Archives / April 2020

- കുളക്കട പ്രസന്നൻ
കണ്ണീർക്കയത്തിലകപ്പെട്ട കലാ കുടുംബം

 

കേരളത്തിന് കലാ പാരമ്പര്യമുണ്ട്. കാർഷിക സംസ്കാരത്തിൽ നിന്നും ഉരുവം കൊണ്ട കലകൾ. അനുഷ്ഠാന കലകളും കൂടാതെ നാടകം തുടങ്ങിയ കലകളും നമ്മുടെ കലാ സംസ്കാരത്തെ വിവർദ്ധിതമാക്കുന്നു.

ഓട്ടൻത്തുള്ളൽ, ചാക്യാർകൂത്ത്, കഥകളി, ഗാനമേള, നൃത്തനാടകം, കാക്കാരിശ്ശി നാടകം, നാടകം, മിമിക്സ് പരേഡ്, ഗാനമേള തുടങ്ങിയ പരിപാടികളാൽ ഉത്സവ പറമ്പുകൾ സമൃദ്ധമാകുമ്പോൾ നമ്മൾ കണ്ടും കേട്ടും രസിച്ച് വീട്ടകങ്ങളിലേക്ക് പോകുമ്പോൾ അതൊരു രസ കാഴ്ച എന്നതിനപ്പുറത്തേക്ക് ചിന്തിച്ചിരുന്നോ ? ചിന്തിക്കണമെന്നില്ല.

കേരളത്തിൽ മൂന്നു വർഷമായി  കലാ കുടുംബങ്ങൾക്ക് നല്ല കാലമല്ല. ഉത്സവ സീസണുകളും വിശേഷാൽ ദിവസങ്ങളും യവനിക ഉയരുന്നതിന് അനുകൂലമാകുന്നില്ല. പ്രകൃതിക്ഷോഭവും മഹാമാരിയും  കലാകുടുംബങ്ങളുടെ കഞ്ഞിയടുപ്പ് പുകയാതിരിക്കാൻ തടസ്സങ്ങൾ സൃഷ്ടിക്കുന്നു.

2018 ആഗസ്റ്റിലെ മഹാപ്രളയം മൂലം ആഗസ്റ്റ് 15 ലെ സ്വാതന്ത്ര്യ ദിന പരിപാടികളിൽ ലഭിക്കേണ്ട വേദികളും ഓണനാളുകളിൽ ലഭിക്കേണ്ട അവസരങ്ങളും നഷ്ടമായി. 2019 ആഗസ്റ്റിലും പ്രളയം. 2020ൽ മഹാമാരിയായി നൊവൽ കൊറോണ വൈറസ് ലോകത്തെമ്പാടു ഭീതി സൃഷ്ടിച്ച് മുന്നേറിക്കൊണ്ട് ഇന്ത്യയിലും സാഹചര്യം വഷളാക്കി. കൊവിഡ് 19 എന്ന് ശാസ്ത്രലോകം പേര് നൽകിയ ഈ ഭീകരൻ പരമാണു കാരണം എങ്ങും നാലാൾ ഒത്തുകൂടാൻ കഴിയില്ലല്ലോ. അപ്പോൾ പിന്നെ എങ്ങനെ മാർച്ച് ഏപ്രിൽ മാസത്തെ ഉത്സവ സീസണുകളിൽ കലാപരിപാടികൾ നടത്തുവാൻ കഴിയും.

ഒരു വർഷത്തേക്ക് അവതരണം പ്രതീക്ഷിച്ച് ലക്ഷങ്ങൾ മുടക്കി ഒരു നാടകം തയാറാകുമ്പോൾ ആ നാടകം അരങ്ങത്ത് എത്തിയില്ലെങ്കിൽ നാടക നിർമ്മാതാവിന് ഉണ്ടാകുന്ന നഷ്ടങ്ങൾ കൂടാതെ തന്നെ മറ്റ് എത്രയോ പേരെ സാമ്പത്തികമായി ബാധിക്കുമെന്ന് നമ്മൾ അറിയാതെ പോകരുത്. നാടകകൃത്ത്, സംവിധായകൻ, അഭിനേതാക്കൾ , ലൈറ്റിംഗ് ഡിസൈനർ, സംഗീതം , വാഹന ഡ്രൈവർ, സ്റ്റേജ് മാനേജർ ഇങ്ങനെ ആ പട്ടിക നീളുന്നു. ഒരു കലാരൂപം ഏത് പ്രദേശത്ത് അവതരിപ്പിക്കുന്നുവോ അവിടെ സ്റ്റേജ് കെട്ടുന്നവർ,  മൈക്ക് ഓപ്പറേറ്റർ, ആ പരിസരത്ത് ചായയും പലഹാരങ്ങളും വിൽക്കുന്നവർ, കളിപ്പാട്ട വിൽപ്പനക്കാർ തുടങ്ങി നിരവധിപ്പേർ ജീവിതചെലവിനുള്ള വരുമാനം കണ്ടെത്തുന്നു.

ഒരാൾ ജന്മസിദ്ധമായ കഴിവുകളോടെ തന്നെ കലാരംഗത്തേക്ക് വരുമ്പോൾ സമൂഹം എത്രമാത്രം പ്രോത്സാഹനം നൽകുമെന്നത് ഒരു ചോദ്യചിഹ്നമാണ്. പലപ്പോഴും സ്വന്തം വീട്ടിലും നാട്ടിലും പരിഹാസശരങ്ങളേറ്റുവാങ്ങിയാവും കലാരംഗത്തുള്ള അഭിനിവേശത്തോടെ ഒരു കലാകാരൻ യാത്ര തുടരുക. ഒരു പക്ഷെ ആ കലാകാരൻ  സിനിമയിലോ, ടി വി സീരിയലിലോ ശ്രദ്ധേയനായാൽ പുകഴ്ത്താൻ നൂറു നാവുണ്ടാവും.  എല്ലാവരും അത്തരത്തിൽ എത്തണമെന്നില്ലല്ലോ. ഈ പറഞ്ഞത് നാടകക്കാരെ കുറിച്ചാണ്.

അനുഷ്ഠാന കലകളും ക്ഷേത്ര കലകളും അവതരിപ്പിച്ചു പോരുന്നവരിൽ നിന്നും വ്യത്യസ്തമായിട്ടാണ് നാടകരംഗത്തുളളവരെ കേരളീയർ കണ്ടിട്ടുള്ളത്. നാടകത്തിലേക്ക് സ്ത്രീകൾ കടന്നു വരാൻ ബുദ്ധിമുട്ടുള്ള ഒരു കാലഘട്ടം കേരളത്തിലുണ്ടായിരുന്നു എന്നതും മറന്നു കൂടാ. എന്നു കരുതി നാടകം കാണാൻ ആയിരങ്ങൾ ഒഴുകി എത്തിയിട്ടുണ്ട്.

പി എസ് സി മുഖേനയും സ്വകാര്യ സ്ഥാപനങ്ങൾ വഴിയും തൊഴിൽ നൽകാൻ കഴിയുന്നതിന് ഒരു പരിധിയുണ്ട്. ആ സന്ദർഭം നമ്മൾ മനസ്സിലാക്കുമ്പോൾ കലാകാരന്മാരെ കൂടുതൽ ബഹുമാനത്തോടെ കാണണം എന്ന് പ്രത്യേകം സൂചിപ്പിക്കാനുള്ളത്. കലാകാരൻ തന്റെ സർഗ്ഗ വൈഭവം കൊണ്ട് ജീവിതോപാധി കൂടി കണ്ടെത്തുന്നു.

ആ ജീവിതോപാധിയ്ക്കാണ് കഴിഞ്ഞ 2018 മുതൽ യവനിക വീണിരിക്കുന്നത്.  പ്രൊഫഷണൽ നാടക സംഘങ്ങൾക്കും മറ്റു കലാരംഗത്തുള്ളവരുടെ കുടുംബങ്ങളിൽപ്പെട്ടവർക്കും പട്ടിണി കൂട്ടായി വരുമ്പോൾ സർക്കാർ ചെറിയ സഹായം നൽകുന്നതിന് പുറമെ അവരുടെ കണ്ണീരൊപ്പാൻ കഴിയണം. കലാകാരൻ അരങ്ങത്ത് ജീവിക്കുന്നത് നാടിനു വേണ്ടിയാണ് . സമൂഹത്തിനു വേണ്ടിയാണ്. കലാകാരന്റെ ശബ്ദം ഉയർന്നു നിൽക്കുമ്പോഴെ നാടിനു പ്രതീക്ഷയുണ്ടാവു.
കമന്റ്:  പ്രജകളുടെ ആവലാതികളും വേവലാതികളും പങ്കുവച്ച് അരങ്ങും പ്രേക്ഷകനുമായി സംവാദമുണ്ടാകണം. അതില്ലാതായാൽ ലോകം ഇരുട്ടിലാകും.

Share :