്നുകൂടെ ആ കൈ എന്റെ ഉള്ളംകൈയ്യിലേക്ക് ചേർത്തുവച്ചു . വിരലുകളിലൂടെ കൈകൾ ഓടിച്ചു . ജന്മാന്തര സ്നേഹത്തിന്റെ ഊഷ്മളത തൊട്ടറിഞ്ഞു . കണ്ണിമയ്ക്കാതെ പരിഭ്രമത്തോടെ അവൾ നോക്കിനിക്കുമ്പോൾ ഞാനാ കൈകൾ എടുത്ത് ഉമ്മവച്ചു . പിന്നെയും പ്രാർത്ഥനപോലെ ആ കൈകൾ എന്റെ രണ്ടുകണ്ണിനും മേലെ മാറിമാറി തൊടുവിച്ചു . അവൾ ഒരു പ്രതിമപോലെ ആശ്ചര്യപ്പെട്ടു നിന്നു . എനിക്കാ കുഞ്ഞിനെ വിട്ടുപോരാൻ തോന്നുന്നില്ല .മെല്ലെ കൈക്കുമ്പിളിൽ ആ മുഖം വാരിയെടുത്തു . പിറന്നുവീണ കുഞ്ഞിനെന്നപോൽ വീണ്ടും ഞാനാ നെറ്റിയിൽ ചുംബിച്ചു . ഒരു കുഞ്ഞിനെപ്പോലെ എന്റെ മുന്നിൽ പതുങ്ങിനിന്നു അവൾ . എന്റെ എല്ലാ ചലനങ്ങളെയും സാകൂതം വായിച്ച് നിൽക്കുമ്പോൾ ഞാൻ വേഗം കണ്ണുകൾതുടച്ച് ഒന്നും ചോദിക്കാനോ പറയാനോ അവസരം നൽകാതെ തിരിഞ്ഞുനടന്നു . 

സ്റ്റെയർകേസ് ഇറങ്ങുമ്പോൾ ഞാനും ഒന്നു തിരിഞ്ഞുനോക്കി . പിന്നിൽ അവൾ ഓടിവന്ന് നോക്കി നിൽക്കുന്നുണ്ട് . ആരായിരിക്കും ഇവർ?  എന്തിനാണ് എന്നോട് ഇത്രയും ആത്മബന്ധം, വാത്സല്യം !?! ചോദിക്കുന്നതിനെക്കാളും പറയുന്നതിനെക്കാളും വളരെയേറെ അനുഭവിച്ചറിയാൻ സാധിക്കുന്ന നിമിഷങ്ങൾ . അനുഭൂതിനുകരും നിമിഷങ്ങൾ . സ്നേഹത്തിന്റെയും വാത്സല്യത്തിന്റെയും ചൂടേറ്റ് അതുടൻ കൈവിട്ടുപോവുമ്പോൾ എന്താണ് സംഭവിച്ചതെന്നറിയാതെ വീണ്ടും അർത്ഥതലങ്ങൾതേടി കണ്ണുംനട്ട് അവൾ പിന്നിൽ .

ആ നില്പ് കണ്ടുനിൽക്കാൻ ആയില്ല . എന്റെ ലിജ . മരണം വേർപെടുത്തുമ്പോഴും ആർക്കും വിട്ടുകൊടുക്കാതെ കുഞ്ഞിനെ തന്റെ മടിയിൽ മാറോടടക്കി പിടിച്ചവൾ . മാമൂട്ടാൻ ആ അമ്മയ്ക്കായില്ല , കൈപിടിച്ചുനടത്തിക്കുവാനോ തൊട്ടിലാട്ടിയുറക്കുവാനോ ആ കുഞ്ഞിന് അമ്മയുണ്ടായില്ല . വിതുമ്പൽ അടക്കി 
വേഗം ഓടിച്ചെന്ന് അവളുടെ മുന്നിൽ കിതച്ചുനിന്നു . അത് പ്രതീക്ഷിച്ചപോലെ  ഒരുചെറുചിരി അവളുടെ മുഖത്തും വിരിഞ്ഞു . ലിജ ! ലിജ !എന്റെ ചുണ്ടുകൾ അറിയാതെ മന്ത്രിക്കുന്നുണ്ടായിരുന്നു . സന്തോഷവും വേദനയും ചേർന്ന വികാരംകൊണ്ട് ഞാനവളെ വാരിപ്പുണർന്നു . മാതൃബന്ധത്തിന്റെ ചൂടേറ്റിട്ടാണോ ആ നിമിഷം അവൾ അങ്ങനെ ചുറ്റിപ്പിടിച്ചു നിന്നത് !  നെറ്റിയിൽ വീണ്ടുംവീണ്ടും ഉമ്മവച്ചു . ഒരുപുഞ്ചിരികൂടി സമ്മാനിച്ച് കണ്ണുകൾ തുടച്ച് ഞാൻ തിരിച്ചുനടന്നു .

 ''ഇനിയും വരാം ട്ടോ ,കാണാം " എന്നുമാത്രം പറഞ്ഞു . സമ്മതഭാവത്തിൽ അവൾ തലയാട്ടി . " ഹാപ്പി ക്രിസ്തുമസ് ! " തിരിച്ചും ഒരു മന്ത്രണംപോലെ 'ഹാപ്പി ക്രിസ്തുമസ് '. അതുകേട്ട് ഞാനും കോരിത്തരിച്ചു .  ഗേറ്റ് എത്തി തിരിഞ്ഞുനോക്കവേ ചെറുപുഞ്ചിരിയോടെ ആ മകൾ പതിയെ പതിയെ കൈവീശി യാത്രപറഞ്ഞു . ആ പുഞ്ചിരിക്ക് അവളന്നു പറഞ്ഞുതന്ന വിശുദ്ധ നക്ഷത്രത്തേക്കാൾ തിളക്കവും പ്രകാശമുള്ളതുമായി തോന്നി . 

ബാഗിൽ നിധിപോലെ സൂക്ഷിച്ചുവച്ച ലിജയുടെ കത്തുകളും കുറിപ്പുകളും അമ്മയുടെ ഓർമ്മയ്ക്കായി കൊടുക്കാൻ എടുത്തുവച്ചവ . അവൾ ആഗ്രഹിക്കുന്നുണ്ടാവുമോ അങ്ങനെയൊന്ന് ...?കാണാത്ത അമ്മയെ തൊട്ടറിയാൻ, കാണാൻ !! ഇനി അതുവേണ്ട, തമ്മിൽ പറയാതെ എല്ലാം ഹൃദയങ്ങൾ മന്ത്രിച്ചിരുന്നല്ലോ .

Share :