Archives / july 2021

സ്വയം പ്രഭ
റൈറ്റേഴ്സ് റൈറ്റ്' ഗ്രൂപ്പില്‍ നടന്ന ചര്‍ച്ചയും സംവാദങ്ങളും (ഒന്നാം ഭാഗം )

 

മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ പ്രസിദ്ധീകരിച്ച അസീം താന്നിമൂടിന്‍റെ `മണിച്ചീടെ വീട്ടില്‍ വെളിച്ചമെത്തി'എന്ന കവിതയ്ക്കുമേല്‍ 'റൈറ്റേഴ്സ് റൈറ്റ്' ഗ്രൂപ്പില്‍ നടന്ന ചര്‍ച്ചയും സംവാദങ്ങളുമാണ് ചുവടെ:

 

ചർച്ചയിലും സംവാദങ്ങളിലും പങ്കെടുത്തവർ വി.കെ.ഷാജി , മാടായി സുരേഷ്, ശാന്ത തുളസിധരൻ, ഇടക്കുളങ്ങര ഗോപൻ., ഹരിദാസ് തെക്കേത്ത്, ബി.ജോസുകുട്ടി,. ചിത്രമാധവൻ, ഒ.ബി. ശ്രീദേവി, രജനി , രമേഷ് , റഷീദ് ചുള്ളിമാനൂർ , ലക്ഷമി ചങ്ങന്നാറ ബിയാട്രിസ് ഗോമസ് , ഷിബു പാലക്കാട്,

 

മണിച്ചീടെ വീട്ടില്‍ വെളിച്ചമെത്തി....

 അസീം താന്നിമൂട്

 

 

മണിച്ചീടെ വീട്ടില്‍ 

 

 

വെളിച്ചമെത്തി.

 

 

സ്വിച്ചിട്ടു,ലൈറ്റു 

 

 

തെളിഞ്ഞു കത്തി....

 

 

അത്രനാളവ്യക്തമായിരുന്ന-

 

 

തൊക്കെയാവെട്ടം 

 

 

വെളിപ്പെടുത്തി:

 

 

ഒറ്റമുറിയുള്ള 

 

 

കൊച്ചുവീട്.

 

 

മുറ്റമില്ലാത്തൊ-

 

 

രിടുങ്ങിനില്പ്.

 

 

ചെത്തവും ചേലും നിലച്ച മട്ട്.

 

 

സ്വപ്നഹീനങ്ങളാ-

 

 

ണുള്ളിരിപ്പ്.

 

 

കണ്ണഞ്ചും വെട്ടത്താല്‍ മഞ്ഞളിച്ച്

 

 

വിണ്ണുകാണാക്നാവിന്നങ്കലാപ്പ്..  .

 

 

              2                           

 

 

   മണിച്ചീടെവീട്ടില്‍ 

 

 

പൊറുതിയായി

 

 

വെളിച്ചം,സുമുഖാഹങ്കാരമായി...

 

 

പതിവുപോല്‍ രാവ-

 

 

ങ്ങൊരുങ്ങിയെത്തി

 

 

പടിവാതിലോരെ,പകച്ചുപോയി!

 

 

എല്ലാമിഴിയും 

 

 

തുറന്നു മൂച്ചില്‍

 

 

നെഞ്ചൂക്കിനാല്‍ വെട്ടം 

 

 

ഹുങ്കുകാട്ടി...

 

 

കള്ളുമണക്കും തെറിപുലമ്പി,

 

 

തല്ലാനുള്ളാങ്കും കരളിലേന്തി,

 

 

കെട്ട്യോനണയുമിരുട്ടില്‍ നോക്കി

 

 

ഒറ്റയ്ക്കുചെന്നു 

 

 

നിറഞ്ഞുനില്‍ക്കാ-

 

 

നിന്നു 

 

 

മണിച്ചി 

 

 

മറന്നുപോയി.

 

 

     3  

 

 

 ഒക്കത്തുനിന്നൂര്‍ന്നു 

 

 

പോയതെന്താം..?

 

 

തേടിപ്പരതുകയാണവളാ-

 

 

വെട്ടത്തിലെന്തോ

 

 

അകത്തളത്തില്‍....

 

 

കാറ്റോ,കടലോ-

 

 

യിരമ്പിയാര്‍ത്തു.

 

 

കാവിന്‍റെപിന്നീന്നൊരൂത്തു കേട്ടു..

 

 

പേടിച്ചുവെട്ടം 

 

 

പൊലിഞ്ഞുപോയി.

 

 

തക്കംപാത്തിരവുട-

 

 

നോടിയെത്തി

 

 

കുഞ്ഞുനിലാവൊന്നു 

 

 

കണ്ണുചിമ്മി...

 

 

വെറളിയും വേവലുമുന്തിമാറ്റി

 

 

വെളിവോടവളാ-

 

 

യിരുട്ടില്‍ മിന്നി.

 

 

എന്തോ മടിയിലണച്ചു കൊഞ്ചി-

 

 

ച്ചാലോലമാട്ടി രസിക്കും മട്ടില്‍..

 

 

പെട്ടെന്നു ഹുങ്കോടെ 

 

 

വീണ്ടുമെത്തി

 

 

വെട്ടം;മിഴിതുറിച്ചുറ്റുനോക്കി.

 

 

ഞെട്ടിയിരവു,-

 

 

മിളം നിലാവും !

 

 

വല്ലാത്ത വീര്‍പ്പോ-

 

 

ടവളെണീറ്റ്

 

 

സ്വിച്ചണച്ചിരവിനോ-

 

 

ടൊട്ടിനിന്ന്

 

 

കുഞ്ഞു നിലാവിന-

 

 

മ്മിഞ്ഞ 

 

 

നല്‍കി.

 

 

(മാതൃഭൂമി ആഴ്ചപ്പതിപ്പ്)

 

വി കെ ഷാജി:

അസിം തുറന്നിടുന്ന ഇരുട്ടിടങ്ങളിലെ ജാലകം....

മേൽക്കൂരകളില്ലാത്ത, വാതിലുകളോ ജനാലകളോ ഇല്ലാത്ത വാസസ്ഥലങ്ങളിൽ നിന്ന് 'സ്വപ്നങ്ങളുടെ ചിറകിലേറി ഒറ്റമുറി വീടന്നെ യാഥാർഥ്യത്തിൽ ഇഴചേരുന്ന ചില വർത്തമാന ജീവിതങ്ങളിലെ പ്രതിനിധാനമാണ് മണിച്ചി .

 

അവളുടെ ആകാശങ്ങളിലെ അത്ഭുതങ്ങളിൽ ഒന്നാണ് വെളിച്ചമുള്ള വിട്/ വെളിച്ചമുള്ള ഇടം. അടിത്തട്ടു ജീവിതങ്ങളുടെ നിറം മങ്ങിയ കാഴ്ചകളും സ്വപ്നങ്ങളും തികച്ചും ലളിതമാണെന്നും, ആ ലളിത സ്വപ്നങ്ങളുടെ യാഥാർഥ്യത്തെ പെട്ടെന്ന് സ്വീകരിക്കാനോ പൊരുത്തപ്പെടാനോ ഇനിയും കഴിഞ്ഞിട്ടില്ലാത്ത സാമൂഹികതയുടെ മനോഘടനയാണ് കവി കൈകാര്യം ചെയ്യുന്നത്.മണിച്ചിയുടെ വീട് അല്ല ഒരിടുങ്ങി നില്പ്, അതിന് നൂറ്റാണ്ടുകളുടെ പഴക്കമുണ്ടെന്നും, ആധുനിക യുഗത്തിലും അതിന് മാറ്റമില്ലെന്നും കാണുന്നു. "ചെത്തവും, ചേലും നിലച്ച സ്വപ്നഹീനങ്ങളായ(മണിച്ചിയുടെ സ്വപ്ന ഹീനങ്ങളായ എന്നു പറയുന്നത് വലിയ നിരാസവും, കുറ്റകരവുമാണ്) വീടും ഉളളടക്കവും അടിത്തട്ട്  കവിതന്നെയാണ് പ്രതിനിധീകരിക്കുന്നത്. കുമാരനാശാന്റെ ദുരവസ്ഥയിൽ ചാത്തന്റെ"വൃത്തവും  കോണും ചതുരവുമില്ലതിൽ എത്തി നോക്കിട്ടില്ല ശില്പി തന്ത്രം "

 

 

എന്ന അവസ്ഥയിൽ നിന്നും വലിയ മാറ്റങ്ങൾ ആധുനിക ജനാധിപത്യ യുഗത്തിലും സംഭവിച്ചിട്ടില്ലെന്ന നേർസാക്ഷ്യം അസിം തുറന്നിടുന്നു: ഇത് സാധാരണ മനുഷ്യന്റെ കാല്പനിക പലായനമല്ലെന്നും, മണിച്ചിയുടെ സ്വപ്നങ്ങൾക്ക് കൊതിപ്പിക്കുന്ന ഒരലങ്കാരമുണ്ടെന്നും കവി രേഖീകരിക്കുന്നുണ്ട്. കവിത വ്യക്തിഗത സൗന്ദര്യാത്മകതയല്ല, പ്രാന്തവൽക്കരിക്കപ്പെട്ടിടങ്ങളെ പ്രത്യക്ഷീകരിക്കുന്ന ലാവണ്യതയിലൂടെ ഒഴുക്കുകയാണ്.ഇപ്പോഴും നിർമ്മിച്ചുകൊണ്ടിരിക്കുന്ന ഒരു സ്വത്വസംഹിതയെ / സമൂഹത്തിലെ കർത്തൃപദവിയിലേക്ക് പ്രവേശിപ്പിക്കുന്നതിനുള്ള ഒരു "ആങ്ക് " മണിച്ചിയുടെ തട്ടിൽ വെളിച്ചമെത്തിച്ചതിലെ അങ്കലാപ്പുകൾ, അതിശയിപ്പുകൾ, സ്ഥലകാല ഭ്രമങ്ങൾ, നിഷ്കളങ്കതകൾ എന്നിവ അസിം നിർവഹിച്ചു കഴിഞ്ഞു.

 

 

പ്രയോഗ ഭാഷയിലെ ഉപയോഗങ്ങൾ ( ഇപ്പോൾ പരിചിതമല്ലെങ്കിലും) അവ അടിത്തട്ടു/ കീഴാള കർതൃധാരയിൽ ലയിപ്പിച്ച് സാന്ദർഭീകരിക്കുന്നുണ്ട് കവി. ഒട്ടും ആധുനികമല്ലാത്ത ജീവിതങ്ങളിൽ ഭാഷയ്ക്ക് വലിയ മാറ്റങ്ങളുണ്ടായിട്ടില്ലെന്ന യുക്തി - അന്തർലീനമായ അടിത്തട്ടു ജീവിതത്തെ ഉപാധികളില്ലാതെ വ്യക്തമാക്കുകയും ചെയ്യുന്നു. "കണ്ണഞ്ചും, ആങ്കും, കെട്ട്യോൻ, മഞ്ഞളിപ്പ്, അങ്കലാപ്പ്, പൊറുതി, മൂച്ച്, നെഞ്ചുക്ക്, ഒക്കത്ത്, ഉന്തിമാറ്റി,വെളിവ് ,വേവൽ, അമ്മിഞ്ഞതുടങ്ങിയ നാട്ടുഭാഷകളുടെ പ്രയോഗം മേൽ സൂചിപ്പിച്ച അടിത്തട്ട് നിഷ്കളങ്കതയെ തെളിയിക്കുന്നതാണ്.ഇത് അവർണ്ണ ഭൗതികതയുടെ കയ്യൊഴിയാത്ത ജീവിത സന്ദർഭങ്ങളെ ചിത്രണം ചെയ്യുന്നു.പൊതു സാമൂഹ്യ സമസ്യകളുമായി ഇനിയും പൊരുത്തമില്ലാതെ നിൽക്കേണ്ടി വരുന്ന തടസ്സപ്പെടുത്തലുകളെ പ്രകാശിപ്പിക്കുക എന്നത് കവിയുടെ ദൗത്യമാണെന്ന് നിഗൂഢമായി(ഉള്ളിലെ മന്ദഹാസം, പ്രതിഷേധം നമ്മൾക്കു കാണാം.) മണിച്ചിയുടെ വെളിച്ചമില്ലായ്മയിലെ വെളിച്ചത്തെ കാട്ടി നമുക്ക് മനസ്സിലാക്കിത്തരുന്നു.ഭൂതകാല ഗൃഹാതുരത്വങ്ങളില്ലാത്ത (അടിമത്വത്തിലും,തതുല്യമായ ജീവിതാവസ്ഥയിലും ജീവിച്ചവർക്കെന്ത് നൊസ്റ്റാൾജിയ?) മനുഷ്യരിൽ നിന്ന് ആധുനികതയിലേക്കെത്തുന്ന പ്രതിനിധാനമാണ് മണിച്ചിയെന്ന് കാലം അവകാശപ്പെടുന്നത്. " ഇവിടെ കാറ്റും വെളിച്ചവും കടക്കാനുള്ള ഒരു വീടുമതി " എം.ടി.യുടെ നാലു കെട്ട്  തറവാടുകളുടെ അവബോധത്തിൽ നിന്ന് രൂപപ്പെട്ട വികാരമാണ്.അതിന് ഭൂതകാലമുണ്ട് നൊസ്റ്റാൾജിയ ഉണ്ട്.ഒട്ടും അത്ഭുതമില്ല.

 

 

"മണിച്ചിയുടെ വീട്ടിൽ വെളിച്ചമെത്തി " എന്ന് അത്ഭുതം കൂറുന്നത് ആധുനിക ജനാധിപത്യ ലോകമാണ്.മൊബൈൽ ഫോൺ കൈയ്യിൽ പിടിച്ചു നടക്കുന്ന ആദിവാസിയെ കണ്ട് ഞാൻ ഏറെച്ചിരിച്ചെന്ന അനുഭവ സാക്ഷ്യത്തെക്കുറിച്ച് പ്രദീപൻ പാമ്പിരിക്കുന്ന് സാധാരണപ്പെടുന്നുണ്ട്.

 

 

 

മണിച്ചിയുടെ വീട്ടിലെ പ്രകാശത്തിന് കൊളോണിയൽ മോഡേണിറ്റിയുടെ ജനാധിപത്യ സങ്കല്പത്തിന് ഇനിയും പൊരുത്തപ്പെടാൻ കഴിഞ്ഞിട്ടില്ല എന്ന പ്രതിഷേധ മുദ്രാവാക്യത്തിന്റെ കലാപസാധ്യതക്കും അസിം തന്നിമൂട് വെടിമരുന്നു നിറച്ചിട്ടുണ്ട്.

 

 

ഈ വേവലാതികളിൽ അസീമിന്റെ സൂഷ്മ ദർശിനി വ്യക്തമാക്കുന്ന അടിത്തട്ട്സത്ത പ്രധാനപ്പെട്ടതാണ്.

 

 

"വെറളിയും വേവലു മുന്തിമാറ്റി,വെളി വോടവളാ ഇരുട്ടിൽ മിന്നി "

 

 

എന്തിനു വേണ്ടിയാണ് ...?

 

 

"ഒക്കത്തു നിന്നൂർന്നു പോയതെന്തോ ...? ഒക്കത്തെ പ്രിയതരമായ തെന്താണ്. വെളിച്ചത്തിന്റെ അങ്കലാപ്പിൽ ഊർന്നു പോയതറിഞ്ഞില്ലവൾ

 

 

.ഞൊടി നേരമവൾ തിരികെയെത്തി പ്രകാശത്തെക്കാൾ പ്രിയങ്കരമായ കുഞ്ഞു നിലാവിനെ തേടി.അതിനായി അവൾ ഇരുട്ടത്ത് സ്വയം മിന്നുകയായിരുന്നു'കണ്ടെത്തി മടിയിലണച്ച് താലോലിച്ച് അമ്മിഞ്ഞ ന ല്‍കി.ഇതിനപ്പുറം മാതൃത്വത്ത വരച്ചുകാട്ടാനാവില്ല.അതിന് പ്രകാശത്തേക്കാൾ പ്രാധാന്യമുണ്ട്.

 

 

"തല്ലിയാലും തെറി പറഞ്ഞാലും കൃതാർഥതയോടെ കെട്ടിയോനെ കാത്തു നിൽക്കുന്ന സചരിതത്വം അടിത്തട്ടു ജീവിതത്തിന്റെ നിഷ്കളങ്കതയാണ്.

 

 

മുറ്റമില്ലാത്ത വീടിന്റെ മുറ്റത്ത് കെട്ടിയൊനെ കാത്തു നിൽക്കുന്ന വൈരുദ്ധ്യം കവിയോട് നമുക്ക് പൊറുക്കാമെങ്കിലും, കാവിന്റെ പിന്നിലെ ഊത്തിൽ പൊലിഞ്ഞ ആധുനിക വെട്ടത്തെ,ഇനിയും മറഞ്ഞു പോകാത്ത ഫ്യൂഡൽ എലമെന്റുകളുടെ സാന്ദർഭിക എഴുന്നള്ളിപ്പായ് കരുതി കലി അടക്കാം.

 

 

വെട്ടം വെളിപ്പെടുത്തുന്ന അവ്യക്തതകളുടെ അംശങ്ങളിൽ - ഒന്നും മറക്കാനില്ലാത്തവന് എന്തു വെളിപ്പെടുത്താൻ എന്ന ചോദ്യം കുറ്റമായിത്തന്നെ കവിയോട് ചോദിക്കുന്നു.അസീമിന്റെ മികച്ച കവിതകളിൽ ഒന്ന് എന്ന് നിരീക്ഷിക്കുന്നു.

 

 

ഏറെ സ്നേഹത്തോടെ അഭിവാദ്യം ചെയ്യുന്നു.

 

 

മാടായി സുരേഷ്:

 

മണിച്ചീടെ വീട്ടിൽ വെളിച്ചമെത്തി.....

 

 

 

     പേരു സൂചിക്കുമ്പോലെ തന്നെ അപ്രതീക്ഷിത സംഭവമായിരുന്നു വെളിച്ചത്തിന്റെ കടന്നുവരവ്. കയറി വരിക മാത്രമല്ല ആരും സ്വീകരിക്കാതെ തന്നെ അവിടെ പൊറുതിയും തുടങ്ങുകയാണ്.ഇതിൽ അന്തം വിട്ടത് ശരീരത്തിൽ ജീവനെന്ന അത്യാവശ്യമല്ലാതെ ജീവിതമെന്ന ആഢംബര പൊലിമകളോ സ്വപ്നങ്ങൾ പോലും ഇല്ലാത്ത മണിച്ചി മാത്രമല്ല; മണിച്ചിയെപ്പോലെ ചെത്തി ചേലു വരുത്താതെ ഇത്തിരി സ്ഥലത്ത് ഒതുങ്ങിയൊതുങ്ങി എനിയെവിടെ ഒതുങ്ങുമെന്ന് സ്തംഭിച്ചു നിൽക്കുന്ന ഒറ്റമുറി വീടെന്ന മണിച്ചി തന്നെയാണ് .

 

 

    ഏതാൾക്കൂട്ടത്തിലെയും അവസാന കണ്ണി' ഏത് ഗ്രാമത്തിലെയും നഗരത്തിലെയും മണിച്ചിമാരും ഒറ്റമുറി വീടുകളും .

 

 

     അതുവരെ ഇരുട്ടിന്റെ പ്രശാന്തതയിൽ ആകാശത്തിലേക്ക് കണ്ണു തുറന്നു നക്ഷത്രങ്ങളായ് സ്വപ്നങ്ങൾക്കൊരുത്ത അവർ പെട്ടെന്ന് കുതിച്ചെത്തിയ വികസനത്തിന്റെ സ്വിച്ചിൽ വിണ്ണ് തന്നെ കാഴ്ചയിൽ നിന്നും ഇല്ലാതായ അങ്കലാപ്പിൽ നിശ്ചലരായി .

 

 

     ഇരുളും വെളിച്ചവും കൂടിച്ചേർന്ന് തിരിച്ചറിയാൻ പറ്റാത്ത അനിശ്ചിതത്തിൽ നിന്നുo കാറ്റുപോലെ കടലുപോലെ ഇരമ്പിയാർത്തെത്തുന്ന നിറഞ്ഞ പച്ചയുടെ 'വികസത്തിന്റെ ധാരാളിത്തത്തിൽ മറന്നു പോയ ഗ്രാമീണ സൂചനയായ്: കാവിന്റെ ശില് കാരമായ് ഓർമ്മപ്പെടുത്തലിലൂടെ തന്റെ സ്വത്വം വീണ്ടെടുക്കുകയും നിറഞ്ഞ് തുളുമ്പുന്ന മുലക്കണ്ണുകൾ നിലാവിന്റെ ചുണ്ടുകളിലേക്ക് ചുരത്തുകയും ചെയ്യുന്നു.

 

 

      മണിച്ചി: അമ്മ എന്ന സങ്കല്പത്തിൽ നിന്നും പ്രപഞ്ചത്തിലേക്ക് സ്വയം ലയിക്കുകയാണ്.

 

 

          നോക്കു, രഹസ്യമായ തൊക്കെ പരസ്യപ്പെടുത്തി നില്ക്കാനിടമില്ലാതെ ഒളിക്കാനിടമില്ലാതെ ലോകത്തിനു മുന്നിൽ ഇരുട്ടിനും വെളിച്ചനും മുന്നിൽ നഗ്നരായി അപമാനിതരാകുന്ന ഒറ്റമുറി വീടുകളിലെ മണിച്ചിമാർ. അവർ നാഗരികതയ്ക്ക് മുന്നിൽ തകർന്നടിയുകയും തന്നെ തന്നെ അന്വേഷിക്കുന്ന വിഷമവൃത്തത്തിലുമാണ് '

 

 

     രാത്രിയുടെ ലഹരിയിൽ ആടിയാടി തെറിയുടെ പാട്ടുമായി പടികേറിയെത്തുന്ന അവരുടെ കാന്തന്മാരും: മുറ്റത്ത് തങ്ങളെയും കാത്ത് സ്വയം മിന്നാമിനുങ്ങായ് ജ്വലിക്കുന്ന മണിച്ചിമാരും എവിടെയാണ്?

 

 

       പ്രതിരോധവും കീഴടങ്ങലും തിരിച്ചെടുക്കലും ധ്വനിപ്പിക്കുന്ന വെളിച്ചത്തിന്റെ കെട്ടു പോകൽ, ഇരുട്ടിന്റെ തിരിച്ചു വരവ്, നിലാവിന്റെ വിഷമസന്ധികൾ ..... ഒറ്റമുറി വീടിന്റെ അകത്തളങ്ങളിൽ മറ്റൊരൊറ്റ മുറിയായ് അലയുന്ന മണിച്ചിമാർ .

 

 

           ഒറ്റമുറിയിൽ നിന്നും സ്വയം പുറത്ത് വരുന്ന മണിച്ചി ഇരുട്ടിന്റെ സർഗ്ഗാത്മകത ഹൃദയസ്പന്ദനമായ് ഏറ്റെടുക്കുകയും മാതൃഭാവത്തിന്റെ വിശാലതയിലേക്ക് നിറഞ്ഞൊഴുകുകയാണ്.

 

 

       എല്ലാ പിറവിയുടെയും മാതാവ് ഇരുട്ടാണെന്നും ആ ഇരുട്ടിന്റെ സന്തതിയായ നിലാവിനെ പ്രഞ്ചത്തിലേക്ക് ലയിച്ച് സർഗ്ഗാത്മകതയുടെ രൂപപരിണാമത്തിലൂടെ വികസനത്തിന്റെ നൈമിഷികതയെ ഉപേക്ഷിച്ച് നിത്യതയുടെ ചുണ്ടിലേക്ക് മുലപ്പാലായ് മാറ്റപ്പെടുകയും ചെയ്യുക എന്നതാണ് ഈ കോവിഡ് കാലത്തും നമ്മുക്ക് ചെയ്യാനുള്ള സാധ്യതയെന്നും കവിത അടിവരയിടുന്നു.

 

 

    ലളിതമായ പദങ്ങളോടെ മെനഞ്ഞ കവിത 'ചിലയിടങ്ങളിൽ ( കാവും പരിസരങ്ങളും) സന്ദേഹങ്ങളും വായിച്ചെടുക്കുവാനും ഇത്തിരി പ്രയാസം.       കവിത നല്ലത്.    കവിക്കാശം സകൾ .

 

 

   ശാന്ത തുളസീധരന്‍:

 

മണിച്ചീട വീട്ടിൽ വെളിച്ചമെത്തി..

 

 

 

 കവിത കാലത്തിന്റെ കണ്ണാടിയാണെന്നതു പോലെ കാലാതിവര്ത്തിയുമാണ്.കലയുഠ സാഹിത്യവുഠ മനുഷ്യ വ്യവഹാരോല്പന്നമാണെന്നും പറയാം .ജീവിതം,കവിത,കാലം എന്നിവയുടെ പാരസ്പര്യം കവിതയിലുടെ വെളിപ്പെടുക സ്വാഭാവികം.

 

 

  ഇവിടെ വലിയ ഒരത്ഭുതം സംഭവിക്കുന്നു.അന്നോളം ഇരുട്ടു മൂടിയിരുന്ന,മുറ്റമില്ലാത്ത,സ്വപ്നങ്ങൾപോലുമില്ലാത്ത വീട്ടിലാണ് വെളിച്ചം എത്തുന്നത്.അവിടെ കാഴ്ചകലുടെ പുതിയ ലോകം മണിച്ചിയുടെ മുന്നിൽ അനാവൃതമാകുന്നു.

 

 

     ഇരുട്ട്,വെളിച്ചം,സ്വപ്നം,കുഞ്ഞുനിലാവ്,കാവ്,തുടങ്ങിയ ബിഠബങ്ങൾ അനുഭവത്തിന്റെ വലിയ ലോകത്തെ വരച്ചുകാട്ടുന്നു.കാവ് ഒരു ജൈവമണ്ഡലമാണ്..കാവുഠ കുളവുഠ ജൈവാവസ്ഥയെ സൂചിപ്പിക്കുന്നു.ഇവിടെ വേണമെങ്കിൽ ഫ്യൂഡലിസമോ,ഫാഷിസമോ വച്ചുകെട്ടാഠ.പക്ഷേ, അതിനുഠ എത്രയോ മുന്നേതന്നെ കാവുകൾ മനുഷ്യജീവിതത്തിലിടം പിടിച്ചിരുന്നു.അതിനാൽ നല്ലതിനെ സ്വീകരിക്കാഠ.

 

 

  ഇരുട്ട്അജ്ഞതയാണ്,പാരതന്ത്ര്യമാണ്,അന്ധവിശ്വാസമാണ്.വെളിച്ചംഅറിവാണ്.  സ്വാതന്ത്ര്യമാണ്,.പുരോഗമനവുമാണ്. ഇവിടെയാണ് മണിച്ചിയൂടെ ഇരുട്ടു നിറഞ്ഞ,ഒരുകുഞ്ഞുനിലാവുഠ ഒരു കീറാകാശവുഠ കുറേ അന്ധവിശ്വാസങ്ങളും മാത്രം കൈവശമുള്ളമണിച്ചി ഭര്ത്താവിനേയുഠ കാത്ത്നില്ക്കുന്നത് അത്അവരുടെ  ജൈവപരിസരമാണ് ..അവിടേക്കാണ്  വെളിച്ചം എത്തുന്നത്.അതോടെ ഇരുട്ടിൽ നിന്ന് വെളിച്ചത്തിലേക്കെത്തുന്ന മണിച്ചിയുടെ കാഴ്ച വിസ്മയമായി. കാറ്റു പോലെ( ആദിമധ്യാന്തമില്ലാത്ത പ്രവാഹം) കടലുപോലെയുഠ ചില ചിന്തകൾ കടന്നുവരുന്നു.അവൾ സ്വപ്നങ്ങൾ കാണുന്നതോടെ പതിവായ കാത്തൂനില്പ് മറന്നുപോകുന്നു .വെളിച്ചംനല്കുന്ന ജീവിതപരിസരമാണ് കാവിന്റെ പിന്നിന്നൊരൂത്തുപോലെ,ജാരനായി ചിന്തകൾ,സ്വപ്നങ്ങളും അവളെ ആലിഠഗനം ചെയ്യുന്നതും പുളകിതയാക്കുന്നതും .എന്തോ അവരിൽനിന്ന് ഊര്ന്നുപോയതായി തോന്നി.അതുവരെ കൊണ്ടുനടന്ന അവളിലെ അന്ധവിശ്വാസാധിഷ്ടിതമായ പെണ്മയാണ് നഷ്ടപ്പെട്ടത്.അതൂ നല്കുന്ന പകപ്പില് ഭയന്ന് സ്വയം ഇരുട്ടിലേക്ക് പിന്വാങ്ങി കുഞ്ഞുനിലാവിന് അമ്മിഞ്ഞ നല്കുന്ന സ്ത്രീത്വം പറയാതെ പറയുന്ന ഒരു വസ്തുതയുണ്ട്. 

 

 

    എത്രമേലുയരത്തിലേക്ക്   പറത്തി വിട്ടാലും തിരികെ,സ്വന്തം പരിമിതികളിലേക്കുതന്നെ തിരിച്ചെത്തുന്ന ശരാശരി പെണ്ണിന്റെ ജീവിതം വളരെ ഭംഗിയായി ചിത്രീകരിച്ച,കവിതയാണ് മണിച്ചീടെ വീട്ടിൽ വെളിച്ചമെത്തിയത്.

 

 

  പ്രമേയപരമായി പറഞ്ഞാല്. എക്കാല കവിതക്ക് പരിമിതമായ പ്രമേയങ്ങളേയുള്ളൂ .പ്രകൃതി,പ്രണയം,മരണം,വിരഹം,യുദ്ധം,ദാരിദ്ര്യം..അങ്ങനെ എണ്ണം പറഞ്ഞുതീര്ക്കാവുന്നത്ര. ഇവിടെയാണ് കവിയുടെ സര്ഗ്ഗാത്മകത വേറിട്ടുനില്ക്കുക.അവതരണത്തിലുഠ വിഷയസമീപനത്തിലുഠ പുലര്ത്തൂന്ന നവ്യതയാണ് കവിയെ,കവിതയെ മികച്ചതാക്കുന്നത്.ഒപ്പം നേരത്തേ സൂചിപ്പിച്ച ജൈവപരിസരസ്വാധീനം പദങ്ങളുടെ പ്രയോഗത്തിലുഠ,ആവിഷ്കാരരീതിയിലൂഠ ഇടഠപിടിക്കൂഠ.ദേശത്തിന്റെ കവിതകൾ ധാരാളം എഴുതിയിട്ടുല്ല അസിഠ താന്നിമൂടിന് ഇനിയുഠ നല്ല രചനകൾ നടത്താനുള്ള സര്ഗ്ഗവേദനയുണ്ടാവട്ടെ ..

 

 

ഇടക്കുളങ്ങര ഗോപന്‍:

 

 



പാർശ്വവൽക്കരിക്കപ്പെട്ട ജീവിതങ്ങളിലേക്കുള്ള സൂക്ഷ്മാന്വേഷണമാണ് അസിം കവിതയിൽ നടത്തിയിട്ടുള്ളത്.ഇരുട്ടിലാണ്ടു കിടന്ന തൊക്കെ വെളിച്ചപ്പെടുന്നതിൻ്റെ നേർ ചിത്രണം. പക്ഷെ വെളിച്ചമണഞ്ഞിട്ടും അതങ്ങട്ട് ബോധ്യപ്പെടാനാവാത്ത നിഷ്ക്കളങ്കത കവിതയുടെ ഉള്ളിലിരിപ്പ്. അഭിവാദ്യം അസിം .

 

 

ഉഷസ്സ്:

 

 

ഇരുളിലായിരിക്കുന്ന വർക്കേ വെളിച്ചത്തിന്റെ വിലയറിയു. 

 

 

" അത്ര നാളുമ വ്യക്തമായിരുന്നതൊക്കെയാ വെട്ടം വെളിപ്പെടുത്തി "

 

 

 ഒരു പാട് അർത്ഥ തലങ്ങളുള്ള വരികൾ. ഇക്കവിതയിലെ ഏറ്റവും ശക്തമായ വരികൾ ഇതാണെന്നെനിക്കു തോന്നുന്നു ,കാരണം ഓരോ തിരിച്ചറിവും മാറ്റത്തിന്റെ തുടക്കമാണ് ,വെളിച്ചമെത്തുമ്പോൾ .അവിടെയും തിരിച്ചറിവുകളുണ്ടാവുന്നു .മാറ്റങ്ങൾ ഉണ്ടാവുന്നു .ഇന്നും സമൂഹത്തിലെ അരികു ജീവിതങ്ങളെ കവിത ചൂണ്ടിക്കാട്ടുന്നു സ്വപ്ന ഹീനങ്ങളാണുള്ളിരിപ്പ് .അത്രയും നാൾ ഇരുട്ടിലൊളിപ്പിച്ചതൊക്കെ വെളിവായതിന്റെ അങ്കലാപ്പും  പരിഭ്രമവും .ഇനിയവിടെ ഇരുട്ടിന് സ്ഥാനമില്ല .പതിവുകളെ കാത്തു നില്ക്കാൻ പാടെ മറക്കുന്ന അവസ്‌ഥ.

 

 

പക്ഷേ അത്ര നാളും ഭദ്രമായ് സൂക്ഷിച്ചതെന്തോ .പെട്ടൊന്നൊരു ദിനം നഷ്ടമായി ,അതൊരു സ്വകാര്യ സന്തോഷമവാം ആരും കാണാതെ ഇരുളിലിറ്റു വീഴുന്ന കണ്ണീരാവാം .ഇരുട്ടിലും തെളിഞ്ഞ് മിന്നുന്ന മിന്നാമിനുങ്ങ് പോലെ .

 

 

 ഇരുളിന്റെ മറവിൽ എത്തുന്നൊരു ജാരനെ

 

 

വെളിച്ചം കൊന്നു കളഞ്ഞു

 

 

കവിന്റെ പിന്നീ ന്നൊരുത്തു കേട്ടു സർപ്പം എന്ന സിംബൽ .അതാവും കുടിച്ച് ബോധംകെട്ട് വരുന്ന ആളെ മറന്നത് .വരികളാലും വെളിച്ചമെന്ന ബിംബ കല്പനയാലും മികച്ച് നില്ക്കുന്ന കവിത       അഭിനന്ദനങ്ങൾ മാഷേ .

 

 

ഹരിദാസ് തെക്കേത്ത്:

 

 



നല്ല തുടക്കം....നല്ല കവിത .... താള ബോധവും, പദ പ്രയോഗങ്ങളുമെല്ലാം കയ്യടക്കമുള്ള , ഇരുത്തം വന്ന കവിയുടേത്...   താള നിബദ്ധമായതുകൊണ്ട്  കവിയുടെ തന്നെ ശബ്ദത്തില്‍  കേള്‍ക്കാന്‍ താല്പര്യം തോന്നുന്നു....  അസിം താന്നിമൂടിനു അഭിനന്ദനങ്ങള്‍....കവിതയുടെ ഇതിവൃത്തം (ആശയം) അത്ര പുതുമയുള്ളതല്ലെന്നു വേണമെങ്കില്‍ ഒരു ചെറിയ വിമര്‍ശനമായി ചൂണ്ടിക്കാണിക്കാം.....                               സാന്ദര്‍ഭികമായി  പറയട്ടെ,  ഈ കവിതയെന്നെ എന്തുകൊണ്ടോ  രണ്ടു കാര്യങ്ങള്‍ ഓര്‍മ്മിപ്പിക്കുന്നു.... ഒന്ന് -  ജി. അരവിന്ദന്റെ  ഒരു പഴയ സിനിമ....'ഒരിടത്ത്' ..... ഒരു കുഗ്രാമത്തില്‍  വിദ്യുച്ഛക്തി കടന്നു വരുന്നതും, അതിന്റെ ദുരന്തപൂര്‍ണമായ  പര്യവസാനവുമൊക്കെ   അതിമനോഹരമായി    അതില്‍ ചിത്രീകരിച്ചിരിക്കുന്നു.. രണ്ടു -  അക്കിത്തത്തിന്റെ ഒരു കവിതാ ശകലം.... "  വെളിച്ചം ദുഃഖമാണുണ്ണീ, തമസ്സല്ലോ സുഖപ്രദം"  .... ഒറ്റ വായനയില്‍ ഇത്രയേ ഉള്ളൂ.... പിന്നീടെന്തെങ്കിലും തോന്നുകയാണെങ്കില്‍ എഴുതാം.... ഒരിക്കല്‍ കൂടി അഭിനന്ദനങ്ങള്‍....

 

( തുടരും )

Share :