Archives / April 2020

സബീഷ് തൊട്ടിൽ പാലം
പ്രണയിനി

 

തെരുവിൽ
ഉറങ്ങി കിടക്കുന്ന
നിസ്സാഹായർക്കിടയിലൂടെ
അവൾ നടന്നു.
സമ്പന്നന്റെ  മാളികയിലേക്ക്
ഇവൾക്ക്
പണക്കാരൻയെന്നോ?
ദരിദ്രനെന്നൊ, ഇല്ലല്ലോ?
ശരീരങ്ങളെ മാത്രം
കൊതിക്കുന്ന
തികഞ്ഞ
പ്രണയ ദാഹിനി.
   ചുംബിച്ചു മയങ്ങി
വീഴുന്ന 
വെള്ളാനകളുടെ
കൂടെ കിടക്കാൻ
അവൾക്ക്
ആവേശമായിരുന്നു.
ഭൂമിയെ മുഴുവൻ
ചുഴറ്റിയെറിയാം
എന്നു ചിന്തിച്ച
വെള്ളാനകളെ പ്രണയിച്ചു
കൊലവിളി 
നടത്തിയവൾ
മണ്ണ്
പച്ചപ്പുകൾ
കാർന്നു തിന്ന്
ദുരമൂത്ത്
മയങ്ങുന്ന
ചെന്നായി ക്കളുടെ
അടുത്തേക്ക്
അവൾ നടന്നു.
അവൾക്ക് എല്ലാം
ഒരേ പോലെയല്ലെ?
   നിലാവിന്റെ
നറുപുഞ്ചിരി കാണാതെ
ദഫ്മുട്ടിന്റെയും
ജപങ്ങളുടെയും
കുരുത്തോലകളുടെ
ഓശാന ഗീതങ്ങൾ
കേൾക്കാത്ത
ലോകത്തേക്ക്
അവൾ എന്നെ
പ്രണയിച്ച്, പ്രണയിച്ച്
കൊണ്ടു പോകുമൊ?
   ഓരോ മുറിയും
അവൾ
മുട്ടി കൊണ്ടിരുന്നു.
എല്ലാം അടഞ്ഞിരിക്കുന്നു '
ഒടുവിൽ
അവൾക്ക് ആരെയും
പ്രണയിക്കാൻ കിട്ടാതെ,
പരാജയപ്പെട്ടു
പുറത്തേക്ക്
നടന്നു.
ഇപ്പോൾ 
അടഞ്ഞു കിടക്കുന്ന
എല്ലാ കാന്തികവലകളും
മെല്ലെ
തുറന്നു വരുന്നുണ്ടായിരുന്നു.......

           

Share :