ആരോ വാതിലിൽ മുട്ടുന്നു
നന്ദ വൈകിയാണ് ഉറങ്ങിയത്. മിക്കവാറും ദിവസങ്ങളിൽ അങ്ങനെയാണ്. കിടന്നാലും
ഉറക്കം വരില്ല. അവളും രണ്ടു കുട്ടികളും മാത്രമേ, ഉള്ളൂ. വീട്ടിൽ
ഭർത്താവുള്ളപ്പോൾ മാത്രമേ മനസ്‌സുവിട്ട് ഉറങ്ങാൻ കഴിയാറുള്ളൂ. അത്
കൊല്ലത്തിൽ ഒരു മാസം, അല്ലെങ്കിൽ പതിനഞ്ച് ദിവസം. ബാക്കി ദിവസങ്ങളെല്ലാം
തിരിഞ്ഞും മറിഞ്ഞും, ഇങ്ങനെ...
ഇത്തരത്തിലുള്ള ജീവിതം ശീലമായെങ്കിലും ഉള്ളിൽ തീയാണ്. കത്തുന്ന ഒരു
തീനാളം കരളിലങ്ങനെ... ഒരു ആളൽ. ഒരു ആധി. പാതാളത്തിലേക്ക് ആരോ
തള്ളിവിട്ടതുപോലെ... ഒരാന്തൽ. തീ അണയുന്നേയില്ല. ആരോട് പറയും?
അങ്ങനെ പറയത്തക്ക ബന്ധങ്ങളൊന്നും നന്ദയ്ക്ക് അന്നാട്ടിലില്ല.
ഉറക്കം കെടുന്ന രാവുകൾ എങ്ങനെ തള്ളിനീക്കുന്നു എന്നു ചോദിച്ചാൽ അവൾക്ക്
വിശദീകരിക്കാനാവില്ല. രാത്രിയുറക്കം നഷ്ടപ്പെടുന്നതു മൂലം, പകൽ ചിലപ്പോൾ
സെറ്റിയിലിരുന്ന് മയങ്ങിപ്പോകും. പുസ്തകം വായിച്ചിരിക്കുമ്പോഴോ, ടി. വി
കണ്ടിരിക്കുമ്പോഴോ കണ്ണുകൾ അടഞ്ഞുപോകും. ചെറുമയക്കം. ടി. വി.
പ്രവർത്തിക്കുന്നുണ്ടാവും. വാതിൽ തുറന്നു കിടപ്പുണ്ടാവും. ഇക്കാര്യങ്ങൾ
ഓർമ്മയിൽ വരുമ്പോൾ ഞെട്ടിയുണരും. പകലുറക്കം നന്ദയ്ക്ക് ശീലമില്ല.
ഇഷ്ടവുമല്ല. കുട്ടികൾ സ്‌കൂളിൽ പൊയ്ക്കഴിഞ്ഞുള്ള ഏകാന്തതയിൽ തലേന്നത്തെ
ഉറക്കമില്ലായ്മകൊണ്ട് മയങ്ങിപ്പോകുന്നതാണ്. ദൈവാനുഗ്രഹം. കാരണം,
അതുമില്ലെങ്കിൽ അവൾക്ക് ഭ്രാന്തു പിടിയ്ക്കുമായിരുന്നു.
അയ്യപ്പൻ കാടിനടുത്തുള്ള ഓങ്കാരപ്പറമ്പിലാണ് നന്ദയുടെ വീട്.
അടുത്തൊന്നും വീടുകളില്ല. നിലവിളിച്ചാൽ കേൾക്കാൻ ആരുമില്ല. രാത്രി
ഏകാന്തത വർദ്ധിക്കും. അതവളെ ഉടുമ്പെന്ന പോലെ പിടികൂടാറുണ്ട്. വീട്ടുപണികൾ
ചെയ്യുമ്പോഴും ഏകാന്തതയുടെ ജയിലിൽ നിന്ന് അവൾക്ക് മോചനമില്ല.
ഒറ്റപ്പെടലിൽ മുങ്ങിത്താഴുമ്പോൾ, ചിലപ്പോൾ ടെലിഫോൺ ബെല്ലടിച്ചാൽ പോലും
അവൾ പേടിക്കാറുണ്ട്. ലാന്റ്‌ഫോണിനാണെങ്കിൽ ചെത്തം കൂടുതലാണ്. അതു
പാകത്തിനാക്കാൻ അറിയില്ല. നന്ദയ്ക്ക് മൊബൈൽ ഫോണില്ല.
കൊല്ലത്തിലൊരിക്കൽ ഗൾഫിൽ നിന്നും ഭർത്താവ് വരും. ഒരു മാസമോ രണ്ടാഴ്ചയോ
കഴിഞ്ഞ് പോകും. ഓങ്കാരപ്പറമ്പിൽ നന്ദയും രണ്ട് പെൺകുട്ടികളും പിന്നെയും
ഒറ്റയ്ക്ക്. മൂത്തവൾ പത്തിലും രണ്ടാമത്തവൾ അഞ്ചിലുമാണ് പഠിക്കുന്നത്.
ഒരാൺകുഞ്ഞില്ലാത്തതിന്റെ ആധിയും നന്ദയ്ക്കുണ്ട്. കുഞ്ഞാണെങ്കിലും ഒരാൺതുണ
വലുതാണ്.
പെൺകുട്ടികൾ വളരുന്തോറും ഉള്ളിൽ തീയാണ്. സ്‌കൂളിൽ നിന്ന് വരാൻ വൈകിയാൽ
ടെൻഷൻ. പേപ്പറിൽ കാണുന്ന പീഡനവാർത്തകൾ ടെൻഷൻ കൂട്ടുകയും ചെയ്യും.
നന്ദയ്ക്കു ചുറ്റും പേടിയുടെ ഒരു വലയം കരിമ്പുക പോലെ കറങ്ങിനിന്നു. പേടി
കുട്ടികളോട് പ്രകടിപ്പിക്കാനും പറ്റില്ല. അവരെക്കൂടി ഭയപ്പെടുത്തിയാൽ...
വേണ്ട. അതുകൊണ്ട് നന്ദ ഒറ്റയ്ക്ക് പേടിച്ചുകൊണ്ടിരുന്നു.
സന്ധ്യയാകുമ്പോഴേക്കും പടി പൂട്ടും. ചുറ്റുമതിലുണ്ട്.
ഓങ്കാരപ്പറമ്പിൽ വീടു വെച്ചിട്ട് രണ്ടു വർഷമേ ആയിട്ടുള്ളൂ. കുട്ടികളുടെ
പഠന സൗകര്യം നോക്കുമ്പോൾ തറവാട്ടിൽ പോയി താമസിക്കാനും പറ്റില്ല.
നന്ദയ്ക്ക് വിയർക്കാനേ നേരമുള്ളൂ. ഒരു നാട്ടിൽ ജീവിക്കുമ്പോൾ എന്തെല്ലാം
കാര്യങ്ങളുണ്ട്. വീടിന് അകത്തും പുറത്തുമുള്ള കാര്യങ്ങൾ നോക്കണം.
നാട്ടുനടപ്പ് അനുസരിച്ച് കഴിഞ്ഞുകൂടണം. ഭർത്താവ്
നാട്ടിലുണ്ടായിരുന്നെങ്കിൽ കുറേ സമാധാനം കിട്ടുമായിരുന്നു. പുറത്തെ
കാര്യങ്ങൾ പുള്ളി നോക്കുമായിരുന്നു. ഇതിപ്പോൾ പകലന്തിയോളം വിയർപ്പ്.
രാത്രി ഉറക്കക്കേട്.
സ്വസ്ഥതയില്ലെങ്കിൽ, പിന്നെ എന്തുണ്ടായിട്ട് എന്താ?
ഭർത്താവിനോട് ഇത് പലവട്ടം പറഞ്ഞതാണ്. ഗൾഫിലൊന്നും പോണ്ട. നാട്ടിൽ
എന്തെങ്കിലും ചെയ്താൽ മതിയെന്ന്. കേക്കണ്ടേ? അടിയ്ക്കടി വിലക്കയറ്റം.
മേച്ചെലവു നടത്താൻതന്നെ ബുദ്ധിമുട്ടാണ്. സ്വർണ്ണത്തിനാണെങ്കിൽ റെക്കാഡ്
വിലക്കയറ്റം. കുട്ടികളുടെ പഠനം. അവർ കാണെക്കാണെ വളരുന്നു.
നാട്ടിൽ എന്തു ചെയ്യുന്നതിനും ഒരു പരിധിയുണ്ട്. പിന്നെ, അഭിമാനം
നോക്കണം. അന്തസ്‌സ് നോക്കണം. ഗൾഫിലാണെങ്കിൽ ഇതൊന്നും വേണ്ട. നാല്
കാശുണ്ടാക്കുക അത്ര തന്നെ.
ഭർത്താവ് പറയുന്നതിലും കാര്യമുണ്ടെന്ന് നന്ദയ്ക്ക് തോന്നിയിട്ടുണ്ട്.
പക്ഷേ, അദ്ദേഹത്തിന് മനസ്‌സിലാവാത്തത് തന്റെ വിഹ്വലതകളാണ്. രണ്ട്
പെൺകുട്ടികളുമായി രാവും പകലും ഒരു പെണ്ണ് ഒറ്റയ്ക്ക് കഴിയുന്നതിന്റെ
വിഹ്വലത. അത്, ഭർത്താവ് വിളമ്പുന്ന ന്യായങ്ങളേക്കാൾ വലുതാണ്.
ഉറക്കമില്ലാത്ത രാത്രികൾ തള്ളിനീക്കുമ്പോൾ, പാതിമയക്കത്തിൽ
ഞെട്ടിയുണരുമ്പോൾ മനസ്‌സിലാവുമത്.
അപ്പോൾ പറയും; 'ഓ... എന്തു പേടിയ്ക്കാൻ... ഇന്നാട്ടിലുള്ളവരൊക്കെ
ഇങ്ങനെയല്ലേ കഴിയുന്നത്...ഗൾഫിൽ ജോലിയുള്ള ഭർത്താക്കൻമാരുടെ
ഭാര്യമാരൊക്കെ ഇങ്ങനെയാണോ'...
വാദിക്കാൻ നിന്നാൽ വഴക്കാവും. സഹിയ്ക്കുക... വീണ്ടും സഹിയ്ക്കുക...
പിന്നെയും സഹിയ്ക്കുക...
ചിന്തിച്ചു ചിന്തിച്ച് നന്ദ മയക്കത്തിലേക്ക് വീണു. സമയം അർദ്ധരാത്രി.
അവൾ മയങ്ങാറേയുള്ളൂ. അര മണിക്കൂർ കഴിഞ്ഞപ്പോൾ വാതിലിൽ ആരോ മുട്ടുന്നതു
പോലെ തോന്നി. ആരാണ്, ഈ രാത്രി. നന്ദ എണീറ്റില്ല. വാതിലിനപ്പുറത്ത്
ആരായിരിക്കുമെന്ന് നിശ്ചയമില്ല. അവൾ ഭയത്തോടെ കണ്ണടച്ചുകിടന്നു.
മയക്കത്തിലേക്ക് പിന്നെയും വീണു തുടങ്ങിയപ്പോൾ വീണ്ടും ആ മുട്ട്.
ഇതിപ്പോൾ രണ്ടാം തവണയാണ് മുട്ട് കേൾക്കുന്നത്. പുറത്ത് കോളിംഗ്
ബെല്ലുണ്ട്. അതടിയ്ക്കുന്നില്ല. വാതിലിൽ നിർത്തി നിർത്തി മുട്ടുന്നു...
വാതിൽ തുറക്കാൻ എന്തായാലും ധൈര്യം വരുന്നില്ല. കുട്ടികൾ നല്ല
ഉറക്കത്തിലുമാണ്. അവരെ വിളിച്ചാൽ പേടിച്ച് നിലവിളിക്കും. വേണ്ട.
തോന്നിയതായിരിക്കും. അല്ലെങ്കിൽ വല്ല പട്ടിയോ പൂച്ചയോ ആയിരിക്കും.
എണീറ്റ് വാതിൽ തുറക്കുന്നത് ബുദ്ധിയല്ല. നന്ദ വീണ്ടും കണ്ണടച്ചു കിടന്നു.
ഇരുട്ടിൽ തപ്പിനോക്കി; കുട്ടികൾ അരികിലുണ്ട്.
അൽപ്പം കഴിഞ്ഞപ്പോൾ വീണ്ടും മുട്ടു കേട്ടു. കുറച്ചുകൂടി ഉച്ചത്തിൽ...
മുൻപത്തെ പോലെ തന്നെ.
നന്ദയുടെ സ്വസ്ഥത മുഴുവൻ കെട്ടുപോയി. പട്ടിയോ പൂച്ചയോ ആണെന്ന് സ്വയം
സമാധാനിക്കാനുള്ള ശ്രമങ്ങൾ പാഴായി. എഴുന്നേറ്റു നോക്കിയേ പറ്റൂ എന്ന
അവസ്ഥ വന്നു. അല്ലാതെ കിടക്കാനാവില്ലെന്ന് ഉറപ്പായി.
വാതിലിനപ്പുറം ആരാവും? കോളിംഗ് ബെല്ലടിക്കാതെ വാതിലിൽ മുട്ടുന്നു.
എന്തായിരിക്കും അവരുടെ ഉദ്ദേശ്യം? നോക്കണോ? വേണ്ടയോ?
ഒരു തവണ കൂടി മുട്ടു കേട്ടാൽ, എണീറ്റു നോക്കാമെന്ന് നന്ദ
മനസ്‌സിലുറച്ചു. വൈകാതെ കേട്ടു; പിന്നേയും... ടക്... ടക്... ടക്.
ഇനി രക്ഷയില്ല. നോക്കാതിരുന്നാൽ ശരിയാവില്ല. കുട്ടികളെ ഉണർത്താതെ
അവരുടെ പക്കൽ നിന്നുമെണീറ്റു. ബെഡ് റൂം തുറന്ന്, ഡൈനിംഗ് ഹാളിലെത്തി.
അവിടുത്തെ ജനൽ വഴി പുറത്തേക്ക് നോക്കി. ഇരുട്ട്. ഒന്നും കാണാനാവുന്നില്ല.
പതുക്കെ ഡൈനിംഗിൽ നിന്നും ഹാളിലേക്ക് കടന്നു. വാതിലിനോട് ചേർന്നുള്ള ജനൽ
വഴി നോക്കി. അപ്പോഴും ഒന്നും കാണുന്നില്ല. പുറത്തെ ലൈറ്റിട്ടു.
വാതിലിനപ്പുറം ആരെങ്കിലും നിൽക്കുന്നുണ്ടോ? ജനൽവഴി കാണാവുന്ന
സ്ഥലത്തൊന്നും ആരുമില്ല. എന്നാൽ സിറ്റൗട്ടിലെ ഗ്രിൽഡോർ തുറന്നു
കിടക്കുന്നു. ഇത് അടച്ചിരുന്നില്ലേ? അടച്ചെന്നാണ് ഓർമ്മ. പിന്നെങ്ങനെ
തുറന്നു? ആരായിരിക്കും തുറന്നത്? ലൈറ്റിട്ടപ്പോൾ അവർ ഒളിച്ചിരിക്കുകയാണോ?
പോർച്ച്‌വഴി കിണറിന്റെ ഭാഗത്ത് ചെന്നാൽ ആർക്കും ഒളിച്ചിരിക്കാം.
കിണറിന്റെ ഭാഗത്തേക്ക് വെളിച്ചം കിട്ടുന്ന രീതിയിൽ അടുക്കയോട് ചേർന്ന്
ഒരു ലൈറ്റുണ്ട്. അടുക്കളയ്ക്കുള്ളിലാണ് അതിന്റെ സ്വിച്ച്. നന്ദ ആ
ലൈറ്റിട്ടു. ജനലുകൾ അടച്ചിരിയ്ക്കുകയാണ്. തുറന്നു നോക്കാൻ ധൈര്യമില്ല.
തുറന്നാലും കാണാനാവില്ല. ജനലിന്റെ അപ്പുറമോ ഇപ്പുറമോ ആർക്കും
മറഞ്ഞിരിക്കാം. ജനൽച്ചില്ലിലൂടെ നോക്കിയാൽ ലൈറ്റിന്റെ വെളിച്ചം മാത്രമേ
കാണൂ. എങ്കിലും നന്ദ തിരിഞ്ഞും മറിഞ്ഞും നോക്കി. പുറത്താര്?
ലൈറ്റിട്ടപ്പോൾ മുട്ടു കേൾക്കാതിരുന്നത് അവൾ ശ്രദ്ധിച്ചു. അപ്പോൾ ആരോ
വീടിന്റെ പരിസരത്തുണ്ട് എന്നല്ലേ, അർത്ഥം. അടുക്കളഭാഗത്തെ ലൈറ്റ് ഓഫ്
ചെയ്ത് അവൾ മുൻവാതിലിന്റെ ജനൽ വഴി ഒന്നുകൂടി പുറത്തേക്ക് നോക്കി. തലങ്ങും
വിലങ്ങും താഴേയും മുകളിലും...
ആരാ എന്നു ചോദിച്ചാലോ? രണ്ടുമൂന്നു വട്ടം ശ്രമിച്ചെങ്കിലും വാക്കുകൾ
തൊണ്ടയിൽ മുഴച്ചുനിന്നു. ഒടുവിൽ പേടിച്ചരണ്ട സ്വരം പുറത്തുവന്നെങ്കിലും
പ്രതികരണമുണ്ടായില്ല. പിന്നീട് ഉച്ചത്തിൽ ചോദിച്ചു; 'ആരാ പുറത്ത്'?
മിണ്ടാട്ടമില്ല.
എല്ലാം തന്റെ തോന്നലാവുമെന്ന് സമാധാനിച്ച് മനസ്‌സില്ലാമനസേ്‌സാടെ,
ലൈറ്റുകളണച്ച് കിടക്കാൻ അവൾ തീരുമാനിച്ചു. ബെഡ്‌റൂമിലെത്തി
കുട്ടികൾക്കരികെ മലർന്നു കിടന്നു.
ആശയക്കുഴപ്പത്തിൽ പെട്ടുഴന്ന്, ഭയന്ന് നന്ദയ്ക്ക് വയ്യാണ്ടായി. അവൾ
വിയർക്കാൻ തുടങ്ങി. കട്ടിലിനരികെ വെച്ച തണുത്ത വെള്ളമെടുത്ത് മടാമടാ
മോന്തി.
അൽപ്പം കഴിഞ്ഞപ്പോൾ വീണ്ടും ആ മുട്ട്...
മുൻവാതിലിൽ തുടങ്ങിയ മുട്ട് ഇപ്പോൾ ചെറിയ ബെഡ്‌റൂമിന്റെ ജനലിൽ... ഒരു
തവണ മൂന്നു മുട്ട്... പിന്നെ, ഇടവിട്ടിടവിട്ട്...
നന്ദ വിറച്ചുപോയി. ഹൃദയം പടപടാ പിടയ്ക്കാൻ തുടങ്ങി. ഭയം സഹിക്കാൻ
പറ്റാതായപ്പോൾ അവൾ ഉറക്കെ വിറച്ചു ചോദിച്ചു; 'ഹാ... ഹാരാദ്'... അപ്പോൾ
മുട്ടു നിന്നതു പോലെ തോന്നി.
ഒന്നു ശ്വാസം വിട്ടപ്പോഴേക്കും പിന്നെയും ആ ശബ്ദം... ഇപ്പോളതു കേട്ടത്
അടുക്കള വാതിലിലാണ്. അടുക്കളക്ക് തൊട്ടിപ്പുറമുള്ള ബെഡ്‌റൂമിലാണ് നന്ദയും
കുട്ടികളും കിടക്കുന്നത്.
അടുക്കളവാതിലിൽ ഒരു തവണയേ മുട്ടു കേട്ടുള്ളൂ. ഭയം കൊണ്ട് കുട്ടികളെ അവൾ
തന്നോട് ഒട്ടിച്ചു.
ഒരിടവേള. തുടർന്ന് മുട്ടു കേട്ടത് നന്ദയും കുട്ടികളും കിടന്ന ബെഡ്‌റൂം
ജനലിൽ. ഇരുട്ടിന്റെ യക്ഷിക്കിണറ്റിലേക്ക് എടുത്തെറിയപ്പെട്ട പോലെ അവളുടെ
ജീവൻ പിടഞ്ഞു. ഈശ്വരാ... എന്തു ചെയ്യും ഞാനീ കുഞ്ഞുങ്ങളേയും കൊണ്ട്...
നന്ദ ഒരു നിലവിളിയായി മാറി. ഒച്ചയില്ലാത്ത നിലവിളി.
ഇപ്പോൾ ആ മുട്ട്... അവളുടെ ഹൃദയത്തിൽ...
പൊന്നുമക്കളെ വരിഞ്ഞുമുറുക്കി പുതപ്പ് തലവഴി മൂടി നന്ദ കിടുകിടാ
വിറച്ചു. കുന്തിപ്പുഴ പോലെ അവൾ കരഞ്ഞൊഴുകി. ഇതൊക്കെ കണ്ടിട്ടും രാത്രി,
ഒരു പെണ്ണായിട്ടു പോലും ഒന്നും കണ്ടില്ലെന്നു നടിച്ചു.
***
* 'ഒരേ വഴി, ഒരുപാടു നേരം' - എന്ന സമാഹാരത്തിൽ നിന്ന്