Archives / April 2020

 വി.എം.അരവിന്ദാക്ഷൻ
ഞാൻ അകത്തും പുറത്തുമല്ലാതായത്

 

   ഒടുവിൽ

തീരുമാനിച്ചതാണ്.

അറ്റഞെട്ടും

വീണ നിലവുമില്ലാതെ,

നട്ടെടത്തൊന്നും

മുളയ്ക്കാത്ത വിത്തു പോലെ

ഇങ്ങനെയാവാൻ വയ്യ:

ഒരു വീടു വെക്കണം.

ഞെങ്ങി ഞെരുങ്ങി

ഒരു വീടുണ്ടാക്കി.

വീടിനു വാതിൽ വെച്ചു.

അടയ്ക്കാനും തുറക്കാനും

ഒരേ വാതിൽ

'വാ ഇതിലേ ' എന്ന്

അത് നീട്ടി വിളിക്കുന്നു.

പുതുവീട്ടിൽ

അകത്തിരിക്കുമ്പോൾ

പുറത്തിരിക്കാനും

പുറത്തിരിക്കുമ്പോൾ

അകത്തിരിക്കാനും

വല്ലാതെ വെമ്പുന്നു. 

പിന്നെ ഞാനറിഞ്ഞു:

പാതിയടഞ്ഞിരിക്കുമ്പോൾ

പാതി തുറന്നിരിക്കുന്നു.

പാതി തുറന്നിരിക്കുമ്പോൾ

പാതിയടഞ്ഞും.

അതു കൊണ്ടു തന്നെ

അടഞ്ഞിരിക്കുമ്പോൾ

അത് തുറന്നിരിക്കുകയാണ്.

തുറന്നിരിക്കുമ്പോൾ

അടഞ്ഞുതന്നെയും.

അങ്ങനെയാണ്

ഞാൻ

അകത്തും പുറത്തുമല്ലാതായത്.

 

Share :