Archives / April 2020

ഷുക്കൂർ ഉഗ്രപുരം
കോവിഡ് കാലത്തെ റംസാൻ സന്ദേശം

ആഗോള സമൂഹം മുഴുവൻ പ്രതിസന്ധിയിലകപ്പെട്ടിരിക്കുന്ന സമയത്താണ് ഇത്തവണത്തെ വിശുദ്ധ റമളാൻ വ്രതം  എത്തിപ്പെട്ടിരിക്കുന്നത്. അടുത്ത കാലത്തൊന്നും ഇത്തരമൊരു പ്രതിസന്ധി ആഗോളസമൂഹത്തെ ബാധിച്ചിട്ടില്ല. ഇത്തവണത്തെ ആഗോള റംസാൻ വിപണിയും ഈസ്റ്ററിൻറെയും വിഷുവിൻറെയും വിപണിപോലെ ശൂന്യമായിരിക്കും. നാട്ടിൻ പുറങ്ങളിലെല്ലാം ഉണ്ടായിരുന്ന നോമ്പ് വിഭവങ്ങളുടെ സ്‌പെഷ്യൽ പെട്ടിക്കടകളും വസ്ത്ര വിപണിയുമെല്ലാം  ഇത്തവണ നിർജീവമാണ്. ഈ ഉഷ്ണകാലത്ത് ഏതാണ്ട് പതിനാല് മണിക്കൂറിനടുത്ത്  അന്നപാനീയങ്ങളില്ലാതെ സമ്പൂർണ്ണ വ്രതത്തിലാവുക എന്നത് തികച്ചും ശ്രമകരമായ ഒന്നാണ്. റംസാൻ കാലം ഇസ്‌ലാം മത വിശ്വാസികളെ സംബന്ധിച്ചിടത്തോളം സക്രിയമായ പ്രവർത്തനങ്ങളുടേയും മുറ തെറ്റാതെയുള്ള ജീവിത ചിട്ടകൾ രൂപീകരിച്ച് പരിശീലിച്ചെടുക്കുന്നതിനുമുള്ള കാലഘട്ടമാണ്. ഇന്ത്യൻ ഫുട്‌ബോൾ ടീം മുൻ ക്യാപ്റ്റനും കേരള പൊലീസ് ഫുട്‌ബോൾ താരവുമായിരുന്ന  യു. ഷറഫലി റംസാനിൽ വ്രതമെടുത്താണ് കളിക്കാനിറങ്ങുന്നതെന്ന് ഇന്ത്യൻ ഫുട്‌ബോൾ  ഇതിഹാസവും കേരള പൊലീസിൻറെ ഫുട്‌ബോൾ താരവുമായിരുന്ന ഫുട്‌ബോളർ ഐ എം വിജയൻ ഒരിക്കൽ പറഞ്ഞിരുന്നു.  ഒട്ടും വീര്യം കുറയാതെ കളത്തിൽ നിറഞ്ഞാടുന്ന ഷറഫലിയെ കണ്ട് താൻ അത്ഭുദം കൂറിയിട്ടുണ്ടെന്ന് അദ്ദേഹം പറയുന്നു.  നാട്ടിൻ പുറങ്ങളിലൊക്കെ കൂലിവേലക്ക് പോകുന്ന ആളുകളും വ്രതത്തോട് കൂടി ജോലിചെയ്യുന്നു. ഏത് പ്രതിസന്ധിയിലും സക്രിയമായി കർമ്മ നിരതരാകാനുള്ള സന്ദേശമാണ് റംസാൻ നൽകുന്നത്. 
ഈ കോവിഡ് ഭീതിയുടെ കാലത്ത് സമ്പത്തുള്ളവനും ഇല്ലാത്തവനുമെല്ലാം ഭക്ഷണത്തിന് പോലും പ്രയാസപ്പെടുന്ന കാഴ്ചയാണ് നമുക്ക് മുന്നിലുള്ളത്. ആഢംബരവും അനാവശ്യവും ഒഴിവാക്കി അത്യാവശ്യ ജീവിത വിഭവം  മാത്രമെടുത്ത് ഭാക്കി ആവശ്യക്കാർക്ക് നൽകാനുള്ള പ്രവാചക അധ്യാപനത്തെ ജീവിതത്തിൽ പകർത്താൻ നാം തയ്യാറാവണം. പ്രവാചകൻ പഠിപ്പിച്ച പോലെ  ജീവിത വിഭവങ്ങൾ നൽകേണ്ടത് ആവശ്യമുള്ള മനുഷ്യർക്കാണ്, മത ജാതി വർണ്ണ വർഗ്ഗ രാഷ്ട്ര ഗോത്രങ്ങൾക്കതീതമായി പാവങ്ങളെയാണ് പരിഗണിക്കേണ്ടത്.  കോവിഡ് കാലത്തെ റംസാനിലും സാമൂഹിക ബാധ്യതകളെ വിശ്വാസി സമൂഹം വിസ്മരിച്ചു കളയരുത്. ഈ റംസാനിലെ ഏറ്റവും വലിയ സാമൂഹിക ഉത്തരവാദിത്വം കോവിഡ്  രോഗം വരാതെ നോക്കലും ആരോഗ്യ വകുപ്പിൻറെ നിർദേശങ്ങളെ അനുസരിക്കലും സഹകരിക്കലും അവർ ആവശ്യപ്പെടുമ്പോൾ വളണ്ടിയർ സേവനം നൽകലുമാണ്. ഇത് സത്യ വിശ്വാസിയുടെ ബാധ്യതയാണ്. മസ്ജിദിനകത്ത് ഭജനമിരുന്ന് നമസ്കരിക്കുന്നവനിലേറെ പ്രതിഫലം അന്യൻറെ ആവശ്യം നടത്തിക്കൊടുക്കാൻ വേണ്ടി പ്രയത്നിക്കുന്നവനാണെന്ന പ്രവാചക വചനത്തെ വിശ്വാസി സമൂഹം വിസ്മരിക്കരുത്.   പകർച്ചവ്യാധികൾ പടരാതിരിക്കാൻ അതുള്ള സ്ഥലങ്ങളിലേക്ക് പുറത്തുള്ളവർ പ്രവേശിക്കരുതെന്നും അത് വ്യാപിച്ച സ്ഥലത്തുനിന്നാരും പുറത്തു കടക്കരുതെന്നും മുഹമ്മദ് നബി (സ്വല്ലള്ളാഹു അലൈഹിവ സല്ലം) കർശനമായി വിലക്കിയിട്ടുണ്ടെന്ന ബോധ്യം ജനങ്ങൾക്കുണ്ടാവണം. സമൂഹത്തിൻറെ സാംസ്കാരിക കേന്ദ്രമാവേണ്ട മസ്ജിദുകൾ മറ്റ് ആരാധനാലയങ്ങളെ പോലെതന്നെ  അടഞ്ഞ് കിടക്കുകയാണ്, സമൂഹ സുരക്ഷക്കും വേണ്ടി കോവിഡ് കാലത്ത്  നിർദേശം ലഭിക്കും വരെ അത് അടഞ്ഞ് കിടക്കട്ടെ. സ്വന്തം വീടും താമസ്ഥലവും ആരാധന കർമ്മങ്ങളാലും പ്രാർത്ഥനകളാലും സചേതനമാവട്ടെ. വിശുദ്ധ ഖുർആനും പ്രവാചകാധ്യാപനങ്ങളും കൂടുതൽ മനസ്സിലാക്കാനും ജീവിതത്തിൽ പകർത്താനുമായി കൂടുതൽ വായിക്കപ്പെടേണ്ടതുണ്ട്. മുമ്പ് നടത്തിയിരുന്ന വലിയ ഇഫ്താറുകൾക്ക് പകരം പാവങ്ങൾക്ക് ഭക്ഷണമെത്തിക്കാനുള്ള പ്രവർത്തനത്തിലേർപ്പെട്ട് അല്ലാഹുവിൻറെ പ്രീതി നേടാൻ സത്യവിശ്വാസി തയ്യാറാവണം. 
   
ആഗോള മനുഷ്യ സമൂഹം വിശ്വസിച്ചു പോരുന്ന മത പ്രത്യയശാസ്ത്രങ്ങളിലെല്ലാം വ്യത്യസ്ത രീതികളിലുള്ള വ്രതം നിലനിൽക്കുന്നുണ്ട്. അന്നപാനീയങ്ങളെല്ലാം സുബ്ഹ് മുതൽ വർജ്ജിച്ചുകൊണ്ട് സൂര്യാസ്തമയത്തോടെ അവസാനിക്കുന്നതാണ്  ഇസ്‌ലാം മത പ്രത്യയ ശാസ്ത്രത്തിലെ നോമ്പ്. ഇങ്ങനെ ഒരുമാസം നീണ്ടു നിൽക്കുന്ന വ്രതത്തിന് വ്യത്യസ്ത സാമൂഹിക മാന  ങ്ങളുണ്ട്. മഹാത്മജി എഴുതിയത് പോലെ മുസ്ലിംകൾ വ്രതത്തിലൂടെ അവൻറെ ഉള്ളിലുള്ള   മൃ ഗീയതകളെ സംസ്‌ക്കരിച്ച് നല്ല സ്വഭാവത്തിന് സ്വയം വിധേയമാകുന്ന ഒരു പ്രക്രിയ കൂടിയാണ് റംസാൻ വ്രതം. നോമ്പിൻറെ സാമൂഹിക ശാസ്ത്രം പ്രവിശാലമാണ്. ''പട്ടിണി കിടക്കുന്നവൻറെ നോവ് നിങ്ങൾക്കറിയാൻ കൂടി വേണ്ടിയാണ്'' വ്രതം നിങ്ങളുടെ മേൽ നിർബന്ധമാക്കിയതെന്ന ഇസ്‌ലാമിക പ്രത്യയ ശാസ്ത്ര വചനം ചിന്തനീയമാണ്. പണ്ഡിതനും പാമരനും, രാജാവും സാധാരണക്കാരനും എല്ലാം ഇതുപോലെ പട്ടിണി  കിടക്കുമ്പോൾ സമത്വത്തിൻറെ ഒരു വൈജാത്യ രീതി അവിടെ പ്രാവർത്തികമാകുന്നു. യഥാർത്ഥത്തിൽ സാമൂഹിക ശാക്തീകരണത്തിൻറെ ഒരു മുറ കൂടിയാണ്    ഇസ്‌ലാ മിലെ  കഠിന വ്രതം. മനുഷ്യൻറെ ആസക്തികളെ വ്രതത്തിലൂടെ ഉന്മൂലനം ചെയ്ത് സ്വയം ഉത്തമ സ്വഭാവത്തിലേക്ക് സംസ്ക്കരണം നടത്തുന്നതാണ് നോമ്പിൻറെ രീതി. പട്ടിണി മാത്രമല്ല വ്രതത്തിൻറെ ആത്മാവ്,  ശരീരത്തിലെ ഓരോ അവയവങ്ങൾക്കും  നോമ്പുണ്ട്. എല്ലാ ശരീര അവയവങ്ങളെയും ചിന്തകളേയും വ്രതത്തിലേക്ക് പ്രവേശിപ്പിച്ചുകൊണ്ടുള്ള സമ്പൂർണ സംസ്ക്കരണമാണ് നോമ്പിൻറെ ഉദ്ദേശം. ഇതിലൂടെ സ്വഭാവ സംസ്ക്കരണം കൈവരിച്ച ഒരു സമൂഹത്തെ നിർമി ച്ചെടുക്കാൻ സാധിക്കും, കൃത്യമായ സാമൂഹിക ക്രമം ഇതിലൂടെ സ്ഥാപിച്ചെടുക്കാനുമാവും .
റംസാനിലെ മറ്റൊരു ആരാധനയാണ്  സുദീർഘമായ നിശാ പ്രാർത്ഥനയായ ‘തറാവീഹ്’ നമസ്ക്കാരം. ധനികനും ദരിദ്രനും, ചെറിയവനും വലിയവനും  എല്ലാം തുല്ല്യ തയോടെ ചേർന്ന് നിന്ന് കൊണ്ടുള്ള നമസ്ക്കാരം വംശ, ദേശ, വർണ്ണ വിവേചനകൾക്കെതിരായ സമത്വ സന്ദേശമുൾക്കൊള്ളുന്നതാണ്; ഇസ്‌ലാമിലെ സമത്വമെന്ന പ്രായോഗിക പ്രത്യയ ശാസ്ത്രത്തിലാകൃഷ്ടനായി ക്കൊണ്ടാണ് 1965ൽ കറുത്ത വർഗ്ഗ കാരനായ  അമേരിക്കൻ ബോക്സി൦ഗ്  താരം കാഷ്യസ് മാർസെല്ലസ് ക്ലേ    മുഹമ്മദലി ക്ലേ ആയി മാറുന്നത് .
റംസാനിൽ കൂടുതൽ ദാന ധർമ്മങ്ങൾ നൽകാനും ഇസ്‌ലാം കൽപ്പിക്കുന്നു, അതിനാൽ തൻറെ വാർഷിക സമ്പാദ്യത്തിലെ  2.5% നിർബന്ധിത ദാനം നൽകാനും, ഓരോ വിളവെടുപ്പ് സമയത്തും കൃഷിയുടെ സകാത്ത് നൽകാനും മുസ്ലിം തയ്യാറാകുന്നു. ഇതിലൂടെ സാമ്പത്തിക സമത്വവും, ക്ഷേമവും ഉറപ്പുവരുത്താനാവും. ഖലീഫ ഉമറിൻറെ ഭരണ കാലത്ത് സുഭിക്ഷതയാൽ നിർബന്ധിത ദാനം പോലും സ്വീ കരിക്കാൻ രാജ്യത്ത് പ്രചകളില്ലാതിരുന്ന കാര്യം ചരിത്രം രേഖപ്പെടുത്തിയിട്ടുണ്ട്. ഒരാൾ തൻറെ സഹജീവിയെ കാണുമ്പോൾ പുഞ്ചിരിക്കുന്നത്  പോലും ദാനമാണെ ന്നാണ് പ്രവാചകൻ പഠിപ്പിക്കുന്നത്, നല്ല സാമൂഹിക ബന്ധങ്ങൾ സമൂഹത്തിൽ നില      നിർത്താൻ  ഇത് പോലുള്ള ഘടകങ്ങൾ സഹായിക്കുന്നു .
വിശുദ്ധ ഗ്രന്ഥമായ ഖുർആൻ അവതീർണമായത് റംസാൻ മാസത്തിലാണ്. ഖുർആൻ വായനയുടെ കൂടി മാസമാണ് റംസാൻ, അറിവിൻറെ കുത്തക  വൽക്കരണത്തിനെതിരായും അറിവിൻറെ വരേണ്യ വൽക്കരണത്തെ ചെറുത്ത് അറിവിൻറെ സമത്വത്തെയും, ജ്ഞാനത്തിൻറെ ഉൽകൃഷ്ടതയേയും ഉയർത്തിപ്പിടിക്കാൻ ഖുർആൻ നമ്മെ ദ്യോതിപ്പിക്കുന്നു. വായനയും ചിന്തയും ഔഷധവും ആരാധനയുമാണെന്ന് റംസാൻ നമ്മെ ഓർമ്മിപ്പി ക്കുന്നുണ്ട് .
ഈന്തപ്പഴം കൊണ്ട് നോമ്പ് തുറക്കുക, അതില്ലെങ്കിൽ ശുദ്ധജലം കൊണ്ട് നോമ്പ് തുറക്കുക എന്ന് കല്പിക്കുമ്പോൾ മതം എളിമയുടെ നേർദിശയിലേക്കാണ് വിരൽ ചൂണ്ടു ന്നതെന്നു മനസ്സിലാക്കാം, കൊട്ടാരത്തിലും കുടിലിലും നോമ്പ് തുറക്കുന്നത്   ഈന്തപ്പഴം കൊണ്ടായിരിക്കും, അതില്ലെങ്കിൽ ജലം കൊണ്ടും; ഇതിലും സമത്വത്തിൻറെ  വിശുദ്ധി കാണാനാവും.    റംസാനിൽ കൂടുതൽ ഉദാരമാവാൻ  ഇസ്‌ലാം കൽപ്പിക്കുന്നുണ്ട്, അതിനാലാണ് റം സാൻ പ്രമാണിച്ച് പല ഇസ്‌ലാമിക രാജ്യങ്ങളും തങ്ങളുടെ     രാജ്യത്തെ ജയിലിലെ തടവുകാരെ മോചിപ്പിക്കുന്നത്; ഇത് കുറ്റവാളികളുടെ സംസ്ക്കരണത്തിനും പരിവർത്തനത്തിനും സഹായിച്ചേക്കാം.
പ്രാദേശികവും,ദേശീയവും,അന്തർദേശീയവുമായ തലങ്ങളിൽ പല ഇഫ്താർ സംഗമ ങ്ങളും നടക്കാറുണ്ട്. ഇവിടങ്ങളിലെല്ലാം സാമൂഹിക ഐക്യം (Social solidarity) നിർമിച്ചെടുക്കാനും സംഘർഷങ്ങൾ ലഘൂകരിക്കാനും സാധിച്ചിരുന്നു. വ്യത്യസ്ത മത പ്രത്യയ  ശാസ്ത്ര വിഭാഗങ്ങളെ ഉൾപ്പെടുത്തിക്കൊണ്ട് ലോകത്തിൻറെ വ്യത്യസ്ഥ      രാജ്യങ്ങളിലെ മസ്‌ജിദുകളിലും, ക്ഷേത്രങ്ങളിലും, ചർച്ചകളിലും, ഗുരുദ്വാരകളിലും നടന്നിരുന്ന ഇഫ്താർ സംഗമങ്ങൾ കലുഷിത കാലത്തെ ആഗോള സമൂഹത്തിന് വലിയ പാഠമാണ് പകർന്ന് നൽകിയിരുന്നത്. വ്യത്യസ്ത സാമൂഹിക ക്രമം നിലനിൽക്കുന്ന സമൂഹങ്ങളിൽ  വ്യത്യസ്ത രീതിയിലുള്ള സാമൂഹികോദ്‌ഗ്രഥന പ്രവർത്തനങ്ങൾ നടക്കുന്നുണ്ട്.
 നമ്മുടെ അയൽ  സംസ്ഥാനമായ തമിഴ്‌നാട്ടിലെ പ്രധാന നോമ്പ് വിഭവമാണ് നോമ്പ് കഞ്ഞി. റംസാൻ മാസമായാൽ എല്ലാ മസ്ജിദുകൾക്കും തമിഴ്‌നാട്  സർക്കാർ തന്നെ    നേരിട്ട്  സൗജന്യ അരി നൽകാറുണ്ടായിരുന്നു. പ്രശസ്തമായ ഇവിടുത്തെ നോമ്പ് കഞ്ഞി ഉലുവ, നെയ്യ്, ഏലക്കായ, മല്ലിച്ചെപ്പ്, പുതിയിന, പച്ചമുളക്, ജീരകം, കറിവേപ്പില, സവാള, തേങ്ങ, തക്കാളി   തുടങ്ങീ അനേകം പദാർത്ഥങ്ങൾ ചേർത്ത് നിർമി ക്കുന്നതാണ്. . ഇഫ്താറിന് സമയമായാൽ എന്നും മുസ്ലിം അമുസ്ലിം അതിഥികൾ മസ്ജിദിലെത്തും, അവരിലെ    സ്ത്രീകളുൾപ്പെടെ പലർക്കും വീട്ടിൽ കൊണ്ട് പോകാൻ നോമ്പ് കഞ്ഞി നൽ കും. ഇതിലൂടെ വലിയ സാമൂഹിക ദൗത്യമാണ് അവർ നിർവ്വഹിക്കുന്നത്.
മുസ്ലിം സമൂഹത്തിൻറെ നോമ്പിന് ഐക്യ ദാർഢ്യം പ്രഖ്യാപിച്ചു കൊണ്ട് വ്യത്യസ്ത പ്രത്യയ ശാസ്ത്രങ്ങളിൽ വിശ്വസിക്കുന്ന അനേകം പേർ നോമ്പനുഷ്ഠിക്കുമ്പോൾ അത് ലോകത്തിനു നൽകുന്ന മാനവിക സന്ദേശം ചെറുതല്ല. വളരെ പ്രഭാതത്തിലുണർന്നു സക്രിയമാവാനും ഉണർവ്വുള്ള  സമൂഹത്തെ നിർമി ച്ചെടുക്കാനും റംസാൻ   പരിശീലനം നൽകുന്നു. ഒരുമാസത്തെ വ്രതം പൂർത്തീകരിക്കുന്നതിലൂടെ ഈദ് ആഘോഷിക്കുന്നതിനു  മു മ്പായി ''ഫിത്വർ'' സകാത്ത് നൽകുന്നു. ആ നാട്ടിൽ ഭക്ഷിക്കുന്ന മുഖ്യ ധാന്യമാണ് സകാത്തായി നൽകുന്നത്, അവിടെ അന്നാരും പട്ടിണിയില്ലെന്ന് ഉറപ്പു വരുത്തിയതിനു ശേഷമാണ് അവർ ഈദ്ആഘോഷിക്കാൻ പോകുന്നത്. സാമൂഹിക ക്ഷേമത്തിൻറെയും, ഐക്യത്തിൻറെ യും, ഹൃദയ സംസ്‌ക്കരണത്തിൻറെ യും, സഹജീവികളോടുള്ള കാരുണ്ണ്യത്തിൻറെ യും മൂല്യത്തെ ഓർമ്മിപ്പിക്കുന്നതാണ് റംസാനിൻറെ സാമൂഹിക സന്ദേശം. 


(ലേഖകൻ ഭാരതീദാസൻ യൂണിവാഴ്സിറ്റിയിൽ സോഷ്യോളജിയിൽ പി. എച്ച് .ഡി. ഗവേഷണ വിദ്യാർത്ഥിയാണ്

Share :