Archives / April 2020

ധനീഷ് ആൻ്റണി
സ്വീഡന്റെ തീക്കളി?

(1) കോവിഡ് ബാധയില്‍ യൂറോപ്പാകെ വിറങ്ങലിച്ചു നില്‍ക്കുമ്പോഴും ലോക്ക് ഡൗണിന് തയ്യാറാകാത്ത സ്വീഡിഷ് സര്‍ക്കാര്‍ പുറത്തുനിന്നും അകത്തുനിന്നും വലിയ തോതില്‍ വിമര്‍ശനം നേരിട്ടുവരികയാണ്. തീക്കളി എന്നും റഷ്യ റൂലെറ്റെന്നും വിശേഷിപ്പിക്കപെട്ട നയത്തില്‍നിന്നും പിന്നോട്ടുപോകാന്‍ സ്വീഡന്‍ ഇപ്പോഴും തയ്യാറായിട്ടില്ല. ആള്‍ത്തിരക്ക് കുറവെങ്കിലും സ്‌റ്റോക്‌ഹോം ഉള്‍പ്പടെയുള്ള സ്വീഡിഷ് നഗരങ്ങളിലെ ജനജീവിതം ഇപ്പോഴും ശാന്തമായി ഒഴുകുന്നു. വേണ്ടിവന്നാല്‍ പാര്‍ലമെന്റിന്റെ മുന്‍കൂര്‍ അംഗീകാരമില്ലാതതന്നെ ലോക്ക്ഡൗണ്‍ ചെയ്യാനുള്ള ഒരു നിയമം പാസ്സാക്കി സ്വീഡിഷ് സര്‍ക്കാര്‍ ചില മുന്‍കരുതല്‍ എടുത്തിട്ടുണ്ടെങ്കിലും ഇപ്പോഴും സ്വീഡിഷ് നയത്തില്‍ മാറ്റമില്ല.

(2) മറ്റ് രാജ്യങ്ങളെപ്പോലെ അതിര്‍ത്തികള്‍ അടയ്ക്കാനോ വിമാനസര്‍വീസ് നിറുത്താനോ അടിയന്തരാവസ്ഥ പ്രഖ്യാപിക്കാനോ തയ്യാറായിട്ടില്ല. സ്‌കൂളുകളോ സിനിമാ തിയേറ്ററുകളോ ജോലിസ്ഥലങ്ങളോ അടച്ചിട്ടില്ല.ഹൈസ്‌കൂള്‍-യൂണിവേഴ്‌സിറ്റി തല വിദ്യാഭ്യാസം ഓണ്‍ലൈനാക്കിയിട്ടുണ്ട്. ജനം സ്വയം ബോധ്യപെട്ട് സാമൂഹികഅകലം പാലിക്കുന്നുമുണ്ട്. അമ്പത് പേരിലധികമുള്ള കൂട്ടായ്മകള്‍ പാടില്ലെന്ന നിര്‍ദ്ദേശം ജനം നടപ്പിലാക്കുന്നു. കോവിഡ് പ്രതിരോധം സംബന്ധിച്ച് നിര്‍ദ്ദേശങ്ങള്‍ കൈമാറി ''സ്വന്തം പൗരന്‍മാരെ വിശ്വസിക്കുക'' എന്നതാണ് സ്വീഡിഷ് സര്‍ക്കാരിന്റെ നയം. സ്വീഡന്‍ ''ശരിക്കും അനുഭവിക്കാന്‍ പോകുകയാണ്'' എന്ന് അമേരിക്കന്‍ പ്രസിഡന്റ് ട്രമ്പിനെപ്പോലുള്ളവര്‍ വാദിക്കുമ്പോള്‍ ഡന്മാര്‍ക്കിന്റെ മുന്‍പ്രധാനമന്ത്രിയെ പോലുളളവര്‍ സ്വീഡന്‍ ചെയ്തതുപോലെ ഡന്മാര്‍ക്കും ചെയ്യണമായിരുന്നു എന്ന അഭിപ്രായക്കാരാണ്. അതേ ട്രമ്പ് ഇപ്പോള്‍ അമേരിക്കയെ എങ്ങനെ അണ്‍ലോക്ക് ചെയ്യാമെന്ന് ചിന്തിച്ചു തലപുകയ്ക്കുകയാണ്.

(3) സ്വീഡിഷ് പൗരനായ പ്രൊഫസര്‍ യൊഹാന്‍ ഗിസെക്കി (Professor Johan Giesecke/ 72)** ലോകത്തെ ഏറ്റവും സീനിയറായ എപിഡമിയോളജിസ്റ്റുകളില്‍ ഒരാളാണ്. സ്വീഡിഷ് സര്‍ക്കാരിന്റെയും WHO ഡയറക്ടര്‍ ജനറലിന്റെയും ഉപദേശകനായിരുന്നു. 1980 കളില്‍ AIDS പ്രതിരോധത്തില്‍ സജീവമായി പങ്കെടുത്തത്തിട്ടുണ്ട്. ലോക്ക്ഡൗണിന് തയ്യാറാകാതെ  കോവിഡ് പ്രതിരോധകാര്യത്തില്‍ സ്വീഡന്‍ കാണിക്കുന്ന സാഹസിക സമീപനത്തിന്റെ പിന്നിലെ മസ്തിഷ്‌കങ്ങളിലൊന്നാണ് ഇദ്ദേഹം. ഗിസെക്കി പറയുന്നതനുസരിച്ച് 2020 ജനുവരിയില്‍ തന്നെ സ്വീഡിഷ് സര്‍ക്കാര്‍ ഒരു തീരുമാനം എടുത്തിരുന്നു-തെളിവുകളുടെ അടിസ്ഥാനത്തില്‍ മാത്രമേ കോവിഡ് പ്രതിരോധ കാര്യത്തില്‍ തീരുമാനമെടുക്കൂ. പല രാജ്യങ്ങളും തെളിവുംസയന്‍സും പരിഗണിക്കുന്നില്ല. അടിയന്തരഘട്ടങ്ങളില്‍ വസ്തുതകളെക്കാള്‍ ഭയമാണ് മനുഷ്യരെ വഴി നടത്തുക. പകര്‍ച്ചവ്യാധി തടയാന്‍ കൈകള്‍ കഴുകുന്നതും ശുചിത്വംപാലിക്കുന്നതും സഹായകരമാണെന്ന കാര്യം കഴിഞ്ഞ 150 വര്‍ഷമായി നമുക്കറിയാം. പക്ഷെ മാസ്‌ക് ധരിക്കുക തുടങ്ങിയ നടപടികള്‍ക്കൊന്നും സയന്‍സിന്റെ കൃത്യമായ പിന്തുണയില്ല.

(4) ലോക്ക്ഡൗണ്‍ ഇല്ലെങ്കില്‍ കോവിഡ് മൂലം ദശലക്ഷങ്ങള്‍ മരിച്ചുവീഴുമെന്ന് പ്രവചിച്ച ലണ്ടനിലെ ഇംപീരിയല്‍ കോളേജ് മോഡല്‍ വളരെ അയഥാര്‍ത്ഥപരമാണ്. പിയര്‍റിവ്യുവിന് വിധേയമാക്കപെടാത്ത ഒരു പേപ്പര്‍ ഇത്രമാത്രം സര്‍ക്കാര്‍ നയങ്ങളെ സ്വാധീനിക്കുന്നത് ആദ്യമായിട്ടാണെന്ന് ഗിസൈക്കി പറയുന്നു. ലോക്ക്ഡൗണ്‍ എങ്ങനെയാണ് രോഗത്തെ തുരത്തുന്നത്? പകര്‍ച്ചനിരക്ക് നിയന്ത്രിക്കുന്നതിലൂടെ ആരോഗ്യസംവിധാനങ്ങളുടെ കാര്യക്ഷമമായ പ്രവര്‍ത്തനം ഉറപ്പുവരുത്താം എന്നതില്‍ കവിഞ്ഞ് എന്തു അത്ഭുതമാണ് ലോക്ക്ഡൗണ്‍ ഉണ്ടാക്കുക? ആരംഭത്തില്‍ രോഗപ്രതിരോധത്തിന് വേണ്ട തയ്യാറെടുപ്പ് നടത്താന്‍ സമയം ലഭിക്കും, രോഗിപ്പെരുമഴ(patient flooding) ഒഴിവാക്കി ആരോഗ്യസംവിധാനം തകരാതെ നോക്കാം. അതിനപ്പുറം? താല്‍ക്കാലിക ആശ്വാസം പരിഹാരമാകില്ല. സ്‌കൂളുകളും സ്ഥാപനങ്ങളും തുറക്കുക. ജനജീവിതം മുന്നോട്ടുപോകട്ടെ. കുട്ടികളെ കോവിഡ് വളരെ കുറവായേ ബാധിക്കുന്നുള്ളൂ. ഒന്നാംഘട്ടത്തില്‍ രോഗംബാധിച്ച് മുക്തി നേടിയവര്‍ ആരോഗ്യപ്രവര്‍ത്തന രംഗത്തുണ്ടാകുന്നത് പിന്നീടങ്ങോട്ട് സഹായകരമാണ്.

(5) വാക്‌സിന്‍ വരുന്നതുവരെ വൃദ്ധരെയും ദുര്‍ബലരെയും രോഗികളെയും സംരക്ഷിക്കുക, ബാക്കിയുള്ളവര്‍ സാമൂഹിക അകലവും വ്യക്തിശുചിത്വവും പാലിച്ച് മുന്നോട്ടുപോകട്ടെ. നല്ലൊരു പങ്കിനും ക്രമേണ രോഗബാധയുണ്ടായി സമൂഹം കൂട്ടപ്രതിരോധം(herd immunity) നേടട്ടെ. ലോക്ക്ഡൗണ്‍ വഴി രോഗബാധ പിടിച്ചു നിറുത്തിയാലും അയവുകള്‍(relaxations) നല്‍കി തുടങ്ങുന്നത് അനുസരിച്ച് പകര്‍ച്ച തിരിച്ചുവരാനുള്ള സാധ്യത ചെറുതല്ല. ആത്യന്തികമായി ലോക്ക്ഡൗണ്‍ ചെയ്ത സമൂഹവും ചെയ്യാത്ത സമൂഹവും ഒരേ ഫലമായിരിക്കും സമ്മാനിക്കുക. അങ്ങനെ വരുമ്പോള്‍ ലോക്ക്ഡൗണ്‍ ചെയ്യാത്ത സമൂഹങ്ങള്‍ സാമ്പത്തികമായും സാമൂഹികമായും കുറേക്കൂടി മെച്ചപെട്ട അവസ്ഥയിലായിരിക്കും.

(6) എന്തൊക്കെ ചെയ്താലും കോവിഡ് സുനാമി പോലെ പടരുമെന്ന് ഗിസൈക്കി കരുതുന്നു. ആദ്യ ഘട്ടത്തിലല്ലെങ്കില്‍ പിന്നീട്. അതാണ് പകര്‍ച്ചവ്യാധികളുടെ സ്വഭാവവും ചരിത്രവും. രോഗം വന്നുപോകട്ടെ. ഒരേസമയം പഠിച്ചുംപയറ്റിയും മാത്രമേ മുന്നോട്ടുപോകാനാവൂ. 76 ദിവസം സമ്പൂര്‍ണ്ണമായും ലോക്ക്ഡൗണ്‍ ചെയ്ത ചൈന യഥാര്‍ത്ഥത്തില്‍ കോവിഡ് മോചിതമായി എന്നുറപ്പുണ്ടോ? ബ്രിട്ടണില്‍ ആദ്യഘട്ടത്തില്‍ ബോറിസ് ജോണ്‍സണ്‍ സ്വീകരിച്ച നിലപാട് തന്നെയാണ് ശരി. പിന്നീട് സമ്മര്‍ദ്ദം കനത്തപ്പോള്‍ സ്വന്തം നിലപാടില്‍ നിന്ന് നേര്‍വിപരീതമായി അദ്ദേഹം രാജ്യം അടച്ചിട്ടു. ലോക്ക്ഡൗണ്‍ തുടങ്ങി മാസം ഒന്നു കഴിയുമ്പോഴും ബ്രിട്ടണിലെ മരണനിരക്ക് ക്രമാനുഗതമായി കൂടുകയാണ്. ലോക്ക്ഡൗണ്‍ ഇല്ലായിരുന്നുവെങ്കില്‍ ഇതിലും വളരെ കൂടുമായിരുന്നു എന്നത് ഒരൂഹാപോഹം മാത്രമാണ്. അത് തെളിവിന്റെ അടിസ്ഥാനത്തിലുള്ള ആശങ്കയല്ല. ലോക്ക്ഡൗണ്‍ ഇല്ലായിരുന്നുവെങ്കിലും യു.കെ ഏറെക്കുറെ ഇതേ സ്ഥിതിയില്‍ തന്നെയാവും ഇപ്പോഴും. കാരണം അതാണ് സ്വീഡനില്‍ കാണുന്നത്.

(7) സ്‌പെയിനിലും ഇറ്റലിയിലും ലോക്ക്ഡൗണ്‍ കഴിഞ്ഞ് മൂന്നാഴ്ച കഴിഞ്ഞപ്പോഴായിരുന്നു ഏറ്റവും വലിയ മരണനിരക്ക്. യൂറോപ്പിലെ ഒരു രാജ്യവും രോഗബാധയുടെ കാര്യത്തില്‍ പിന്നോട്ടുപോകുന്നില്ല. ജര്‍മ്മനിയും തുര്‍ക്കിയുമൊക്കെ മരണനിരക്ക് കുറച്ചാണ് രോഗത്തെ മെരുക്കിയത്. സ്വീഡനില്‍ മരണനിരക്ക് ഉയരുന്നത് ലോക്ക്ഡൗണിന് അനുകൂലമായ വാദമായി ഉന്നയിക്കുന്നവരോട് ജിസക്കിക്ക് പറയാനുള്ളത് സ്വീഡിഷ് തലസ്ഥാനമായ സ്റ്റോക്ക്‌ഹോം 2020 മേയ് മധ്യത്തോടെ കൂട്ടപ്രതിരോധം(herd immunity) നേടിയിട്ടുണ്ടാവും എന്നാണ്. സത്യത്തില്‍ കോവിഡ് 19 സാധാരണയുള്ള ഫ്‌ളൂ പോലൊരു രോഗം മാത്രമാണ്. പലരും രോഗം വന്നുപോകുന്നത് പോലും അറിയുന്നില്ല.  ആന്റിബോഡി ടെസ്റ്റുകള്‍ വ്യാപകമായി നടത്തുകയാണെങ്കില്‍ സ്വീഡനിലും യു.കെയിലും അമ്പത് ശതമാനത്തിലധികംപേര്‍ ഇതിനകം രോഗം ബാധിച്ച് മുക്തി നേടിയെന്ന് മനസ്സിലാക്കാനാവും. ബ്രിട്ടണില്‍ 18000 പേര്‍ മരിച്ചുവെങ്കില്‍ അതിനര്‍ത്ഥം അവിടെ ദശലക്ഷക്കണക്കിന് ആള്‍ക്കാര്‍ക്ക് രോഗബാധ ഉണ്ടായി എന്നാണ്;സ്വീഡനിലും അങ്ങനെതന്നെ.

(8) കോവിഡ് 19 രോഗത്തിന്റെ പുതുമയാണ് മനുഷ്യരെ കൂടുതലും ഭയപെടുത്തുന്നത്. കഴിഞ്ഞ നൂറ് വര്‍ഷങ്ങളില്‍ ഇങ്ങനെയൊരു അനുഭവം ലോകജനതയ്ക്ക് അന്യമാണ്. മിക്ക കോവിഡ് മരണങ്ങളും കോവിഡ് മൂലമല്ല. മരണനിരക്ക് പ്രചരിപ്പിക്കപെടുന്നതിലും വളരെ കുറവാണ്. നിലവിലുള്ള ലോകശരാശരിയായ 6 ശതമാനമോ ഇറ്റലിയും ഫ്രാന്‍സും ബല്‍ജിയവും യു.കെയുമൊക്കെ കാണിക്കുന്ന 12-13 ശതമാനമോ അല്ല. മറിച്ച് കേവലം 0.1% മാത്രമാണ്!-അദ്ദേഹം വാദിക്കുന്നു. ലോക്ക്ഡൗണ്‍ ശരിക്കും സ്വേച്ഛാധിപത്യ നടപടിയാണ്, സ്വാതന്ത്ര്യനിഷേധമാണ്, ജീവിക്കാനുള്ള ജനങ്ങളുടെ അവകാശമാണ് തടസ്സപെടുന്നത്. ചൈനയ്ക്ക് സാധിക്കുമെങ്കിലും സ്വതന്ത്ര്യ-ജനാധിപത്യ സമൂഹങ്ങള്‍ക്ക് ചേര്‍ന്നതല്ല. ഹംഗറിയിലൊക്കെ സ്വേച്ഛാധിപത്യത്തിന്റെ തിരിച്ചുവരവാണ് കാണുന്നത്. ലോക്ക്ഡൗണ്‍ സമൂഹങ്ങളില്‍ മരണനിരക്ക് കുറയാന്‍ കാരണം ലോക്ക്ഡൗണ്‍ മാത്രമല്ല. ദുര്‍ബലരും രോഗികളും ആദ്യമാദ്യം മരിക്കുമ്പോള്‍ മരണനിരക്ക് കൂടുകയും ബാക്കിയുള്ള രോഗികള്‍ ശക്തമായ രോഗപ്രതിരോധം കാഴ്ചവെക്കുകയും ചെയ്യുമ്പോള്‍ നിരക്ക് കുറയുകയും ചെയ്യും. ലോക്ക്ഡൗണ്‍ ചെയ്യാത്ത സമൂഹങ്ങളിലും അതേ പ്രവണത കാണാനാവും. ഓരോ തവണ വൈറസ് ആക്രമണം ഉണ്ടാകുമ്പോഴും പ്രസ്തുത പാറ്റേണ്‍ തുടരും.

(9) ലോക്ക്ഡൗണില്‍ നിന്ന് പുറത്തുവരുന്നത് അതിലേക്ക് പ്രവേശിക്കുന്നതിലും ദുഷ്‌കരമായിരിക്കും. പുറത്തേക്കുള്ള വഴിയെക്കുറിച്ച് ധാരണയില്ലാതെയാണ് പലരും അടച്ചിട്ടിരിക്കുന്നത്. ജര്‍മ്മനിയും ഫ്രാന്‍സും ലോക്ക് ഡൗണില്‍ അയവു വരുത്തിക്കഴിഞ്ഞു. മേയ് രണ്ടാംവാരത്തോടെ സ്‌പെയിനും ഇറ്റലിയും ആ വഴിക്ക് നീങ്ങും. ലക്ഷക്കണക്കിന് രോഗികളും പതിനായിരക്കണക്കിന് മരണങ്ങള്‍ക്കും ശേഷമാണ് ഈ രാജ്യങ്ങള്‍ ആശങ്കയോടെ അണ്‍ലോക്ക് ചെയ്യുന്നത്. അണ്‍ലോക്ക് ചെയ്താലും രോഗബാധയുടെ നിരക്കില്‍ ഏറ്റക്കുറച്ചിലുകളുണ്ടാകുന്നത് അനുസരിച്ച് വീണ്ടും അടച്ചിടേണ്ടിവരും. ലോക്ക്ഡൗണ്‍ പോളിസിയായി അംഗീകരിച്ചാല്‍ രോഗബാധ വര്‍ദ്ധിച്ചാല്‍ അടച്ചിട്ടേ മതിയാകൂ. അല്ലാതെ ഇത്രയും നാള്‍ ചെയ്തു, ഇനി വയ്യാ എന്നു പറയുന്നത് സമ്പൂര്‍ണ്ണ പരാജയമാകും.രോഗബാധ വര്‍ദ്ധിച്ച് സ്ഥിരപെട്ട് ക്രമേണ കുറഞ്ഞു തുടങ്ങുന്ന പ്രക്രിയ (flattening the curve) സ്വീഡനിലും സംഭവിക്കും.

(10) ബ്രിട്ടന്റെയും(1.38 ലക്ഷം രോഗികള്‍, 18738 മരണം, മരണനിരക്ക്-13.57%) സ്വീഡന്റെയും(16775, മരണം-2021, മരണനിരക്ക് 12%) ഉദാഹരണം നോക്കിയാല്‍ ലോക്ക്ഡൗണ്‍ കാര്യമായ വ്യത്യാസം ഉണ്ടാക്കുന്നില്ലെന്ന് വ്യക്തമാകും. ഇംപീരിയല്‍ കോളേജ് പേപ്പര്‍ വരുന്നതുവരെ ബ്രിട്ടന്‍ ശരിയായ പാതയിലായിരുന്നു. പിന്നീട് രാജ്യം അടച്ചിട്ടു. പക്ഷെ രോഗനിരക്ക് വര്‍ദ്ധിക്കുകയായിരുന്നു. ലോക്ക്ഡൗണ്‍ ചെയ്ത സ്‌പെയിന്‍, ഇറ്റലി, നെതര്‍ലന്‍ഡ്‌സ്, ബല്‍ജിയം, യു.കെ തുടങ്ങിയ സമൂഹങ്ങളിലെല്ലാം സ്വീഡനെക്കാള്‍ കൂടിയ മരണനിരക്കാണുള്ളത്. മറ്റ് സ്‌കാന്‍ഡിനേവിയന്‍ രാജ്യങ്ങളായ ഡന്‍മാര്‍ക്ക് (8073 രോഗികള്‍, 394 മരണം, മരണനിരക്ക്-4.8%), നോര്‍വെ(7361 രോഗികള്‍, 191 മരണം, മരണനിരക്ക്-2.6%) ഫിന്‍ലന്‍ഡ്(4284 രോഗികള്‍, 172 മരണം, മരണനിരക്ക്-4%) എന്നിവയുമായി തട്ടിച്ചുനോക്കുമ്പോള്‍ സ്വീഡനില്‍ രോഗബാധയും മരണനിരക്കും കൂടുതലാണെന്ന് ജിസെക്കി സമ്മതിക്കുന്നു. പക്ഷെ ഈ രാജ്യങ്ങളിലെല്ലാം ലോക്ക്ഡൗണ്‍ പിന്‍വലിച്ചു കഴിയുമ്പോള്‍ മരണനിരക്ക് വര്‍ദ്ധിക്കാനാണ് എല്ലാ സാധ്യതയും. കുറഞ്ഞത് ഒരു വര്‍ഷം കഴിഞ്ഞ് മാത്രം മരണസംഖ്യ സംബന്ധിച്ച് കണക്കെടുക്കുന്നതിലേ എന്തെങ്കിലും അര്‍ത്ഥമുള്ളൂ. യൂറോപ്പില്‍ മറ്റെല്ലായിടത്തുമെന്നപോലെ  സ്വീഡനിലും ഏതാനും ആയിരങ്ങള്‍ മരിക്കും എന്നുറപ്പാണ്. പക്ഷെ എല്ലായിടത്തും സംഭവിക്കുന്നതേ അവിടെയും സംഭവിക്കൂ.

(11) ലോക്ക്ഡൗണ്‍കൊണ്ട് കോവിഡ് ഭീഷണി മറികടക്കാനാകില്ലേ? മറുപടിയായി ഇന്ന് itv യിലെ Good Morning Britain എന്ന ടി.വി പരിപാടിയില്‍ പങ്കെടുത്തുകൊണ്ട് ഗിസെക്കി പറഞ്ഞ കാര്യം ശ്രദ്ധേയമാണ്: ''നിങ്ങള്‍ക്ക് തുടര്‍ച്ചയായി 18 മാസം ലോക്ക്ഡൗണ്‍ ചെയ്തിരിക്കാനാകുമോ?! ഒരു ജനാധിപത്യസമൂഹത്തിന് അങ്ങനെയൊന്ന് ചിന്തിക്കാനാവില്ല...''. സ്വീഡനില്‍ ലോക്ക്ഡൗണില്ലെങ്കിലും പൗരന്‍മാരില്‍ നല്ലൊരു വിഭാഗം വീട്ടിലിരുപ്പാണല്ലോ എന്ന ചോദ്യത്തിന് പൗരബോധംകൊണ്ടാണ് അവരങ്ങനെ ചെയ്യുന്നതെന്നും അതിനായി തെരുവില്‍ പോലീസിനെ വിന്യസിക്കുകയോ രാജ്യം അടച്ചിടുകയോ ചെയ്യേണ്ടതില്ലെന്നും അദ്ദേഹം മറുപടി പറഞ്ഞു. നിങ്ങള്‍ക്ക് തെറ്റ് പറ്റിക്കൂടേ, സ്വീഡനില്‍ അസാധാരണമായ തോതില്‍ രോഗം പടരില്ലേ, അങ്ങനെയൊരു സാധ്യതയില്ലേ? എന്ന ചോദ്യത്തിന് 'Everything is a possibility, but it is highly unlikely'' എന്നായിരുന്നു മറുപടി. സ്വീഡനില്‍ ഇതുവരെ കോവിഡ് ബാധിച്ച് മരിച്ചവരുടെ ശരാശരി പ്രായം 81 ആണ്. അതാകട്ടെ, സ്വീഡനിലെ ശരാശരി ആയൂര്‍ദൈര്‍ഘ്യത്തില്‍(82.72 വയസ്സ്) നിന്ന് ഏറെ വ്യത്യാസപെടുന്നില്ല. ലോക്ക്ഡൗണിലേക്ക് പോയി രോഗം നിയന്ത്രിച്ച രാജ്യങ്ങളെല്ലാം ഭയക്കുന്നത് അണ്‍ലോക്കിന് ശേഷമുള്ള ഒരു രണ്ടാംപകര്‍ച്ച(second wave of spreading) ആണ്. സ്വീഡന് അത്തരമൊരു ആശങ്കയില്ല. 
 
Ref-(1) https://en.wikipedia.org/wiki/Johan_Giesecke
(2)https://www.who.int/emergencies/diseases/strategic-and-technical-advisory-group-for-infectious-hazards/members/biographies/en/index2.html
(3)https://www.youtube.com/watch?v=xBcqnZUjX9g).
(4) https://unherd.com/thepost/coming-up-epidemiologist-prof-johan-giesecke-shares-lessons-from-sweden/?fbclid=IwAR0PSj0nOc4jvIERyCmWhqSmpB610qEtZIhQ-gIM0KXiD2-oq3d7GDIwdpA
(5)https://www.youtube.com/watch?v=lClSoUNsQUA
(6)https://www.youtube.com/watch?v=IoGp9vgeGRc

Share :