പിരാന്തൻ
.(മുമ്മദ് നബിയിൽ) വിശ്വസിച്ചവരോ യഹൂദമതം സ്വീകരിച്ചവരോ, ക്രൈസ്തവരോ ,സാബികളോ ആരുമാകട്ടെ അള്ളാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുകയും സൽകർമ്മം പ്രവൃത്തിക്കുകയും ചെയ്തിട്ടുള്ളവർക്കു് അവരുടെ രക്ഷിതാവിങ്കൽ അവർ അർഹിക്കൂന്ന പ്രതിഫലമുണ്ടു. അവർക്ക് ഭയപ്പെടേണ്ടതില്ല. അവർ ദുഃഖിക്കേണ്ടി വരികയുമില്ല . (വിശുദ്ധ ഖുർആൻ - 2-62)
സംഭവം തന്നെ കൊണ്ടാവും വിധം പറഞ്ഞ് കഴിഞ്ഞപ്പോൾ,എല്ലാ ചോദ്യങ്ങൾക്കും ഉത്തരം എഴുതിയ കുട്ടിയെപ്പോലെ മൊല്ലാക്ക പള്ളിയിൽ നിന്നും ഇറങ്ങി നടന്നത് പള്ളിക്കാട്ടിലേക്കാണ്.
കാറില് പോകണതാണോ ഒട്ടകപ്പുറത്ത് പോകണതാണോ ഉത്തമം?
ബിരിയാണി തിന്ന്ണതാണോ കാരക്ക തിന്നുന്നതാണോ സുന്നത്ത്?
മൈക്കില് പറീണക്കാട്ടിലും തൊള്ളോണ്ട് പറയ്ണതല്ലേ അഫ്ളല്?
ഞമ്മളെ നബി തൊള്ളോണ്ട് മാത്രല്ലേ പ്രസംഗിച്ചിട്ട് ഉള്ളൂ അപ്പം അതല്ലേ നല്ലത്?
പിരാന്തൻ കോമൂന്റെ ചോദ്യങ്ങൾ മൊല്ലയുടെ മനസ്സിലൂടെ അലച്ച് ഇരുചെവി കളിലൂടെയും യും പുറത്തേക്ക് ഒഴുകി.
ഖബറുകളിൽ കിടക്കുന്നവരും പള്ളിക്കാട്ടിലെ മരങ്ങളും കുറ്റിച്ചെടികളും കോമൂന്റെ ചോദ്യം ഒന്നിച്ച് ഒരേ ശബ്ദത്തിൽ ചോദിക്കുന്നതായി തോന്നി.
ആടിനെ വളർത്ത്ണ താണോ ആണോ പജ്ജിനെ വളർത്ത് ണ താണോ ഞമ്മക്ക് പുണ്യം?
ആദ്യമായി അവന്റെ സംശയം തുടങ്ങിയത് ഈ ചോദ്യത്തിലൂടെയാണ്.
അത് ആവത് അനുസരിച്ച് വളർത്താം എന്ന മറുപടി പിരാന്തനല്ലേന്ന് കരുതി അലസമായി പറഞ്ഞപ്പോഴാണ് അവന്റെ ഉപചോദ്യം.
ഞമ്മളെ നബി ആടിനെല്ലേ തീറ്റീരുന്നത് അതുകൊണ്ട് അതല്ലേ നല്ലത്?
ഇന്നത്തെ കാലത്ത് ഉത്തരം പറയാൻ പറ്റാത്ത ചോദ്യം .പജ്ജിനേയും ആടിനെയും കൊള്ളാനോ തള്ളാനോ പറ്റാത്ത കാലം.. അവൻറെ കണ്ണുകളിലെ ആകാംക്ഷയും നിഷ്കളങ്കതയും കണ്ടാൽ -ചെലക്കാതെ പോടാ അവിടുന്ന് -എന്ന് പറയാനും തോന്നൂല്ല.
പിരാന്തൻ കോമൂന്റെ ഖബറിനു മുകളിലെ പച്ചമണ്ണിൽ കൂടി വരിയായും വേഗത്തിലും പോകുന്ന കട്ടുറുമ്പുകൾ കുറച്ചപ്പുറത്തുള്ള കാഞ്ഞിര തൈയുടെ ചുവട്ടിലേക്ക് പോകുന്നു.
മൂന്ന് ദിവസം മുമ്പ് വരെ തന്നെ ചോദ്യങ്ങളാൽ എടങ്ങേറാക്കിയിരുന്ന കോമുവിന്റെ പരലോക ജീവിതം സന്തോഷമുള്ളതാകാൻ വേണ്ടി മൊല്ലാക്ക പ്രാർത്ഥിക്കുമ്പോൾ പള്ളിയിലും പരിസരത്തും ആളുകൾ നിറഞ്ഞു .
ആരാണീ മുസീബത്ത് ചെയ്തതെന്നുമുള്ള അന്വേഷണങ്ങൾ..
നാട്ടുപ്രമാണിമാരും രാഷ്ട്രീയ കക്ഷിനേതാക്കളും പ്രശ്നം ഒരു വർഗീയ വിഷയം ആകാതിരിക്കാനും കലാപങ്ങളിലേക്കോ അനിഷ്ട സംഭവങ്ങളിലേക്കോ വഴി മാറാതിരിക്കാനും വേണ്ട നിർദ്ദേശങ്ങൾ നൽകിക്കൊണ്ടിരുന്നു.
ഇതൊന്നും അറിയാതെ മൊല്ലാക്ക പിരാന്തം കോമൂന്റെ ഖബറിലെ പ്രാർത്ഥന കഴിഞ്ഞ് നടക്കുമ്പോൾ പള്ളിക്കാട്ടിൽ ഒരു കീരിയുംപാമ്പും വട്ടംചുറ്റി അലമ്പ് കാട്ടുന്നത് കണ്ട് അവയെ എറിഞ്ഞ് ആട്ടി പായിക്കാൻ ഒരു ശ്രമം നടത്തി.
കുറച്ച് നേരത്തെ പരിശ്രമത്തിന് ശേഷം പടച്ച തമ്പുരാൻ വിചാരിച്ചാലും നടക്കാത്ത കാര്യത്തിനാണല്ലോ പടപ്പായ ഞാൻ തുനിഞ്ഞത് എന്ന ചിന്തയാലും ഇനി രണ്ടിലൊന്ന് കടികൂടി ചത്ത് തീരട്ടെ എന്നും കരുതി വഴിയിലേക്കിറങ്ങി.
മൊല്ലാക്കാ എസീല് കടന്നൊറങ്ങല് കറാഹത്താണ്. ഞമ്മളെ ആൾക്കാര് എ സീലും ഫേനിട്ടും സുഖിച്ചാംപാടില്ല.
ഒരു ദിവസം മൊല്ലാക്ക അസർ നിസ്ക്കാരത്തിന് ശേഷം വീട്ടിലിരിക്കുമ്പോൾ പിരാന്തം കോമു വന്ന് പറഞ്ഞു. പതിവിന് വിപരീതമായി അവന്റെ കാട്ടി കൂട്ടലുകൾ കണ്ടപ്പോ മൊല്ലക്കാക്ക് പേടിയായി
അവൻ മടിയിൽ നിന്നും മെയിൻ സ്വിച്ചിന്റെ രണ്ട് ഫ്യൂസുകൾ മൊല്ലയുടെ കോലായിലെ അരതിണ്ടിൽ വെച്ചു.
കാര്യമറിയാതെ അന്തം വിട്ട് നിന്ന മൊല്ലാക്കാനോട് കോമു പറഞ്ഞു.
ഞമ്മളെ വയള് പറയാന് വന്ന ഉസ്താദ്ണ്ട് ആജ്യാരെ പേരീല് എ സിട്ട് കടന്നൊറങ്ങ്ണ്. മൂപ്പരത് ചെജ്ജാം പാടുണ്ടോ ?
ഞാൻ പിന്നെ ഒന്നും ആലോയിച്ചില്ല ആജ്യാരെ
പെരന്റെ പീസും ഊരി നേരെ നേരെ ഇങ്ങോട്ട് പോന്നു .എങ്ങനെണ്ട് ന്റെ പുദ്ധി?
മൊല്ലാക്ക ആകെ പരിഭ്രാന്തനായി കൊണ്ട് അവനെ അനുനയിപ്പിക്കാൻ ശ്രമിച്ചു.
ന്റെ പൊന്നാര കോമോ .. ഇജ്ജെന്താണീ കാട്ട്ണത്? ഓലൊക്കെ ബല്ല്യ ബല്ല്യ ആൾക്കാരല്ലേ.. ഇജ്ജ് അതവടെ കൊണ്ടോയി കൊടുക്ക്
എങ്ങനെ പറഞ്ഞിട്ടും കൂസലില്ലാതെ നിന്ന കോമുവിനോട് മൊല്ലാക്ക ഒരു തന്ത്രമെന്നോണം പറഞ്ഞു.
നോക്ക് ഒരാളെ പെരീന്ന് ഓലറിയാതെ പീസൂര്യാല് അത് അള്ളാക്ക് ഇഷ്ടപെടൂല.
കുറച്ച് സമയം ആലോചിച്ച ശേഷം കോമു ഫീസുമായി ഹാജിയാരുടെ വീട്ടിലേക്ക് നടന്നു.
ഞായറാഴ്ച്ചകളിലും കലണ്ടറിലെ മറ്റ് ചുവന്ന അക്കങ്ങളിലും മണ്ണിട്ട് മൂടി തൂർത്ത് കൊണ്ടിരിക്കുന്ന ചീര പാടത്ത് എത്തിയപ്പോൾ ഇവിടെയാണല്ലോ ആ വയള് നടന്നിരുന്നതെന്ന് മൊല്ലാക്ക ഓർത്തു.
കൊണ്ടോട്ടി നേർച്ചക്കോ നിലമ്പൂർ പാട്ടിനോ അത്ര വലിയ നാമൂസ് മൊല്ലാക്ക കണ്ടിട്ടില്ല. വയളിന്റെ ഓരോ ദിവസവും രണ്ടും മൂന്നും ചാക്ക് പൈസ്യാണ് പിരിഞ്ഞത്. ബസ്സിലും കാറിലും പിക്കപ്പിലും ആയിട്ട് എത്ര ആളുകളായിരുന്നു. മണിക്കൂറിന് ആയിരങ്ങള് കൂലി മാങ്ങ്ണ മോല്യാരെ പീസാണ് അന്നാ ബലാല് ഊര്യേത്.ഒന്നാണ് സെരിക്കും പിരാന്തന്. മൊല്ലയുടെ ചുണ്ടിൽ അറിയാതെ ഒരു ചിരി വിടർന്നു..
മണ്ണിട്ട് മൂടിയ ചീരപ്പാടത്ത് കളപൊന്തിയത് കണ്ടപ്പൊ അറുത്തിട്ട നാടൻ ചെങ്ങൻ കോഴിയെയാണ് മൊല്ലാക്കാക്ക് ഓർമ്മ വന്നത്.മരിച്ചുംന്ന് ഒറപ്പായിട്ടും പെടക്കണ പോല്യാണ് പുല്ലേള് മൊളക്ക്ണത്.
അന്തോം കുന്തോം ഇല്ലാത്ത വിശ്വാസം പോലെ ,നീണ്ട് പരന്ന് കെടക്ക്ണ ഭൂമി പോലെ, തൊടാം കിട്ടാത്ത മാനം പോലെയായിരുന്നു പിരാന്തം കോമൂന്റെ ചോദ്യങ്ങൾ. അതെന്നെ മരണം വരെ വിട്ട് പോകുകയില്ലന്ന് ചിന്തിച്ച് കൊണ്ടാണ് മൊല്ല പാടം കടന്നത്.
പള്ളിക്കാടിനും ചാത്തൂന്റെ പെരക്കുമിടയിൽ ഒരു റോഡും അഞ്ച് കണ്ടം തൂർത്ത പാടവും ചെറിയ തോടും ഒരു മരപ്പാലവും നാലഞ്ച് പെരകളും മാത്രമേയുള്ളു അതോണ്ട് പള്ളിക്കാട്ടില് ചാത്തൂനെ മറവ് ചെയ്താല് കൊയപ്പണ്ടോ?
പെട്ടെന്ന് ചെവി തുളച്ച് വന്ന പിരാന്തം കോമൂന്റെ ചോദ്യം മൊല്ലാക്കാനെ ഞെട്ടിച്ചു! മരിച്ച് പള്ളിക്കാട്ടില് കടക്ക്ണ ആ പഹയന് എവുടുന്നാണീ ചോയിക്കണത്? റബ്ബേ... അതോ വെറ്തെ തോന്നണതോ?
ബല്ലാത്തൊരു ചോദ്യം തന്നെ.
മിച്ചഭൂമീല് പതിച്ച് കിട്ടിയ രണ്ടര സെന്റിലാണ് ചാത്തൂന്റെ കുടിൽ.ഓലെ ജാതിക്കാരെ മറവ് ചെയ്യാനുള്ള കൂളിക്കാട് ഇന്നാട്ടില് ഇല്ല.മരിച്ചാല് ന്നെ കത്തിച്ച്ര്ത് ന്ന് ചാത്തു പറഞ്ഞതുമാണ്.ഇഞ്ഞിപ്പോ പെരന്റ ഔത്തെന്നെ കുജ്ജ് കുയിച്ച്....
ഞമ്മളെ പള്ളിക്കാട്ടില് ഇട്ടം പോലെ സ്ഥലല്ലേ മൊല്ലാക്കാ .. ഇങ്ങള് ഒന്ന് ചോയിച്ച് നോക്കി.. ഞമ്മളെ ചാത്തൂനും വേണ്ടിയല്ലേ..
കോമൂന്റെ ചോദ്യം വീണ്ടും കാതുകളിൽ വന്ന് മുട്ടിയപ്പോൾ മൊല്ലാക്ക നിന്ന് വിയർക്കാനും കിതക്കാനും തുടങ്ങി.
തന്റെ ഊന്നുവടിയുടെ സഹായത്തോടെ ഒരു ചെറിയ തണലിൽ പടിഞ്ഞിരുന്നു. ഇരിക്കാനും നിക്കാനും നടക്കാനും തന്നെ സഹായിക്കുന്ന ഈ മുളവടി ചാത്തു മലയിലേക്ക് ചൂരല് വെട്ടാൻ പോയപ്പോൾ സമ്മാനിച്ചതാണ്. ഈ മുളവടിയില്ലങ്കില് തനിക്ക് പുരന്റെ പുറത്ത് ഇറങ്ങാൻ പറ്റോ?
ചെറുപ്പം തൊട്ടേ ഒന്നിച്ച് കളിച്ച് വളർന്നവർ... എപ്പോഴും തന്റെ കൂടെ നിഴലായി ഉണ്ടായിരുന്ന കൂട്ടുകാരൻ...
പിരാന്തൻ കോമൂനെ പോലെ കൊയക്ക്ണ ചോദ്യങ്ങളൊന്നും ചോദിക്കൂലങ്കിലും വെളിച്ചത്ത്ന്ന് വെളിച്ചത്ത്ക്കാണോ, ഇരുട്ട് വെളിച്ചത്ത്ക്കാണോ, വെളിച്ചത്ത്ന്ന് ഇരുട്ട്ക്കാണോ മനുസമ്മാരുടെ പോക്ക്ന്ന് മാത്രം എന്നും ചോദിച്ചിരുന്ന ചെങ്ങാതി... ആ ചാത്തുവാണ് മരിച്ചത്. റബ്ബിൽ ആലമീനായ തമ്പുരാനെ... ഞാനെന്തൊക്കെയാണ് കാട്ടികൂട്ടേത്...?
ചാത്തു മരിച്ചൂന്ന് കേട്ടപ്പം സമനില തെറ്റിയോ.. ആ നേരം തൊട്ട് കോമു ഒരു സമാധാനോം തന്നിട്ട്ല്ല. ഓന്റെ നിർബന്ധത്തിന് വഴങ്ങി ഞാനെന്താ ചെയ്തത്.. .. അതോർത്തപ്പോൾ മൊല്ലാക്കാക്ക് ഈ ലോകത്ത് ഒറ്റപ്പെട്ടതായും ,എല്ലാരും തന്നെ തുറിച്ച് നോക്കുന്നതായും തോന്നി.
ഉമ്മറത്ത് പായയിൽ വെള്ള പുതച്ച് കിടക്കുന്ന ചാത്തുവിന്റെ തലക്കരികിൽ വെച്ച നിലവിളക്കിന്റെ തിരികൾ ചെറിയ കാറ്റിൽ, ചാത്തു ജീവിതം നേരിട്ടപോലെ ആടിയുലഞ്ഞ് കത്തുന്നു. അവന്റെ കെട്ടിയോള് ചക്കി പാറി പറന്ന മുടിയോടെ, കരഞ്ഞ് കലങ്ങിയ കണ്ണുകളോടെ തേക്കാത്ത വെട്ട് കല്ല് ചുമരിൽ ചാരി ഇരിക്കുന്നു.
പിന്നെ മൊല്ലാക്കാക്ക് അവിടെയിരിക്കാൻ തോന്നിയില്ല. എങ്ങോട്ടെന്നില്ലാതെ ഇറങ്ങി നടന്നു.
ആൾക്കൂട്ടം കണ്ടപ്പോഴാണ് പിന്നെയും പള്ളിയിലാണ് എത്തിയതെന്ന് മൊല്ലാക്കാക്ക് മനസിലായത്. പള്ളിയുടെ ഗേറ്റിങ്ങൽ നിൽക്കുന്ന പേൻറും കുപ്പായവുമിട്ട രണ്ട് കൊറ്റനാടുകളെ പോലെയുള്ള ചെറുപ്പക്കാർ മൊല്ലാക്കാനെ തുറിച്ച് നോക്കി. പിന്നെ വെറുപ്പോടെ കാർക്കിച്ച് തുപ്പി.
വാപ്പാനെക്കാണെ പ്രായ ണ്ടായി പോയി അല്ലങ്കി.... പല്ല് ഞെരിച്ച് കൊണ്ട് ഒരുത്തൻ മൊല്ലാക്കാനോട് അരിശം തീർത്തു.
പള്ളി വളപ്പിലേക്ക് കയറിയതും കരീം ഹാജിയും കൂട്ടരും മൊല്ലാക്കാനോട് പരിഭവത്തിൽ ചോദിച്ചു.
എന്തെത്താ ഇങ്ങക്ക് പറ്റ്യേത് മൊല്ലാക്കാ? ദീനിന് ചേർന്ന പണിയാണോ ഇങ്ങള് കാട്ടിയത്? മുസ്ളിമല്ലാത്ത ഒരാള് മരിച്ചാല് പള്ളീന്ന് ബുളിച്ച് പറ്യാന് പാട് ണ്ടോ?
പല വിധത്തിലുള്ള ചോദ്യശരങ്ങൾ വന്ന് തറക്കുന്നുണ്ടങ്കിലും മൊല്ലാക്ക അതൊന്നും കൊള്ളാത്ത മട്ടിൽ അവരോട് ശാന്തമായി പറഞ്ഞു.
ചാത്തൂനെ ഓന്റെ പെരന്റെ ഔത്ത് മറവ് ചെജ്ജേണ്ടി ബരും... ഞമ്മക്ക് ഓനെ....
പള്ളിന്റെ ഉള്ളില് മാവ് ചെജ്ജ... ന്നട്ട് ഒര് ജാറോം കെട്ട... ന്തേയ് മതിയോ?
ഏതോ ഒരു വിശ്വാസി മൊല്ലയുടെ നേരെ കൈ ചൂണ്ടി ചോദിച്ച് ചാടി വീണു.
ഇയാക്ക് പിരാന്താണ്..! ബുദ്ധിക്ക് വെളിവില്ലാണ്ടെ പറ്യാണ്. എന്ന അഭിപ്രായം പറഞ്ഞ ചെറുപ്പക്കാരൻ മൊല്ലയെ പിടിച്ച് തളളി. ആരോ ഒരാൾ ചെറുപ്പക്കാരനെ തടഞ്ഞു.
പിരാന്തം കോമു പള്ളിന്റുള്ളിലെ ഫീസൂരും ചെലപ്പൊ മൈക്കിന്റെ വയറ് വലിച്ച്ടും ന്നാലും ഇമ്മാതിരി തോന്ന്യാസം കാട്ടീട്ട്ല്ല.
കുറ്റപ്പെടുത്തലുകൾ അധികമായപ്പോൾ മൊല്ലാക്ക പള്ളി വളപ്പിൽ നിന്നും തിരിഞ്ഞ് നടക്കാനൊരുങ്ങുമ്പോൾ പിരാന്തൻ കോമു അവന്റെ ഖബറിന്റെ മീസാം കല്ലിലിരുന്ന് ഉറക്കെ ചിരിക്കുന്നത് കേട്ട് മൊല്ലാക്ക അങ്ങോട്ട് ചെന്നു.
മൊല്ലാക്കാ... അല്ലങ്കിലും ഇങ്ങള് സ്വയബുദ്ധിള്ളോരിം, പഠിച്ചോലിം ചുക്കിനും ചുണ്ണാമ്പിനും പറ്റൂല്ല... അയിന് ന്നെ പോലത്തെ പിരാന്തമ്മാര് തന്നെ മാണം... ഹ..ഹ...ഹ
കോമൂന്റെ കളിയാക്കി ചിരി കണ്ട് മൊല്ലാക്ക നിരാശനായി.
സത്യത്തിൽ ആർക്കാണ് പിരാന്ത് എന്ന് ചിന്തിക്കുകയും ചെയ്തു.
ഇങ്ങക്ക് കാര്യം തിരിയണങ്കില് ഒന്ന്ങ്കില് പിരാന്താകണം... അല്ലങ്കില് ദാ.. ഇവടെ വന്ന് കടക്കണം..
കോമു സർവ്വശക്തിയും എടുത്ത് പൊട്ടിചിരിച്ചു.
പള്ളിക്കട്ടിലെ ഖബറിൽ കിടക്കുന്നവരും മരങ്ങളും കുറ്റിച്ചെടികളും കോമൂന്റെ കൂടെ ആർത്തു ചിരിക്കാൻ തുടങ്ങി.പെട്ടെന് എല്ലാവരും നിശബ്ദരായി... മൊല്ലാക്ക ചുറ്റിലും നോക്കി ആരേയും കാണാനില്ല. ഒരു ഒച്ചയും കേൾക്കാനില്ല. കനത്ത നിശബ്ദത... മൊല്ലാക്ക പേടിച്ച് നിലവിളിയോടെ കോമുവിന്റെ ഖബറിനു മുകളിലേക്ക് തല ചുറ്റി വീണു. അപ്പോൾ ഖബറിനുള്ളിൽ നിന്നും പിരാന്തൻ കോമുവിന്റെ ശബ്ദം മൊല്ലാക്കാന്റെ കാതുകളിലേക്ക് വന്നു.
ചീരപാടത്ത് പാർക്ക്ണ ഞമ്മളെ ചൂരല് ചാത്തു മരണപ്പെട്ട വിവരം എല്ലാരു വെസന സമേതം അറീക്കുന്നു ... പരേതന്റെ....
അത് പള്ളിയുടെ മൈക്ക് സെറ്റിലൂടെയാണ് കോമു പറയുന്നതെന്ന് മൊല്ലാക്കാക്ക് തോന്നി. അയാൾ ഉറക്കെ ചിരിക്കാൻ തുടങ്ങി.